ADVERTISEMENT

"സർ എപ്പോഴെങ്കിലും അതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ....?" വിഷയം ആത്മഹത്യ ആയത് കൊണ്ട് തന്നെ അങ്ങനൊരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു. ചോദിച്ച കുട്ടിയെ നോക്കി ഒന്ന് മന്ദഹസിച്ചു. "എല്ലാവരെയും പോലെ എനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായി എന്ന് ഞാൻ പറയില്ല. കാരണം എല്ലാവരും ആത്മഹത്യയെ കുറിച്ച് ചിന്തിക്കണം എന്നില്ല, എല്ലാവർക്കും അങ്ങനെ ഒരു സാഹചര്യം വന്ന് കൊള്ളണം എന്നില്ല, അത് വെറും വിഡ്ഢിത്തം ആണെന്ന് തിരിച്ചറിഞ്ഞവർ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നും നിർബന്ധമില്ല, ഉണ്ടോ...?" എല്ലാവരും നിഷേധാർഥത്തിൽ തലയാട്ടി. "എല്ലായിടത്തും എല്ലാവരും പറഞ്ഞ് നടക്കുന്ന ഒരു കാര്യം ഉണ്ട്, ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല, അത് ജീവിതത്തിൽ നിന്നും ഉള്ള ഒളിച്ചോട്ടം ആണ്, എന്ത് പ്രതിസന്ധി വന്നാലും അതിനെ ധൈര്യസമേതം നേരിടണം, എന്നൊക്കെ.. എന്നിട്ടും നമ്മുടെ നാട്ടിൽ പ്രായ, ലിംഗ ഭേദമന്യേ ആത്മഹത്യകൾ സംഭവിക്കുന്നത് എന്ത് കൊണ്ടാണ്...? അതിന് നമ്മുടെ കൈയ്യിൽ ഒരു ഒടങ്കുലി ന്യായം ഉണ്ട്, 'അതൊക്കെ ഓരോരുത്തരുടെ മാനസികാവസ്ഥ പോലെ ഇരിക്കും' എന്ന്..." "ആരെങ്കിലും ആത്മഹത്യ ചെയ്താൽ അവന് ഇതിന്റെ വല്ല ആവശ്യോം ഉണ്ടായിരുന്നോ എന്നാകും നമ്മുടെ നിലപാട്, അവരെ ഓർത്ത് നമ്മൾ സഹതപിക്കും, ചിലർ എങ്കിലും പുച്ഛിക്കും, ഒരു ഭീരു എന്ന് മുദ്ര കുത്തും.. സത്യം പറഞ്ഞാൽ, ആത്മഹത്യയെ കുറിച്ച് ചിന്തിക്കേണ്ട ഒരു അവസ്ഥ ഏതെങ്കിലും മനുഷ്യന് വന്നാൽ... അത് എത്രത്തോളം ഭയാനകവും ഭീകരവും ആണെന്ന് അപ്പോൾ മനസ്സിലാകും.

ഈ അടുത്ത കാലത്ത് വരെ എന്ത് പ്രശ്നം വന്നാലും ഒരു കാരണവശാലും ആത്മഹത്യ എന്നൊരു പരിഹാരം എന്റെ മുമ്പിൽ വന്നിട്ടില്ല, അതിന്റെ പിന്നിൽ എന്റെ ധൈര്യമോ മനക്കരുത്തോ അല്ല, ഐ വാസ് അഫ്രൈഡ് ഓഫ് ഡെത്ത്.. ഒപ്പം മരണത്തിന് ശേഷം എന്തെങ്കിലും ഉണ്ടെങ്കിൽ അതും ഞാൻ ഭയക്കുന്നു. ജീവിതം ഒന്നേയുള്ളൂ എന്ന പൈങ്കിളി ഡയലോഗ് ഒന്നും പറയാൻ ഞാൻ ആളല്ല. മരണത്തിന് ശേഷം എന്തായിരിക്കും, എന്ന പ്രവചനാതീതമായ ആശങ്ക ഉള്ളത് കൊണ്ട് തന്നെ ആത്മഹത്യ ചെയ്യരുത് എന്ന് ഞാൻ സ്വയം പഠിപ്പിച്ചു വച്ചു. പക്ഷേ.. തന്റെ അഭിപ്രായങ്ങളും നിലപാടുകളും മാറ്റേണ്ട ഒരു സാഹചര്യം എല്ലാവർക്കും വരാം. എനിക്കും വന്നു.. അന്ന് ഞാൻ തിരിച്ചറിഞ്ഞു, മുന്നിൽ ഇരുട്ട് മാത്രം ഉള്ള അവസ്ഥ, വെട്ടത്തിന്റെ ഒരു കണികയ്ക്ക് വേണ്ടി വെമ്പുന്ന ആ നിമിഷം കടന്ന് പോകണം എങ്കിൽ യുഗങ്ങളുടെ കാല താമസം വേണ്ടി വരുമെന്ന കൈപ്പേറിയ സത്യം.. പലർക്കും പല കാരണങ്ങൾ ആകാം.. അമ്മ വഴക്ക് പറഞ്ഞതിന്, അച്ഛൻ തല്ലിയതിന്, അങ്ങനെ പുറത്ത് നിന്ന് വീക്ഷിക്കുന്ന ഒരു വ്യക്തിക്ക് നിസ്സാരമായി തോന്നുന്ന ഒരുപാട്.. എന്നാൽ ആ കൊച്ചു കാരണം അവരെ എത്ര ബാധിച്ചു എന്നത് ആണ് ജീവൻ ഒടുക്കലിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ട വസ്തുത. ആത്മഹത്യയും ഒരു തരം കൊലപാതകം ആണ്. ഒരാൾ സ്വയം ജീവൻ ഒടുക്കിയ ശേഷം അതിന്റെ കാരണങ്ങൾ നമ്മൾ അന്വേഷിക്കുന്നതിൽ അർഥം ഇല്ല എന്ന് എനിക്ക് പലവട്ടം തോന്നിയിട്ടുണ്ട്. ഒരിക്കലും ശരിയായ ഉത്തരം നമുക്ക് കിട്ടാൻ പോകുന്നില്ല, നമ്മൾ കണ്ടുപിടിച്ചു വച്ച കഥകൾ ആണ് യഥാർഥത്തിൽ സംഭവിച്ചത് എന്ന് ഉറപ്പിച്ച് പറയാൻ നമുക്ക് പറ്റുമോ? അത് കൊണ്ട് ആത്മഹത്യയെ പെരുപ്പിച്ചോ വില കുറച്ചോ കാണരുത്. പ്രോത്സാഹിപ്പിക്കാനും പാടില്ല, എല്ലാ ജീവനും അതിന്റേതായ വില ഉണ്ട്. മറ്റൊന്നിനെ കൊണ്ട് പകരം വയ്ക്കാൻ ആവാത്ത വില."

