ADVERTISEMENT

സന്ധ്യയുടെ തളർന്ന ചുവപ്പ് കായൽപ്പരപ്പിൽ സിന്ദൂരമണിയിച്ചപ്പോൾ നിവർത്തിയിട്ട ഷാൾ പോലെ നീണ്ട് നിവർന്ന് വിദൂരതയിലേക്ക് അദൃശ്യമാകുന്ന കായലിലേക്ക് നോക്കി അശാന്തമായ മനസ്സോടെ നിർമ്മല ഇരുന്നു. പെയ്തൊഴിഞ്ഞ മഴയുടെ ദുർബലമായ കരങ്ങൾ ചാറ്റൽ മഴയായി ദേഹത്തേക്ക് പൊടിഞ്ഞു വീഴവെ, ഇന്നലെ വൈകുന്നേരം അമ്മ പറഞ്ഞ വാക്കുകൾ ഒരിക്കൽ കൂടി അവളുടെയുള്ളിലേക്ക് വിഷാദപ്പെരുമഴയുടെ അകമ്പടിയോടെ വലിഞ്ഞു കയറി. മുടി മാടിയൊതുക്കുമ്പോൾ കൈയ്യിൽ നിന്ന് വീണു പാതിയുടഞ്ഞ കണ്ണാടി കൈയ്യിലെടുത്തു പിന്നെയും മുഖം നോക്കുമ്പോഴാണ് അമ്മ ഇടപെട്ടത്. 'നിർമ്മലേ, ഉടഞ്ഞ കണ്ണാടിയിൽ മുഖം നോക്കരുത്, അത് വീട്ടിൽ വെച്ചാൽ ഗുണം പിടിക്കില്ല, വേഗം പുറത്തു കൊണ്ട് പോയി തൊഴുത്തിലിട്.' കണ്ണാടിയുമായി പശുത്തൊഴുത്തിന്റെ പിറകിലേക്ക് നടക്കുമ്പോൾ പാതിയുടഞ്ഞു പോയ സ്വന്തം ജീവിതമായിരുന്നു മനസ്സിൽ. ഇന്നലെ വന്നവനും പറഞ്ഞത് ജാതകത്തിന്റെ പ്രശ്നമാണ്. കൂടാതെ പ്രായവും അധികമാണത്രേ. മുപ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞ ശരീരം വിവാഹക്കമ്പോളത്തിൽ എടുക്കാ ചരക്കാണോ എന്ന് ചിന്തിച്ചു ഇന്നലെ ഉറങ്ങിയില്ല. പാതി തുറന്ന മരജാലകത്തിലൂടെ തെളിഞ്ഞ അർദ്ധരാത്രിയുടെ വിജനതയിലും ഉറക്കം തന്നെ പരിഗണിച്ചതേയില്ല. പലരും പെണ്ണ് കണ്ട് നിരാകരണത്തിന്റെ കൂരമ്പുകളെയ്തു തിരിച്ചു പോകുമ്പോൾ അമ്മയുടെ നെഞ്ചിലാണ് കനലുകൾ എരിയുന്നത്.

'ഒരുപാട് പെങ്കൊച്ചുങ്ങളുടെ കല്യാണം നടത്തിക്കൊടുത്ത നിനക്ക് അവസാനം ഈ ഗതി വന്നല്ലോ മോളെ' ന്നും പറഞ്ഞുള്ള നിലവിളിയാണ് സഹിക്കാൻ പറ്റാത്തത്. അതുകൊണ്ട്, അതു കൊണ്ട് മാത്രമാണ് മുടങ്ങിപ്പോകാൻ സാധ്യതയുണ്ടായിട്ടും വരുന്നവന്റെയൊക്കെ മുന്നിൽ ഒരുങ്ങിക്കെട്ടി നിൽക്കുന്നത്. അമ്മയെ പറ്റി ഓർത്തപ്പോൾ അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വെള്ളത്തിലേക്ക് ഇറ്റു വീണു കായലിനു ഉപ്പുരസം പകർന്നു. കായലിലേക്ക് അടിച്ചു കയറിയ കാറ്റിലിളകിയ ഓളങ്ങളെ പോലെ അവളുടെ ഉള്ളവും ഇളകിക്കൊണ്ടിരുന്നു. അച്ഛൻ ദാമു തിമിർത്തു പെയ്യുന്ന ഒരു കർക്കടക രാവിൽ ശാരദാമ്മയെ ചവിട്ടി നിലത്തേക്കിട്ട് ഇറങ്ങിപ്പോയതാണ്. ശേഷം ആ മനുഷ്യൻ ഒരിക്കലും തിരിച്ചു വന്നില്ല. കുടുംബത്തിന്റെ വള്ളം തുഴയാൻ അമ്മയ്ക്ക് ഒറ്റയ്ക്ക് ആവില്ലെന്ന് ബോധ്യമായ നിമിഷത്തിലാണ് പഠിപ്പ് നിർത്തി താനും ഇറങ്ങിയത്. മനസ്സ് നോവുമ്പോഴും വല്ലാതെ ടെൻഷനാവുമ്പോഴും അവൾ പുന്നമടക്കായലിന്റെ തീരത്ത് വന്നിരിക്കാറുണ്ട്. കായൽ പരപ്പിൽ തലോടി ഇളകിയാടി വരുന്ന നേർത്ത കാറ്റ് അവളെ തഴുകുകയും കായലോളങ്ങൾ അവളിൽ ആശ്വാസത്തിന്റെ ഉന്മേഷം നിറക്കുകയും ചെയ്യും. എവിടുന്നോ പറന്ന് വന്ന ഒരു മീൻകൊത്തി കായലിൽ തീർത്ത ഓളം വൃത്താകൃതിയിൽ ഉലഞ്ഞു കൊണ്ടിരിക്കെ, അവൾ വിഷാദത്തോടെ പുഴയിലേക്ക് നോക്കി. വെള്ളത്താൽ അരികും അലക്കുമിട്ട ദേശം അവൾക്ക് അമ്മയെ പോലെയാണ്. ജലം നിരന്തരം അതിരു മാറ്റി വരക്കുന്ന കുട്ടനാട്ടിലെ പെൺകുട്ടികൾ വിവാഹ മാർക്കറ്റിൽ എന്നും പുറം തള്ളപ്പെട്ടു നിൽക്കുമ്പോൾ നിർമ്മലയുടെ കഠിന പ്രയത്നത്താലാണ് പലരും സുമംഗലികളായത്. ഒരേ സമയം വെള്ളം കൊണ്ട് തഴുകപ്പെടുകയും മുറിവേൽക്കുകയും ചെയ്യുന്ന, ജനിക്കുന്ന കുട്ടികൾക്ക് കായൽ വെള്ളം അമ്മയുടെ മുലപ്പാൽ പോലെ അനുഭവിക്കാനാവുന്ന കുട്ടനാട്ടുകാർക്ക് തീവണ്ടി നിർമ്മല വല്ലാത്ത ആശ്വാസമായിരുന്നു. പ്രത്യേകിച്ച് പ്രായമായ പെൺകുട്ടികളുള്ള മാതാപിതാക്കൾക്ക്. ആണുങ്ങളെ പോലെ നിർത്താതെ സിഗരറ്റ് വലിക്കുന്നത് കൊണ്ട് അവൾ കരയിൽ തീവണ്ടി നിർമ്മല എന്നറിയപ്പെട്ടു. ചെറ്റപ്പുരകളും കൊതുമ്പ് വള്ളങ്ങളും പടർന്നു കിടക്കുന്ന ദേശത്തെ പെൺകുട്ടികൾക്ക് അവൾ അവരുടെ സ്വന്തം നിർമ്മലേച്ചിയാണ്.

