ADVERTISEMENT

മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന "മാലിമല ഗ്രാമം" വേനൽ കാലം ആയാൽ പൂക്കളുടെ സുഗന്ധം കൊണ്ട് നിറയും. വിനോദസഞ്ചാരികൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ഗ്രാമം. മാലിമല ഗ്രാമത്തിലൂടെ ഒഴുകുന്ന ചങ്ങാതിപ്പുഴ വളരെ ആഴമുള്ളതും വീതി കൂടിയതുമായ ഒരു പുഴയാണ്. മാലിമല ഗ്രാമത്തിന്റെ നടുവിലൂടെ ആണ് ചങ്ങാതി പുഴ ഒഴുക്കുന്നത്. മാലിമല ഗ്രാമത്തിൽ വസിക്കുന്ന ബാർബർ ഉത്തമൻ ദിവസവും സ്വപ്നം കാണാറുണ്ട്. ഉത്തമന്റെ വീട്ടിൽ അച്ഛനും, ഭാര്യ സുമിത്രയും, മകൾ ചിന്നുവും ഉണ്ട്. ഉത്തമന്റെ അച്ഛൻ നല്ലൊരു മദ്യപാനി ആണ്. എന്നും കാണുന്ന സ്വപ്നങ്ങളെ മനസ്സിൽ താലോലിച്ചു കൊണ്ട് നടക്കുന്ന ഉത്തമന്‍ ഉപജീവനത്തിനായി കണ്ടെത്തിയത് ബാർബർ ജോലി ആണ്. ഒരു ദിവസം കണ്ട സ്വപ്നത്തിൽ രാജാവിന്റെ കൊട്ടാരത്തിൽ രാജകുമാരന് മുടി മുറിക്കുന്നതിനായി ക്ഷണം ലഭിച്ചതാണ്. ക്ഷണം ലഭിച്ചപ്പോൾ ബാർബർ ഉത്തമൻ വീടിന്റെ മുറ്റത്തു നിൽക്കുന്ന അൽഫോൻസാ മാവിൽ നിന്നും പഴുത്ത കുറെ മാങ്ങാ പറിച്ചു ഒരു സഞ്ചിയിൽ ആക്കി കൊട്ടാരത്തിലേക്ക് യാത്ര പുറപ്പെട്ടു. ഉത്തമന്റെ മാങ്ങ സഞ്ചിയും പിടിച്ചു കൊണ്ട് സ്വപ്നകൊട്ടാരത്തിലേക്കുള്ള വരവ് കണ്ട് സ്വപ്ന കൊട്ടാരത്തിലെ രാജകുമാരൻ അത്ഭുതപ്പെട്ടു പോയി. കൊട്ടാരത്തിലെ പരിചാരകർ ഭൂമിയിൽ നിന്ന് വന്ന ഉത്തമനെ അതിശയത്തോടെ നോക്കി നിന്നു. കൊട്ടാരത്തിൽ രാജാവിന്റെ അടുത്തുചെന്ന് ഉത്തമൻ പറഞ്ഞു.. "പ്രഭോ... ഞാൻ ഉത്തമൻ, ബാർബർ ഉത്തമൻ, ഭൂമിയിൽ നിന്ന് വരുന്നതാണ്. രാജകുമാരന്റെ തലമുടി വെട്ടാൻ ക്ഷണം ലഭിച്ചിട്ട് വന്നതാണ്." "വീട്ടിൽ നിന്ന് പോരുമ്പോൾ വീടിന്റെ മുറ്റത്തു നിൽക്കുന്ന മാവിൽ നിന്ന് പഴുത്ത മാങ്ങാ പറിച്ചു സഞ്ചിയിൽ നിറച്ചു. സ്വപ്ന ഭൂമിയിൽ രാജകുമാരന് അൽഫോൻസാ മാങ്ങാ വളരെ ഇഷ്ടം ആകും എന്ന് ഞാൻ വിചാരിച്ചു." കൈയ്യിലുണ്ടായിരുന്ന മാങ്ങാ സഞ്ചി രാജകുമാരനെ ഏൽപ്പിച്ചതിന് ശേഷം ഉത്തമൻ കുമാരന്റെ മുടിവെട്ടാൻ ആരംഭിച്ചു. 

