ADVERTISEMENT

നൂറു ദിവസങ്ങൾ. അമ്പതു ചായക്കൂട്ടുകൾ. ആങ് ന്യൂയെൻ ഹോങ് തന്റെ പറക്കുന്ന പെൺകുട്ടിയെ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു. പുറത്തു മഴ പെയ്യുന്നു. ജനാലയുടെ ജാലകവിരിയുടെ പഴുതിലൂടെ ഏതാനും തുള്ളികൾ അകത്തേക്കു പറന്നെത്തി. ഹോങ് ഓർമ്മകളിൽ നിന്നുണർന്നു. അയാൾ പെട്ടെന്നു തന്റെ ശരീരംകൊണ്ട് പറക്കുന്ന പെൺകുട്ടിക്കു മറ തീർത്തു. പിന്നെ വളരെ ശ്രദ്ധാപൂർവ്വം അവളെ ഒരു കൊച്ചു കുഞ്ഞിനെപ്പോലെയെടുത്ത് മുറിയുടെ മറ്റൊരു മൂലയിലേക്കു മാറ്റിവച്ചു. അപ്പോൾ അവളുടെ ചുണ്ടിലൊരു ചിരി വിരിയുന്നതായി അയാൾ സങ്കൽപ്പിച്ചു. "കള്ളി." (വിയറ്റ്നാമിലെ ഒരു പ്രാദേശിക ഭാഷയുടെ മലയാളം വിവർത്തനം).

"You are a beautiful pearls..

plucked from the

Crown of Ishtar by the daughter of Dawn

To embellish the gardens..."

["പൂന്തോട്ടങ്ങൾ അലങ്കരിക്കാൻ, പ്രഭാതത്തിന്റെ മകൾ ഇഷ്താറിന്റെ കിരീടത്തിൽനിന്നു പറിച്ചെടുത്ത മുത്തുകളാണു നീ.."]

അയാൾ മഴയെ നോക്കി ഉറക്കെ പാടി. ശേഷം വീണ്ടും മുറിയുടെ മൂലയിലേക്കു നടന്നു. മതിവരാതെ, ഒട്ടും മതിവരാതെ പിന്നെയും ആ പെയിന്റിംഗിൽ ഉറ്റുനോക്കി. അതിന്റെ ശ്വേതവർണ്ണമാർന്ന കവിളുകളിൽ അയാൾ തൊട്ടു തടവി. സായന്തനത്തിന്റെ ചുവപ്പാണവളുടെ കവിളുകൾക്ക്. വെറുമൊരു സായന്തനത്തിൽ ചക്രവാളത്തിൽ തെളിയുന്ന മങ്ങിയ ചുവപ്പല്ല. കടൽതീരത്ത് ആളൊഴിഞ്ഞ ചാരുബെഞ്ചിൽ തന്റെ ഇണയെ കാത്തിരിക്കുന്ന കടൽപ്പക്ഷിയുടെ കണ്ണിൽ ഒരു വൈകുന്നേരം എങ്ങനെ അസ്തമിക്കുമോ.. അതുപോലെ ! പക്ഷേ അതുകൊണ്ടും അയാൾ തൃപ്തനായിരുന്നില്ല. അയാൾ അവളുടെ കണ്ണുകൾ നോക്കി. ചൂണ്ട മത്സ്യത്തെ കൊരുത്തു വലിക്കുന്നതു പോലെ അൽപം ചെരിഞ്ഞ മുഖത്ത് നക്ഷത്രമുനകൾപോലെ അവളുടെ കണ്ണുകൾ. അലസഭാവത്തിൽ എന്നാൽ ആരെയോ പ്രതീക്ഷിച്ചിട്ടെന്ന പോൽ വിദൂരതയിൽ നോക്കുന്ന കണ്ണുകൾ.. അവൾക്കൊരു കാമുകനുണ്ടായിരിക്കുമോ? ഒരു പക്ഷേ അവൻ അവളെ ഉപേക്ഷിച്ചതായിരിക്കാം. 

"Since there’s no help,

come let us kiss and part.."

["ഒരു സഹായവുമില്ലാത്തതിനാൽ വരൂ നമുക്ക് ചുംബിച്ചു പിരിയാം.."]

