കാലവർഷം 2020 ജൂൺ, ജൂലൈ മാസക്കാലം, ചാറ്റൽ മഴ, കട്ടൻ ചായ, ശുദ്ധ സംഗീതം.. ഇതൊക്കെ പ്രശ്നം ആണ് സാറേ എന്നും മനസ്സിൽ കരുതി മേൽ പറഞ്ഞ അതേ കട്ടൻ ചായ മോന്തുന്ന സായം സന്ധ്യയിൽ ആണ് മനു ഏട്ടൻ എന്നെയും തിരക്കി വീട്ടിൽ വരുന്നത്. കൊറോണ കാലത്തെ സുഖ വിവര അന്വേഷണത്തിനും, മറ്റു ചില കുശലാന്വേഷണത്തിനും ശേഷം മനു ഏട്ടൻ ചോദിച്ചു 'എടാ മോനെ ഈ ഫേസ്ബുക്കിലും, ഇന്‍സ്റ്റാഗ്രാമിലും, വാട്സാപ്പിലും ഒക്കെ ഒരാൾ ഇടുന്ന ഫോട്ടോയുടെ ആയുസ്സു എത്രയാണ്?' അൽപം ഒന്ന് ശങ്കിച്ചു കൊണ്ട് ഞാൻ ചോദിച്ചു 'അതെന്താ മനു ഏട്ടാ അങ്ങനെ ചോദിക്കാൻ?' കേട്ട പാതി കേൾക്കാത്ത പാതി മനു ഏട്ടൻ പറഞ്ഞു ‘നീ പറ, നീ അല്ലെ വല്യ ഐടിക്കാരൻ.' ഒരൽപം നിന്നുകൊണ്ട് ഞാൻ എന്റെ മൗനം ഭജിച്ചു.. 'അതിപ്പോ മനു ഏട്ടാ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഒക്കെ ഉള്ള കാലത്തോളം അതിങ്ങനെ അവിടെയും ഇവിടെയും ഒക്കെ വിരിഞ്ഞു നിൽക്കും.' കുറച്ചു നേരത്തെ മൗനത്തിനു ശേഷം മനു ഏട്ടൻ ചോദിച്ചു ‘ഇടയ്ക്കു വാടുമെങ്കിലും കരിഞ്ഞു പോകില്ല അല്ലെ?’ ഞാൻ പറഞ്ഞു ഇല്ല. നേരത്തെ പറഞ്ഞ കട്ടൻ ചായ സ്നേഹപൂർവ്വം നിരസിച്ചു കൊണ്ട് മനു ഏട്ടൻ പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മ ചോദിച്ചു അതെന്തിനാടാ വടക്കേലെ മനു വന്നത്? പാവം കൊറോണ ആയതു കൊണ്ട് പണി ഒന്നും ഇല്ല എന്ന് മീൻകാരൻ മൊയ്‌ദീൻ പറയുന്നത് കേട്ടു. വന്ന കാര്യം ഉമ്മയോട് പറഞ്ഞപ്പോൾ ഉമ്മ ചോദിച്ചു ഒരു മൊബൈൽ പോലും ഇല്ലാത്ത അവൻ ഇപ്പൊ എന്തിനാ ഫേസ്ബുക്കിനെ പറ്റിയും വാട്‌സാപ്പിനെ പറ്റിയും ഇന്റർനെറ്റിനെ പറ്റിയും ഒക്കെ ചോദിക്കുന്നെ? നീ അത് അവനോടു ചോദിച്ചില്ലേ? ഉമ്മയുടെ ആ ചോദ്യം എനിക്ക് മുഖമടച്ചുള്ള ഒരു അടി ആയിരുന്നു. ശരിയാണ് ഞാൻ അത് ചോദിക്കണമായിരുന്നു.
ഇനി മനു ഏട്ടനെ പറ്റി പറയാം, വടക്കേലെ മനോജ്, മനു, മനു ഏട്ടൻ എന്നിങ്ങനെ ഒക്കെ നാട്ടിൽ അറിയപ്പെടും. മുക്കുവൻ ആണ്. കടലമ്മയോടു സ്നേഹത്തോടെ നിധി ചോദിച്ചു വാങ്ങി നാട്ടിലെ ഏജന്റ് ആയ നാസറിന് വിറ്റു ജീവിതം പുലർത്തുന്ന ഒരു പാവം മധ്യ വയസ്കൻ. കൊറോണ എന്ന മഹാവ്യാധി എല്ലാവിധത്തിലും മനു ഏട്ടനേയും കുടുംബത്തെയും ഉപദ്രവിച്ചിരുന്നു, ഇതിലുപരി ഒരു നല്ല കമ്മ്യൂണിസ്റ്റുകാരൻ കൂടി ആണ്. “പഴയകാല കമ്മ്യൂണിസ്റ്റുകാരൻ” എ.കെ.ജിയെയും, ഇ.എം.എസിനെയും, നയനാരെയും ഒക്കെ പറയുമ്പോൾ ആ കണ്ണിലെ തീ ഞാൻ പല തവണ കണ്ടതാണ്. ശരി ആണല്ലോ ഇവിടം വരെ എന്നെയും തിരക്കി വന്നു ഇതിനെപ്പറ്റി ഒക്കെ അന്വേഷിക്കാൻ എന്തായിരിക്കും കാരണം, തക്കതായ കാരണം ഇല്ലാതെ മനു ഏട്ടൻ.. മനസ്സ് അസ്വസ്ഥമായി. ചുരുക്കി പറഞ്ഞാൽ ‘ആകെ എടങ്ങേറ് ആയി.’ സന്ധ്യ ആവാൻ നേരം മനു ഏട്ടനെയും തിരക്കി ഞാൻ ഇറങ്ങി, സ്ഥിരം കാണാൻ ഇടയുള്ള സ്ഥലങ്ങൾ ആയ വായനശാല, പാർട്ടി ഓഫീസ്, കമാനം, മടിയൻ മുക്ക് ഒക്കെ തിരഞ്ഞു എവിടെയും കണ്ടില്ല. നടന്നു നടന്നു കടപ്പുറം എത്തി മനു ഏട്ടൻ സ്ഥിരം ആയി തോണി കയറ്റി വയ്ക്കുന്ന വഞ്ചിപ്പുര എത്തി. ദാ ഇരിക്കുന്നു പണ്ട് പരീക്കുട്ടി ഇരുന്ന പോലെ ബീഡിയും വലിച്ചു കൊണ്ട് നമ്മളെ എടങ്ങേറിൽ ആക്കിയ പഹയൻ. ‘എന്താണ് കോയ’ എന്ന പതിവ് സലാം ഇട്ട് അടുത്ത് പോയി ഇരുന്നു. കുറച്ചു സമയം മൗനം. ഞാൻ മനു ഏട്ടനെ പോലെ കടലമ്മയെ നോക്കി മണപ്പുറത്തു ഇരുന്നു.
മൗനം അവസാനിപ്പിച്ചു കൊണ്ട് ഞാൻ തന്നെ ചോദിച്ചു 'എന്തേ മനു ഏട്ടാ നേരത്തെ അങ്ങിനെ ഒക്കെ ചോദിയ്ക്കാൻ?' വീണ്ടും മൗനം. ഇച്ചിരി നേരത്തെ നീണ്ട മൗനം. ശേഷം മനു ഏട്ടൻ 'ഒന്നും ഇല്ലെടാ പല സംഘടനക്കാരും, പാർട്ടിക്കാരും, ക്ലബുകാരും ഒക്കെ ആളും ആരവുമായി തരുന്ന സ്മാർട്ഫോൺ മോൾക്കു വാങ്ങി കൊടു ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ വേണ്ടി ആണ്. അവൾ ഇപ്പോൾ ഒമ്പതാം ക്ലാസിൽ ആണേ. അടുത്ത വർഷം എസ്.എസ്.എൽ.സി. അല്ലെ.. നന്നായി പഠിക്കും, ഇപ്പോൾ എല്ലാം ഓൺലൈനിൽ ആണലോ, ഇച്ചിരി ബുദ്ധിമുട്ടുന്നുണ്ട് അവൾ മറ്റുള്ളവരുടെ കൂടെ എത്താൻ. ഈ നാശം പിടിച്ച കൊറോണ ആയിപ്പോയി അല്ലേൽ ഞാൻ എന്റെ പൊന്നിന് മുന്തിയത് ഒരെണ്ണം വാങ്ങി കൊടുത്തേനെ. ഈ പറഞ്ഞവരൊക്കെ തരുമ്പോൾ സെൽഫി എടുക്കും, അവരവരുടെ ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, വാട്സാപ്പ് ഗ്രൂപ്പിലും ഒക്കെ ഇടും പോലും. ഒരായിരം പേര് എന്റെ ഗതികേട് കാണില്ലെടോ.. എന്റെ ഗതികേട് മറ്റുള്ളവർക്ക് സ്റ്റാറ്റസും സ്റ്റോറിയും..' എഴുന്നേൽക്കുന്നതിനു ഇടയിൽ അവസാനത്തെ പുക ആഞ്ഞു വലിച്ചു കൊണ്ട് അയാൾ പറഞ്ഞു, അവൾ പഠിച്ചു നാളെ നല്ല നിലയിൽ എത്തിയാലും ദാനം കിട്ടിയ ചരിത്രം ഇന്റർനെറ്റ് മറക്കില്ല.. ഇന്നത്തെ ഉപകാരം നാളെ ഉപദ്രവം ആവില്ലേ..? അവള് മിടുക്കിയാ, പഠിച്ചു നല്ല നിലയിൽ എത്തും എന്ന് എനിക്കുറപ്പുണ്ട്. ഈ നാശം പിടിച്ച കൊറോണ കാലം ഒന്ന് കഴിഞ്ഞോട്ടെ എന്റെ പൊന്നിന് മുന്തിയ ഒരെണ്ണം ഞാൻ വാങ്ങി കൊടുക്കുന്നുണ്ട്.'
