ADVERTISEMENT

മകളുടെ മൂകതയും സങ്കടവും കണ്ട് അമ്മയ്ക്ക് വല്ലാത്ത മനഃപ്രയാസമായി. അവളോടു ചോദിക്കാൻ മനസ്സ് അനുവദിക്കുന്നതുമില്ല. ഇന്നത്തെ കുട്ടികളുടെ രീതിക്കും കാഴ്ചപ്പാടിനുമനുസൃതമായി എങ്ങനെയാണ് ചോദിക്കുക? കഴിഞ്ഞ രണ്ടു ദിവസമായി അവർ മൗനത്തിലാണ്. എല്ലാം യാന്ത്രികമായി ചെയ്യുന്നുവെന്നേയുള്ളൂ. മകളുടെ മുഖഭാവത്തിൽ നിന്ന് അവളെ വ്യഥപ്പെടുത്തുന്നതെന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. താനും ആ പ്രായം കഴിഞ്ഞല്ലേ വന്നത്? അന്ന് രാത്രിയിൽ ഉറങ്ങാൻ നേരം അമ്മ അവളുടെ മുറിയിലേക്ക് കടന്നു ചെന്ന് മകളോടൊപ്പം കിടന്നു. എന്നിട്ട് അവളെ കെട്ടിപ്പിടിച്ചു. അൽപനേരം അങ്ങനെ കിടന്നശേഷം ആരാഞ്ഞു,  "മോളെ, ഒരു കാര്യം ചോദിച്ചോട്ടെ?" "ഉം." "ദുഃഖിപ്പിക്കുന്ന എന്തോ ഒന്ന് നിന്റെ മനസ്സിനെ അലട്ടുന്നുണ്ടെന്നറിയാം. ആ കാര്യം എന്തായാലും എനിക്കറിയണമെന്നില്ല. നീ ഒരു തീരുമാനത്തിൽ എത്താനായി നന്നേ വിഷമിക്കുകയാണ്. അതുകൊണ്ട് ഞാൻ പറയാൻ പോകുന്ന കാര്യം ഒരു തീരുമാനം എടുക്കാൻ നിന്നെ സഹായിച്ചെന്നിരിക്കും." അവൾ വീണ്ടും മൂളി. "സൗഹൃദം, പ്രേമം, പ്രണയം അതൊക്കെ സാധാരണമാണ്. എന്നാൽ അതിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ ആരെയും വിഴുങ്ങാൻ തക്ക ആഴമുള്ളതുമാണ്."