അയാൾ ഏതോ ഒരു കവിതയിലെ വരികൾ ഓർത്തെടുത്തുകൊണ്ട് അവളെ നോക്കി പതിയെ പാടി. "അവൻ തന്ന ചുംബനങ്ങളാൽ തിണർത്തതാണോ നിന്റെ കവിളുകൾ?" അകത്തേക്കു പോയി മടങ്ങിവന്ന ഹോങ് ഒരു ഉന്മാദിയെപ്പോലെ ചോദിച്ചു. അയാളുടെ കൈയ്യിലപ്പോൾ ഒരു ഗ്ലാസ് ചുവന്ന വൈനുണ്ടായിരുന്നു. വെളുത്ത വെള്ളിമേഘങ്ങൾക്കിടയിൽ ചിറകുകളില്ലാതെ നിൽക്കുന്ന പെൺകുട്ടിയെ നോക്കിനിക്കുന്തോറും അകാരണമായൊരു ഉത്കണ്ഠ ഉള്ളിൽ നിറയുന്നതയാളറിഞ്ഞു. അത് അവൾ ആകാശത്തുനിന്നും താഴേക്കു പതിക്കുമെന്ന ഭയം കൊണ്ടായിരുന്നില്ല. മറിച്ച് ഈ മുറിയിൽ പെയിന്റിംഗ് സുരക്ഷിതമായിരിക്കുമോ എന്ന ചിന്തയിൽ നിന്നുമാണ് ആ ഉത്കണ്ഠ. മുറിയിൽ തണുപ്പു കൂടുതലാണ്. പുറത്ത് ഈസ്താർ മരങ്ങളിൽ മഴ നിർത്താതെ പെയ്യുന്നു. തണുപ്പ് കടലാസിൽ ഈർപ്പമായി പടർന്നാൽ.. അയാൾ വേഗം എഴുന്നേറ്റുപോയി ജനാലകളടച്ചു ഭദ്രമാക്കി. പിന്നെ വലിയ ചില്ലുഗ്ലാസുകളിൽ മെഴുകുതിരികൾ കുത്തിനിർത്തി തീ പകർന്ന് പെയിന്റിംഗിന്റെ നിശ്ചിത അകലത്തിൽ വച്ചു. മെഴുകുതിരിനാളങ്ങളുടെ മഞ്ഞ പ്രഭയിൽ അവൾ അതീവ സുന്ദരിയായതുപോലെ അയാൾക്കു തോന്നി.

"She is a poetry in motion

Even in chaos, a clear notion.."

["അവൾ ചലിക്കുന്ന ഒരു കവിതയാണ്.."]

നോക്കിനിക്കുമ്പോൾ വരികൾ അക്ഷരാർഥത്തിൽ യാഥാർഥ്യമാണെന്ന് അയാൾക്കു തോന്നി. അപ്പോൾ തന്റെ ഊണും ഉറക്കവുമില്ലാത്ത നൂറുദിവസങ്ങൾ ഹോങിനു മുന്നിലൂടെ കടന്നുപോയി. സമാധിയായിരിക്കുന്ന ഒരു പുഴുവിനെ ദൈവം തൊട്ടുതലോടി ചിത്രശലഭത്തിന്റെ  ചിറകു സമ്മാനിക്കുന്നതുപോലെ തന്റെ ആത്മാവിന്റെ ചായക്കൂട്ടുകളിൽനിന്നും പിറവിയെടുത്തതാണീ ചിത്രം. തന്റെ മകളെ ലോകം കാണാൻ ഇനി മൂന്നുദിവസം മാത്രം ! അയാൾ ചിന്തിച്ചു. അമേരിക്കൻ ഫെഡറേഷൻ ഓഫ് ആർട്ട് എക്സിബിഷനിൽ പ്രദർശനത്തിനു വയ്ക്കാൻ ഹോങിന്റെ പറക്കുന്ന പെൺകുട്ടി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 'റെഡിറ്റിൽ'( ഒരു സോഷ്യൽ മീഡിയ) ഒരു സ്നേഹിതന്റെ സഹായത്താൽ അയാൾ പങ്കുവച്ച ചിത്രം നിമിഷനേരംകൊണ്ടു വൈറലാകുകയായിരുന്നു. വിദഗ്ധർ പലരും അവളുടെ രാത്രിനക്ഷത്രങ്ങൾ പോൽ തിളങ്ങുന്ന കണ്ണുകളിൽ, ചുണ്ടുകളിൽ, കവിളുകളിൽ പല അർഥതലങ്ങളും കണ്ടെത്തി. 'ആർക്കും പിടികൊടുക്കാത്തൊരു രഹസ്യത്തിന്റെ നിഗൂഢ വനമാണ് പറക്കുന്ന പെൺകുട്ടിയെന്ന് ' പ്രശസ്ത ചിത്രകാരൻ ബുയി ഷുവാൻ ഫായി(bui xuan phai) ട്വീറ്റ് ചെയ്തു. അവളുടെ കണ്ണുകൾ ആരെയോ തേടുന്നു.

ഹോങിനന്ന് ഉത്സവത്തിന്റെ രാത്രിയായിരുന്നു. ചേരിയിൽനിന്നും വാങ്ങിയ വില കുറഞ്ഞ മദ്യവുമായി നടന്നുപോകുമ്പോൾ വിയറ്റ്നാമിലെ ജനങ്ങൾ അയാളെ ആരാധനയോടെ നോക്കി. "അതാ മറ്റൊരു വാൻഗോക്ക്" ഒരു കുട്ടി അവളുടെ കൂട്ടുകാരിയുടെ കൈത്തണ്ടയിൽ തോണ്ടി. "പിന്നേ വാൻഗോക്ക് ! ഊളപ്പടം വരയ്ക്കുന്ന വട്ടനാണയാൾ. തനി കുടിയൻ." കൂട്ടുകാരി അവളെ പുച്ഛിച്ചു. പക്ഷേ അവളതു ശ്രദ്ധിച്ചില്ല. "ഹേയ് വാൻഗോക്ക്‌ താങ്കളുടെ പറക്കുന്ന പെൺകുട്ടിയെ ലോകം കാണുമ്പോൾ താങ്കൾ എനിക്കൊരു കോപ്പ സൂപ്പ് മേടിച്ചു തരില്ലേ?" (വിയറ്റ്നാം പ്രാദേശിക ഭാഷ സ്വതന്ത്ര മൊഴിമാറ്റം.) അവൾ ഉറക്കെ ചോദിച്ചു. ഹോങ് പെൺകുട്ടിയെ നോക്കി പുഞ്ചിരിച്ച് നടന്നു പോയി. രാത്രിയിൽ നിലാവിന്റെയലകൾ ഒളിച്ചുകടക്കുന്ന മുറിയിൽ ഉറക്കമില്ലാത്ത കണ്ണുകളുമായി അയാൾ ആ പെയിന്റിംഗിൽ നോക്കി സമയം കഴിച്ചു. നിലാവിൽ അവളുടെ ചുവന്ന ഉടയാടകൾ ഉലയുന്നതായി അയാൾക്കനുഭവപ്പെട്ടു. നീല നക്ഷത്രങ്ങൾ പോലെയുള്ള അവളുടെ കണ്ണുകളിൽ തെളിയുന്നതെന്താണ്? "വലിയൊരു തുക കിട്ടുകയാണെങ്കിൽ നിന്നെ ഞാൻ വിൽക്കും." ഹോങ് പിറുപിറുക്കുന്ന ശബ്ദത്തിൽ പുലമ്പി. "നിനക്കറിയാമോ ഈ തണുപ്പിൽ ഒരു ചൂട് സൂപ്പു പോലും വാങ്ങി കുടിക്കാനുള്ള പണം എന്റെ പക്കലില്ല. നീ എന്റെ ജീവിതം മാറ്റിയെഴുതാനായി ജനിച്ചവളാണ്. നിന്നെ ഞാൻ വിൽക്കും. പക്ഷേ നീ.. നീയെനിക്ക് എന്റെ മകളാണ്." 

മദ്യലഹരിയിൽ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞുകൊണ്ട് അയാൾ പഴകിയ തകരപ്പെട്ടിക്കുമേൽ തല ചായ്ച്ചു. ചെറിയ ആ കുടുസുമുറിയിൽ ക്യാൻവാസിലെ പെൺകുട്ടി കൂടാതെ അയാൾക്കുള്ള ഏക സമ്പാദ്യമാണ് ആ തകരപ്പെട്ടി. അതിനുള്ളിൽ പഴകിയ വസ്ത്രങ്ങളാണ്. അവയ്ക്കിടയിൽ അയാളെ എന്നോ ഉപേക്ഷിച്ചു പോയ ഭാര്യയുടെ രണ്ടു സാരികളുണ്ട്. മൂട്ട മണമാണാ പെട്ടിക്ക്. അനാഥത്വത്തിന്റെ ഗന്ധം! "നീ.. എവിടെപ്പോയാലും എന്റെ മകൾ തന്നെ. നിന്റെ ഉടമസ്ഥൻ ആരായിരുന്നാലും.." ഉറക്കത്തിൽനിന്നും ഉണർന്നെണീക്കുന്നതുപോലെ തലപൊക്കി അയാൾ വീണ്ടും പറഞ്ഞു. പിന്നെ ഉറക്കെ പാടി.

