ADVERTISEMENT

ഇടയ്ക്കെല്ലാം ഞാൻ ഇബ്നുവിനെക്കുറിച്ച് ഓർക്കാറുണ്ട്. ഒരു തോളേസഞ്ചിയുമായി കുഞ്ഞനുജത്തി ഉമ്മുകുൽസുന്റെ കൈയ്യും പിടിച്ചു നടന്നു വരുന്നു ഇബ്നു. വലതുകാലിന്റെ സ്വാധീന കുറവ് കണക്കിൽ എടുക്കാതെ വീറോടെ വരുന്ന ഇബ്നു. അച്ചാച്ചന്റെ സൈക്കിളിൽ മുമ്പിൽ ഞാനും പിന്നിൽ എന്റെ വല്യേച്ചിയും ഉണ്ടാകും. ഇബ്നുന്റേം എന്റെയും വീട് അടുത്തടുത്താണ്. സൈക്കിളിൽ വരുമ്പോൾ അച്ചാച്ചൻ ചോദിക്കാറുണ്ട് "ഇബ്നുവോ ഇയ്യ് കേറുണ്ടോ...." സ്ഥിരം പല്ലവി പോലെ അവനും പറയും "ഇല്ല മായുന്റെ അച്ചാച്ച.. ഞാനും ഓളും നടന്നോളാം..." അച്ചാച്ചൻ ഒരു ചിരിയും നൽകി അവരെ കടന്ന് പോവും ഞാൻ ഉമ്മുന് റ്റാറ്റയും കൊടുക്കും. ഇബ്നുനും ഉമ്മുനും ഉപ്പ ഇല്ല ഏതോ പൊലീസുകാര് കള്ളക്കേസ് കൊടുത്ത് കൊന്ന് കളഞ്ഞതാണെന്ന് എപ്പോഴോ വല്യേച്ചി പറഞ്ഞത് കേട്ടു. ഓന്റെ ഉപ്പ പണ്ട് ഏതോ നെക്സലൈറ്റ് ആണെന്നോ മറ്റൊ പറഞ്ഞിട്ടാ കൊന്നതത്രേ. അന്ന് ഞാനൊക്കെ തീരെ ചെറുതാത്രെ... എന്തായാലും ഇബ്നു നല്ലോണം പഠിക്കും ഇന്നേക്കാളും ഉമ്മുനേക്കാളും വല്യേച്ചിയെക്കാളും ഒക്കെ മാർക്കും വാങ്ങും, അത് കാണുമ്പോൾ അമ്മ ഞങ്ങളെ ചീത്തയും പറയും.. "അനക്കൊക്കെ എന്തിന്റെ കുറവ് ണ്ടായിട്ട ആ ഇബ്നുനെ കണ്ട് പഠിക്കണം. ഇയ്യൊക്കെ നല്ലോണം ലോകവിവരോം ണ്ട് പഠിക്കും ചെയ്യും..." അത് കേക്കുമ്പോൾ ഞാൻ എപ്പോഴും മുത്തിയമ്മക്ക് നേർച്ച ഇടും അടുത്ത തവണ ഓനെ തോൽപ്പിച്ചു തന്ന ഞാൻ വിളക്ക് വെക്കാമെ എന്ന്... അങ്ങനെ നേർച്ചകൾ പലതും നേരും എല്ലാ ക്ലാസ്സിലും ഓന് മാർക്കും കിട്ടും എനിക്ക് വഴക്കും കിട്ടും..