"നിർമ്മലേച്ചിയെ ശാരദാമ്മ അന്വേഷിക്കുന്നുണ്ട്. വീട്ടിൽ പോകാൻ പറഞ്ഞു." വിനയന്റെ ശബ്ദമാണ് ശോകമായ ഓർമ്മകളുടെ നീർച്ചുഴിയിൽ നിന്നും അവളെ കര കയറ്റിയത്. അത്രയും നേരം കായലിൽ നിന്നും കരയിലേക്ക് തെറിച്ചു വീണ ആറ്റുകൊഞ്ചിനെ പോലെ പിടയുകയായിരുന്നു അവൾ. തീ തിന്നു തീരാറായ സിഗരറ്റ് താഴേക്കിട്ട് ചവിട്ടിയരച്ച്, നിർമ്മല അവനെ നോക്കി നിലാവ് പൊഴിഞ്ഞു വീഴുന്നത് പോലെ ചിരിച്ചു. "നിർമലേച്ചീ, എന്തിനാ ഇത്രയും സിഗരറ്റ് വലിക്കുന്നത്?" അവൾക്ക് ഇഷ്ടപ്പെടില്ല എന്നറിഞ്ഞിട്ടും ഉള്ളിലെ തിരയിളക്കം മറച്ചു പിടിച്ച് അവൻ ചോദിച്ചു. പത്താം ക്ലാസ് കഴിഞ്ഞുള്ള ഇടവേളയിൽ അവൻ ഏതോ ഹൗസ് ബോട്ടിൽ പണിക്ക് പോകുന്നുണ്ട്. അവളുടെ മൂന്നു വീടപ്പുറത്താണ് വിനയന്റെ കുടുംബം താമസിക്കുന്നത്. നിർമ്മലയുടെ വിഷമങ്ങൾ അവനറിയാം. എന്നും വിഷാദം നിറഞ്ഞ കണ്ണുകളുമായി, ഉള്ളിലൊരു കടലിരമ്പം ഒളിപ്പിച്ച് പുന്നമടക്കായലിന്റെ ഓരത്തൂടെ നടക്കുന്ന നിർമ്മല ഇടയ്ക്കെങ്കിലും മനസ്സ് തുറക്കുന്നത് വിനയനോട് മാത്രമാണ്. "എടാ, എന്റെ വിഷമങ്ങളാണ് ഞാൻ പുകച്ചു തള്ളുന്നത്. ആ പുകയിൽ ഞാൻ കാണുന്നത് എന്നെ പെണ്ണ് കാണാൻ വന്ന, ജാതിയും ജാതകവും പറഞ്ഞു തിരിച്ചു പോകുന്നവരെയാണ്." രോഷം പുകഞ്ഞ വാക്കുകൾ പുകയോടൊപ്പം പുറത്തേക്ക് തുപ്പി അവൾ വീട്ടിലേക്ക് നടന്നു. "സിഗരറ്റ് വലിക്കുന്നവരുടെ അടുത്തിരിക്കുന്ന വലിക്കാത്തവർക്ക് അതിന്റെ പുക മരണമാണ്." അവൻ കിതപ്പോടെ വിളിച്ചു പറഞ്ഞു. അവന്റെ വാക്കുകൾ അവഗണിച്ചു, മുന്നോട്ട് നടക്കവെ, അമ്മയുടെ ദുരിത ജീവിതം അവളിൽ പുക പോലെ പടർന്നു കയറി. കൃഷിപ്പണി ചെയ്താണ് അമ്മ തന്നെയും ഇളയതായ രമേശനേം വളർത്തിയത്. അന്നൊക്കെ സ്കൂൾ വിട്ടു വന്നാലും അമ്മ വയൽ വരമ്പിൽ തന്നെയായിരിക്കും.