"O love, whose lordly hand 

Has bridled my desires.."

["ഓ.. സ്നേഹമേ.. ആരുടെ യജമാനന്റെ കൈ എന്റെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിട്ടു?" ]

അയാളുടെ പാട്ട് ജനലഴികൾ കടന്നു പുറത്തേക്കു പതിച്ചു. ഉറങ്ങാതെ വീട്ടിൽ കിടക്കുകയായിരുന്ന രണ്ടു കൂട്ടുകാരികളിൽ അയാളെ വാൻഗോക്ക്‌ എന്നു വിളിച്ച പെൺകുട്ടി അത് കേട്ടു. അന്ന് അവൾ അയാൾക്കൊപ്പം ചൂടു സൂപ്പ് കുടിക്കുന്നതു സ്വപ്നം കണ്ടു.

"ഇത് അയാൾ വരച്ചതല്ല." പറക്കുന്ന പെൺകുട്ടിയെ നോക്കി പ്രശസ്ത ചിത്രകലാ അക്കാദമി ഡയറക്ടർ പറഞ്ഞു. ഡയറക്ടർ - വെള്ളിനൂലുകൾ പോലെ നീണ്ട താടിയും കുടവയറുമുള്ള കുറിയ മനുഷ്യൻ. അയാൾ 'റെഡിറ്റിന്റെ' അഡ്മിൻ കൂടിയാണ്. തങ്ങളുടെ സോഷ്യൽമീഡിയ വഴി വരുന്ന സൃഷ്ടികളെക്കുറിച്ചുള്ള അനലൈസിന്റെ അവസാന വാക്കാണയാൾ. അയാളെപ്പറ്റി സഹപ്രവർത്തകർക്ക് കൂടുതലൊന്നും അറിയില്ല. അദ്ദേഹത്തിന്റെ വേരുകൾ കേരളത്തിന്റെ ഏതോ കിഴക്കൻ ഗ്രാമത്തിലാണെന്ന അപശ്രുതി അവർക്കിടയിലുണ്ട്. അതിന്റെ കാരണം അയാളുടെ സംസാരങ്ങളിൽ ഇടയ്ക്കെങ്കിലും കടന്നുവരാറുള്ള കേരളീയത തന്നെ. "എന്താണു സാർ അങ്ങനെ പറയാൻ?" ഡിംഗ് ചോദിച്ചു. ഡിംഗിനെക്കൂടാതെ അഞ്ചുപേർ കൂടിയുണ്ട് അവരുടെ കൂടെ. മികച്ച ഏതൊക്കെ ചിത്രങ്ങൾ ലോകപ്രസിദ്ധമായ അമേരിക്കൻ എക്സിബിഷനിലേക്കു കടൽ കടക്കണമെന്ന് അവർ തീരുമാനിക്കും. "മിസ്റ്റർ ഡിംഗ് ഞാൻ തമാശ പറയുമെന്നു താങ്കൾ കരുതുന്നുവോ?" (അമേരിക്കൻ ചുവയുള്ള ഇംഗ്ലീഷ് -  സ്വതന്ത്ര മലയാള വിവർത്തനം) ഡയറക്ടർ ഗൗരവത്തിൽ ചോദിച്ചു. "അതല്ല സാർ. അയാൾ നൂറു ദിവസമെടുത്ത്.." ഡിംഗ് പരുങ്ങലിലായി. "നൂറു ദിവസം." ഇപ്രാവശ്യം ഡയറക്ടറുടെ അമേരിക്കൻ ഇംഗ്ലീഷിൽ പരിഹാസം കലർന്നിരുന്നു. 

