ADVERTISEMENT

അന്തരീക്ഷത്തിൽ പുതച്ചുറങ്ങിയ പുലർകാല മഞ്ഞിനെ ശകാരിച്ചുണർത്തിയ സ്വർണ്ണ വെട്ടം, പഴകി ദ്രവിച്ച ബോർഡിൽ കരികൊണ്ട് എഴുതിയ അക്ഷരങ്ങളെ തെളിയിച്ചു. 'ഭഗവതിക്കാവ്' ഗ്രഹണി പിടിച്ച കുട്ടികളെപോലെ റോഡിന് ഇരുവശവുമായി നിലകൊള്ളുന്ന കെട്ടിടങ്ങൾ പലതും അസ്ഥിവാരം പുറത്തേക്ക് തള്ളി, പല്ലിളിച്ചു കാണിച്ചു. ആയാസപ്പെട്ട് നടന്ന് ശ്വാസം ഇടയ്ക്കിടക്ക് വലിച്ചുവിട്ട് ചന്ദ്രവിലാസം ടീഷോപ്പിലേക്ക് കയറിയ പ്രശ്നം പണിക്കർ കിതച്ചുകൊണ്ട് ബെഞ്ചിലേക്ക് ഇരുന്നു. തോളിൽ തുണിസഞ്ചി തൂക്കി, മുന്നിലും പിന്നിലും നടന്നു നീങ്ങുന്നവരെ ചായക്കട ജാലകത്തിലൂടെ ഗ്ലാസ് കഴുകൽ നിർത്തി നോക്കി കാണുന്ന ചന്ദ്രൻ തിരിഞ്ഞ് പണിക്കരോടായി പറഞ്ഞു. "കാവിൽ കളമെഴുത്ത് പാട്ട് ഇന്ന് തുടങ്ങുവാ.. അല്ലേ പണിക്കരേ.. ചിറയിലെ മണിയനും കുടുംബവും പോണു." ഗ്ലാസ് കഴുകൽ നിർത്തി ഗ്ലാസിലേക്ക് ചായ വീശിയെറിഞ്ഞ് ചന്ദ്രൻ തുടർന്നു. "മകൾ കാവു തീണ്ടിയ ദോഷം മാറ്റാൻ നാരായണേട്ടന് ഇനി വിൽക്കാൻ ഭൂമി വല്ലതും ഉണ്ടോ പണിക്കരേ..?" ചായ ഗ്ലാസ് മുന്നിൽ വെച്ച ചന്ദ്രനോട് വിമ്മിഷ്ടപ്പെട്ട് എന്തോ പറയാൻ ശ്രമിക്കുന്ന പണിക്കർ.. "ആ.. പെൺകൊച്ച് കാരണം നാടും മുടിഞ്ഞില്ലേ ചന്ദ്രാ.. ഇല്ലാത്ത പകർച്ചവ്യാധികൾ ഉണ്ടോ...? ദേ ഇന്നലെ കിഴക്കേതിലേ ചെറിയാന്റെ 15 ലിറ്റർ കറവയുള്ള സിന്ധി പശു തൊഴുത്തിൽ ചത്തുമലച്ച് കിടക്കുന്നു. കന്നുകാലികൾ പോലും വാഴാതെയായി ഇവിടെ.." നിർത്താതെ ചുമച്ച പണിക്കർ കൈകൾ കൊണ്ട് വായുവിൽ ചിത്രം വരക്കുന്നതു കണ്ട് അതിന്റെ പൂർത്തീകരണം ചന്ദ്രന്റെ നാവ് ഏറ്റെടുത്തു. "അതേ കാവിൽഭഗവതിയുടെ ശാപം..!!"

തെളിഞ്ഞുനിന്ന പ്രഭാതത്തെ ആലിംഗനം ചെയ്തുകൊണ്ട് കറുത്ത പുകപടലങ്ങൾ ഭഗവതിക്കാവിനെ പൊതിഞ്ഞു. പച്ചപ്പട്ടണിഞ്ഞു നിൽക്കുന്ന വയൽപ്പാടത്തേക്ക്  ജനലഴികളിൽ കൈകൾ താങ്ങി നിർവികാരമായ മുഖഭാവത്തോടെ നിൽക്കുന്ന ജാനകി. കാവിൽനിന്ന് ഉയരുന്ന പുള്ളുവൻപാട്ടിന്റെ ഈരടികൾ അന്തരീക്ഷത്തിൽ നേർത്ത ശബ്ദമായി കേൾക്കാം. അവളുടെ കണ്ണിൽ നിന്ന് ഉതിർന്ന ജലകണം കൈമുഷ്ടിയിൽ വീണ് ചിന്നിച്ചിതറി. വയലോരക്കാറ്റ് ഒരു സാന്ത്വനം പോലെ ജാനകിയുടെ കവിളിലെ നീർച്ചാലുകളെ നക്കിത്തുടച്ച് കടന്നുപോയി. "ജാനകി.." ചിലമ്പിച്ച സ്വരം കേട്ട് അവൾ മെല്ലെ മുഖംതിരിച്ചു. മുറിവാതിൽക്കൽ കൈയ്യിൽ  മൊന്തയുമായി നിൽക്കുന്ന അമ്മ.. "മേലേ മനക്കലെ തിരുമേനി പൂജിച്ചു തന്ന വെള്ളമാ.. ഭസ്മോം ഉണ്ട്." ജാനകി മെല്ലെ അമ്മയുടെ അടുത്തേക്ക് നടന്നു. മുറിക്ക് പുറത്തുനിന്ന് വരുന്ന പ്രകാശകിരണങ്ങളിൽ നിന്ന് അവളുടെ മുഖം തെളിഞ്ഞു. ഇടത്തെ കവിളിൽ പാമ്പിൻപടംപോലെ വികൃതമായ ഒരു പാട്..! അതിൽ നിന്നും വെള്ളം ഇറ്റിറ്റ് വീഴുന്നു.! അമ്മ അസ്വസ്ഥതയോടെ മുഖം താഴ്ത്തി മൊന്ത താഴേക്ക് വെച്ച് വേഗതയിൽ പിന്തിരിഞ്ഞ് നടന്നു. ഒരു നിമിഷം നിശ്ചലയായി നിന്ന ജാനകി ഇടത്തെ കവിളിൽ വിരൽ തൊട്ടതും ഒരു പൊട്ടിക്കരച്ചിലോടെ അവൾ കട്ടിലിലേക്ക് വീണു.

പരന്നൊഴുകുന്ന നീല നിലാവിലേക്ക് തൊടിയിലെ കൂറ്റൻ ബദാംമരച്ചുവട്ടിൽ നിന്ന് ജാനകി കണ്ണുകൾ നട്ടു. "സുധീ.." അവളുടെ ചിലമ്പിച്ച സ്വരം കേട്ട് മരത്തിന്റെ  മറുഭാഗത്തിരുന്ന സുധി വിഷാദം കലർന്ന ശബ്ദത്തിൽ സംസാരിച്ചു. "ജാനകി.. നീ ഇവിടെ നിന്നും രക്ഷപ്പെടണം.. അന്ധവിശ്വാസങ്ങളുടെ മാറാലപിടിച്ച മനസ്സുകൾ ഉളള ഈ ഗ്രാമത്തിൽ നിന്ന് എത്രയും പെട്ടെന്ന്.. നിന്റെ പഠിത്തം നീ തുടരണം ജാനകി..  ഇതിന് പുറത്തും ഒരു ലോകം ഉണ്ട്.. അത് നീ അറിയണം." "വിശ്വാസങ്ങളുടെ  ഉരുക്ക്ചങ്ങലയിൽ എന്നെ ബന്ധിച്ചിരിക്കുകയല്ലേ സുധി... നീ മറന്നോ...? നിന്റെ നിർബന്ധപ്രകാരം ഞാൻ വീണ്ടും പഠിക്കാൻ പോയ ആ ദിവസം.. ടൗണിലേക്കുള്ള ബസിൽ നിന്ന് ഒരു തെരുവുനായയെ പോലെ എന്നെ ആട്ടി ഓടിച്ചത്..!!" രാത്രിയുടെ നിശബ്ദതയിൽ ജാനകിയുടെ ഏങ്ങിക്കരച്ചിൽ മുഴങ്ങി. "എല്ലാം ഒരുനാൾ കലങ്ങിത്തെളിയും ജാനകീ.." സുധിയുടെ ആർദ്രത നിറഞ്ഞ സംസാരം കേട്ട് അവൾ അവന് അഭിമുഖമായി വന്നു. വികൃതമായ കവിളിലൂടെ ഒലിച്ചിറങ്ങുന്ന ചലത്തിനൊപ്പം ഒഴുകുന്ന മിഴിനീർ കണ്ട് അസഹനീയമായ വേദനയിൽ സുധി മുഖംകുനിച്ചു.

'ആറ് വർഷം മുൻപ് കാവിൽ ഞാവൽ പഴം പെറുക്കാൻ കയറിയ അവളുടെ കാലിലൂടെ ഒഴുകി ഇറങ്ങിയ രക്തച്ചാലുകൾ കണ്ട്, പ്രശ്നം പണിക്കർ കാവ് തീണ്ടിയ ജാനകിയെ വിശ്വാസികൾക്ക് മുന്നിൽ അവതരിപ്പിച്ചപ്പോൾ അയാൾപോലും അറിഞ്ഞിട്ടുണ്ടാവില്ല.. താൻ തിരുത്തിയത് ഒരു പെൺകുട്ടിയുടെ ഭാഗധേയമാണെന്ന്..' സുധി ചിന്താഭാരത്തോടെ തലയുയർത്തി.. "സുധി.. കാവിലെ ഭഗവതിയും എനിക്കുനേരെ കണ്ണുകൾ അടച്ചത് എന്തേ..? എവിടെ സ്ത്രീകൾ ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നുവോ അവിടെ അധർമ്മത്തിന്റെ തേർവാഴ്ച തുടങ്ങിക്കഴിഞ്ഞു.. എന്ന് പറഞ്ഞ വേദശാസ്ത്രം എന്തേ മൗനം ആചരിക്കുന്നു..? അതോ പവിത്രത ചോദ്യം ചെയ്യപ്പെട്ട മൈഥിലിയെ പോല ഞാനും..?" വിങ്ങിക്കരയുന്ന ജാനകിയെ നെഞ്ചോട് ചേർത്ത്, അവളുടെ കാതിൽ പതിഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞു.. "ഞാനുണ്ടാവും ജാനകീ.. എന്നും.." നിലാവിൽ ശിലപോലെ നിൽക്കുന്ന അവരെ പാതിരാക്കാറ്റ് ആലിംഗനം ചെയ്ത് കടന്നുപോയി.

ചായക്കടയിലെ പനമ്പായിലെ വിടവിലൂടെ ചന്ദ്രന്റെ നോട്ടം, എതിർവശത്ത് ബൈക്കിലിരുന്നു പാൽക്കാരൻ രാജനോട് സംസാരിക്കുന്ന ആളിനെ വലയം ചെയ്ത് നിന്നു. മാലപ്പടക്കത്തിന് തിരികൊളുത്തിയതു പോലെ ബൈക്ക് അയാളെയുംകൊണ്ട് പാഞ്ഞു പോയതും ചന്ദ്രൻ കൈകൊട്ടി പാൽക്കാരനെ വിളിച്ചു. ചോദ്യം എന്താണെന്ന് ഊഹിച്ച് അയാൾ അവിടെ നിന്നും ഉറക്കെ വിളിച്ചുപറഞ്ഞു. "ആരോഗ്യ കേന്ദ്രത്തിലെ ഡോട്ടറാ.." കാലപ്പഴക്കത്തിന്റെ അവശത ഏറ്റുവാങ്ങിയ കെട്ടിടത്തിനു മുകളിൽ തൂങ്ങിയാടുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രമെന്ന ബോർഡ് നേരെയാക്കി ഉറപ്പിച്ച് ഡോക്ടർ അരുൺ അതിലേക്ക് നോക്കുമ്പോൾ കറുത്തിരുണ്ട പുകപടലങ്ങൾ കാഴ്ചയെ മറച്ചു കടന്നുപോയി. അയാൾ അമ്പരപ്പോടെ അന്തരീഷത്തിലേക്ക് നോക്കിനിന്നു. പണിക്കരുടെ ശ്വാസവ്യതിയാനങ്ങൾ കാതിൽ ശ്രവിച്ച് കൊണ്ട് അരുൺ അയാളോട് ചോദിച്ചു. "ഈ ശ്വാസം മുട്ടൽ തുടങ്ങിയിട്ട് എത്ര കാലമായി..?" മറുപടി പറയാൻ വായ തുറന്ന പണിക്കരെ ഒരു നീളൻ ചുമ കൂട്ടിക്കൊണ്ടുപോയി.. അരുൺ കടലാസിൽ കുത്തി കുറിക്കുന്നതിനിടയിൽ ചുമയെ നിയന്ത്രിച്ച് പണിക്കർ സംസാരിച്ചു. "ജാനകിയുടെ കാവ് തീണ്ടൽ.. അന്നു മുതൽ തുടങ്ങിയതാണ് ഡോട്ടറെ.. ഈ നാടിനും നാട്ടാർക്കും ശനിദശ...!" അരുൺ ആശ്ചര്യത്തോടെ അയാളെ നോക്കി.. അന്തരീക്ഷത്തിൽ പറന്നുയരുന്ന കറുപ്പ് മേഘങ്ങളെ മറയ്ക്കുന്ന കാഴ്ചയിലേക്ക് ഡോക്ടർ മിഴികൾ നട്ടു.

ജാനകിയുടെ തറവാട് മുറ്റത്ത് അങ്ങിങ്ങായി കൂട്ടംകൂടി നിന്നവരുടെ ഇടയിലൂടെ മുഖത്തുനിറഞ്ഞ പ്രസരിപ്പുമായി നടക്കുന്ന ജാനകിയുടെ അച്ഛൻ നാരായണനെ കണ്ട് അടുത്ത വീട്ടിലെ പെണ്ണുങ്ങൾ അടക്കം പറഞ്ഞു.. "നാരായണേട്ടന്റെ മുഖം ഒന്ന് തെളിഞ്ഞു കാണുന്നത് എത്ര വർഷത്തിനു ശേഷമാ.. ആ.. സർപ്പദോഷം കിട്ടിയ കുടുംബത്തിൽ നിന്ന് അവളെങ്കിലും രക്ഷപ്പെട്ടല്ലോ.." കല്യാണ വേഷത്തിലെത്തിയ അനിയത്തി, അടച്ചിട്ട ജാനകിയുടെ മുറി തുറന്ന് കയറിയപ്പോൾ കണ്ടത് മുറിയിൽ പുറം തിരിഞ്ഞ് ജനലിലൂടെ നോക്കുന്ന ജാനകിയെയാണ്. അവളുടെ വിതുമ്പലോടെയുള്ള 'ചേച്ചീ' എന്നുള്ള വിളിയിൽ ജാനകിയുടെ ശരീരം ഞെട്ടിവിറച്ചു. "എന്നെ ശപിക്കരുതേ ചേച്ചീ.." അനിയത്തിയുടെ വാക്കുകളിൽ, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി പെട്ടന്ന് മുഖം തുടച്ച് ജാനകി മന്ദഹാസത്തോടെ മുഖം തിരിച്ചു. "എന്റെ കുട്ടിയെ ഞാൻ ശപിക്കുമോ.. ഈ വേഷത്തിൽ നിന്നെ കാണാൻ പറ്റിയല്ലോ അതുമതിയെനിക്ക്.. മോൾ പൊക്കോ.. അവിടെ എല്ലാവരും നിന്നെ തിരക്കുകയാവും" മുന്നോട്ട് നടന്നു നീങ്ങിയ ജാനകി ഒരു നിമിഷം അവളെ നോക്കിനിന്ന് പെട്ടെന്ന് വാതിൽ കൊട്ടിയടച്ചു. ശബ്ദം ഇല്ലാതെ കരഞ്ഞുകൊണ്ട് നിലത്തേക്ക് ഊർന്നിരുന്നു.

ഉണങ്ങിവരണ്ടു കിടക്കുന്ന വയലിലേക്ക് കണ്ണുംനട്ട് നിൽക്കുന്ന ജാനകിയുടെ മിഴികളിലേക്ക് പാടവരമ്പിലൂടെ നടന്നുവരുന്ന സുധിയുടെ ചിത്രം പതിഞ്ഞു. അവളുടെ മുഖത്ത് സന്തോഷത്തിന്റെയും സങ്കടത്തിന്റെയും വേലിയേറ്റങ്ങൾ അരങ്ങേറി. സുധി ജനൽവാതിലിൽ തട്ടി പതറിയ സ്വരത്തിൽ ജാനകിയെ വിളിച്ചു. അയാളുടെ വിളിക്ക് മറുപടി നൽക്കാതെ അവൾ ഭിത്തിയിൽ നിറഞ്ഞൊഴുകുന്ന മിഴികളുമായി നിന്നു. അസ്വസ്ഥത നിറഞ്ഞ മനസ്സുമായി അയാളുടെ കണ്ണുകൾ മുറിക്കുള്ളിൽ ജാനകിയെ തിരഞ്ഞു. "ജാനകീ.." ഭയം കലർന്ന ശബ്ദത്തിൽ അയാൾ വീണ്ടും വിളിച്ചു. ജനൽഭിത്തിയിൽ ചാരി കരച്ചിൽ അടക്കിപ്പിടിച്ചുനിന്ന ജാനകി പൊട്ടിക്കരച്ചിലോടെ ജനലഴികളിലേക്ക് മുഖം ചേർത്തു. ജനലഴികളിൽ പിടിമുറുക്കിയ ജാനകിയുടെ വിരലുകളിൽ തലോടിക്കൊണ്ട്, സുധി മറുകൈയ്യിലിരുന്ന വാഴയിലയും, പൊതിയും അവൾക്കു നേരെ നീട്ടി, ഇടറിയ സ്വരത്തിൽ പറഞ്ഞു.. "കല്യാണസദ്യയാ.. കഴിക്ക് ജാനകി.." അവൾ നിലത്തേക്കിരുന്ന് വാഴയിലയിൽ പൊതിയിലുണ്ടായിരുന്ന ചോറ് ഇട്ടു. അവളുടെ മിഴിനീര് ചോറിനു മുകളിലേക്ക് ഇറ്റിറ്റ് വീണു. ഒരു ഉരുള വായിലേക്ക് വെയ്ക്കുമ്പോൾ കണ്ണീരിൽ കുതിർന്ന ചിരിയോടെ അവൾ സുധിയെ നോക്കി. അവളുടെ നോട്ടം താങ്ങാനാവാതെ അയാൾ തലകുനിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് ജാനകി അവളുടെ കവിളിലെ വൃണത്തിൽ ചോറുപുരണ്ട കൈകൊണ്ട് ആഞ്ഞ് അടിച്ചു. "ജാനകീ.." അവളുടെ സമനിലതെറ്റിയ പ്രവൃത്തിയിൽ സുധി ആത്മനൊമ്പരത്തോടെ വിളിച്ചു. "ഈ ലോകംതന്നെ നിന്നെ വെറുത്താലും ഞാനുണ്ടാവും നിന്റെ കൂടെ.. എനിക്ക് നിന്നെ വേണം.. എന്റെ കളിക്കൂട്ടുകാരിയെ എനിക്കു വേണം ജാനകി.." അയാളൊരു കുഞ്ഞിനെപോലെ വാവിട്ടു കരഞ്ഞു. 

ഡോക്ടർ അരുൺ തന്റെ മുൻപിൽ ചിന്താഭാരത്തോടെ ഇരിക്കുന്ന സുധിയെ രോഷത്തോടെ നോക്കി. "ഏത് നൂറ്റാണ്ടിലാണ് നിങ്ങളൊക്കെ ഇപ്പോഴും ജീവിക്കുന്നത്? മനുഷ്യൻ ചൊവ്വായിലേക്കും ചന്ദ്രനിലേക്കും ടൂർ പോവുന്ന കാലാമാണിത്. മനുഷ്യനെ ശിക്ഷിക്കുന്ന ദൈവങ്ങൾ ഇല്ലെടോ.. രക്ഷിക്കുന്ന ദൈവങ്ങളേ ഉള്ളൂ.. ദേവിയുടെ മാസമുറ ആചാരപൂർവ്വം ആചരിക്കുന്ന ക്ഷേത്രങ്ങളുള്ള നാടാണ് നമ്മുടെ കൊച്ചു കേരളം." സുധിയുടെ കണ്ണുകൾ നനയുന്നത് കണ്ട് അരുണിന്റെ ക്ഷോഭം അടങ്ങി. അയാൾ സഹതാപത്തോടെ അവനെ നോക്കി. "ഈ ഗ്രാമം അന്ധവിശ്വാസങ്ങളുടെ വിളനിലമാണ്. ഇവിടെ നല്ലതൊന്നും വിരിയില്ല. അല്ലാ.. വിരിയാൻ സമ്മതിക്കില്ല.!" അരുണിന്റെ മനസ്സിൽ പ്രതിഷേധാഗ്നി ആളിപ്പടർന്നു. അയാൾ മുറിക്കു പുറത്ത് തന്നെ കാണാനെത്തിയ നീണ്ട ആൾക്കൂട്ടത്തിലേക്ക് സുധിയെയും കൂട്ടി നടന്നു. വരാന്തയിൽ നിന്ന് നാരായണൻ വീട്ടിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടത്തെ കണ്ട്  അമ്പരന്നു. അയാൾ വെപ്രാളത്തോടെ മുറ്റത്തേക്കിറങ്ങി. മുൻനിരയിൽ വന്ന ഡോക്ടർ, നാരായണന്റെ മുൻപിൽ നിലയുറപ്പിച്ചു. അരുൺ പടച്ചട്ടയണിഞ്ഞ സേനാപതിയായും, അയാൾക്ക് പിന്നിൽ അണിനിരന്ന ജനങ്ങൾ ആയുധങ്ങൾ ഏന്തിയ ഭടൻമാരുമായി നാരായണനു തോന്നി. ജാനകിയെ കാണണമെന്ന ഡോക്ടറുടെ ആവശ്യത്തിനു മുന്നിൽ യാഥാർഥ്യ ബോധത്തിലേക്ക് അയാളിറങ്ങിവന്നു. വിറയലോടെ അവൾ പുറത്തെങ്ങും പോകാറില്ലെന്നും, തങ്ങളും അവളുമായി സമ്പർക്കം ഇല്ലാന്നും പറഞ്ഞു. ഡോക്ടർ ചിരിച്ചുകൊണ്ട് തറവാടിനുള്ളിലേക്ക് നടന്നു. 

ഭയവിഹ്വലയായി നിൽക്കുന്ന ജാനകിയുടെ മിഴികളിൽ നിഴലിട്ട ദയനീയത അരുണിനെ ചുട്ടുപൊള്ളിച്ചു. ഗ്രാമവാസികളുടെ നിഷ്കളങ്കതയ്ക്ക് അവർ നൽകിയ വില,  ഈ പെൺകുട്ടിയുടെ സ്വപ്നങ്ങളും സ്വാതന്ത്ര്യവുമായിരുന്നു. അവന്റെയുള്ളിൽ നുരഞ്ഞ് പൊന്തിയ അമർഷത്തെ ഉള്ളിലൊതുക്കി അവൻ അവൾക്കുനേരെ മൃദുമന്ദഹാസം ചൊരിഞ്ഞു. ജാനകിയെ ചേർത്തുപിടിച്ചു കൊണ്ട് പൂമുഖത്തേക്കിറങ്ങി വരുന്ന ഡോക്ടറിനെകണ്ട് മിഴിഞ്ഞകണ്ണുകളുമായി ആൾക്കൂട്ടം അവരെ എതിരേറ്റു. നിശബ്ദമായ അന്തരീക്ഷത്തിൽ അവരുടെ ഹൃദയതാളം