"കുറച്ച് മാസങ്ങൾക്ക് മുമ്പ് എന്റെ നാട്ടിൽ അപ്രതീക്ഷിതമായി ഒരു ആത്മഹത്യ നടന്നു. എല്ലാ മരണങ്ങളും ആകസ്മികമായിരിക്കും. എന്നാല്‍, ഒരു കാരണവുമില്ല, അല്ലെങ്കിൽ വളരെ സന്തുഷ്ട ജീവിതം നയിക്കുന്ന എന്ന് ഞങ്ങൾ വിശ്വസിച്ചിരുന്ന സുദേവൻ ചേട്ടൻ ഒരു തുണ്ട് കയറിൽ എല്ലാം അവസാനിപ്പിച്ചു എന്നത് തികച്ചും അവിശ്വസനീയമായ വസ്തുത ആയിരുന്നു. നാട്ടിലെ എണ്ണം പറഞ്ഞ പ്രമാണിമാരിൽ ഒരാൾ. പാരമ്പര്യമായി കിട്ടിയ സ്വത്തുക്കൾ തന്മയത്വത്തോടെ നോക്കി നടത്തുകയും പാവപ്പെട്ട പലരുടെയും ആശ്രയം ആകുകയും ചെയ്ത സുദേവൻ ചേട്ടനെ കുറിച്ച് ആർക്കും ഒരു പരാതിയും ഇല്ലായിരുന്നു. മറിച്ച് ഭാര്യയും രണ്ട് പെൺ മക്കളും അടങ്ങുന്ന കുടുംബത്തോടെ അല്ലലില്ലാതെ കഴിഞ്ഞ അദ്ദേഹത്തെ ഓർത്ത് പലരും അസൂയപ്പെടുകയാണ് ഉണ്ടായത്. അത് കൊണ്ട് തന്നെ അദ്ദേഹം എന്തിനിത് ചെയ്തു എന്നത് ഒരു സമസ്യയായി നില നിന്നു. അദ്ദേഹത്തിന്റെ എളിയിൽ നിന്ന് കിട്ടിയ ഒരു കുറിപ്പ് ഉത്തരം തരുന്നതിന് പകരം കൂടുതൽ ചോദ്യങ്ങൾ ഞങ്ങളിലേക്ക് ഇട്ട് തരികയാണ് ചെയ്തത്. "മിസ്റ്റർ നാരായണൻ, നിങ്ങൾ കാരണം എനിക്ക് തോറ്റ് പോയ പിതാവ് ആകേണ്ടി വന്നു" ഇതായിരുന്നു ആ കുറിപ്പിലെ വരികൾ. നിങ്ങളെ പോലെ തന്നെ ഞങ്ങളും അത് വായിച്ച് അന്തം വിട്ട് നിന്നു. അദ്ദേഹത്തിന്റെ ബന്ധങ്ങളിൽ ഉള്ള നാരായണനെ തപ്പിയുള്ള ഓട്ടമായി പിന്നെ, നിരാശയായിരുന്നു ഫലം. മനസ്സ് മടുത്ത അന്വേഷണ ഉദ്യോഗസ്ഥർ അടുത്ത വരിയിൽ കയറി പിടിച്ചു 'തോറ്റ് പോയ പിതാവ്'. അതിന് ഒരുപക്ഷെ മൂത്ത മകൾക്ക് മറുപടി തരാനാകും എന്ന് അവർ വിശ്വസിച്ചു. പ്ലസ് ടുവിന് പഠിക്കുന്ന ആ കുട്ടിയെ വളരെ മാന്യമായി തന്നെ ചോദ്യം ചെയ്തു. അവസാനം കഥയുടെ ചുരുൾ അഴിഞ്ഞു." ഞാൻ ഒന്ന് നിർത്തി.

