മാവു പൂത്തതു കാൺകേ
മാനസം രാഗാർദ്രമായ്
പ്രേമവും, വസന്തവും
സിരയിൽ സരയുവായ്
യൗവ്വനം തളിർക്കുന്നു
കുടമുല്ലപ്പൂവായി
കണ്ണാന്തളി തേടി
കാടുകൾ കയറുന്നു
ചില്ലയും, ഇലകളും
ഉമ്മ വച്ചീടുന്നെന്നെ
നിൻ കരവല്ലിയാലെ
വരിഞ്ഞുമുറുക്കുന്നു
കശുമാന്തോപ്പിൽനിന്നും
മഞ്ഞ മാമ്പഴത്തിന്റെ
മധുരം ചോരാതെ നാം
മലയിറങ്ങിയതും
മുന്തിരിച്ചന്തംയെന്നു ചൊല്ലി നീ
യെൻ കവിളിൽ
വീര്യമാർന്ന വീഞ്ഞായി
ചുംബനംനൽകിയതും
ഇന്നുമെൻ ചുണ്ടിൻചില്ലതുമ്പിലൊ-
രിലയായി
മുളയിടുന്നതുണ്ടീ
മാവു പൂത്തതു കാൺകേ....
Content Summary: Malayalam Poem ' Maavu Poothathu Kaanke ' written by Raju Kanhirangad