ജീവനുണ്ടായിരുന്നു...
ഇന്നലെ വരെ!
ഇപ്പോൾ ഭരണകൂടങ്ങൾ പറയുന്നു..
ജഡമായിരിക്കുവിൻ നിങ്ങൾ..
അനുസരിക്കാതെ നിവൃത്തിയില്ലല്ലോ?
ജഡമെങ്കിൽ ജഡം!!
ജഡമായാൽ പിന്നെ;
ജോലിക്കു പോകേണ്ട!
വസ്ത്രങ്ങൾ മാറേണ്ട!
ഇന്ധനം നിറയ്ക്കേണ്ട!
റേഷൻ വാങ്ങാനോ,
മദ്യം വാങ്ങാനോ ക്യൂ നിൽക്കേണ്ട!
കറണ്ടുബില്ലോ, വാട്ടർബില്ലോ
കണ്ടു ഞെട്ടേണ്ട..!
വാർത്തകളോ, ചാനൽ
ചർച്ചകളോ കാണേണ്ട!
വീട്ടിലെ പ്രശ്നമോ
നാട്ടിലെ വിശേഷമോ തീരെ അറിയേണ്ട..!
സ്വന്തം വാ.. ഒട്ടും തുറക്കേണ്ട!
കൈകൾ.. ഉയർത്തേണ്ട !
കാലുകൾക്കൊട്ടും ചലനവും വേണ്ട..
ഭക്ഷണം വേണ്ട! വെള്ളം വേണ്ട!
എന്തിന് ശ്വാസം പോലും വേണ്ട.
വിലകൾ കൂടുന്നതോ,
ദുരന്തങ്ങൾ വരുന്നതോ,
ഓഹരിയിടിയുന്നതോ
ജഡത്തിനറിയേണ്ടതില്ല..
ജഡമാവാം.. അതും:
ചിലർ ചുമന്നെടുത്ത് ചിതയൊരുക്കി
കത്തിക്കരിയ്ക്കുന്ന
അൽപം നേരംവരെ മാത്രം..!!
എന്നാലും..
ഈ നിമിഷം മുതൽ ജഡമാവാം!!
Content Summary: Malayalam Poem ' Jadam ' written by Divakaran P. C.