അനന്തമീയാത്ര അലയുമീ തുരുത്തിൽ
അവിഘ്നം അനുസൂയമീയാത്ര.
ശാന്തി മന്ത്രാക്ഷരങ്ങളിൽ അഭയമീ
യാത്രയെൻ മാന്ത്രികത്തേരിൽ.
സാരഥിയായിടും അശ്വത്തിൻ മുന്നെ
പറക്കും അനന്തവിഹായസിൽ.
അശാന്തി പരക്കുമീമണ്ണിൽ അഗ്നിയാളും
പകയിൽ വെന്തു വെണ്ണിറായിടും.
സർവ ചരാചരങ്ങളും ധരിത്രിയും
ധ്വരയാളും അക്ഷികൾ തെളിക്കും.
നിറങ്ങളിൽ അസുര താളങ്ങളലിയും
ചടുലതയില്ലാ ചുടലനൃത്തച്ചുവടുകൾ.
യാഗ ഹോമാദി കർമ്മങ്ങളിലുയരും
ധൂമങ്ങൾ പരത്തും പകയുടെ ഗന്ധത്തി
ലുന്മാദരായിടും ആർത്തി പിശാചുക്കൾ
മർത്യരെ കൂട്ടമായെരിക്കും
വീര്യ പാനീയ സേവയിൽ.
കരിനാഗമിഴയുമീ ശവപറമ്പിൽ
ശവനാറി പൂവിൻ ഗന്ധം പരക്കും
പാതിരാവിൽ
വേട്ടയ്ക്കിറങ്ങും കിങ്കരന്മാർ വേട്ടയാടും
കൗമാര സ്വപ്നങ്ങൾ പിടയുമാകിരാത
ഹസ്തങ്ങളിലമർന്ന് മറയു യവനികയിൽ.
അശാന്തി പരക്കുമീമണ്ണിൽ ശാന്തി
മന്ത്രാക്ഷരങ്ങളിൽ ജ്വലിക്കുമൊരു
ഉഷസ്സിനായി അവിഘ്നം അനുസൂയമീ യാത്ര.
Content Summary: Malayalam Poem ' Ananthamee Yathra ' written by Gopan Chithara