"നിങ്ങൾ ജെനറേറ്റീവ് എ. ഐയെക്കുറിച്ചു കേട്ടിട്ടുണ്ടോ?" അയാൾ ചോദിച്ചു. പിന്നെ ലാപ്ടോപ്പ് അവർക്കുനേരെ തിരിച്ചുവച്ചു. അതിലൊരു മനോഹരിയായ പെൺകുട്ടിയുടെ ചിത്രമുണ്ടായിരുന്നു. "നിങ്ങൾക്കീ ചിത്രമേതെന്ന് അറിയുമോ?" ഡിംഗ് ചിത്രത്തെ സൂക്ഷിച്ചുനോക്കി. "സർ ഇത്. ഡാവിഞ്ചിയുടെ മോണാലിസ അല്ലേ? വേൾഡ് ഫേമസ് പെയിന്റിംഗ്. പക്ഷേ എന്തോ മാറ്റമുണ്ട്.. ഒരു ആർട്ടിഫിഷ്യൽ പോലെ." "യെസ് ദാറ്റ്സ് ഇറ്റ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്." ഡയറക്ടറുടെ ശബ്ദത്തിൽ ആവേശം കലർന്നു. "എ.ഐയുടെ ചാറ്റ്ജിപിടി എന്ന ചാറ്റ്ബോട്ട് മൂന്നു മിനിറ്റുകൊണ്ടു വരച്ച ചിത്രമാണിത്. മോണാലിസയെ രവിവർമ്മയുടെ ശൈലിയിൽ വരയ്ക്കുക എന്നതായിരുന്നു 'മിഡ്ജേണിക്കു' (ചാറ്റ്ജിപിടിയിൽ ചിത്രങ്ങൾ വരയ്ക്കാനുള്ള സാങ്കേതികത) കൊടുത്ത നിർദ്ദേശം." "വൗ എക്സലന്റ്. ഡാവിഞ്ചിക്കോ രവിവർമ്മയ്ക്കോ പോലും ഇങ്ങനെയൊരു വേർഷൻ സാധ്യമാകുമെന്നു തോന്നുന്നില്ല."  ഒരാൾ അത്ഭുതത്തിൽ പറഞ്ഞു. "അതെ. അതാണു ഞാൻ പറയുന്നത്.." ഡയറക്ടർ ആവേശത്തിൽ തുടർന്നു. "മനുഷ്യന്റെ സർഗാത്മകതയ്ക്കു പരിധികളുണ്ട്. പക്ഷേ ചാറ്റ്ജിപിടിക്കില്ല. അതിന് എന്തും ചെയ്യാൻ സാധിക്കും. ഉദാഹരണത്തിനു കേരളത്തെക്കുറിച്ച് ഒരു കവിതയെഴുതാൻ നിർദ്ദേശം കൊടുത്തപ്പോൾ ചാറ്റ്ജിപിടി വെറും പത്തു സെക്കന്റു കൊണ്ടെഴുതിയ കവിതയാണിത്.. " സ്‌ക്രീനിൽ ദൃശ്യങ്ങൾ മാറുമ്പോൾ മിസ്റ്റർ ഡിംഗ് ഡയറകടറുടെ കേരളാബന്ധത്തെക്കുറിച്ചാലോചിക്കുകയായിരുന്നു.

'The beauty of kerala..

A paradise in the sun

The lush green forests and tranquil backwaters,

A land of joy for everyone..'

['പച്ചവനങ്ങളും ശാന്തമായ കായലുകളും,

നിറഞ്ഞ കേരളത്തിന്റെ സൗന്ദര്യം..

സൂര്യനിലൊരു പറുദീസ പോലെ!

ഏവർക്കും സന്തോഷം നൽകുന്ന നാട്..']

"സാർ ഉദേശിക്കുന്നത്?" ഡിംഗ് ചോദിച്ചു. ഇപ്പോൾ കമ്പ്യൂട്ടർസ്‌ക്രീനിൽ ഹോങിന്റെ പറക്കുന്ന പെൺകുട്ടി എന്ന ചിത്രമാണ്. "ഇത് ഹോങ് വരച്ചതല്ല. മറിച്ച് ചാറ്റ്ജിപിടിയുടെ സഹായത്താൽ അയാൾ സൃഷ്ടിച്ചെടുത്തതാണ്. ശൈലിയിൽ അത് വ്യക്തമാണ്. ഇതിനു നമുക്ക് പെർമിഷൻ കൊടുക്കാൻ പറ്റില്ല. അയാളെ അറിയിച്ചു കൊള്ളൂ.." ഡയറക്ടർ പതിഞ്ഞ ശബ്ദത്തിൽ  പറഞ്ഞു. ഡിംഗ് സ്ക്രീനിലെ ചിത്രത്തിലേക്കു നോക്കി. ആകാശത്തിൽ, വെള്ളിമേഘങ്ങൾക്കിടയിൽ പറന്നുകൊണ്ടിരിക്കുന്ന പെൺകുട്ടിയുടെ  പ്രസാദാത്മകമായിരുന്ന കണ്ണുകളിലിപ്പോൾ വിഷാദം നിറയുന്നതുപോലെ അയാൾക്കനുഭവപ്പെട്ടു. അവൾ ആരെയാണു നോക്കുന്നത്?

