പാഠഭാഗങ്ങളിലില്ലാത്ത രസായനശാസ്ത്രം – സലു അബ്ദുള്‍കരീം എഴുതിയ ചെറുകഥ
Mail This Article
വളരെ കാലമായി അകന്ന് കഴിഞ്ഞ പിപ്പെറ്റും ബ്യൂററ്റും തമ്മിൽ കണ്ടാൽ എന്ത് രാസ കർമ്മങ്ങളെ പറ്റിയായിരിക്കാം ആലോചിക്കുന്നത്. ആശകളിലെല്ലാം നിരാശകൾ അലിഞ്ഞുണ്ടായ ടൈട്രേഷനു ശേഷം ജീവിതം പത്ത് പതിനഞ്ചു വർഷങ്ങൾ വീണ്ടും കടന്ന് പോയിരിക്കുന്നു. കെമിസ്ട്രി ലാബിലെ ചുവന്ന മൂക്കുള്ള സുന്ദരി എന്നാണ് റോസ്‌ലിൻ ടീച്ചറെ ഞാൻ മനസ്സിൽ കരുതാറ്. എന്റെ ഉമ്മയെ പോലെ, എന്റെ ഉപ്പയെ പോലെ ജീവിതത്തിൽ അതേ രാസനിർവൃതിയിൽ കണ്ടാൽ സന്തോഷം തോന്നാറുള്ള തരത്തിൽ വികാരതള്ളിച്ചകൾ എന്നെ പഠിപ്പിച്ചവരോട് തോന്നാറുണ്ട്. അതേ വികാര തള്ളിച്ചയോടെ ഞാനെന്റെ കെമിസ്ട്രി ടീച്ചറെ വളരെ നാളുകൾക്ക് ശേഷം കണ്ടു. രാസമാറ്റം സംഭവിച്ച അവരെ ഞാനും, എന്നെ അവരും കാണുമ്പോൾ, പരസ്പരം തിരിച്ചറിയുമ്പോൾ, പരീക്ഷണ ലാബിലെ രാസ സങ്കലനത്തിന് ശേഷം ഞാൻ കുറിച്ച ഏതോ ലായനിയുടെയോ, ഉപ്പിന്റെയോ നാമം പോലെ അവർ എന്റെ പേര് നീട്ടിവിളിക്കുമ്പോൾ, അവരുടെ പേരും എന്റെ പേരും തമ്മിൽ ഒരു കെമിക്കൽ ബോണ്ടിങ് നടക്കും. ടീച്ചർ പഠിപ്പിച്ചു തന്ന ലാഫിങ് ഗ്യാസുകളെ പറ്റിയുള്ള ധാരണയോടെ ഞാൻ മനസ്സറിഞ്ഞു ചിരിക്കും.
ഇതൊക്കെ ടീച്ചർ പുതിയ കുട്ടികളെ പഠിപ്പിക്കണം. ഒരു കാലത്ത് തർക്കുത്തരം പറഞ്ഞതിന് പരീക്ഷാ ഹാളിൽ നിന്നും പുറത്താക്കിയ, കാളക്കൂറ്റന്റെ ശ്വാസവ്യതിയാനത്തോടെ മൂക്ക് ചുവപ്പിച്ച് പാഞ്ഞടുത്ത, എന്റെ ജന്മ ശത്രുവായിരുന്ന ടീച്ചറേ. എന്റെ ജീവിത പരീക്ഷണ ശാലയിലേക്ക് ഇങ്ങനെ കടന്ന് വരാനും സന്തോഷത്തോടെ പൂർവകാല സ്‌മൃതികളെ തമ്മിൽ കോർത്ത് കെട്ടി പുതിയൊരു പിരിയോഡിക് ടേബിൾ വിവരിക്കാനും, ലാഫിങ് ഗ്യാസുകളുടെ പരിമളത്തോടെ ഒരു നിമിഷത്തെക്കെങ്കിലും എന്റെ ജീവിതത്തെ ആനന്ദിപ്പിക്കാനും. അന്നത്തെ സിലബസ്സിൽ ഇങ്ങനെ ചിലത് മറഞ്ഞു കിടന്നിരുന്നല്ലോ എന്നൊരു തന്ത്രത്തെയാണല്ലോ രസതന്ത്രം എന്ന് അർഥം അറിയാതെ ഞാൻ പഠിച്ച് കൂട്ടിയത്. ഇപ്പോളത് കണ്ടു, കൊണ്ടു, അനുഭവിപ്പിച്ചു. ഇനിയും ടീച്ചർ ഈ തന്ത്രം മനസ്സിൽ കരുതുക, ഒരു കാലത്തല്ലെങ്കിലും മറുകാലത്ത് ടീച്ചറുടെ വിദ്യാർഥികൾക്ക് അത് രസം പകരും, വിലയറിഞ്ഞ് ആ നിമിഷത്തിൽ അവർ ആനന്ദിക്കും. അങ്ങനെ ഒന്നുമല്ലെന്ന് ഇനിയൊരിക്കലും ഞാൻ തർക്കുത്തരം പറയില്ല. അന്ന് തർക്കിച്ചതിനും, തുടരെ തുറിച്ച് നോക്കിയതിനും നൂറ് മുറിവാക്കിനാൽ മാപ്പ്.
Content Summary: Malayalam Short Story ' Paadabhagangalilillatha Rasayanasasthram ' written by Salu Abdulkareem