കോളജിൽ പഠിക്കുന്ന കാലത്തേയുള്ള സത്യഭാമയുടെ സ്വപ്നമാണ് പ്രേമിച്ചു വിവാഹം കഴിക്കണമെന്ന്.. ഭാമ വളരുന്നതിനനുസരിച്ച് അവളുടെ സ്വപ്നവും വളർന്നു ആ വളർച്ച ഒരു ഇരുപത്തിനാലിലെത്തി.. ഇതിനിടയിൽ ജോലിയെന്ന സ്വപ്നം യാഥാർഥ്യമായി.. ഒരു പൊലീസുകാരിയായി. പ്രണയവും, പ്രണയ വിവാഹവും.. സത്യഭാമയ്ക്കു പുറം തിരിഞ്ഞു നിന്നു. വീട്ടിൽ വിവാഹാലോചനകൾ മുറുകിയപ്പോൾ ആ കെട്ടു പൊട്ടിക്കാൻ ഭാമ സ്ഥലം മാറ്റം വാങ്ങി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കു പോയി. രാവിലെയും വൈകുന്നേരവും ഡ്യൂട്ടിക്കു പോകുകയും വരികയും ചെയ്യുന്നത് ബസിലാക്കി. ഗോമതി.. ബസ് ഭാമയ്ക്കു വേണ്ടി ഒരു സീറ്റു ഒഴിച്ചിട്ടു. കണ്ടക്ടർ ടിക്കറ്റും കുറിച്ചില്ല. എന്താലേ.. പൊലീസുകാരുടെ ഒരു യോഗം. എന്നും വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് കോട്ടയം ശാസ്ത്രി റോഡിൽ ബസ് കാത്തുനിൽക്കും. വിഷുവിനു തലേന്നു ഡ്യൂട്ടി കഴിഞ്ഞ് 'ഗോമതി'യെ കാത്തു നിൽക്കുമ്പോഴാണ് ഈശ്വരൻ ഭാമയുടെ വർഷങ്ങളായുള്ള പ്രാർഥന കേട്ടത്. താൻ നിൽക്കുന്നതിന്റെ തൊട്ടപ്പുറത്ത് തന്നെ നോക്കി നിൽക്കുന്ന ഒരു ചെറുപ്പകാരൻ. ഭാമയും നോക്കി. അവന്റെ മുഖത്തെ കൗതുകം അവൾ കണ്ടു. അതവളുടെ മനസ്സിലേക്കാഴ്ന്നിറങ്ങി.. കാലം കാത്തിരുന്ന പോലെ.. ഒരു നിമിഷം താനൊരു പൊലീസുകാരി ആണെന്നു മറന്നു അവളൊരു പതിനേഴുകാരിയായി... ഭാമയുടെ കണ്ണുകളിൽ പ്രണയം തളിരിട്ടു.. അവനും ഭാമയെ നോക്കി നിന്നു. നോട്ടങ്ങൾ പരസ്പരം വടംവലി നടത്തി.
'ഇന്നത്തേക്കിതുമതി' എന്ന അർഥം കൽപ്പിക്കുമാറ് ഗോമതി സ്റ്റോപ്പിലേക്കു വന്നു. ഭാമ 'ഗോമതി' യുടെ നീട്ടിയുള്ള ഹോണടി അറിഞ്ഞില്ല. കിളി വന്നു വിളിച്ചു. പരിസരബോധം വീണ്ടെടുത്ത് ഭാമ ബസിൽ കയറിയപ്പോൾ അവൻ കണ്ണു കൊണ്ട് യാത്ര പറഞ്ഞു. ഭാമയുടെ മനസ്സിൽ പ്രണയത്തിന്റെ മഴ പെയ്തു. അന്ന് ആദ്യമായി ഭാമ ടിക്കറ്റെടുത്തു. കണ്ടക്ടർ വാ പൊളിച്ചു.. 'എന്റെ ഒരു സന്തോഷത്തിനു വേണ്ടി..' കേരളത്തിലെ പൊലീസുകാർ മുഴുവൻ സന്തോഷിച്ചിരുന്നെങ്കിൽ... കണ്ടക്ടർ ടിക്കറ്റു കൊടുക്കുമ്പോ മനസ്സിൽ പറഞ്ഞിരിക്കണം... രാത്രിയിൽ അമ്മ വിഷുക്കണി ഒരുക്കുമ്പോ അമ്മ കട്ടായം പറഞ്ഞു, 'നാളെ നിന്റെ അമ്മാവൻ വരും. ചിങ്ങവനത്തൂന്ന് ഒരാലോചന.. അതങ് ഉറപ്പിക്കുമെന്നാ ഏട്ടൻ പറയുന്നത്..' അച്ഛനില്ലാതെ വളർന്നതുകൊണ്ട് തീരുമാനങ്ങളെല്ലാം അമ്മാവന്റെതായിരുന്നു. 'എനിക്കു വേണ്ടപ്പോ ഞാൻ പറഞ്ഞോളാം..' പകലു കണ്ട ചെറുപ്പകാരനെ ഒന്നു കൂടി ഹൃദയത്തിലേറ്റി കൊണ്ടു ഭാമ പറഞ്ഞു 'നാളെ അയാൾ ബസ്സ്റ്റോപ്പിൽ വരുമോ?' ഉറങ്ങുമ്പോളും ഭാമയുടെ ചിന്ത അതായിരുന്നു.. എനിക്കു വേണ്ടി സൃഷ്ടിക്കപ്പെട്ട ആൾ..
