ADVERTISEMENT

തിരുവനന്തപുരം മെഡിക്കൽ കോളേജ്, മൂന്നാം നില, ആറാം വാർഡ്.. ബെഡിൽ കിടന്നു ഫാൻ കറങ്ങുന്ന കാഴ്ച കാണുകയാണ്.. ആര്? ഈ ഞാൻ തന്നെ.. ഡെങ്കി പനിയാണ് എനിക്ക്. നല്ല ക്ഷീണം ഉണ്ട്‌. മേല് വേദനയും. എനിക്ക് വരാത്തതായി യാതൊരുവിധ പനിയും ഇല്ല. ഏകദേശം എല്ലാ പനിയും വന്നിട്ടുണ്ട്. നിപ്പയും പന്നി പനിയും വന്നിട്ടില്ല. ബാക്കിയെല്ലാം ഈ ശരീരത്തിലൂടെ കയറി ഇറങ്ങി പോയിട്ടുണ്ട്. എല്ലാ പനിക്കും ചുമയും മേല് വേദനയും ശരീരവേദനയും വയറിളക്കവും തലച്ചുറ്റലും ഒക്കെ ഇണ്ട്.. എല്ലാം ഒന്നുതന്നെയാണ്. ഞാൻ നന്നായി ക്ഷീണിച്ചിട്ടുണ്ട്. കൂടേ അമ്മയും അച്ഛനും ഉണ്ട്. അമ്മ എന്നോടൊപ്പം കിടക്കയിലും അച്ഛൻ തറയിലും കിടക്കും. വെളുപ്പാൻ കാലം ആയാൽ നഴ്സുമാർ എത്തും. എന്റെ കൈയ്യിൽ നിന്ന് നാലു സിറിഞ്ച് ബ്ലഡ്‌ കൊണ്ടുപോകും. വിവിധ ടെസ്റ്റുകൾക്കായി. കുത്തി കുത്തി എന്റെ ശരീരത്തിൽ കുത്താൻ ഇടമില്ല. രണ്ടു കൈയ്യിലും ഇതിന്റെ മാത്രമായി പ്രത്യേകം വേദന വേറെ ഉണ്ട്. ഈ കുത്തലിൽ മാത്രം ഞാൻ പ്രത്യേകം പരുവമായി. നഴ്സ്, ഡോക്ടർസ്, ക്ലീനേഴ്സ് അങ്ങനെ എല്ലാരും രാവിലെ വന്നുപോയി. ഓരോ ദിവസം ഞാനും അച്ഛനും അമ്മയും കഴിച്ചു കൂട്ടുകയാണ്, വീട്ടിലേക്കു പോകാൻ.

അടുത്ത കിടക്കകളിലായി രോഗികൾ വന്നുപോകുന്നുണ്ട്. വന്നവരും പോകുന്നവരും ഒക്കെ സ്നേഹസഹകരണം ഉള്ളവരാണ്. എല്ലാവർക്കും അവരുടേതായ രോഗവും പ്രശ്നങ്ങളും. ഈ രോഗത്തിന് വിവേചനം ഇല്ല, പണമുള്ളവനെന്നോ പാവപ്പെട്ടവനെന്നോ എന്നില്ല, ജാതിയും മതവും ഇല്ല. പുള്ളി അക്കാര്യത്തിൽ മിടുക്കൻ ആണ്. എല്ലാവരെയും തുല്യമായി കാണുന്നുണ്ട്. എന്റെ മറുവശത്തുള്ള കിടക്കയിൽ ഒരു പാവം എന്റെ അച്ഛനെക്കാളും പ്രായമുള്ള മനുഷ്യൻ കിടപ്പുണ്ട്. അവശനാണ് അദ്ദേഹം, എന്നിരുന്നാലും സന്തോഷവാനാണ്. കാരണം അദ്ദേഹത്തിന് ചുറ്റും കുടുംബം തന്നെ ഉണ്ട്. ഭാര്യ, മകൾ, മകൻ എല്ലാരും തന്നെ.. ഭാര്യയ്ക്ക് സംസാരിക്കാൻ കഴിയില്ല. ജന്മനാ അങ്ങനെ ആണെന്നാണ് അമ്മയോട് പറഞ്ഞത്. ആ വാർഡിലെ എല്ലാ കാര്യവും അമ്മ അറിയാറുണ്ട്. പെണ്ണുങ്ങൾ അങ്ങനെ ആണല്ലോ എല്ലാം അപ്പോൾ തന്നെ അറിയും. ആ ബെഡിൽ അവർ നാലു പേരും സന്തുഷ്ടരാണ്. ആ അച്ഛന്റെ രോഗം എന്താണ് എന്ന് ചോദിച്ചാൽ ഇപ്പോൾ ഓർമയില്ല. പ്രായമായതിന്റെ ശരീരവിഷമം ആണെന്ന് തോന്നുന്നു.. ആ അച്ഛൻ പതിയെ ശരിയായി വരുന്നു. അദ്ദേഹത്തെ കുളിപ്പിക്കുന്നതും കക്കൂസിൽ കൊണ്ടുപോകുന്നതും ഒക്കെ ആ ബെഡിന് ചുറ്റും ഒരു മറ കെട്ടി വെച്ചാണ്.

