' വൃദ്ധസദനത്തിലെ എല്ലാവരും മക്കൾ ഉപേക്ഷിച്ചവരല്ല, ഞങ്ങളുടെ കഥകളും ഒന്നല്ല കുഞ്ഞേ..'

HIGHLIGHTS
  • സ്നേഹതീരം (കഥ)
malayalam-story-snehatheeram
Representative image. Photo Credit: Morsa Images/istockphoto.com
SHARE

ഞങ്ങൾ എല്ലാവരുടെയും കഥ ഒന്നല്ല കുഞ്ഞേ. ഇവിടെ ഈ വൃദ്ധസദനത്തിലെ അന്തേവാസികളായ ഞങ്ങൾക്കു പറയാനുള്ള കഥകൾ വ്യത്യസ്തമാണ് മോനെ. സഹതാപം ചാലിച്ച് നിങ്ങൾ സിനിമയിൽ കാണുന്നത് മാത്രം അല്ല ഞങ്ങളുടെ കഥകൾ. മക്കൾ ശത്രുക്കളായതു കൊണ്ടല്ല ഞങ്ങളിൽ പലരും ഇവിടെ എത്തിപ്പെട്ടത്. അത് പറഞ്ഞ ശേഷം തീർത്തും മൗനമായി അങ്ങകലെ തെളിയുന്ന വിളക്കിലേക്കു നോക്കി തന്റെ വീൽ ചെയറിൽ ആ അച്ഛൻ ഇരുന്നു. എന്താ രാമച്ചാ മൂഡ് ഓഫ് ആയോ എന്ന് മാളവിക ചോദിച്ചു. എന്നിട്ടും മൗനം. ഞാൻ ഇപ്പൊ വരാട്ടോ എന്നിട്ടു മൂഡൊക്കെ നമുക്ക് ശരിയാക്കാം എന്ന് പറഞ്ഞു അവൾ എന്നോടൊപ്പം നടന്നു. സ്നേഹതീരം ആരുമില്ലാത്തവർക്കുള്ള ശരണാലയം ആണ്. പെൺകുഞ്ഞുങ്ങളാണവിടെ ഉള്ളത്. അവർക്കായൊരു സ്കൂളും ഉണ്ട് അവിടെ. അതിനോട് ചേർന്നു തന്നെയാണ് വൃദ്ധസദനവും. മുത്തശ്ശിയ്‌ക്കൊപ്പം പലവട്ടം ഈ സ്നേഹതീരത്ത് വന്നിട്ടുണ്ട്. ഇടയ്ക്കൊക്കെ എന്തെങ്കിലും സാധനങ്ങൾ വാങ്ങി ഇവിടെ കൊണ്ട് വന്നു കൊടുക്കുന്ന ശീലം ഉണ്ടായിരുന്നു മുത്തശ്ശിക്ക്. അതിന് ഞാൻ ആയിരുന്നു കൂട്ട്. പക്ഷെ ഇന്ന് മുത്തശ്ശി ഇല്ല. ഇന്ന് മുത്തശ്ശിടെ ശ്രാദ്ധം ആയിരുന്നു. വൈകിട്ട് ഏതാണ്ട് അഞ്ചു മണിയോട് അടുപ്പിച്ചാണ് ഇവിടെ എത്തിയത്. എപ്പോ വന്നാലും ഗീതാമ്മ പിടിച്ചിരുത്തി കുറെ വർത്തമാനം പറയും. ഗീതാമ്മയാണ് അവിടത്തെ മുതിർന്ന സ്ത്രീയും സ്നേഹതീരത്തിന്റെ അമ്മയും. മുത്തശ്ശിയെ കുറിച്ചുള്ള ഓർമ്മകൾ പറയുന്നതിനിടയിൽ ആണ് മാളവിക ഒരു ഗ്ലാസ് പായസം ആയി വന്നത്. ഇന്നവിടെ ഒരു പിറന്നാൾ ആഘോഷം ഉണ്ടായത്രേ. പായസത്തിന്റെ മധുരം എന്നെ മുത്തശ്ശിയുടെ അരികിലേക്ക് കൊണ്ടുപോയി. മറക്കാതെ ഇവിടെ വന്നതിനു മുത്തശ്ശി തന്നതാവും ഈ മധുരം എന്ന് തോന്നി.