നേർത്തശബ്ദമായി നിന്നു. മിന്നിമറയുന്ന മുഖഭാവങ്ങളിൽ നോക്കി ഡോക്ടർ ജാനകിയുടെ കവിളിൽ കൈവിരലുകൾക്കൊണ്ട് മെല്ലെ തഴുകി. "ഇത് സർപ്പദോഷമല്ലാ..! ജാനകി കാവ് തീണ്ടിയതുകൊണ്ട് ഉണ്ടായതല്ലാ ഈ രോഗം.." ശ്വാസം നിലച്ചുനിന്ന  ജനക്കൂട്ടത്തിനു നേരെ നോക്കി, അയാളുടെ സിംഹഗർജ്ജനം തുടർന്നു. "നിങ്ങളുടെ നിഷ്കളങ്കതയെ മുതലാക്കി, നിങ്ങളുടെ വിശ്വാസത്തെ കൈയ്യിലെടുത്ത, ഇവിടെ പ്രവർത്തിക്കുന്ന ബിറ്റുമിൻ പ്ലാന്റിന്റെ മുതലാളിമാരാണ് ഈ നാട്ടിൽ രോഗം പകർത്തുന്നത്..! അവിടെനിന്നും ഉയരുന്ന വിഷപ്പുകയാണ് നിങ്ങളിൽ പടരുന്ന പല രോഗങ്ങൾക്കും കാരണം."

അവിശ്വാസത്തോടെ പരസ്പരം നോക്കുന്ന ഭഗവതിക്കാവ് നിവാസികളെ നോക്കി അരുൺ വീണ്ടും സംസാരിച്ചു. "ധർമ്മോ ജയതി നാ ധർമ്മ: സത്യം ജയതി നാ ന്യതം ക്ഷമാ ജയതി ന: ക്രോധാ വിഷ്ണൂർജ്ജയതി നാ സുര:" "ധർമ്മത്തെ സംരക്ഷിക്കേണ്ട നിങ്ങൾ അധർമ്മത്തിന്റെ കാവൽക്കാരായിമാറി.." ജാനകിയെ ചേർത്തുപിടിച്ചുകൊണ്ട് അയാൾ ജനങ്ങൾക്ക് നേരെ വിരൽചൂണ്ടി അട്ടഹാസം മുഴക്കി. "ഇവൾക്ക് നീതിനിഷേധിച്ചത് നിങ്ങൾ ഓരോരുത്തരുമാണ്. ഇന്ന് നീതി നേടിക്കൊടുക്കുന്നതും നിങ്ങളാവണം. ആ പ്ലാന്റ് ഒരു കാളിയ സർപ്പമാണ്.. അതിന്റെ വിഷം ശ്വസിച്ച് ജീവിച്ചു മരിക്കണോന്ന് നിങ്ങൾക്ക് തീരുമാനിക്കാം." ഭഗവതിക്കാവിലെ നൈർമല്യ മനസ്സുകൾ നിമിഷനേരംകൊണ്ട് രാക്ഷസരൂപം പ്രാപിച്ചു. കൈയ്യിൽ തടഞ്ഞ കല്ലും, കുറുവടികളുമായി ജനങ്ങൾ ആർത്തിരമ്പുന്ന തിരമാലപോലെ പ്ലാന്റിലേക്ക് പാഞ്ഞുകയറി..! കാവിലെ കൽവിളക്കിൽ തിരിതെളിയിക്കുമ്പോഴും ജാനകിയുടെ മിഴികൾ ഡോക്ടറിനെ തിരയുകയായിരുന്നു. അരുണിനെ തിരക്കിപോയ സുധി ഓടിക്കിതച്ച് അവളുടെ അരികിലെത്തി. "ഭഗവതിക്കാവ് മുഴുവൻ നോക്കി ജാനകി.. ഡോക്ടറെ കാണുന്നില്ല..!" അവർ അമ്പരപ്പോടെ ഭഗവതി വിഗ്രഹത്തിലേക്ക് നോക്കി. ഭഗവതിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നതായി അവർക്ക് തോന്നി..

Content Summary: Malayalam Short Story ' Bhagavathikkavu ' written by Prasad Mannil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com