ഞങ്ങൾ അവരുമായി പതിയെ അടുത്തു. അമ്മ ആണ് ഏറെ അടുത്തത്. ചെറിയ വിശേഷം ചോദിപ്പും കൊടുക്കൽ വാങ്ങലും ഒക്കെ ആയി അവരുമായി അടുത്തു. എന്നേ സംബന്ധിച്ചിടത്തോളം ഞാൻ ബെഡിൽ തന്നെ ആണ്. ഞാൻ പതിയെ ശരിയാകുന്നു. വീട്ടിൽ പോകുന്ന പരുവം ആയിവരുന്നു. അങ്ങനെ ഇരിക്കെ വൈകുന്നേരം ആ ബെഡിൽ ചേച്ചി, ചേച്ചി എന്ന് വച്ചാൽ ആ അച്ഛന്റെ മകൾ, അമ്മയോട് നാളെ വൈകുന്നേരത്തോട് കൂടി പോകുവാണ് എന്ന് വിവരം ബോധിപ്പിച്ചു. അമ്മക്ക് ചെറിയ വിഷമം ഇല്ലായ്കയില്ല. ഒരു നഴ്സ് രാവിലെ കൂടി വന്നു. പതിവുപോലെ എന്റെ കൈയ്യിൽ നിന്നും കുത്തി ബ്ലഡ്‌ കൊണ്ട് പോയി. നേരത്തെ പറഞ്ഞപോലെ അസ്സഹനീയമായ വേദനയാണ്. സിറിഞ്ച് എനിക്കിഷ്ടമല്ല. അതുണ്ടാക്കുന്ന വേദനയാണ് അതിനുകാരണം. ചിലപ്പോൾ ഞാൻ കരയാറുണ്ട് കുട്ടികളെപ്പോലെ. എത്ര മുതിർന്നാലും ആ വേദന എനിക്കിഷ്ടമല്ല. ഞാൻ കിടക്കുന്നു. അച്ഛനും അമ്മയും എന്റെ രണ്ടറ്റതായി ഇരുന്നു ആരുടെ ഒക്കെയോ നുണ പറയുകയാണ്. പറയുന്നത് അമ്മയും കേൾവിക്കാരൻ അച്ഛനും ആണ്.