ആകാശത്തിനു കറുത്ത നിറമായിരുന്നു. ആകാശത്തിനു മാത്രമല്ല.. പ്രകൃതിക്കൊന്നാകെ. ഹോങിന്റെ ദുഃഖം ജനിപ്പിക്കുന്ന കണ്ണുകളെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഇപ്പോൾ പെയ്യുമെന്ന മട്ടിൽ കാർമേഘങ്ങൾ ആകാശത്തലഞ്ഞു നടന്നു. ഹോങിന് അവയെ കണ്ടപ്പോൾ കറുത്ത പശുക്കളെ ഓർമ്മ വന്നു. കയറൂരി വിട്ട കിടാങ്ങളെപ്പോൽ അലസമായി നീങ്ങുന്ന മേഘങ്ങളെ പിന്തുടർന്നയാൾ കടൽതീരം ലക്ഷ്യമാക്കി നടന്നു. അയാളുടെ കൈയ്യിൽ വില കുറഞ്ഞ മദ്യക്കുപ്പിയുണ്ടായിരുന്നു. പിന്നെ കക്ഷത്തിൽ ചുരുട്ടിപ്പിടിച്ച നിലയിൽ ആ പെയിന്റിംഗും. പറക്കുന്ന പെൺകുട്ടി. "ഹേയ് വാൻഗോക്ക്" പുറകിൽനിന്നും ഒരു വിളിയയാൾ കേട്ടു. അതാ പെൺകുട്ടിയാണ്. "കൈയ്യിലെന്താണ്?" അവൾ ചോദിക്കുന്നു. ഹോങിനു ചെറിയ ലജ്ജ തോന്നി. അയാൾ മദ്യക്കുപ്പി തന്റെ പഴകിപ്പറിഞ്ഞ നീളൻകോട്ടിന്റെ പോക്കറ്റിൽ നിക്ഷേപിച്ചു. "ഇതോ.. ഇതു പറക്കുന്ന പെൺകുട്ടി." അയാൾ ചുരുട്ടിപ്പിടിച്ച കടലാസ് അവളെ കാണിച്ചു. അവളുടെ കണ്ണിൽ വിസ്മയം നിറഞ്ഞു. "ങാഹാ... എന്നെയൊന്നു കാണിക്കാമോ?" "തീർച്ചയായും.. എന്റെ കൂടെ വരൂ.. " കറുത്ത വസ്ത്രങ്ങളണിഞ്ഞ അവൾ ഒരു കാർമേഘക്കുഞ്ഞിനെപ്പോലെ അയാളെ പിന്തുടർന്നു. കടൽതീരത്ത് ആളൊഴിഞ്ഞ ചാരുബെഞ്ചിൽ പെൺകുട്ടിയുമായി അയാളിരുന്നു. കറുത്ത മേഘങ്ങൾ വിട്ടൊഴിഞ്ഞ ആകാശത്തിനൊരു ചുവന്ന നിറം കൈവരുന്നത് ഹോങ് കണ്ടു.

"One day of my heart

You will recognize red..

Then the clouds will be red with my blood.

In the wind of my breath

It will fall as red rain.

All the flowers of the earth that day

It will turn red then...

I might be dead..." 

["ഒരു നാള്‍ എന്റെ ഹൃദയത്തിന്റെ

ചുവപ്പു നീ തിരിച്ചറിയും.

അന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും.

എന്റെ നിശ്വാസത്തിന്‍റ കാറ്റില്‍

ചുവന്ന മഴയായി അതു പെയ്തു വീഴും.

അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും

ചുവന്നു പൂക്കും അപ്പോള്‍.

ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും."]