മനു ഏട്ടന്റെ അവസാന വരികൾ തള്ളിയിട്ടത് ഒരു വലിയ മൗനത്തിലേക്കു ആണ്. തിരികെ വീട്ടിലേക്കു നടക്കുമ്പോൾ മനസ്സിൽ കൂടുതൽ വ്യക്തതയോടെ കാര്യങ്ങൾ തെളിഞ്ഞു വന്നു. മനു ഏട്ടന്റെ മകൾ ഒമ്പതാം ക്ലാസ്സിലാണ്, ഓൺലൈൻ വിദ്യാഭ്യാസ രീതി സാരമായി ആ കുട്ടിയെ ബാധിച്ചിട്ടുണ്ട്. കൊറോണ വരുത്തിയ സാമ്പത്തിക പ്രതിസന്ധി കാരണം വേണ്ട സൗകര്യം ഒരുക്കി കൊടുക്കാൻ മനു ഏട്ടനെ കൊണ്ട് പറ്റുന്നില്ല. പല സന്നദ്ധ സംഘടനകളും, പാർട്ടിക്കാരും, ക്ലബ്ബുകാരും ഒരു സ്മാർട്ഫോൺ സംഭാവന നൽകാൻ തയാറാണ്, ഇവരൊക്കെ മറ്റു പലർക്കും കൊടുത്തിട്ടും ഉണ്ട്. പക്ഷെ അവർ സെൽഫി എടുക്കും, ഫേസ്ബുക്കിലും, വാട്സാപ്പിലും ഇട്ടു അത് പരസ്യമാക്കും, മനു ഏട്ടനെ പോലെ ഉള്ള ഒരു പഴയ കാല കമ്മ്യൂണിസ്റ്റുകാരന്റെ ആത്മാഭിമാനത്തിനു കോട്ടം തട്ടാൻ വേറെ എന്തു വേണം, ഈ ആത്മാഭിമാനം എന്നുള്ളത് സമൂഹത്തിലെ ഒരു വിഭാഗം ആളുകൾക്ക് മാത്രം ഉള്ളതല്ലല്ലോ.. എന്തൊരു ഗതികേട് ആണേ.. “വലം കൈ ചെയ്യുന്ന ദാനം ഇടം കൈ അറിയാൻ പാടില്ല” എന്ന് മുപ്പത്തി മുക്കോടി ദൈവങ്ങളും മനുഷ്യ രാശിയോട് പറഞ്ഞിട്ടുണ്ട് എങ്കിലും ജാതി, മത, വർഗ ഭേദമന്യേ സോഷ്യൽ മീഡിയ ആണ് ഇന്ന് ട്രെൻഡ് മറ്റൊന്നും അല്ല. ഏതായാലും മനു ഏട്ടന്റെ മോൾക്കു സ്മാർട്ട് ഫോൺ കിട്ടാതെ ഒന്നും ആയിട്ടില്ല, അവൾ ഇപ്പോഴും നല്ല മിടുക്കി ആയി പഠിച്ചു കൊണ്ടിരിക്കുന്നു..
Content Summary: Malayalam Short Story ' Kollunna Social Media ' written by Jubair Thacharackal