അപ്പുറത്തെ ബെഡിൽ ഇന്ന് വീട്ടിൽ പോകുന്നതിന്റെ സന്തോഷത്തിൽ ആണ് അച്ഛനും കുടുംബവും. പതിവുപോലെ അവർ അച്ഛനെ വൃത്തിയാക്കി സുന്ദരനാക്കി. അദ്ദേഹത്തെ കാണാൻ സുന്ദരൻ ആണ് പതിവിലും. അതിലേറെ സന്തോഷവാനും ആണ്. ഇത് ബെഡിൽ കിടന്നു കാണുമ്പോൾ എന്റെ മനസ്സിൽ പതിവില്ലാത്ത മോശം ചിന്ത മനസ്സിൽ കടന്ന് കൂടി. ആ അച്ഛൻ ഇന്ന് മരിക്കും. അതെ ആ അച്ഛൻ ഇന്ന് മരിക്കും. ഛെ, ഞാൻ എന്തൊരു പയ്യനാണ്. എന്തൊരു മോശം ചിന്തയാണ്. അല്ല എന്താണ് ഞാൻ ചിന്തിക്കുന്നത്. എനിക്കു എന്നോട് തന്നെ വെറുപ്പ്‌ തോന്നി. ഞാൻ പതിയെ കണ്ണടച്ച് കിടക്കാൻ ശ്രമിച്ചു. എനിക്കതിനു കഴിയുന്നില്ല. അതെ അയാൾ ഇന്ന് മരിക്കും.. എത്ര ശ്രമിച്ചിട്ടും എന്റെ മനസ് അത് പറഞ്ഞു കൊണ്ടിരുന്നു. ഞാൻ അതെ ചിന്തയോടു കൂടി തന്നെ ആ അച്ഛനെ നോക്കി. അയാൾ കട്ടിലിൽ ഇരിക്കുവാണ്. രാവിലത്തെ കഴിപ്പ് കഴിഞ്ഞു അച്ഛനെ വൃത്തിയാക്കുവാണ് ചേച്ചി. എല്ലാം കഴിഞ്ഞു പതിയെ അച്ഛൻ ബെഡിൽ തല ചായിച്ചു. ആ അച്ഛൻ എന്നേ നോക്കി ഒന്ന് ചിരിച്ചു. ഞാനും ചിരിച്ചു.. നിങ്ങൾ ഇന്ന് മരിക്കാൻ പോകുവാണ് എന്ന് എനിക്ക് പറയണം എന്നുണ്ട്. പക്ഷെ ഞാൻ ആരോട് പറയാൻ. ഞാൻ എന്തിന് ഇങ്ങനെ ഇത്രയും മോശമായി ചിന്തിക്കണം. എനിക്ക് തന്നെ അറിയില്ല. ആ ചിന്തകൾക്കും അപ്പുറം ഞാൻ അദ്ദേഹം മരിക്കുന്നതും കാത്തു കട്ടിലിൽ കിടക്കുവാണ്. നല്ല മയക്കത്തിലായി അച്ഛൻ. ഞാൻ അദ്ദേഹത്തിന്റെ മരണം പ്രതീക്ഷിച്ചു എന്റെ ബെഡിൽ അദ്ദേഹത്തെ നോക്കി കിടക്കുവാണ്. എന്റെ മനസ്സിൽ അപ്പോഴും വേറെ ചിന്തയില്ല. ആ അച്ഛന്റെ മരണം മാത്രമാണ് ചിന്ത.

മരണം ആ അച്ഛനിലേക്ക് അടുത്തുകൊണ്ടിരിക്കുവാണ്.. ഇനി ഏതു നിമിഷവും മരണപ്പെട്ടേക്കാം ആ അച്ഛൻ. സുഖമായി മുഖത്തു സന്തോഷത്തോടു കൂടി തന്നെ ഉറങ്ങുവാണ്. പെട്ടെന്ന്.. വളരെ പെട്ടെന്ന് കൈ മുകളിലേക്കു പൊക്കി ഒരു വലിയ  ശ്വാസം ആ അച്ഛൻ എടുത്തു. മരണം. മരിച്ചു കഴിഞ്ഞു. മരിച്ചു കഴിഞ്ഞിരിക്കുന്നു ആ അച്ഛൻ. മുകളിലേക്കു ഉയർത്തിയ കൈ പതുക്കെ നെഞ്ചിലേക്ക് വന്നു വീണു. ഞാൻ ആ മരണം കണ്ടു. രാവിലെ മുതൽ എന്തിനോ വേണ്ടി കാത്തിരുന്ന ആ മരണം കഴിഞ്ഞു. ഞാൻ ആ നിമിഷം വരെ ഒരു മരണവീട്ടിലും പോയിട്ടില്ല. മരണ വാർത്തകൾ കേൾക്കാൻ കൂടി ആഗ്രഹിച്ചിരുന്നില്ല. എന്നിട്ടും ഞാൻ ആ മരണത്തിനു വേണ്ടി കാത്തിരുന്നു. അതിന്റെ ഉത്തരം എനിക്കറിയില്ല. എന്തിന് ചിന്തിപ്പിച്ചു എന്തിന് വേണ്ടി എന്നേ ഒരു മരണത്തിനുവേണ്ടി കാത്തിരിപ്പിച്ചു എന്ന് ദൈവത്തിനു മാത്രമേ അറിയൂ. അല്ലാതെ എനിക്കറിയില്ല. ആ മരണത്തിനു ശേഷം ഞാൻ ആ ജഡത്തെ നോക്കി ബെഡിൽ കിടന്നു.. എന്റെ മനസ് ശൂന്യമാണ്. എന്ത് പറയണം ചെയ്യണം എന്നറിയില്ല. ആരേലും അയാളെ വിളിച്ചാൽ മാത്രമേ ആ മരണ വിവരം പുറത്തറിയുള്ളു. അല്ലാതെ അറിയില്ല. ആരേലും വിളിക്കാൻ വേണ്ടി ഞാൻ കാത്തിരുന്നു.