ഞാറ്റുവേലക്കനുസരിച്ച് ചക്രം ചവിട്ടി, വെള്ളം തേവിക്കളഞ്ഞും, ആറ്റിലേക്കോ തോട്ടിലേക്കോ ഒഴുക്കി വിട്ടും നിലങ്ങളെ പരുവപ്പെടുത്തിയെടുക്കും കുട്ടനാട്ടുകാർ. കായലിൽ കട്ട കുത്തി, നിലങ്ങൾ പാകപ്പെടുത്തി വളമിറക്കി, വിത്തിറക്കി, കള മാറ്റി, കൊയ്യാൻ പാകമാക്കി, കൊയ്ത്തും മെതിയുമായി ചോര നീരാക്കിയിട്ടും ചേല മുറുക്കിയുടുക്കേണ്ടി വന്ന പഴയ തലമുറയുടെ പ്രതീകമായിരുന്നു ശാരദാമ്മയും. വെള്ളം വറ്റിച്ചു കഴിഞ്ഞാൽ പായലെടുപ്പും ഇടവരമ്പ് വാരലുമാണ്. മകരമാസം കഴിഞ്ഞാൽ കടലിൽ നിന്നും പാടങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നതിനാൽ മകരത്തിന് മുമ്പ് തന്നെ കർഷകർ വിത്ത് വിതക്കൽ നടത്തും. വിതച്ചു കഴിഞ്ഞു മൂന്നാം ദിവസം കായലിലെ വെള്ളം വറ്റിക്കും. അപ്പോഴേക്കും വിത്ത് മുള പൊട്ടും. പുഴുക്കളെ ഒഴിവാക്കാൻ തെങ്ങോലകളും പുഴുക്കൊട്ടകളും ഉപയോഗിച്ച് നാട്ടു വിദ്യകളുണ്ട്. അതു കഴിഞ്ഞാൽ പറിച്ചു നടീലും കള പറിക്കലും. വെള്ളവും വള്ളവും നെല്ലും നിറഞ്ഞ ജീവിതങ്ങൾ, പക്ഷെ ദാരിദ്ര്യത്തിന്റെ താപത്തിൽ വെന്തെരിയുമ്പോഴും അവർ ജീവിതം ആഘോഷിച്ചു. ഷാപ്പും മീനും പാട്ടും ചുണ്ടൻ വള്ളങ്ങളും ഹൗസ് ബോട്ടും വള്ളം കളികളും അവരുടെ ജീവിതത്തിന് ഉത്സവഛായ നൽകി. കൊയ്ത്തു തുടങ്ങിയാൽ പിന്നെ കുട്ടനാട്ടുകാർക്ക് ഉത്സവമാണ്. ചക്രപ്പാട്ടും വിതപ്പാട്ടും ഞാറ്റുപാട്ടും കളപറിക്കൽ പാട്ടുമൊക്കെയായി അവർ ജീവിതമങ്ങ് തുഴയും.

മനസ്സിനെ കൊളുത്തി വലിക്കുന്ന പലതും ആലോചിച്ച് പുന്നമട കായലിന്റെ തീരത്തൂടെ വീട്ടിലേക്ക് നടക്കുമ്പോൾ എതിരെ വരുന്ന മുരിക്കും മൂട്ടിൽ പോളച്ചനെ കണ്ട അവൾ പതറി. പെട്ടെന്ന് വഴി മാറി നടക്കാൻ ശ്രമിച്ചെങ്കിലും അയാൾ മുന്നിലെത്തിയിരുന്നു. വളിഞ്ഞ ചിരിയോടെ അവളെ നോക്കി അയാൾ വെളുത്ത ജുബ്ബയിൽ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ചു. കഴുത്തിലെ സ്വർണ്ണ ചെയിനിൽ തൂങ്ങിയാടുന്ന കുരിശിലേക്ക് അവൾ തുറിച്ചു നോക്കി, നെഞ്ച് പൊളിയുന്ന കനത്തോടെ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അയാൾ വഴി തടഞ്ഞു നിന്നു. "നിനക്കെന്നാടി ഇത്രയും തിരക്ക്? പോയിട്ട് ആരുടെയും കല്യാണം നടത്തിക്കൊടുക്കാനൊന്നും ഇല്ലല്ലോ. സ്വയം കെട്ടാനാണേൽ ആരും വരുന്നുമില്ല. ഒരു കാലത്ത് നീ ഇവിടെ പുളച്ചു നടന്നതല്ലേ. ഒരു സിഗരറ്റ് എടുത്തോടീ. നീ എന്റെ കൂടെ പോരുന്നോ. എനിക്കാണേൽ ജാതിയും ജാതകവും പ്രായമൊന്നും പ്രശ്നമല്ലടീ, എന്റെ ഹൗസ് ബോട്ടിൽ നിനക്ക് വേണ്ടി ഞാനൊരു മുറി റെഡിയാക്കാം." അയാൾ ചവച്ചു തുപ്പിയ വാക്കുകളിൽ അവൾ പുകഞ്ഞു നീറി. "വഴിയിൽ നിന്ന് മാറടാ പട്ടീ." എന്നും പറഞ്ഞു വർധിച്ച താപത്തോടെ അവൾ അയാളെ മറികടന്ന് നടക്കുമ്പോൾ, അങ്ങോട്ട് നടന്നു വരികയായിരുന്ന വിനയനെ കണ്ട്, എന്തോ പറയാനാഞ്ഞ പോളച്ചൻ വാക്കുകൾ വിഴുങ്ങി അവളെ ഒന്നു കടുപ്പിച്ചു നോക്കി തിരിഞ്ഞു നടന്നു. അയാൾക്ക് പണ്ടേ തന്നെ കാണുമ്പോൾ വല്ലാത്തൊരു ചൊറിച്ചിലാണ്.

