നക്ഷത്രപൂക്കൾ വിടർന്ന പോലെ
കുരുക്കുത്തി മുല്ലയും പൂവണിഞ്ഞു
സ്വപ്നങ്ങൾ പൂത്തപോലെ
ചെമ്പകത്തൈയും പൂത്തുലഞ്ഞു
ഇലഞ്ഞിപ്പൂമണമൊഴുകവേ
പ്രണയവുമൊരു പൂവായ്
പൂവിതളിലെ മഞ്ഞുതുള്ളിയായ്
അതിലോലമായ് തഴുകിടുന്നു
ഹൃദ്യമായോർമ്മകൾ തലോടവേ
ഹൃത്തിലും ചിത്രങ്ങൾ തെളിയുന്നു
കൊയ്ത്തുപാട്ടിൻ ഈരടികൾക്കായ്
അറിയാതെയെങ്കിലും കാതോർക്കയായ്
കൊയ്ത്തുകഴിഞ്ഞ പാടവരമ്പിൽ
കൈകോർത്തുനടന്നൊരു കാലം
കൊയ്തുകൂട്ടിയ കറ്റകൾതൻ മറവിൽ
ആദ്യചുംബനമേറ്റൊരു സ്വപ്നം ചിറകുവിടർത്തി
തേന്മാവിൻകൊമ്പത്തെ കളിയൂഞ്ഞാലും
അത്തിമരച്ചോട്ടിലെ കളിവീടും
കാവിനുള്ളിലെ പൂത്തുലഞ്ഞ വള്ളിപ്പാലയും
ഓർമ്മച്ചിന്തിൽ നിറച്ചാർത്തേകുന്നു
വരുകില്ലിനിയുമാ നാളെന്നറിവിൽ
ഓർമ്മകൾതൻ സുഗന്ധത്തിൽ
കാണാക്കാഴ്ചകൾക്കൊടുവിൽ
നീരണിയുന്നിതെൻ മിഴികൾ..
Content Summary: Malayalam Poem ' Ormachinth ' written by Suma Raveendran