അയാളുടെ സംസാരിക്കാൻ കഴിയാത്ത ഭാര്യയോട് ആ അച്ഛനെ ചൂണ്ടി എന്തോ പറയാൻ ശ്രമിച്ചു. അപ്പോഴേക്കും ആ അമ്മ ആംഗ്യ ഭാഷയിൽ ഉറങ്ങുവാണ് എന്ന് പറഞ്ഞു. അതെ ആ മനുഷ്യൻ ഉറങ്ങുവാണ്. ഞാൻ അച്ഛനോടും അമ്മയോടും പറയാൻ ഭാവിച്ചു അങ്ങോട്ടേക്ക് വീണ്ടും കൈ ചൂണ്ടി. ആ അച്ഛൻ ഉറങ്ങുവാട മോനെ എന്ന് പറഞ്ഞു അമ്മ എന്നോട്. ആ അച്ഛൻ ഉറങ്ങുവാണ്. നല്ല ഉറക്കത്തിൽ. വേദന ഒന്നും ഇല്ലാത്ത നല്ല രീതിയിൽ ഉള്ള സുന്ദരമായ മരണം.. ആ മരണം ഞാൻ കണ്ടു.. ആ മരണത്തിനു ഒരുപാട് ഭംഗിയുണ്ടായിരുന്നു. തന്റെ വേണ്ടപ്പെട്ടവർ എല്ലാരും കൂടേ ഉണ്ടായിരുന്നു. നല്ലത് പോലെ നോക്കി. യാതൊരു വേദനയും തിന്നാതെ തന്നെ ഉറക്കത്തിൽ ആരോടും പറയാതെ തന്നെ ചിരിച്ചു കൊണ്ട് ബഹളം ഉണ്ടാക്കാതെ അദ്ദേഹം മരിച്ചു. ആ അച്ഛൻ, അയാളുടെ അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കിയിരിക്കണം. അതാകും അദ്ദേഹത്തിന്റെ മക്കൾ അയാളെയും പൊന്നുപോലെ നോക്കിയത്. അതെ അതൊരു കൊടുക്കൽ വാങ്ങലാണ്. നമ്മൾ നമ്മുടെ അച്ഛനമ്മമാരെ എങ്ങനെ നോക്കുന്നുവോ അതുപോലെ നമ്മുടെ മക്കളും നമ്മളെ പൊന്നുപോലെ നോക്കും. 

ചേച്ചി, മകൾ ആ അച്ഛനെ പതിയെ വിളിച്ചു.. അച്ഛൻ ഉണരുന്നില്ല. എല്ലാരും വിളിച്ച്.. ഉണരുന്നില്ല. എന്ത് ചെയ്യണം എന്നറിയാതെ അവിടെ ഒരുപാട് നിലവിളി ശബ്ദം ഉയർന്നു. എവിടെ നിന്നോ ജൂനിയർ ഡോക്ടർ ഓടിവന്നു. കഴുത്തിൽ കൈ വച്ചു നോക്കി. അനക്കമില്ല. പ്രതീക്ഷ ഇല്ല എന്ന് നഴ്സിനോട് പറഞ്ഞത് ഞാൻ കണ്ടു. ആ പ്രതീക്ഷയില്ലായ്മയിൽ അവിടെ അച്ഛാ എന്നുള്ള വിളി ഉയർന്നു കേട്ട് കൊണ്ടിരുന്നു. അവരെ സമാധാനിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല.. ചിലപ്പോൾ ആ അച്ഛൻ അവർക്ക് നൽകിയിട്ടുള്ളത് അത്രയ്ക്ക് മനോഹരം ആകാം ജീവിതത്തിൽ. അവരെ സമാധാനിപ്പിക്കാൻ എന്നോണം ആ ബോഡി ഐസിയുവിലേക്കു മാറ്റുകയാണ് എന്ന് മുതിർന്ന നഴ്സ് പറഞ്ഞു. അദ്ദേഹത്തെ അങ്ങോട്ടേക്ക് കൊണ്ടുപോകുമ്പോൾ ആ കുടുംബം എന്തോ പ്രതീക്ഷിച്ചു പുറകെ പോയി. ആ ഒഴിഞ്ഞ ബെഡ് നോക്കി ഞാൻ വീണ്ടും കിടന്നു. മയക്കത്തിലേക്കു ഞാൻ കണ്ണടച്ചു.

Content Summary: Malayalam Short Story ' Maranam ' written by Aaromalunni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com