മുടി വെട്ടുന്ന സമയത്തു ഉത്തമൻ ഭൂമിയിലെ വിശേഷങ്ങൾ രാജകുമാരനോട് പറഞ്ഞു കൊണ്ടിരുന്നു. വിശേഷങ്ങൾ പറയുന്നതിനിടയിൽ രാജകുമാരൻ പറഞ്ഞു.. “ഞങ്ങൾ ആരും തന്നെ ഈ ലോകത്തു നടക്കാറില്ല. മനസ്സിൽ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ചലിക്കുകയാണ് ചെയ്യുന്നത്. ഭൂമിയിൽ നിന്ന് നടന്ന് വരുന്ന താങ്കളെ കണ്ടപ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും ഭയങ്കര അതിശയം തോന്നി..” മുടിമുറിക്കൽ കഴിഞ്ഞപ്പോൾ പരിചാരകർ ഉത്തമൻ കൊണ്ട് കൊടുത്ത അൽഫോൻസാ മാങ്ങാ മുറിച്ചു രാജകുമാരന് കഴിക്കാൻ കൊടുത്തു. അൽഫോൻസാ മാങ്ങയുടെ രുചി കണ്ട് രാജകുമാരൻ അത്ഭുതപ്പെട്ടുപോയി. ബാർബർ ഉത്തമനെ രാജകുമാരന് ഭയങ്കര ഇഷ്ടം ആയി. രാജകുമാരൻ ഉത്തമനോട് ചോദിച്ചു.. “ഭൂമിയിൽ നിന്ന് വന്ന മുടി വെട്ടുക്കാരാ... താങ്കളെ ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടുപോയി. താങ്കൾക്ക് എന്ത് വരമാണ് ഞാൻ നൽകേണ്ടത്..?” ഉത്തമൻ വേഗം മറുപടി പറഞ്ഞു "പ്രഭോ ഞാൻ വീടുകൾ തോറും മുടി മുറിക്കുവാൻ നടന്നു നടന്നു എന്റെ കാല് തേഞ്ഞു കഴിഞ്ഞു. അങ്ങേക്ക് സാധിക്കുമെങ്കിൽ ഈ ലോകത്തിലേതുപോലെ, ഭൂമിയിൽ നടക്കാതെ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ചലിക്കുന്നതിനുള്ള ഒരു വരം എനിക്കും തന്നാൽ വലിയ ഉപകാരം ആയിരിക്കും.." "ശരി... നീ ആഗ്രഹിച്ച വരം ഞാൻ അനുവദിച്ചിരിക്കുന്നു..." രാജകുമാരൻ ഉത്തരമരുളി. "എന്നാൽ ഒരു നിബന്ധന നിർബന്ധമായും പാലിക്കണം...." "എന്താണ് പ്രഭോ..? ഉത്തമൻ ചോദിച്ചു. “ഭൂമിയിലുള്ള "ചങ്ങാതിപ്പുഴ" വരം ലഭിച്ച ആരും തന്നെ ഒരിക്കലും മുറിച്ചു കടക്കരുത്...” ഉത്തമൻ സമ്മതം മൂളി.. “ശരി നിന്റെ ആഗ്രഹം അനുവദിച്ചിരിക്കുന്നു.. നാളെ നേരം വെളുക്കുന്നത് മുതൽ ഭൂമിയിൽ നടക്കാതെ നീ വിചാരിക്കുന്ന സ്ഥലത്തേക്ക് നിനക്ക് ചലിക്കാവുന്നതാണ്.  കൂടാതെ ഒരു വരം കൂടെ ഞാൻ നിനക്ക് തരുന്നു.. “ഇടതു കൈയ്യിലെ ചെറു വിരൽ മറ്റൊരാളുടെ ഇടതു ചെവിയിൽ തൊട്ട് ഞാൻ പറയുന്ന മന്ത്രം വരം ലഭിച്ച ആരെങ്കിലും പറഞ്ഞാൽ അയാൾ ആഗ്രഹിക്കുന്ന മറ്റൊരാൾക്ക് നിന്നെ പോലെ ഭൂമിയിൽ ചലിക്കാവുന്നതാണ്. മന്ത്രം കേട്ടോളു..” "അടുത്തുള്ള ചങ്ങാതി വലത്തോട്ട് തിരിയണം... വലത്തുള്ള ചങ്ങാതി ഇടത്തോട്ടു തിരിയണം.. ധിം.. ധിം.." ഇങ്ങനെ മൂന്ന് വട്ടം ചൊല്ലിയാൽ ഭൂമിയിൽ നിന്ന് അൽപം ഉയർന്നു പൊങ്ങി അയാൾ ആഗ്രഹിക്കുന്ന മറ്റൊരാൾക്ക് ചലിക്കാവുന്നതാണ്. “നന്ദി രാജകുമാര..” ഉത്തമൻ മറുപടി പറഞ്ഞു.

നേരം വെളുത്തു. സ്വപ്ന രാത്രിയിൽ നിന്ന് ഉത്തമൻ കണ്ണ് തുറന്നു. രാത്രിയിൽ കണ്ട സ്വപ്നത്തെ കുറിച്ച് അല്‍പം നേരം ഓർത്തു ബെഡിൽ കിടന്നു. അതിനു ശേഷം കട്ടിലിൽ നിന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചപ്പോൾ ഉത്തമൻ ഭൂമിയിൽ നിന്ന് അൽപം ഉയർന്നു പൊങ്ങി നിൽക്കുന്നത് മനസിലായി. ഉത്തമന് അത്ഭുതം തോന്നി. അടുക്കള ഭാഗത്തേക്ക് പോകുവാൻ മനസിൽ വിചാരിച്ചപ്പോഴേക്കും ഉത്തമൻ തനിയെ അങ്ങോട്ട് ചലിക്കാൻ തുടങ്ങി. “അത്ഭുതം... പ്രമീള, ചിന്നുക്കുട്ടി.. ഞാൻ നടക്കാതെ നീങ്ങുന്നത് കണ്ടോ..!” ഉത്തമൻ ഉറക്കെ എല്ലാവരെയും വിളിച്ചു. ഭാര്യയും മകളും ഓടി വന്നു. “അച്ഛൻ മുന്നോട്ടു ചലിക്കുന്നത് നോക്കുക..” എല്ലാവരും ആശ്ചര്യപ്പെട്ടുപോയി. “ഇന്നലെ കണ്ട സ്വപ്നത്തിൽ രാജകുമാരൻ എനിക്ക് നൽകിയ ഒരു വരം. അത് ഭൂമിയിൽ ഫലിച്ചിരിക്കുന്നു. ഹോയ്... ഇനി മുടി വെട്ടാൻ എനിക്ക് നടക്കേണ്ട... ഹോയ്.. മഹാ അത്ഭുതം സംഭവിച്ചിരിക്കുന്നു..” അത്ഭുതം കണ്ട് വീട്ടിലെ എല്ലാവരും തുള്ളിച്ചാടി. എല്ലാവർക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. അവരുടെ വീട്ടിലെ സന്തോഷം കണ്ട് അയൽപക്കകാരെല്ലാം ഓടിക്കൂടി. ഉത്തമൻ ഭൂമിയിൽ നടക്കാതെ ചലിക്കുന്നത് കണ്ട് അവരും അത്ഭുതപ്പെട്ടുപോയി. മുടി മുറിക്കുന്നതിനായി ബാർബർ ഉത്തമൻ പതിവുപോലെ വീട്ടിൽ നിന്ന് ഇറങ്ങി. ഉത്തമൻ നിലം തൊടാതെ പോകുന്നത് എല്ലാവരും നോക്കി നിന്നു. ദിവസങ്ങൾ പലതും കടന്ന് പോയി. നാട്ടിൽ ഉത്തമൻ നിലം തൊടാതെ പോകുന്നത് വലിയൊരു സംസാരവിഷയമായി. ഒരു ദിവസം ഉത്തമനോട് ഭാര്യ മനസിലുള്ള ആഗ്രഹം തുറന്ന് പറഞ്ഞു. ഉത്തമന്റെ പോലെ അവൾക്കും ഭൂമിയിൽ ചലിക്കണം. നമ്മുടെ ചിന്നുമോളെ സ്കൂളിൽ കൊണ്ട് പോകുവാൻ എത്ര വഴിയാ നടക്കേണ്ടത്. ഉത്തമൻ ഓർത്തപ്പോൾ അത് ശരിയാണെന്ന് തോന്നി. അങ്ങനെ ഇടതു കൈയിലെ ചെറുവിരൽ ഭാര്യയുടെ ഇടതു ചെവിയിൽ തൊട്ട് രാജകുമാരൻ പറഞ്ഞുതന്ന മന്ത്രം മൂന്ന് വട്ടം ഉത്തമൻ ചൊല്ലി. ഉടനെ തന്നെ ഭൂമിയിൽ നിന്ന് പ്രമീളയും ഉയർന്നു പൊങ്ങി. ഇത്രയേ ഉള്ളു... പ്രമീള മന്ത്രിച്ചു.

വീണ്ടും ദിവസങ്ങൾ കടന്നു പോയി. ഉത്തമൻ വീട്ടിൽ ഇല്ലാത്ത നേരം നോക്കി പ്രമീള മകളുടെ ചെവിയിൽ ഇടതു കൈയിലെ ചെറു വിരൽ തൊട്ട് ഉത്തമൻ പറഞ്ഞു കേട്ട മന്ത്രം ചൊല്ലി. ഉടനെ ചിന്നുമോളും ഭൂമിയിൽ നടക്കാതെ ചലിക്കാൻ തുടങ്ങി. ജോലി കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ അമ്മയും മകളും മുറ്റത്തെ അൽഫോൻസാ മാവിൽ ചോട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങി കളിക്കുന്നത് കണ്ട് ഉത്തമനും സന്തോഷം ആയി. ഉത്തമനും അവരുടെ കൂട്ടത്തിൽ കളിയിൽ ചേർന്നു. പരസ്പരം അവർതമ്മിൽ കൂട്ടി ഇടിക്കാതിരിക്കുവാൻ വളരെ ശ്രദ്ധിച്ചിരുന്നു. പുഞ്ചിരിക്കുന്ന ആയിരം പൂക്കൾ അവരുടെ മുഖത്തു തെളിഞ്ഞു. ഇതെല്ലാം ഉത്തമന്റെ അച്ഛൻ സന്തോഷത്തോടെ അവിടെ ഇരുന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു. ഏത് നേരവും കള്ള് കുടിയുമായി നടക്കുന്ന ഉത്തമന്റെ അച്ഛന് ഒരു ദിവസം ഒരു ബുദ്ധി ഉദിച്ചു. മക്കളെ പോലെ ഭൂമിയിൽ ചലിക്കാൻ സാധിച്ചു കിട്ടിയാൽ ചങ്ങാതിപുഴയുടെ അപ്പുറം ഉള്ള കള്ള് ഷാപ്പിൽ നിന്ന് നല്ല ചെത്ത് കള്ള് എന്നും കുടിക്കാം. മനസിലുള്ള ആഗ്രഹം ഒരു ദിവസം പൂവണിയുന്നതിനായി അങ്ങേ അറ്റം കുതന്ത്രങ്ങൾ മനസ്സിൽ മെനെഞ്ഞെടുത്തു ഉത്തമന്റെ അച്ഛൻ. ആഴ്ച്ചയിൽ ഒരു ദിവസം മാത്രം ഉള്ള കടത്തു വഞ്ചിയെ ആശ്രയിച്ചിട്ടാണ് ആൾക്കാർ ചങ്ങാതിപ്പുഴ ഇപ്പോൾ മുറിഞ്ഞു കടക്കുന്നത്. ഉത്തമനും പ്രമീളയും വീട്ടിൽ ഇല്ലാത്ത നേരത്തു കടയിൽ പോയി ഒരു പാക്കറ്റ് മിട്ടായി വാങ്ങി കൈയ്യിൽ പിടിച്ചു ഉത്തമന്റെ അച്ഛൻ. ചിന്നു മോളോട് ഒരു കിളിയുടെ കഥ പറഞ്ഞു കൊടുക്കുന്നതിനിടയിൽ അച്ചാച്ചന്റെ പോക്കറ്റിൽ ഉള്ള മിട്ടായി പൊതി പുറത്തെടുത്തു. മിട്ടായി കണ്ട ഉടനെ മോൾ അച്ചാച്ചന്റെ കൈയ്യിൽ നിന്ന് ആ മിട്ടായി തട്ടി പറിച്ചെടുക്കുവാൻ നോക്കി. അപ്പോൾ അച്ചാച്ചൻ പറഞ്ഞു ഇത് തരില്ല മോളെ.. പുറത്തു പോയപ്പോൾ അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട് വാശി പിടിക്കുമ്പോൾ ചിന്നു മോൾക്ക് ഒന്നും കൊടുക്കരുത് എന്ന്.. വീണ്ടും ചിന്നു മോള് വാശി പിടിച്ചു കരയാൻ തുടങ്ങി. അച്ചാച്ചൻ പറഞ്ഞു... "മോൾ കരയേണ്ട.. അച്ചാച്ചൻ മിട്ടായി തരാം.. പക്ഷേ ചിന്നു മോൾക്ക് അറിയുന്ന ഭൂമിയിൽ നിന്ന് ഉയർന്നു ചലിക്കാനുള്ള മന്ത്രം ചൊല്ലിയാൽ അച്ചാച്ചൻ മിട്ടായി തരാം.”