ഞാനും ഉമ്മും കളിക്കുമ്പോൾ ഇബ്നു കളിക്കാൻ ഒന്നും വരില്ല. ഒന്നില്ലേൽ ഏതേലും പുസ്തകം എടുത്ത് ആ ഇറയത്ത് ഇരിക്കും. ഇല്ലേൽ ഗ്രൗണ്ടിന്റെ അപ്പുറത്തുള്ള വായനശാലയിൽ കാണും. വയ്യേലും ഓൻ എന്നും ഓന്റെ ടൗണിലെ കടേൽ എടുത്ത് കൊടുക്കാൻ നിക്കും. അതിന്റെ ഇടേലും ഏതേലും പുസ്തകം ണ്ടാവും ത്രെ... ഹൌ ഇങ്ങനെ ഒരു പുസ്തകതീനി..!! നമ്മൾ എന്തേലും പറഞ്ഞു ചെന്നാൽ തീർന്നു പിന്നെ അങ്ങോട്ട് നാരായണൻ മാഷിന്റെ മലയാളം ക്ലാസ്സ്‌ പോലെയാ ഒന്നും മനസിലാവത്തുമില്ല, ശ്രദ്ധ ഇല്ലെന്ന് കണ്ടാൽ വഴക്കും കിട്ടും.. ഇടയ്ക്ക് തോന്നും നാരായണൻ മാഷൊക്കെ എത്ര ഭേദം ആണെന്ന്.. ഇബ്നുന്റെ ഉമ്മാക്ക് നല്ല പലഹാരം ഒക്കെ ഉണ്ടാക്കാൻ അറിയാം. പെരുന്നാളിന് ഒക്കെ കൊറേ ബിരിയാണി തരും കൊറേ പലഹാരോം കിട്ടും. ഓർക്ക് പെരുന്നാൾ വന്നാൽ എനിക്ക് കുശാൽ ആണ്. വീട്ടിലേക്ക് കേറ്റാൻ അമ്മ സമ്മതിക്കില്ല. പക്ഷെ ഞാനും വല്യേച്ചിയും അവിടെ പോയ്‌ കഴിക്കും. അത്പോലെ വിഷു, ഓണം ഒക്കെ വന്നാൽ ഉമ്മു ഇന്റെ വീട്ടിലാ ണ്ടാവാ... ഞങ്ങൾ ഒന്നിച്ചു വല്ല്യേ പൂക്കളം ഇടും. ഉമ്മു നന്നായിട്ട് മൈലാഞ്ചി ഇടും അതോണ്ട് നന്നായിട്ട് പൂക്കളം ഒക്കെ വരച്ചു തരും ഓള് പറയണ പോലെ പൂവും ഇടും. അപ്പോൾ ന്തൊരു ശേലാണ് ന്ന് അറിയോ ഞങ്ങൾടെ പൂക്കളത്തിന്. ഇബ്നു വല്ല്യ കൊക്ക കൊടന്ന് ചെമ്പരത്തി ഒക്കെ പൊട്ടിച്ചു തരും.. ഇടയ്ക്ക് തോന്നും ഓൻ വല്ല്യ ജാടയാണ് എന്ന് ഇടയ്ക്ക് തോന്നും ഓനെക്കാൾ വല്ല്യ സഹായി വേറെ ഇല്ല ന്ന്... ഇബ്നു ന്റെ ഒരു കാര്യേയ്!

പിന്നെ എപ്പോഴാ ആ സന്തോഷങ്ങളൊക്കെ ഇല്ലാണ്ടായത്. നിക്കും കൃത്യമായിട്ട് അറിയില്യ. ഇന്നാള് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ആണ് ആ സംഭവം ഉണ്ടായത്. ക്ലാസ്സിന്റെ പുറത്ത് ഉള്ള ആൾക്കൂട്ടം കണ്ട് പോയതാ. ഉമ്മു കരയുണ്ടാർന്നു. നോക്കുമ്പോൾ രണ്ട് പൊലീസുകാര് ഇബ്നുനെ ജീപ്പിലേക്ക് കേറ്റി കൊണ്ടോവാ... ഇബ്നു തല താഴ്ത്തി ഇരിക്കാർന്നു കണ്ണ് കലങ്ങീട്ട് ണ്ടാർന്നു. കാര്യം അറിഞ്ഞില്ലെങ്കിലും ഞാൻ ഉമ്മുനെ കെട്ടിപിടിച്ചു കരഞ്ഞു. പെട്ടെന്ന് അച്ഛനെ അറിയിക്കാൻ തോന്നി ടീച്ചർടെ കൈയ്യിലെ ഫോൺ വാങ്ങി അച്ഛനെ വിളിച്ചു പറഞ്ഞു. അച്ചാച്ചനെ സ്കൂളിലേക്ക് അയക്കാം ഉമ്മുനെ കൂട്ടി നിൽക്ക് ന്നു പറഞ്ഞു വേഗം വച്ചു. ക്ലാസ്സിൽ പോയ്‌ ഓൾടേം ഇന്റേം ബാഗ് എടുത്ത് വന്ന് ഓഫീസ് റൂമിൽ ഇരുന്നു. അപ്പോഴേക്കും അച്ചാച്ചൻ ഒരു ഓട്ടോ എടുത്ത് വന്നു. ഉമ്മു അപ്പോഴും കരച്ചിൽ ആയിരുന്നു. വീട്ടിലെത്തിയപ്പോൾ ഓൾടെ ഉമ്മയും കരയായിരുന്നു. അടുത്ത് അമ്മ ഇരിപ്പുണ്ട്. ഞാൻ ബാഗ് വീട്ടിൽ വച്ചു വേഗം ഓൾടെ അടുത്ത് വന്നിരുന്നു. ഉമ്മുന്റെ ഉമ്മ ന്തൊക്കെയോ പദം പറഞ്ഞു കരയുകയും അമ്മ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.. അവ്യക്തമായ കാരണമെങ്കിലും.. ഇബ്നു വല്ല്യ ബോംബ് വച്ചിട്ടുണ്ട് എന്ന് മാത്രമാണ് ഇക്ക് മനസിലായത്. കാര്യകാരണം അറിഞ്ഞില്ലെങ്കിലും നാട്ടുകാരിൽ ചിലർ ഒത്തുകൂടിയിരുന്നു അവിടെ. കുറച്ച് കഴിഞ്ഞപ്പോഴേക്കും ഇബ്നുനെ കൊണ്ട് അച്ഛനും പിന്നെ കുറച്ച് ആളുകളും വന്നിരുന്നു. ഇബ്നുനെ കണ്ടതും ഉമ്മയും ഉമ്മുവും കരച്ചിൽ തുടങ്ങി. അവന്റെ മുഖത്തും ദേഹത്തും തല്ലിയതിന്റെ പാടുകൾ എടുത്തു കാണിച്ചിരുന്നു ചുണ്ട് പൊട്ടി ചോരയൊലിച്ചിരുന്നു.

"ഓൻ ഓന്റെ ഉപ്പാന്റെ മോൻ ആണെന്ന് തെളിയിച്ചതാ..." കൂടെ വന്നവരിൽ ഒരാൾ പറഞ്ഞു. "ഇങ്ങളൊന്ന് തെളിച്ചു പറയിം ഇക്ക് ഒന്നും മനസിലാവണില്ലേയ്..." ഉമ്മുന്റെ ഉമ്മ പറഞ്ഞു "നാട്ടിൽ ഏതോ തീവ്രവാദ സംഘടനങ്ങൾക്ക് ആരോ സഹായം ചെയ്യിണ്ട് ന്നോ ആരോ ആശയങ്ങൾ പങ്കുവെക്കുന്നെന്നോ പറഞ്ഞായിരുന്നു വഴക്ക്. അന്വേഷിച്ചപ്പോൾ ഉപ്പാന്റെ പൂർവകാല ചരിത്രം! പോരെ മോനെ പിടിച്ചോണ്ട് പോവാൻ, ഇബ്നു ആണേൽ എപ്പോഴും പുസ്തകങ്ങൾ ആയിട്ട് കൂട്ടും തീർന്നില്ലേ പൂരം. ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ പൊലീസുകാർക്ക് വേറെ എന്തേലും വേണോ..." കേൾക്കേണ്ട താമസം ഉമ്മ ഇബ്നുനെ വലിച്ചിട്ട് തല്ലാൻ തുടങ്ങി ഇബ്നു ആണേൽ ഓനല്ല ഇത് ചെയ്തത് ന്നു പറയും ചെയുണ്ടാർന്നു. അവിടെ ആയിരുന്ന് എല്ലാത്തിന്റെയും തുടക്കം. പിന്നെ ഇന്നെ ഉമ്മുന്റെ കൂടെ കളിക്കാൻ അച്ഛൻ വിട്ടില്ല. ആരും കാണാതെ ഒരിക്കൽ പോയതിന് അന്ന് അച്ഛൻ എന്നെ കൊറേ തല്ലി.. സ്കൂളിൽ ന്നു കണ്ടാലും മിണ്ടാൻ സമ്മതിക്കാതെ ആയി. സ്കൂളിൽ ആരും തന്നെ ഇബ്നുനെയോ ഉമ്മുനെയോ കണ്ടാൽ മിണ്ടാതെ ആയി. നിറഞ്ഞ കണ്ണുകളോടെ അല്ലാതെ പിന്നെ ഞാൻ ഉമ്മുനെ കണ്ടിട്ടില്ല...