നിർമ്മല പോകുന്ന വഴിയിലേക്ക് മിഴിയെറിഞ്ഞ്, പോളച്ചന്റെ നേരെ ദഹിപ്പിക്കുന്നത് പോലെ തുറിച്ചു നോക്കി, വീട്ടിലേക്ക് നടക്കുമ്പോൾ വിനയന്റെ മനസ്സിലേക്ക് അവളുടെ പഴയ കാലം ചുണ്ടൻ വള്ളത്തിലെ ആർപ്പു വിളികളോടെ ഇരച്ചു കയറി. "നക്ഷത്രം കാണണേൽ നീ നിലാവുള്ള രാത്രി വീടിന്റെ പുറത്തിറങ്ങി മേലോട്ട് നോക്കടാ.." പെൺകുട്ടിയുടെ നക്ഷത്രം ചോദിച്ച ചെറുപ്പക്കാരനോട് ചൂടായി, ഈർഷ്യയോടെ ഒരു സിഗരറ്റ് കത്തിച്ചു പുകയൂതി വിട്ടു തിരിഞ്ഞു നടക്കുമ്പോൾ ചോദിച്ചയാൾ വടി വിഴുങ്ങിയത് പോലെ നിർമ്മലയെ നോക്കുകയായിരുന്നു. തീവണ്ടി നിർമ്മല അങ്ങനെയായിരുന്നു. അവൾ കരയിലെ കുറേ പെൺകുട്ടികളുടെ കല്യാണം നടത്തിക്കൊടുത്തിട്ടുണ്ടെങ്കിലും നക്ഷത്രമൊ ജാതിയോ ചോദിക്കുന്നവരോട് പോയി പണി നോക്കാൻ പറയും. അന്ന് അവിടെ വനിതാ ബ്രോക്കറായി, ആളുകൾ 'ഫിലോമിന' എന്ന് കളിയാക്കി വിളിക്കുന്ന നിർമ്മല മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടികളുടെ കല്യാണം നടത്തിക്കൊടുത്താൽ അവൾ കമ്മീഷൻ മേടിക്കാറില്ല. കഷ്ടപ്പാടുള്ള കുടുംബമാണെങ്കിൽ ചെറുക്കൻ വീട്ടുകാരോടും. കണക്ക് പറഞ്ഞു സ്ത്രീധനം മേടിക്കുന്ന കല്യാണത്തിന് അവൾ മുൻകൈ എടുക്കാറില്ലെന്ന് മാത്രമല്ല, അത്തരം കല്യാണത്തിന് പോകുകയോ ഊണ് കഴിക്കുകയോ ചെയ്യാറില്ല. ആരെങ്കിലും ജാതി ചോദിച്ചാൽ 'നീ കാട്ടീ പോയി നോക്കെടോ, അവിടെ ജാതിമരം കാണും' എന്ന് പറഞ്ഞു നീങ്ങുന്ന അവളെ നോക്കി ജാതി ചോദിച്ചവൻ 'ഇതെന്ത് ജാതി' എന്ന് ചിന്തിച്ചു നിൽക്കുമ്പോഴേക്കും അവൾ നടന്നു മറഞ്ഞിട്ടുണ്ടാവും.

'ഇങ്ങനെയായാൽ നടക്കത്തില്ല കേട്ടോ മോളെ, നിനക്ക് പണി വേണേൽ ജാതിയും നക്ഷത്രവും എല്ലാം നോക്കി വരുന്നവരുടെയും കല്യാണം നടത്തിക്കൊടുക്കണം. എത്ര വലിയ ആളുകളാന്ന് പറഞ്ഞാലും ഈ ജാതീം ജാതകമൊന്നും എത്ര തൂത്താലും പോവില്ല. അത് മനുഷ്യരുടെ ദേഹത്ത് കായൽ മണ്ണ് പോലെ പറ്റിപ്പിടിച്ചതാ.' പഴയ ബ്രോക്കറായ, ഇപ്പോൾ രാജി വെച്ച് വീട്ടിൽ സ്വസ്ഥമായി കഴിയുന്ന ലളിതമ്മ ഒരു ദിവസം അവളെ ഉപദേശിച്ചിരുന്നു. കരുമാടി ഗ്രാമത്തിലെ വയലോരത്തെ പാർക്കിൽ നിലകൊള്ളുന്ന ഒരു കൈയ്യില്ലാത്ത ബുദ്ധപ്രതിമയായ കരുമാടിക്കുട്ടന്റെ അടുത്തുള്ള ആൽമരച്ചോട്ടിലായിരുന്നു അവർ. അതിന്റെ മുന്നിലാണ് കരുമാടിക്കുട്ടനിരിക്കുന്ന വെളുത്ത സ്തൂപം സ്ഥിതി ചെയ്യുന്ന പാർക്ക്. തൊട്ടടുത്തുള്ള കരുമാടിത്തോട്ടിലേക്ക് നോക്കി നിർമ്മല അൽപ നേരം മൗനത്തിന്റെ തടവറയിലായി. 'അങ്ങനെ കിട്ടുന്ന പൈസയൊന്നും വേണ്ട ലളിതേച്ചീ.' ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു. 'നീ പേടിക്കണ്ട നിർമ്മലെ, നിന്നെ കരുമാടിക്കുട്ടൻ കാത്തോളും. നല്ല ശക്തിയുള്ളയാളാ. നിനക്ക് കുട്ടന്റെ ചരിത്രമറിയോ? നമ്മുടെ ഗ്രാമത്തിലെ സാധാരണക്കാരുടെ എല്ലാമാണ് കുട്ടൻ. സദ്യ കിട്ടാഞ്ഞ് മനം നൊന്ത് തോട്ടിൽ ചാടിയ പട്ടരാണ് കരുമാടിക്കുട്ടനെന്നും, അതല്ല, ഉരുളി മോഷ്ടിച്ചു ആറ്റിൽ ചാടി ശിലയായി മാറിയ പുലയനാണെന്നുമൊക്കെയാണ് ആളുകൾ പറയുന്നത്. ഇനിയും ഒരുപാട് കഥകളുണ്ട് കുട്ടനെ പറ്റി. ഞാൻ പിന്നെ പറഞ്ഞു തരാം.' ലളിതമ്മ നടന്നു നീങ്ങുമ്പോൾ, ചൊവ്വാദോഷം കാരണം കല്യാണം കഴിയാതെ പുര നിറഞ്ഞു നിൽക്കുന്ന ലളിതമ്മയുടെ മകൾ വനജയെ പറ്റി ഓർത്ത നിർമ്മല വ്യസനത്തോടെ കരുമാടിക്കുട്ടനെ നോക്കി. എല്ലാ ദോഷങ്ങളും പെണ്ണുങ്ങൾക്ക് മാത്രമാണോ എന്നായിരുന്നു ആ നോട്ടത്തിൽ ഒളിപ്പിച്ചു വെച്ച ചോദ്യമെന്ന് കുട്ടന് മനസ്സിലായോ ആവോ.