അവിടത്തെ ഒരു അന്തേവാസിയാണ് മാളവിക. ഇപ്പൊ നഴ്സിംഗ് പഠനം നടത്തുന്നു. ഗീതാമ്മയുടെ വലം കൈയ്യും സഹായിയും ആണവൾ. അവിടെ വന്നു ചേർന്ന സമയത്തു ഗീതാമ്മ തന്നെയാണ് അവൾക്കു മാളവിക എന്ന പേര് നൽകിയതും. സ്നേഹതീരത്തിന്റെ കിഴക്കു വശത്തു മാറി എളുപ്പം നടന്നു കയറാവുന്ന ചെറിയൊരു കുന്നുണ്ട്. അവിടെ ഗുരുവിന്റെ ഓർമ്മയ്ക്കായി ഇപ്പോഴും തെളിയുന്ന വിളക്കും അതിനു ചുറ്റും ഒരു പൂന്തോട്ടവും ഉണ്ട്. അവിടെ പോയി തൊഴുതിട്ടു പോരുന്നത് മുത്തശ്ശിയുടെ ശീലം ആയിരുന്നു. ഞാൻ അവിടേക്കു ഇറങ്ങിയപ്പോ മാളവികയും കൂടെ വന്നു. പോകുന്ന വഴിയിൽ തന്നെയുള്ള വൃദ്ധ സദനത്തിൽ നിന്നും എന്തോ ഉയർന്ന ശബ്ദം കേട്ടപ്പോ ഞങ്ങൾ അങ്ങോട്ട് ചെന്നു. വീൽ ചെയറിൽ ഇരിക്കുന്ന അച്ഛനും വേറെ ഒരച്ഛനും തമ്മിൽ എന്തോ പറഞ്ഞു വഴക്കായി. മാളവിക വിഷയത്തിൽ ഇടപെട്ടു വിഷയം പെട്ടെന്ന് തീർത്തു. അനുസരണയുള്ള കുഞ്ഞുങ്ങളെ പോലെ അവർ അവൾക്കു മുൻപിൽ കൂട്ടുകാരായി. അപ്പോഴാണ് വീൽ ചെയറിൽ ഇരിക്കുന്ന അച്ഛൻ എന്നോടായി "ഞങ്ങൾ എല്ലാവരുടെയും കഥ ഒന്നല്ല കുഞ്ഞേ. ഇവിടെ ഈ വൃദ്ധസദനത്തിലെ അന്തേവാസികളായ ഞങ്ങൾക്കു പറയാനുള്ള കഥകൾ വ്യത്യസ്തമാണ് മോനെ" ഇങ്ങനെ പറഞ്ഞത്.

അവിടെ നിന്നും വിളക്ക് തറയിലേക്ക് നടക്കുമ്പോ മാളവികയോട് ഞാൻ കാര്യം തിരക്കി. അപ്പോഴാണവൾ ആ അച്ഛന്റെ കഥ പറഞ്ഞത്. ഭാര്യ മരിച്ചു പോയിട്ടും ഏക മകനെ അദ്ദേഹം നന്നായിട്ടു തന്നെയാണ് വളർത്തിയത്. പഠനത്തിന് ശേഷം അവനും കിട്ടാവുന്ന ജോലികൾ ചെയ്തു അച്ഛന് കൂട്ടാവുകയായിരുന്നു. അതിനിടയിൽ എപ്പോഴോ ആണ് അവനു അച്ഛനെ വിട്ടു പോകാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടും അച്ഛന്റെ നിർബന്ധപ്രകാരം ആരോ വഴി വന്ന വിദേശ ജോലിക്കു സമ്മതം മൂളിയത്. പ്രായം കാണിക്കുന്ന അവശതകൾ കാരണം തന്നോടുള്ള സ്നേഹത്താൽ എങ്ങാനും അവൻ ആ അവസരം വേണ്ട എന്ന് പറയാതിരിക്കാൻ വേണ്ടിയാണ് ഈ വൃദ്ധസദനത്തിലേക്കുള്ള വഴി ആ അച്ഛൻ സ്വയം തിരഞ്ഞെടുത്തത്. മകന്റെ കഷ്ടപ്പാട് കണ്ടു അവൻ നല്ല നിലയിൽ എത്തണം എന്നുള്ള ആഗ്രഹം കൊണ്ട് ഉണ്ടായിരുന്ന വീടും സ്ഥലവും പണയപ്പെടുത്തിയാണ് പൈസ കൊടുത്തത്. പക്ഷെ അതൊരു ചതിയായിരുന്നു. അവന്റെ കൈയ്യിൽ ഏജന്റ് കൊടുത്തു വിട്ടത് മയക്കു മരുന്നായിരുന്നു. അതറിയാതെ ആ പാവത്തിനെ അവിടെ പൊലീസ് പിടിച്ചു ആരും സഹായിക്കാൻ ഇല്ലാതെ ജയിലിലും ആയി. ഇനി എന്താവും എന്നറിയില്ല. ഉണ്ടായിരുന്ന വീടും സ്ഥലവും പോയി. അച്ഛനെ ഇവിടെ കൊണ്ടാക്കിയിട്ടു മകൻ വിദേശത്തേക്ക് രക്ഷപ്പെട്ടതാണ് എന്ന് തമാശയായി പറഞ്ഞു കളിയാക്കിയതിന്റെ തർക്കം ആയിരുന്നു അവിടെ നടന്നത്. അതാണദ്ദേഹം "ഞങ്ങൾ എല്ലാവരുടെയും കഥ ഒന്നല്ല കുഞ്ഞേ" എന്ന് പറഞ്ഞത്.