പിറ്റേന്ന് ഡ്യൂട്ടിക്കിടയിൽ എസ്.ഐ. തോമസ് സാറു ഭാമയോടു ചോദിച്ചു, ഇന്നു ഭാമ സുന്ദരി ആയിട്ടുണ്ടല്ലോ.. ഭാമ നാണത്തിൽ ചിരിച്ചു. തോമസ് സാറു എന്തു പറഞ്ഞാലും അതിലൊക്കെ അനുഭവിക്കാത്ത അച്ഛന്റ സ്നേഹമുണ്ടായിരുന്നു. കോട്ടയം മുൻസിപ്പാലിറ്റിയിൽ വൈകുന്നേരം 5 മണിക്ക് സൈറൺ അടിക്കുമായിരു ന്നു. ഡ്യൂട്ടി തീരുന്ന സമയവും 5 മണി ആയതു കൊണ്ടു 'സൈറണു' വേണ്ടി ഭാമ കാത്തിരുന്നു. ഒടുവിൽ സൈറൺ അടിച്ചു. യൂണിഫോം മാറ്റി ചുരിദാർ ഇട്ടു ഭാമ നേരെ ബാത്ത് റൂമിൽ കയറി.. ബാഗിൽ കരുതിയ ഫേസ് ക്രീമും പൗഡറും മുഖത്തിട്ടു സുന്ദരിയായി. എന്നിട്ടും സ്വന്തം സൗന്ദര്യം പോരെന്നു തോന്നി. പൊലീസുകാരി ആയതു കൊണ്ടു മുഖത്തെ നിഷ്കളങ്കത നഷ്ടപ്പെട്ടന്ന് ഭാമക്കു തോന്നി. ബസ് സ്റ്റോപ്പിലേക്കു ധൃതിയിൽ നടക്കുമ്പോൾ മനസ്സ് വിറക്കുന്നത് ഭാമ തിരിച്ചറിഞ്ഞു. അതാ.. അയാൾ.. അവിടെ.. ഇന്നലത്തെ അതേ സ്ഥലത്ത്... അയാളും എന്നെ കാത്തു നിക്കും പോലെ തോന്നി. തോന്നലല്ല.. സത്യം. അയാൾ ചിരിച്ചപ്പോൾ ഭാമയ്ക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവൾ മനസ്സിൽ പ്രാർഥിച്ചു. 'ഈശ്വരാ ഗോമതി വൈകി വരണേ..'
അവൻ അടുത്തേക്കു നീങ്ങി നിന്നു. ഒരു നിമിഷം അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കി.. ഇപ്പോഴല്ലേ പോക്കറ്റടിക്കാരുടെ വിഷമം മനസ്സിലാകുന്നത്. അവൻ പേരു ചോദിച്ചു. ഉത്തരം പറഞ്ഞു. അവൻ നാടും വീടും ജോലിയും ചോദിച്ചു. അവൾ ഉത്തരം അറിയുന്ന സ്കൂൾ കുട്ടിയെ പോലെ എല്ലാം ഉത്തരവും പറഞ്ഞു, ഭാമ അവനോടും ചോദിച്ചു. പരീക്ഷ പേപ്പറിലെ മാർക്കു കൂടിയ ചോദ്യം പോലെ... ചില ചോദ്യങ്ങൾ... അവന്റ ഉത്തരങ്ങൾക്കു ഭാമ പ്രണയത്തിന്റെ മാർക്കിട്ടു. അവൾ മനസ്സിൽ തീരുമാനിച്ചു എന്റെ ജീവിതത്തിലെ പുരുഷൻ ഇദ്ദേഹമാണ്. ആ തീരുമാനം എടുത്തപ്പോ 'ഗോമതി' വന്നു. എല്ലാം ദിവസങ്ങളിലും വൈകുന്നേരം സൈറൺ അവർക്കു വേണ്ടി കൂവി. പിരിയാൻ പറ്റാത്ത വിധം അവർ അടുത്തു. ഭാമ വീട്ടിൽ കാര്യം അവതരിപ്പിച്ചു 'അദ്ദേഹം അനാഥനാണ്..' അമ്മാവനും അമ്മയും പൊട്ടിത്തെറിച്ചു, ഒരനാഥനായിട്ടു നിന്റ വിവാഹം നടക്കില്ല... അതും ഞങ്ങൾ ജീവിച്ചിരിക്കുംമ്പോ... അമ്മയും അമ്മാവനും ഒരേ സ്വരത്തിൽ പ്രഖ്യാപിച്ചു. അവൾക്ക് അവനെ മറക്കാൻ പറ്റില്ലായിരുന്നു.. അതിലും ഭേദം മരണമാണ്. ഭാമയുടെ നിശ്വാസത്തിൽ പോലും അവനായിരുന്നു.
ഒടുവിൽ അവൻ വഴി പറഞ്ഞു കൊടുത്തു.. രജിസ്ട്രർ മാരേജ്.. അവനെ നഷ്ടപ്പെടാതിരിക്കാൻ അവൾക്കും സമ്മതിക്കേണ്ടി വന്നു. വളർത്തി വലുതാക്കിയ അമ്മയേയും അമ്മാവനേയും ചതിക്കുക. ആ ചതിക്കു വേണ്ടി അവൾ തയാറായി... അവനു വേണ്ടി.. സ്വപ്നം കണ്ട സ്നേഹത്തിനു വേണ്ടി.. യൂണിഫോമിനു പകരം സാരിയുടുത്തു, 'നീ എന്താ ഇന്നു സാരിയുടുത്ത്..?' 'കൂട്ടുകാരിയുടെ കല്യാണമാ..' 'നേരത്തേ വരണം. ഇന്നു നിന്നെ കാണാൻ ഒരു കൂട്ടർ വരും..' അവൾ അമ്മയെ നോക്കി. മോളെ അമ്മ ഇപ്പോ ജീവിക്കുന്നതു തന്നെ മോൾക്കു വേണ്ടിയാ.. നിന്നെ നല്ലൊരാൾടെ കൈയ്യിൽ ഏൽപ്പിച്ചാ പിന്നെ ചത്താലും കുഴപ്പമില്ല. അതാണ് അമ്മ.. മക്കളറിയാതെ പോകുന്നതും ആ സ്നേഹമാണ്. അവളിൽ സങ്കടം. താൻ ചതിക്കുകയാണ്.. ഭാമയെ ആരോ ഉന്തി തള്ളി വിടുന്ന പോലെ.. അവൾ സ്റ്റേഷനിലെത്തിയപ്പോ തോമസ് സാറു കാത്തു നിൽപ്പുണ്ടായിരുന്നു. 10 മണിക്ക് ഇറങ്ങണം.. സാക്ഷികളായി ഏലിയാമ്മയും സുഷമയും വരും... കൈയ്യിൽ കരുതിയ വെറ്റയും പാക്കും മഹാത്മാഗാന്ധിയുടെ ഫോട്ടോ സാക്ഷിയായി തോമസ് സാറിനു നീട്ടി, 'അച്ഛന്റെയും അമ്മയുടേയും സ്ഥാനത്തു നിന്നു സാറു അനുഗ്രഹിക്കണം..' തോമസ് സാറ് അനുഗ്രഹം കൊടുത്തു.. ഭിത്തിയിൽ ഇരുന്നു മഹാത്മാവു എന്നത്തെയും പോലെ ഒരു നെടുവീർപ്പിൽ എല്ലാം ഒതുക്കി.. സെല്ലിൽ കിടന്ന പോക്കറ്റടിക്കാരൻ പാപ്പു ആ നിമിഷത്തിനു സാക്ഷിയായി.