ഉടഞ്ഞ മനസ്സോടെ വീട്ടിലേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് വിനയൻ അവിടെയെത്തിയത്. പണ്ട് മുത്തശ്ശി കുട്ടനെ കുറിച്ച് പറഞ്ഞ കഥകൾ അവൾക്കപ്പോൾ വിനയനോട് പറയണമെന്ന് തോന്നി. അവൾക്ക് കഥകൾ പറയാനും കേൾക്കാനും ഇഷ്ടമായിരുന്നു. "ഡാ നിനക്ക് കുട്ടന്റെ കഥയറിയുമോ?" ചാഞ്ഞിരിക്കുന്ന മരക്കൊമ്പിലേക്ക് ചാടിക്കയറി ഒരു സിഗരറ്റെടുത്ത് കത്തിച്ച് അവൾ ചോദിച്ചു. വിനയൻ ഒന്നും മിണ്ടാതെ അവളെ നോക്കി കൽപടിയിൽ ഇരുന്നു. അവളോട് സംസാരിക്കാൻ അവന് ഏറെയിഷ്ടമായിരുന്നു. അവളോട് വർത്തമാനം പറഞ്ഞിരിക്കുമ്പോൾ അവന്റെ മുഖം മഴക്കാലത്തെ വേമ്പനാട്ട് കായൽ പോലെ ചുവന്നു തുടുക്കും. അവളുടെ കണ്ണുകളിൽ തെളിയുന്ന ഓളങ്ങളിൽ ഒളിച്ചിരിക്കുന്നത് എന്താണെന്ന് മനസിലാക്കാൻ ശ്രമിച്ച് പരാജയപ്പെടും. ജീവിതത്തിന്റെ ഒറ്റയടിപ്പാതയിൽ ഒരുപാട് നീറുന്ന അനുഭവങ്ങളിലൂടെ കടന്ന് പോയ ഒരുവളോടുള്ള സഹതാപമല്ല തനിക്ക് നിർമ്മലയോടെന്നും നിഗൂഢമായ മറ്റെന്തോ ആണെന്നും അവനറിയാം. "വല്യച്ഛന് എണ്ണ നേരുക എന്ന ആചാരമുണ്ടായിരുന്നു പണ്ടിവിടെ. അതുമായി ബന്ധപ്പെട്ട് ഗ്രാമവാസികൾ കുട്ടന് എണ്ണ നേരും. കുട്ടന് കൊടുക്കുന്ന എണ്ണ ഔഷധ ഗുണമുള്ളതാവണം എന്നാണ് വിശ്വാസം. അതു കൊണ്ട് അർപ്പിച്ച എണ്ണയിൽ അൽപം വീട്ടിലേക്ക് കൊണ്ടു പോകും. ഒടിവും ചതവുമുള്ളിടത്ത് തേക്കാൻ. കന്നുകാലികൾക്ക് രോഗം വന്നാലും കുട്ടന് എണ്ണ നേരും. ദണ്ഡ് ചാരൽ ആചാരമായിരുന്നു അന്നത്തെ മെയിൻ. അരി, മലര്, ശർക്കര എന്നിവ പാളയിൽ തെരളി പോലെയുണ്ടാക്കി കുട്ടന്റെ വിഗ്രഹത്തിൽ ചാർത്തുന്നു. വിവിധ കാര്യങ്ങൾ സാധിക്കാനായി കുട്ടന് വെറ്റില മുറുക്കാൻ കൊടുക്കും. ചുണ്ണാമ്പ്, അടക്ക, വെറ്റില, പുകയില എന്നിവ പ്രതിമയുടെ മുന്നിൽ കൊണ്ട് വെക്കും. ചിലർ വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് അടക്ക കഷണങ്ങളാക്കി അതിൽ തിരുകി പുകയിലയും ചേർത്ത് വെക്കും."

അവൾ പറഞ്ഞു നിർത്തി അവനെ നോക്കി. "നിനക്ക് എന്തെങ്കിലും സാധിക്കണമെങ്കിൽ എണ്ണ നേർന്നോ കുട്ടന്." അവൾ പൊട്ടിച്ചിരിച്ചു. വളകിലുക്കം പോലെയുള്ള ചിരിയും സ്നേഹം പൂത്തുലഞ്ഞ കണ്ണുകളും അവനിൽ അനിയന്ത്രിതമായ വികാരങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചപ്പോൾ കരുമാടിക്കുട്ടന് എണ്ണ നേർന്ന് 'എനിക്ക് നിർമ്മലേച്ചിയെ കെട്ടിച്ചു തരണേ കുട്ടാ' എന്ന് പ്രാർഥിക്കണമെന്ന് തോന്നി വിനയന്. നന്നായി വെളുത്തതോ കരുമാടിക്കുട്ടന്റെ കറുപ്പോ ആയിരുന്നില്ല അവളുടെ നിറം. 'എനിക്ക് ജാതിയും വയസ്സുമൊന്നും പ്രശ്നമില്ല നിർമ്മലേച്ചീ' എന്ന് പറയാനാണ് അവന്റെ ഉള്ളമപ്പോൾ തുടിച്ചതെങ്കിലും പറഞ്ഞത് വേറെയാണ്. "എന്നാ നിർമ്മലേച്ചിക്ക് അറിയാത്ത വേറൊരു കഥയുണ്ട്. അതെന്റെ മുത്തശ്ശി പറഞ്ഞതാ.' വിനയനും കഥ പറയാൻ റെഡിയായി. "എന്നാ പറയെടാ കേൾക്കട്ടെ. അല്ലെങ്കിലും കുട്ടനാട്ടുകാർ കഥ പറയാൻ മിടുക്കരാണല്ലോ." അവൾ പിന്നെയും ചിരിച്ചു. 'കരുമാടിപ്പാടങ്ങളിലെ നെല്ലിൽ ചാഴി കയറാതിരിക്കാനും എലി നെല്ല് വെട്ടാതിരിക്കാനുമായി കുട്ടനു കറ്റ നേരുന്ന പരിപാടിയുണ്ടായിരുന്നത്രെ. തെങ്ങിൽ പോടുണ്ടാവാതിരിക്കാൻ ആളുകൾ തേങ്ങ നേരും. കരുമാടിത്തോട് വഴി കച്ചവടത്തിന് പോകുന്ന വള്ളക്കാർ കുട്ടന്റെ കെട്ടിലേക്ക് നാണയം ഏറിയും. അയല, മത്തി എന്നിവ ചുട്ട് പൊടിച്ച് നൽകാറുമുണ്ട്. കഷ്ടപ്പെടുന്ന ആളുകളുടെ കൂട്ടുകാരനും രക്ഷിതാവുമാണ് കരുമാടിക്കുട്ടനത്രെ. കുട്ടന് വീഴുന്ന നാണയങ്ങളിൽ ഒരു തിരിക്കുള്ളത് മാത്രം കുട്ടനു വെച്ച് ബാക്കി ദേശവാസികൾ എടുത്താൽ വിശാല ഹൃദയനായ കുട്ടന് പരിഭവമുണ്ടാവില്ല എന്നാണ് പറയുന്നത്."

അവൻ പറഞ്ഞു നിർത്തിയപ്പോൾ നിർമ്മല പിന്നെയും പൊട്ടിച്ചിരിച്ചു. അവളുടെ ചിരി വിനയന്റെ മനസിൽ കായലോളങ്ങളായി പ്രതിധ്വനിച്ചു. "നിനക്ക് കഥയെഴുതിക്കൂടെ വിനയാ. അല്ലെങ്കിൽ നീ എനിക്ക് ഒരു കത്ത് എഴുതിത്താ. എനിക്ക് കത്തെഴുതാനും വായിക്കാനും ഭയങ്കര ഇഷ്ടമാടാ." "ഞാൻ ഒരു സംശയം ചോദിക്കട്ടെ നിർമ്മലേച്ചീ. കരുമാടിക്കുട്ടന്റെ ഇടതു കൈ എങ്ങനെയാണ് നഷ്ടപ്പെട്ടത്?" "പണ്ട് കരുമാടിത്തോട്ടിൽ നിന്നും ആനയാണത്രെ കുട്ടനെ പൊക്കിയെടുത്തത്. അപ്പോൾ മുറിഞ്ഞു പോയതാന്നാ പറയുന്നേ. ശരിക്ക് അറീല്ല. പക്ഷെ നെന്മാണിക്കത്തിന്റെ കഥയറിയാം. കുട്ടനാട്ടിലെ കർഷകരുടെ സ്വപ്നമാണത്രേ നെന്മാണിക്കം. നെൽക്കതിരിന്റെ അറ്റത്തെ ഒരു മണി മാണിക്കമായി വിളയുമെന്നാണ്. നെന്മാണിക്കം ലഭിക്കുന്നത്തോടെ ഐശ്വര്യം വരുമെന്നാണ് വിശ്വാസം. നിനക്ക് നെന്മാണിക്കം കിട്ടിയാൽ എന്നെ കെട്ടിക്കോടാ.' അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഒരുപാട് തിരസ്‌ക്കാരങ്ങളുടെ മുറിവുകൾ പറ്റിപ്പിടിച്ചിരുന്നു. എല്ലാവരാലും തിരസ്‌ക്കരിക്കപ്പെടുന്ന മനുഷ്യന്റെ അവസ്ഥയാണ് ഏറ്റവും ഭീകരം. ആരെങ്കിലും ചേർത്ത് പിടിച്ചാലോ അവരെയൊന്ന് കേട്ടാലോ ഒരുപാട് സ്വയം കുരുക്കലുകൾ ഇല്ലാതാവും. അവൾ ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴികളും നെറ്റിയിലെ വിയർപ്പും വിടരുന്ന ചുണ്ടുകളും അവനെയപ്പോൾ വിഷാദത്തിന്റെ മഞ്ഞുമലയിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവളെ പെണ്ണ് കണ്ട് പല കാരണങ്ങളാൽ തിരിച്ചു പോകുന്ന ആളുകളോട് അവനപ്പോൾ ദേഷ്യം തോന്നിയില്ല. അത്രയും സമയത്തെ തെളിച്ചം മാറി തികച്ചും നിർവികാരയായി കരുമാടിത്തോടിന്റെ ആഴങ്ങളിലേക്ക് നോക്കിയിരിക്കുന്ന അവളെ അവൻ സങ്കടത്തോടെ നോക്കി. അവളുടെയുള്ളിലെ മുറിവുകൾക്ക് പുന്നമടക്കായലിനെക്കാൾ ആഴമുണ്ടാവും.

"എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഏതാന്ന് അറിയുമോ നിനക്ക്?" അവളുടെ ചോദ്യത്തിന് അലസമായ നോട്ടമെറിഞ്ഞതല്ലാതെ അവൻ ഒന്നും പറഞ്ഞില്ല. വിഷണ്ണനായി ഇരുന്ന അൽപ നേരത്തെ നിശബ്ദതക്ക് ശേഷം അവിടെ മനോഹരമായ സ്വരത്തിൽ ഒരു പാട്ടുയർന്നു.

'വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമട കായലിൽ വീണേ...

കുഞ്ഞിളം കൈയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ..'.