ഇത് കേട്ടപ്പോൾ ചിന്നു മോൾക്ക് സന്തോഷം ആയി. "ശരി അച്ചാച്ച..." അവൾ വേഗം അച്ചാച്ചന്റെ ചെവിയിൽ തൊട്ടു മന്ത്രം ചൊല്ലി. ഉടനെ തന്നെ അച്ചാച്ചൻ ഭൂമിയിൽ നിന്ന് ഒരടി ഉയർന്നു പൊങ്ങി. അച്ചാച്ചന് പെരുത്ത് സന്തോഷം ആയി. മന്ത്രശക്തി ലഭിച്ച ഉടനെ ഉത്തമന്റെ അച്ഛൻ ചങ്ങാതി പുഴയുടെ അക്കരെ ഉള്ള കള്ളു ഷാപ്പിലേക്ക് ഒന്ന് നോക്കി. ആരോ അങ്ങോട്ട് വിളിക്കുന്നത് പോലെ. പോക്കറ്റിൽ ഉള്ള പണം ഒന്ന് കൂടെ പരിശോധിച്ചതിന് ശേഷം ചിന്നുമോളോട് സൂത്രം പറഞ്ഞു പുഴകടന്ന് കള്ളു ഷാപ്പിലേക്ക് പോകുന്നതിനായി ഉത്തമന്റെ അച്ഛൻ ചലിക്കാൻ തുടങ്ങി. ഈ സമയം ജോലി കഴിഞ്ഞു ഉത്തമനും കൂട്ടത്തിൽ പ്രമീളയും വീട്ടിൽ തിരിച്ചെത്തി. ചിന്നു മോളെ വീട്ടിൽ ഒറ്റയ്ക്ക് കണ്ട ഉത്തമൻ മോളോട് ചോദിച്ചു.."അച്ചാച്ചൻ എവിടെയാ ചിന്നുമോളെ?" അപ്പോൾ ചിന്നുമോൾ ചങ്ങാതി പുഴയിലേക്ക് കൈ ചൂണ്ടി കാണിച്ചു. ഉത്തമൻ അലറിക്കൊണ്ട് ചങ്ങാതിപ്പുഴയിലേക്ക് ചലിച്ചു. അച്ഛാ പുഴ അപ്പുറം കടക്കരുത്. ഉത്തമന്റെ അലറൽ കേട്ട് പ്രമീളയും ചിന്നു മോളും ചങ്ങാതി പുഴയിലേക്ക് ചലിച്ചു. എല്ലാവരും പുഴയുടെ നടുക്ക് എത്താറായപ്പോൾ ഉത്തമന് ബോധോദയം ഉണ്ടായി. അച്ഛൻ പുഴ കടന്നാൽ രാജകുമാരൻ തന്ന മന്ത്രശക്തി നഷ്ടപ്പെടും. മന്ത്രശക്തി നഷ്ടപ്പെട്ടാൽ പുഴയിൽ വീണ് മരിച്ചു പോകും. ഉത്തമൻ തിരിച്ചു ചലിക്കാൻ നോക്കിയപ്പോൾ പ്രമീളയും മകളും പുഴയുടെ പകുതിയോളം എത്താറായി. ഉത്തമൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു "പ്രമീള.. മകളെയും കൊണ്ട് തിരിച്ചു ചലിക്കുക. അച്ഛൻ അപ്പുറം കടന്നാൽ നമ്മൾ എല്ലാവരും വെള്ളത്തിൽ മുങ്ങി മരിക്കും.” കുറച്ചു കഴിഞ്ഞപ്പോൾ ഉത്തമന്റെ അച്ഛൻ പുഴ കടന്നു. പെട്ടെന്ന് എല്ലാവരുടെയും ശക്തി നഷ്ടപ്പെട്ടു. പ്രമീളയും ചിന്നു മോളും കഷ്ടിച്ച് കരപറ്റി. ശക്തി നഷ്ടപ്പെട്ട ഉത്തമൻ കരയ്ക്ക്‌ എത്തുന്നതിന് മുൻപ് വെള്ളത്തിൽ വീണു. ഒരു നിലയ്ക്ക് കരയ്ക്ക്‌ കയറിയ ഉത്തമൻ ഉറക്കെ പറഞ്ഞു “അച്ഛന്റെ നശിച്ച കള്ള് കുടി... എല്ലാം നശിപ്പിച്ചു...” വരം നഷ്ടപ്പെട്ട ഉത്തമനും കുടുംബത്തിനും കാൽപാദം ഭൂമിയിൽ തൊട്ടപ്പോൾ വേദന കൊണ്ട് കരയേണ്ടിവന്നു. ഉത്തമനെ ആശ്വസിപ്പിക്കാൻ ആരും വന്നില്ല. ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഉത്തമൻ വീണ്ടും രാജകുമാരന്റ സ്വപ്നത്തിനുവേണ്ടി കാത്തിരിക്കുകയാണ്.

Content Summary: Malayalam Short Story ' Swapna Kottarathile Rajakumaran ' written by Vincent Chalissery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com