ഒരു സ്തീ സ്റ്റേഷനിലേക്കു കയറി വന്നു, 'എന്തായി സാറെ.. കണ്ടുപിടിച്ചോ അയാളെ...?' തോമസ് സാറു നിസ്സാരവൽക്കരിച്ചു.. 'കേരളാ പൊലീസിനോടു ഒരു കാര്യം ആവശ്യപ്പെട്ടാൽ പറയേണ്ട താമസമേയുള്ളു.. പ്രതിയെ ഞങ്ങൾ പൊക്കിയിരിക്കും..' ആ സ്തീയിൽ സന്തോഷം. ഇനി ഒരു പെണ്ണിനും ഈ ഗതി വരരുത്.. സാറെ ഞാനയാളുടെ അഞ്ചാമത്തെ ഇരയാ.. ഇന്ന് ഇവിടെ ആറാമത്തെ ഇരയെ കെട്ടാൻ പോകുന്നുണ്ടെന്ന്.. അയാളുടെ സുഹൃത്തു തന്നെയാ എന്നെ വിളിച്ചു പറഞ്ഞത്... ഭാമയ്ക്കു ക്ഷമ കെട്ടു. കൂടെ വരാനുള്ള സാക്ഷികളെ കാണുന്നില്ലല്ലോ.. തോമസ് സാറ് ആശ്വസിപ്പിച്ചു.. ഒരുങ്ങാൽ കിട്ടുന്ന അവസരമല്ലേ.. രണ്ടും പേരും കളയില്ല.. അവർ ഇപ്പോ വരും.. ഭാമ ഒരു കാര്യം ചെയ്യ്.. ചെറുക്കനെ വിളിച്ചു പറ.. ഒരു പത്തു മിനിറ്റു താമസിക്കുമെന്ന്.. അതു ശരിയാണെന്നു ഭാമയ്ക്കും തോന്നി. പാവം കാത്തു നിന്നു മുഷിഞ്ഞു കാണും.. ഭാമ വിളിച്ചു.. മേശപ്പുറത്തിരിക്കുന്ന ഫോൺ ബെല്ലടിച്ചു. നാശം.. ആ ഫോൺ വിവാഹ തട്ടിപ്പുകാരനായ നിന്റെ ഭർത്താവിന്റെയാ... പരാതി ആയി വന്ന സ്ത്രീയോടു തോമസ് സാറു പറഞ്ഞു.. അതു ശ്രദ്ധിക്കാതെ ഭാമ തന്റെ പ്രിയതമനെ വിളിച്ചു കൊണ്ടിരുന്നു.. സാറെ ഞാനെടുക്കും... ആ സ്ത്രീ ഉത്തരത്തിനു കാത്തു നിൽക്കാതെ ഫോൺ എടുത്തു.. വിളിച്ചതും എടുത്തതും ഒരു ഹാളിൽ തന്നെ.. ഭാമയും തോമസ് സാറും ഒരുപോലെ ഞെട്ടി. ആ സ്ത്രീക്കൊന്നും മനസ്സിലായില്ല.
തോമസ് സാറിനു കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടു.. 'എടോ മോഹനാ.. അവനെ ഇങ്ങു കൊണ്ടു വാ...' അവൻ വന്നു... ഭാമകണ്ടു.. തോമസ് സാറ് ഭാമയുടെ മുഖത്തേക്കു നോക്കി... 'ഇവൻ തന്നെ ആണോ....?' ഭാമ ഒന്നു കൂടി അവനെ നോക്കി ഞാൻ സ്നേഹിച്ചവൻ.. തന്നെ ചതിച്ചവൻ.. കണ്ണിൽ ഇരുട്ടു കയറുന്ന പോലെ തോന്നി. ഒപ്പിടാനുള്ള സാക്ഷികൾ അണിഞ്ഞൊരുങ്ങി എത്തി.. ഞങ്ങൾ 10 മിനിറ്റ് താമസിച്ചത് ഭാമ അങ്ങ് ക്ഷമിച്ചേക്കണേ... ഭാമ മറുപടി പറഞ്ഞില്ല.. തോമസ് സാറും.. ഭാമ അമ്മയെ ഓർത്തു. അവൾ നില മറന്നു.. മുന്നോട്ടു കുതിച്ചു ചെന്ന് അവന്റെ കവിളത്തു ആഞ്ഞുവീശി.. ആ ഒറ്റ അടിയിൽ അവൻ താഴെ പോയി.. 'അപ്പോ മേഡമാണല്ലേ.. ആറാമത്തെ ഇര...' ആ സ്ത്രീ പറഞ്ഞപ്പോൾ ഭാമയുടെ ഫോൺ ശബ്ദിച്ചു.. അമ്മയാണ്.. ആ ശബ്ദം കേൾക്കാൻ അവൾക്കു തോന്നി. 'മോളെ കല്യാണം കഴിഞ്ഞോ...?' ഭാമയ്ക്കു ഉത്തരം മുട്ടി. 'മോളു കൂട്ടുകാരിയോടു പറയണം അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടെന്ന്..' അപ്പോഴേക്കും കൊച്ചു കുഞ്ഞിനെ പോലെ ഭാമ കരഞ്ഞു പോയി.
Content Summary: Malayalam Short Story ' Sathyabhamayude Onnam Thirumurivu ' written by Unni Pooruruttathi