മീൻകുട്ടയുമായി രമണി വരുന്നത് കണ്ട വിനയൻ നിർമ്മലയുടെ പാട്ട് നഷ്ടപ്പെട്ട നീരസത്തോടെ പതിയെ വലിഞ്ഞു. കരുമാടിയിലെ വീടുകളിൽ മീൻ വിൽക്കുന്നത് രമണിയാണ്. "അവനെ വിട്ടേക്ക് നിർമ്മലേ, പഠിക്കുന്ന ചെക്കനാ. ആ വത്സല അറിഞ്ഞാ നിന്റെ കഥ കഴിയും. ചെക്കന്റെ ഏട്ടൻ പട്ടാളത്തിലാ." "എന്താ രമണി എന്തെങ്കിലും സ്പെഷ്യൽ ഉണ്ടോ ഇന്ന്?" രമണിയുടെ വാക്കുകളേറ്റ് ഉള്ള് മുറിഞ്ഞെങ്കിലും അതവഗണിച്ച് നിർമ്മല കുശലം ചോദിച്ചു. അപ്പോഴേക്കും രമണി മീൻ കുട്ട താഴെ വെച്ചിരുന്നു. "ഓ, എന്നാ സ്പെഷ്യലാ നിർമ്മലെ. ഉള്ളതൊക്കെ തന്നെ." നിർമ്മല കൊട്ടയിലേക്ക് നോക്കി. ആറ്റു കൊഞ്ചും ആറ്റു വാളയും കുറുവയും മഞ്ഞക്കൂരിയും മുഷിയും പന്നക്കരി മീനും കുട്ടയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. കായലിൽ നിന്നും കേറി കുറേ ദിവസമായത് പോലെ ക്ഷീണം പിടിച്ചവശരായ മത്സ്യങ്ങൾ. "അതെന്നാടി അരിഞ്ഞിലും കോലയും തൂളിയൊന്നും കിട്ടിയില്ലേ..?" "ഓ, നിനക്കിതൊന്നും പറ്റത്തില്ലല്ലോ. അവൾ ഇല്ലാത്തത് നോക്കി ഉണ്ടാക്കാൻ വന്നേക്കുവാ." പിറുപിറുത്തു കൊണ്ട് രമണി കുട്ടയും തലയിലേറ്റി ഈർഷ്യയോടെ നടന്നു. കള്ളച്ചിരിയുമായി നിർമ്മലയും.

പിറ്റേന്ന് വലിയൊരു അപകട വാർത്ത കേട്ടാണ് കരുമാടിക്കാർ ഉണർന്നത്. ലളിതമ്മയുടെ മകൾ വനജ തൂങ്ങി മരിച്ച വാർത്തയായിരുന്നു അത്. ചൊവ്വാദോഷം കാരണം കുറേ കാലമായി കല്യാണമാകാതെ നാട്ടുകാരുടെ പരിഹാസവും കേട്ട് മടുത്തിട്ടായിരിക്കും. അവസാനം വന്നവൻ ദോഷത്തിന്റെ പേര് പറഞ്ഞ് താങ്ങാൻ പറ്റാത്ത സ്ത്രീധനമാണത്രേ ചോദിച്ചത്. തളർന്നു കിടക്കുന്ന ലളിതമ്മയെ നോക്കി ഒന്നും മിണ്ടാനാവാതെ അവൾ കായൽ തീരത്തേക്ക് ഇറങ്ങി നടന്നു. ചില നേരങ്ങളിൽ വാക്കുകൾ ആർക്കും ഉപയോഗമില്ലാത്ത വെറും അക്ഷരങ്ങൾ മാത്രമാവും. "എന്താ ചേച്ചീ വൈകുന്നേരം ഒറ്റയ്ക്ക്.?" അഗാധമായ കായലിന്റെ ആഴങ്ങളിലേക്ക് മിഴികൾ നട്ടിരിക്കെ, ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ വിനയൻ. ചിലപ്പോൾ അവളാ ഇരുത്തം മണിക്കൂറുകളോളം നീട്ടും. സ്വയമൊരു നദിയായത് പോലെ അവളുടെ മിഴികൾ നിറഞ്ഞിരുന്നു. "ഒന്നുല്ലടാ.. മനസ്സിന് ഒരു സുഖമില്ല. നമ്മുടെ വനജ. പാവം ലളിതമ്മ. അതൊക്കെ ഓർത്തപ്പോൾ മനസിന്‌ വല്ലാത്ത നീറ്റൽ. അവിടെ നിന്നും നേരെ ഇങ്ങോട്ട് പോന്നു. ഇരുട്ടിയത് അറിഞ്ഞില്ല." വാക്കുകളുടെ അവസാനം കായലോളം പോലെയൊരു തേങ്ങൽ പുറത്തേക്ക് തെറിച്ചപ്പോൾ അവൻ പുളഞ്ഞു പോയി. ഒരു വെളുത്ത കൊക്ക് ആകാശത്ത് നിന്നും പറന്നിറങ്ങി ഒരു മീനിനെ കൊത്തിയെടുത്ത് തിരിച്ചു പോയി. അവന്റെ മനസ്സ് തളർന്നു. നിർമ്മലേച്ചിയും വനജയുടെ അവസ്ഥയിലാണ്. മനം നൊന്ത് ഇനി വല്ല കടും കൈയും. "അയിനെന്താ ചേച്ചീ, ഇപ്പൊ രാത്രിയും പെണ്ണുങ്ങൾ പുറത്തൊക്കെ പോകുന്നുണ്ടല്ലോ.? അവൻ പറഞ്ഞത് കേട്ട് അവൾ ചിരിച്ചു. പുകഞ്ഞു തീർന്ന സിഗരറ്റ് കുറ്റി കായലിലേക്ക് വലിച്ചെറിഞ്ഞു.

