സാം രാവിലെ തന്നെ സൈക്കിളുമായി കറക്കമാണ്. അവന്റെ വിചാരം ഷാരൂഖാനോ, സേഫ് അലിഖാനോ ഒക്കെ ആണെന്നാണ്. പൂഴിയിട്ട റോഡിലൂടെ അവൻ സൈക്കിളിൽ വളരെ വേഗത്തിലാണ് പോകാറുള്ളത്. പെൺകുട്ടികൾ സ്കൂളിൽ പോകുന്ന സമയം കൃത്യമായി തലച്ചോറിൽ അലാറം ചെയ്തിരിക്കുന്നത് കൊണ്ട് അവർ പോകുന്ന സമയത്തു തന്നെ അവൻ റെഡിയായി ഇരിക്കും. റോഡിലൂടെ വളരെ വേഗത്തിൽ പോകുമ്പോഴും ചില വളവുകളിൽ അസാധാരണമായ ഒരു ബ്രേക്ക് പിടുത്തം ഉണ്ടാകും. ഫ്രണ്ട് ടയർ കുത്തി ചെരിഞ്ഞൊരു നിൽപ്പുണ്ട് അത് കാണുമ്പോൾ പെൺകുട്ടികൾ വളരെ ആശ്ചര്യത്തോടെ സാമിനെ നോക്കി നിൽക്കാറുണ്ട്. അതോടെ ഒരു ദൗത്യം കഴിഞ്ഞപോലെ അവിടെന്ന് സൈക്കിളുമായി വീണ്ടും പായുകയായി. കോഴിക്കുഞ്ഞുങ്ങൾ കൂട്ടിൽ കയറുന്നത് പോലെ പെൺകുട്ടികൾ സ്കൂളിൽ കയറി കഴിഞ്ഞാൽ സാമിന്റെ അടുത്ത ലക്ഷ്യം പോസ്റ്റ് ഓഫിസ് ആണ്. കൂട്ടുകാരൻ ഫസൽ നാട്ടിലൊക്കെ തെണ്ടി തിരിഞ്ഞതിന് ശേഷം ഗൾഫിൽ പോയ സമയമായിരുന്നു അത്. അതുകൊണ്ട് തന്നെ എല്ലാ ദിവസവും കൃത്യമായി പോസ്റ്റ് ഓഫിസിൽ ചെന്ന് എഴുത്തു വല്ലതും ഉണ്ടോ എന്ന് തിരക്കുമായിരുന്നു.
സാം: ചേട്ടാ ഗൾഫിൽ നിന്നും എഴുത്തു വല്ലതും ഉണ്ടോ.
പോസ്റ്മാൻ: സാമെ, നിനക്ക് എഴുത്തു ഒന്നും ഇല്ല എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വീട്ടിൽ കൊണ്ടുവന്ന് തന്നോളാം.
സാം: ചേട്ടന് അതൊരു ബുദ്ധിമുട്ട് ആകൂല്ലേ. ഞാൻ എല്ലാ ദിവസവും വന്ന് തിരക്കിക്കോളാം. ഇത് കേട്ടതും പോസ്റ്റ്മാൻ ചേട്ടൻ വായും പൊളിച്ചു നിന്ന് പോയി. ഈ കാലത്തും ഇത് പോലെയുള്ള ചെറുപ്പക്കാർ ഉണ്ടല്ലോ?
സാം: എങ്കിൽ ശരി ചേട്ടാ, നാളെ കാണാം.
വീണ്ടും സൈക്കിളിൽ. ഇനി കുറച്ചു പത്രവായനയും നേരമ്പോക്കും. പഴയൊരു വായനശാല ആണ്. അവിടെയാണ് ചെറുപ്പക്കാരുടെ എല്ലാം ഇരിപ്പിടം. അവിടെ ഇരുന്നാൽ ഉച്ചവരെ ഉള്ള സമയം കളയാം. വിശപ്പിന്റെ വിളി വന്നാൽ നേരെ വീട്ടിലേക്ക് പോകാം. അന്നൊക്കെ പാട്ട് കേൾക്കുക എന്നത് എല്ലാവർക്കും ഇഷ്ട്ടമുള്ള കാലമായിരുന്നു. എല്ലാ വീട്ടിലും കാണുമായിരുന്നു ടേപ്പ് റെക്കോർഡറും വലിയൊരു ബോക്സും. ആ ബോക്സിൽനിന്നും വരുന്ന ശബ്‌ദം കേട്ടില്ലെങ്കിൽ അന്നത്തെ കാലത്തു ഉറക്കം പോലും വരില്ലായിരുന്നു. സാമിന്റെ വീട്ടിലും ഉണ്ടായിരുന്നു അത് പോലെ ഒരു ബോക്സും, പാട്ടുപെട്ടിയും. വൈകിട്ട് 5 മണി ആയാൽ വീണ്ടും തലച്ചോറിലെ അലാറം അടിച്ചുതുടങ്ങും. അപ്പോൾ തന്നെ സൈക്കിൾ തുടച്ചു വൃത്തിയാക്കി കറക്കം തുടങ്ങും. വീണ്ടും വായനശാല. അത് കഴിഞ്ഞു സ്കൂൾ ലക്ഷ്യമാക്കി യാത്ര തുടരും. അപ്പോഴേക്കും സ്കൂൾ കുട്ടികൾ വരി വരി ആയി വീട്ടിലേക്ക് പോകുന്നുണ്ടാകും. അവർക്കിടയിലൂടെ രാജാ കൊ റാണി സെ പ്യാർ ഹോ ഗയ എന്ന പാട്ടും പാടി വളഞ്ഞു പുളഞ്ഞു പോകുമ്പോൾ കിട്ടുന്ന ഒരു കാറ്റുണ്ട്. അതും കൊണ്ട് ഇങ്ങനെ പോകുമ്പോൾ വെറുതെയെങ്കിലും ഓർക്കാറുണ്ട് ഖാൻമാരെയെല്ലാം. അങ്ങനെ ഓർമകളിലൂടെ ആ യാത്ര വർഷങ്ങളോളം തുടർന്ന് കൊണ്ടേയിരുന്നു.
Content Summary: Malayalam Short Story ' Cycle ' written by Timto Raveendran