അയാൾ ഉറക്കെ പാടി. "താങ്കളുടെ ലോകമറിയാൻ പോകുന്ന പറക്കുന്ന പെൺകുട്ടിയെ എനിക്കൊന്നു കാണിച്ചു തരാമോ?" പെൺകുട്ടിയുടെ ചോദ്യത്തിനൊപ്പം ഹോങ് ഒരു സ്വപ്നത്തിൽ നിന്നെന്നെവണ്ണം ഞെട്ടിയുണർന്നു. പിന്നെ ആ പെയിന്റിംഗ് നിവർത്തി അവളുടെ കൈകളിൽ കൊടുത്തു. അവൾ കുറേ സമയം ആ ചിത്രത്തെ സൂക്ഷിച്ചുനോക്കി. സന്ധ്യയാകാശത്തു പറന്നു പോവുകയായിരുന്ന ഒരു കടൽപ്പക്ഷിയും തന്റെ ചിറകുകളൊതുക്കി അവർക്കരികിലേക്കു വന്നാ കാഴ്ച കണ്ടു. "മനോഹരമായ ചിത്രം.. ലോകമറിയേണ്ടതു തന്നെ." അവൾ പതിയെ പറഞ്ഞു. "പക്ഷേ ഇവൾക്കു ചിറകുകളില്ലല്ലോ.. ഇവൾ വീണു പോകില്ലേ?" പെൺകുട്ടി വ്യസനിച്ചു. ഹോങ് അവളുടെ കൈയ്യിൽനിന്നുമാ ചിത്രം തിരികെ വാങ്ങി. പിന്നെ കുനുകുനാ കഷ്ണങ്ങളായി അതിനെ കീറിമുറിച്ച് അന്തരീക്ഷത്തിലേക്കു വലിച്ചെറിഞ്ഞു. കടലാസു കഷ്ണങ്ങൾ അസ്തമനസൂര്യന്റെ പ്രഭയ്ക്കു കീഴിൽ മഴവില്ലു പൊട്ടിത്തെറിച്ചുണ്ടായ അനേകം വർണ്ണത്തുണ്ടുകൾപോൽ ചിറകടിച്ചു. "ഇപ്പോഴാണവൾക്കു ശരിക്കും ചിറകുകൾ മുളച്ചത്." ഹോങ് പിറുപിറുത്തു. "ഇനി ഭയപ്പെടാനൊന്നുമില്ല." ഞെട്ടിത്തരിച്ചിരിക്കുന്ന പെൺകുട്ടിയെ ശ്രദ്ധിക്കാതെ അയാൾ എഴുന്നേറ്റു നടന്നു. "ഹേയ് താങ്കൾ എവിടെപ്പോകുന്നു?" അവൾ ഉറക്കെ വിളിച്ചു ചോദിച്ചു. "നിനക്കൊരു സൂപ്പു മേടിക്കാൻ." അനന്തരം അയാൾ ഉറക്കെ ഇങ്ങനെ പാടി :

"I can write the saddest poem of all tonight.

Write, for instance: The night is full of stars,

and the stars, blue, shiver in the distance.

The night wind whirls in the sky and sings.

I can write the saddest poem of all tonight.

I loved her, and sometimes she loved me too.. "

["കഴിയുമീ രാവെനിക്കേറ്റവും

ദുഖ:ഭരിതമായ വരികളെഴുതുവാന്‍..

ശിഥിലമായ്‌ രാത്രി,

നീലനക്ഷത്രങ്ങള്‍

അകലെയായ്‌ വിറകൊള്ളുന്നു.

ഇങ്ങനെ

ഗഗനവീഥിയില്‍ ചുറ്റിക്കറങ്ങുന്ന

വിരഹിയാം നിശാമാരുതന്‍ പാടുന്നു..

കഴിയുമീ രാത്രി ഏറ്റവും വേദനാഭരിതമായ പദങ്ങള്‍ ചുരത്തുവാന്‍..

അവളെ ഞാന്‍ പണ്ടു പ്രേമിച്ചിരുന്നു!

എന്നെയവളുമെപ്പൊഴോ പ്രേമിച്ചിരുന്നിടാം."]

ആ സായംസന്ധ്യയിൽ ദുഃഖഭരിതമായ വരികൾ കേട്ട തിരകൾ പോലും നിശ്ചലമായി !

Content Summary: Malayalam Short Story ' Parakkunna Penkutty ' written by Grince George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com