"ഡാ നീ എന്തെങ്കിലും ഒരു കഥ പറയുമോ? പുഴയിലേക്ക് നോക്കി കഥ കേൾക്കുമ്പോൾ മനസ്സ് ശാന്തമാവും." "ചേച്ചി എനിക്കൊരു വാക്ക് തരുമോ?" അവളുടെ വാക്കുകൾ അവഗണിച്ചു അവൻ ചോദിച്ചു. "എന്താഡാ, നീ ചോദിക്ക്." "ആ വനജ ചെയ്തത് പോലെ ചെയ്യില്ല എന്ന് എന്റെ കൈയ്യിൽ പിടിച്ചു വാക്ക് തരണം." പറഞ്ഞു കൊണ്ട് അവൻ കൈ നീട്ടി. ആ ഒരു നിമിഷം അവളുടെ കണ്ണുകൾ തിളങ്ങി. മുഖം വർഷകാലത്തെ പുന്നമടക്കായൽ പോലെ ചുവന്നു. പെട്ടെന്ന് അവൾ കൈ നീട്ടി അവന്റെ കൈയ്യിൽ കോർത്തു. "ഇല്ലടാ, ഞാൻ വനജ ചെയ്തത് പോലെ ചെയ്യില്ല." അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. "ചേച്ചിക്ക് ഈ സിഗരറ്റ് വലി നിർത്തിക്കൂടെ? ചുണ്ടൊക്കെ കറുത്തു." "ആർക്കും വേണ്ടാത്ത ചുണ്ടുകൾ കറുത്താൽ എന്താ." പിന്നൊന്നും പറയാതെ അവൾ നടന്ന് നീങ്ങി. 'എനിക്ക് വേണം' എന്ന് പറയാനാണ് വിനയന് തോന്നിയത്. പക്ഷെ വാക്കുകൾ എവിടെയോ തടഞ്ഞു നിന്നു. പെട്ടന്നവൾ തിരിഞ്ഞു നിന്നു. "വിനയാ നീ നാളെ രാവിലെ ആൽമരത്തിന്റെ പിറകിൽ പോയി നോക്കണേ." അതും പറഞ്ഞു അവൾ തിരിഞ്ഞു നോക്കാതെ നടന്നു പോയി. എന്തായിരിക്കും ചേച്ചി അങ്ങനെ പറഞ്ഞത്? അവനപ്പോൾ വല്ലാത്ത സങ്കടം തോന്നി. അവളുടെ മുഖം അവന്റെ മനസ്സിൽ വരുമ്പോഴെല്ലാം നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകളും എപ്പോഴും വിയർപ്പ് പൊടിഞ്ഞ മൂക്കിന്റെ തുമ്പും വലിയ കണ്ണുകളും തെളിയും. വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോഴും അവന്റെ മനസ്സിൽ നിർമ്മലയായിരുന്നു.

പിറ്റേന്ന് രാവിലെ നിർമ്മലേച്ചിയെ കാണുന്നത് ഒരുപാട് ആളുകളുടെ ബഹളങ്ങൾക്കൊപ്പമാണ്. കിതപ്പോടെ തീരത്ത് ഇളകിക്കൊണ്ടിരിക്കുന്ന സാരി ചുറ്റിയ ദേഹത്തേക്ക് ഒരിക്കലേ നോക്കിയുള്ളൂ. സുന്ദരമായ ആ ദേഹം നനഞ്ഞു കുതിർന്ന് നിശ്ചലമായത് കണ്ടപ്പോൾ അവൻ വിളറി തകർന്ന് നിലത്തിരുന്നു പോയി. നിർമ്മലേച്ചി നീന്താനെന്ന പോലെ കായലിൽ മലർന്നു കിടക്കുകയാണ്. മുഖത്ത് ഇന്നലെ കണ്ട അതേ തിളക്കം. കഥകൾ കേൾക്കുമ്പോഴുണ്ടാവുന്ന കുസൃതി. അവൾ മരിച്ചു കിടക്കുകയാണെന്നു ആരും പറയില്ല. എന്തോ ഓർത്തത് പോലെ അവൻ പെട്ടെന്ന് എണീറ്റ് നേരെ ആൽമരത്തിന്റെ അടുത്തേക്ക് ഓടി. വിറക്കുന്ന കൈകളോടെ മരവള്ളികൾക്കിടയിൽ പാതിയുടഞ്ഞ കണ്ണാടിക്ക് മുകളിൽ മടക്കി വെച്ച വെളുത്ത കടലാസ് വലിച്ചെടുക്കുമ്പോൾ അവന്റെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു. 'നിനക്ക് വാക്കു തന്നത് പോലെ ഞാൻ വനജ ചെയ്തത് പോലെ തൂങ്ങി മരിക്കില്ല. പക്ഷെ ഞാൻ എന്റെ പുന്നമടക്കായലിൽ ലയിച്ചു ചേരും. അതിനോട് കഥകൾ പറയും. ആർക്കും വേണ്ടാത്ത എന്നെ കായൽ സ്വീകരിക്കും.' കൈയ്യിൽ കിടന്ന് കടലാസ് വിറക്കുമ്പോൾ അവന്റെ മുഖം ഉടഞ്ഞ കണ്ണാടിയിൽ മുറിഞ്ഞതായി ദൃശ്യപ്പെട്ടു. ഇന്നലെ അവസാനമായി കണ്ടപ്പോൾ 'എനിക്ക് നിർമ്മലേച്ചിയെ വേണം' എന്നൊരു വാക്ക് താൻ പറഞ്ഞിരുന്നെങ്കിൽ.. പെട്ടെന്ന് ആൽമരത്തറയിൽ നിന്നും ആ കണ്ണാടി താഴെ കല്ലിലേക്ക് വീണു പൊട്ടിച്ചിതറി. അതിൽ സ്വന്തം മുഖം കീറിപ്പറിഞ്ഞ് കഷണങ്ങളായി തെളിഞ്ഞപ്പോൾ ഹൂങ്കാര ശബ്ദത്തോടെ ആർത്തലച്ചു വന്ന  മഴയിൽ വെള്ളവും കണ്ണീരും ഇണ ചേർന്നൊഴുകി.

Content Summary: Malayalam Short Story ' Udanja Kannadikal ' written by Najeeb Kanjirode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com