അവസാനമായി ഉമ്മുനേം ഇബ്നുനേം ഞാൻ കണ്ടത് ഓര് വീട് മാറി അവരുടെ മാമാന്റെ നാട്ടിലേക്ക് മാറുന്നതിന്റെ തലേദിവസം ആയിരുന്നു. വീട്ടിലേക്ക് യാത്ര പറയാൻ വന്നപ്പോൾ അന്ന് ആയിരുന്നു ഉമ്മുനെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞത്. അമ്മയും വല്യേച്ചിയും കരഞ്ഞു.. അച്ചാച്ചൻ ഇബ്നുന്റെ തലയിൽ കൈ വച്ചു ആശിർവദിച്ചിരുന്നു. "അന്റെ ഉപ്പ ഇന്റെ കൺമുമ്പിൽ നിന്ന വളർന്നെ. ഓൻ ഒരു തെറ്റും ചെയ്തിട്ടില്ലന്നു ഇക്കറിയാം. ഓന്റെ മോനായ ഇജ്ജും ഒരു തെറ്റും ചെയ്തിട്ടില്ലന്നും ഇക്കറിയാ.. അന്നേ മനസിലാക്കാത്ത ആളുകളെ നീ മറന്ന് കളഞ്ഞേക്ക്. അന്റെ ഉപ്പാന്റെ സ്വപ്നത്തിന് വേണ്ടി അന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി നീ ജീവിച്ചു കാണിച്ചു കൊടുക്ക്. എവിടെ ഇരുന്നാലും എന്റെ അനുഗ്രഹവും പ്രാർഥനയും അന്നോടൊപ്പം ഉണ്ടായിരിക്കും..." നിർബന്ധത്തോടെ കുറച്ച് അധികം പൈസ ഇബ്നുന്റെ പോക്കറ്റിലേക്ക് അച്ചാച്ചൻ കൊടുത്തിരുന്നു. മൗനമായി യാത്ര പറഞ്ഞുകൊണ്ട് ഇബ്നുവും കുടുംബവും അന്ന് യാത്ര പറഞ്ഞു പോയി. അച്ഛന്റെയും അച്ഛന്റെ കൂട്ടാളികളുടെയും മുഖത്ത് അപ്പോൾ തികഞ്ഞ അഹന്ത ആയിരുന്നു. തല കുനിഞ്ഞു തികഞ്ഞ കുറ്റബോധം ഉള്ള അച്ഛന്റെ മുഖം ഞാൻ രണ്ട് തവണ കണ്ടിട്ടുണ്ട്. ഒന്ന് അവർ പോയ്‌ മൂന്ന് മാസത്തിനു ശേഷം തീവ്രവാദ പ്രവർത്തനം നടത്തിയ ഒരാളെ കവലയിൽ വച്ചു അറസ്റ്റ് ചെയ്തപ്പോൾ, രണ്ട് പത്രത്തിലും ടീവിയിലും ഉന്നത വിജയത്തിന് ഇബ്നുവിന്റെ ചിത്രം കണ്ടപ്പോൾ അന്ന് അച്ചാച്ചന്റെ മുഖത്തെ ചിരിക്ക് എന്നത്തേനെക്കാളും ശോഭ ഉണ്ടായിരുന്നു. അവർ പോയതിൽ പിന്നെ വീട്ടിൽ ഇട്ട ഓണപൂക്കളത്തിന് ഒരു ചന്തവും ഉണ്ടായിട്ടില്ല! സദ്യക്ക് അത്ര രുചിയും ഉണ്ടായിട്ടില്ല. കണ്ണുനീരുപ്പ് ചുവച്ചിരുന്നു എല്ലാത്തിലും..!

Content Summary: Malayalam Short Story ' Ibnu ' written by Navya Krishnan K. P.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com