മുറിയിലെ അന്തരീക്ഷം പെട്ടെന്ന് മൗനമായതുപോലെ. അൽപം കഴിഞ്ഞ് അവർ തുടർന്നു. "ശരീരം നമുക്കുവേണ്ടി പേരും പെരുമയും കരുതിവെച്ചിട്ടുണ്ട്. എന്നാൽ ശരീരത്തെ ശരിയായി കാക്കുന്നില്ലെങ്കിലോ? നിനക്കു മാത്രമല്ല, സ്വന്തക്കാർക്കും അത് അപമാനവും ദുഷ്കീർത്തിയും കൊണ്ടുവരും. ഞാൻ പറയുന്നത്...? മകൾ തലകുലുക്കി. "ശരീരത്തെപ്പറ്റി മനസ്സിലാക്കിയിട്ടില്ലാത്ത ശരീരം എന്തിനെന്നു പോലും അറിവില്ലാത്ത ഒരു കൗമാരക്കാരന്റെയോ, ശരീരത്തെ സ്വന്തം ദുഷ്‌പ്രവൃത്തിക്കായി ഉപയോഗിക്കുന്ന ഒരു വഷളന്റെയോ, ശരീരത്തെ ആക്രമിച്ചുകീഴടക്കുന്ന ഒരു അതിക്രമിയുടെയോ, ശരീരത്തിൽ കുട്ടിക്കളി നടത്തുന്ന ഒരു ചാപല്യക്കാരന്റെയോ, നിന്റെ ശരീരത്തിൽ സ്വന്തം താൽപര്യം മാത്രം തേടുന്ന ഒരു സ്വാർഥന്റെയോ കൈയ്യിൽ അത് നീ ഒരിക്കലും കൊടുക്കരുത്. കൊടുത്താൽ നിരാശയോടെയും ദുഃഖത്തോടെയും കരയേണ്ടി വരുമെന്ന് എപ്പോഴും ഓർത്തുകൊള്ളണം. പിന്നീട് നീ ഉച്ഛിഷ്ടമായും ചവച്ചുതുപ്പിയ ചണ്ടിയുമായി മാറും. അവർ ആവശ്യപ്പെടുമ്പോഴൊക്കെ അനുസരണയുള്ള നായയെപ്പോലെ ചൂഷണത്തിന് നിന്നുകൊടുക്കേണ്ടിയും വരും. അതുകൊണ്ട് സൂക്ഷിക്കുക. സൗഹൃദവും അടുപ്പവും ആരുമായി എവിടെവരെയാകാം എന്നു സ്വയം ശോധന ചെയ്യുക. ശരീരത്തെ അമൂല്യവസ്തുവായി കരുതി സൂക്ഷിക്കുക. ചിലപ്പോൾ ശരീരത്തിന്റെ വിലാപം അടക്കാൻ പറ്റിയില്ലെന്നു വരാം. എങ്കിലും അതിനെ തൃപ്തിപ്പെടുത്താനുള്ള എല്ലാ കഴിവും സൃഷ്ടിയിൽതന്നെ ശരീരത്തിനുള്ളിൽ നിക്ഷേപിച്ചിട്ടുണ്ട്. അതു കണ്ടെത്തിയാൽമാത്രം മതിയാകും. ഇനിയുള്ള ജീവിതകാലം മുഴുവൻ തിരസ്കരിക്കപ്പെട്ടും അവഹേളിക്കപ്പെട്ടും പിന്നീട് അനുഭവിക്കാൻ പോകുന്ന നിന്ദയ്ക്കും പരിഹാസത്തിനും നിന്നുകൊടുക്കണോ എന്ന് ചിന്തിച്ചുനോക്കൂ. അപ്പോൾ നിന്റെ പ്രശ്നത്തിന്റെ ഉത്തരം കിട്ടും."

അൽപനേരത്തെ നിശ്ശബ്ദതക്കുശേഷം അമ്മ തുടർന്നു. "നിന്റെ ശരീരം അമൂല്യമാണ്. അതു  മനസ്സിലാക്കി അതിനെ മാനിച്ചാൽ അതു നിന്നെയും മാനിക്കും. പ്രണയവും ശരീരവും തമ്മിൽ ഒരിക്കലും ബന്ധിക്കരുത്. അങ്ങനെ ബന്ധിക്കുന്ന സുഹൃത്തുക്കൾ ചതിയന്മാർ ആണ്. നമ്മുടെ സമൂഹത്തിൽ ശരീരം പങ്കിടുന്നതിനു മുമ്പ്  ഒരു ഉടമ്പടി ഉണ്ടാക്കുക പതിവാണ്. മനുഷ്യരുടെ ഇടയിൽ അത് ആവശ്യവുമാണ്. അല്ലെങ്കിൽ അപമാനമാകും. അവർക്കു മാത്രമല്ല, വരുംതലമുറക്കും." അവൾ എല്ലാം കേട്ടുകൊണ്ടു കിടന്നതല്ലാതെ ഒറ്റ അക്ഷരം പോലും സംസാരിച്ചില്ല. അന്ന് അമ്മ അവളോടൊപ്പമാണ് ഉറങ്ങിയത്. പിറ്റേദിവസം മകൾ പ്രസന്നവതിയായിരുന്നു. അവൾ ഒന്നും പറയാതെ അമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വെച്ചു.

Content Summary: Malayalam Short Story ' Sareerathinte Vila ' written by Geevarghese Idicheriya Kizhakkekara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com