"എന്തായിരുന്നു സർ?" ക്ലാസ്സ് ഒന്നടങ്കം ചോദിച്ചു. "ആദ്യം മൗനം പാലിച്ച പെൺകുട്ടി പിന്നീട് ഒരു പൊട്ടിക്കരച്ചിലോടെ പറഞ്ഞു: സ്കൂളിൽ കുരുത്തക്കേട് കാണിക്കുമ്പോൾ ഒന്നും അദ്ദേഹം അവളെ ശാസിക്കാറില്ലായിരുന്നു. ഇളയ കുട്ടി പഠനത്തിൽ മുൻപന്തിയിൽ ആയിരുന്നിട്ട് കൂടി അവർക്കിടയിൽ യാതൊരുവിധ വ്യത്യാസങ്ങളും കാണിച്ചില്ല. നാട്ടുകാരുടെ വിശ്വാസം പോലെ തന്നെ അദ്ദേഹം നല്ലൊരു അച്ഛൻ ആയിരുന്നു. മരണത്തിന്റെ തലേ ദിവസം ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ എത്തിയ അവൾ കണ്ടത് അനിയത്തിയെ മടിയിൽ ഇരുത്തി കണക്ക് ചെയ്യിക്കുന്ന അച്ഛനെ ആയിരുന്നു. അവള് ഓടിച്ചെന്ന് കൊച്ചിനെ അച്ഛനിൽ നിന്നും പിടിച്ച് വലിച്ച് കൊണ്ട് പോയി ഒപ്പം 'ആരെയും വിശ്വസിക്കാൻ പാടില്ല' എന്ന താക്കീതും. ഒന്നും മനസ്സിലാകാതെ നിന്ന സുദേവൻ ചേട്ടൻ അവള് അവിടെ ഇട്ടിട്ടു പോയ ഒരു പത്രത്താൾ കണ്ടു. മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ നാരായണൻ എന്ന ആളെ കുറിച്ചുള്ള വാർത്ത ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. അത് വായിച്ചപ്പോൾ തന്റെ മകളുടെ സംസാരത്തിലെ ധ്വനി എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം ആകെ തകർന്ന് പോയിട്ടുണ്ടാകണം. അന്ന് അങ്ങനെ പറഞ്ഞ് പോയതിൽ കുറ്റബോധം കൊണ്ട് നീറി പുകഞ്ഞ് ജീവിക്കുകയാണ് ആ പെൺകുട്ടി. എല്ലാം അറിഞ്ഞപ്പോൾ ഒരാൾ പോലും പറഞ്ഞില്ല സുദേവൻ ചേട്ടൻ ആത്മഹത്യ ചെയ്തത് വെറും നിസ്സാര കാരണം കൊണ്ടാണെന്ന്. അദ്ദേഹത്തിന്റെ മനസ്സ് എത്രത്തോളം മുറിപ്പെട്ടു എന്ന് നമുക്ക് ചിന്തിക്കാൻ കഴിയില്ല. 

നമ്മുടെ ചില വാക്കുകൾക്ക് ഒരു ജീവനോളം വിലയുണ്ടെന്നതാണ് ആ പറഞ്ഞതിന് അർഥം. ആത്മഹത്യ ചെയ്തത് കൊണ്ട് എന്തെങ്കിലും നേടാൻ പറ്റുമോ...? ഇല്ല. ഭൂമിയിൽ നിന്നും പോയവരെ ആരെങ്കിലും എന്നും ഓർത്ത് കൊണ്ടിരിക്കോ? അതും ഇല്ല. അവനവന്റെ ജീവിതത്തിൽ വ്യാപൃതനായി പോകുമ്പോൾ ആർക്കും അതിനൊന്നും സമയം കാണില്ല. എന്ന് വെച്ചാൽ, ആത്മഹത്യ ഒന്നിന്റെയും അവസാനമല്ല, അത് ഒരു അർധവിരാമം മാത്രമാണ്..." ഞാൻ പറഞ്ഞു നിർത്തി. നിശബ്ദരായി എന്നെ തന്നെ നോക്കി നിൽക്കുന്ന അവരോട് യാത്ര പറഞ്ഞ് ഞാൻ ക്ലാസിന് വെളിയിലേക്ക് ഇറങ്ങി. വൈകാതെ നീട്ടിയടിച്ച ബെൽ ശബ്ദത്തിന് പിന്നാലെ അന്നാദ്യമായി ആ ക്ലാസ്സിലെ കുട്ടികൾ അച്ചടക്കത്തോടെ നടന്നു നീങ്ങി...

Content Summary: Malayalam Short Story ' Ardhaviramam ' written by Harsha Thattayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com