സമയം ആറുമണി കഴിഞ്ഞിരിക്കുന്നു. വെയിൽമാഞ്ഞു ഇരുൾ പടരാൻ തുടങ്ങുന്നു. വിളക്ക് തറയിൽ എത്തി അവൾക്കൊപ്പം പ്രാർഥിച്ചു മടങ്ങുമ്പോ "ഞങ്ങൾ എല്ലാവരുടെയും കഥ ഒന്നല്ല കുഞ്ഞേ" ഈ വാക്കുകൾ മനസ്സിൽ കിടന്നു വിങ്ങി. അതെ ഓരോ കഥകളും വ്യത്യസ്തമാണ്. ഓരോ ജീവിതങ്ങളും. നേരെ മാളവികയെ നോക്കി. അവളും എന്നെ നോക്കി. സന്ധ്യ വെളിച്ചത്തിൽ അവൾക്കു തിളക്കം കൂടിയ പോലെ തോന്നി. അവളോട് ചോദിച്ചു "മാളവികയുടെ കഥ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ" എന്ന്. അതിനു ഇതുവരെ എന്നോട് ചോദിച്ചില്ലല്ലോ എന്നവൾ മറുപടി പറഞ്ഞു. എന്നാൽ ഇപ്പൊ ചോദിച്ചിരിക്കുന്നു. അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ടു പറഞ്ഞു ഇപ്പൊ സമയം ഇല്ലല്ലോ പിന്നീടാവാം. അതിനു ഇനി നമ്മൾ എന്നാ കാണുക എന്ന് മറുചോദ്യം ഞാൻ ചോദിച്ചു. അതിനുള്ള മറുപടി അവൾ പറഞ്ഞത് ഒരു കള്ള ചിരിയോടെ ആയിരുന്നു. കാണണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ എപ്പോ വേണമെങ്കിലും ഇങ്ങോട്ടു വരാല്ലോ. ആ തിളക്കമാർന്ന മുഖം പിന്നെ എന്റെ നേരെ നോക്കിയില്ല. നടന്നു സ്നേഹതീരം എത്തിയപ്പോഴാണ് അവൾ പറഞ്ഞതിന്റെ അർഥം എനിക്ക് മനസ്സിലായത്. അപ്പോഴേക്കും അവൾ അകത്തേക്കു ഓടി മറഞ്ഞിരുന്നു. പക്ഷെ വണ്ടി എടുത്തു തിരികെ പോരുമ്പോ കഥ പറയാൻ തുളുമ്പുന്ന രണ്ടു കണ്ണുകൾ എന്നെ നോക്കുന്നത് ഞാൻ കണ്ടു. ഒപ്പം ആ ചുവന്ന ആകാശത്ത് തെളിഞ്ഞ ഒരു നക്ഷത്രവും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..

Content Summary: Malayalam Short Story ' Snehatheeram ' written by Vinod Nellippilly

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS