ADVERTISEMENT

പലരും ദൈവത്തെ അറിഞ്ഞിട്ടുള്ളത് പലവിധത്തിലാണ്, ചിലർക്ക് അത് ഒരാളുടെ രൂപത്തിൽ ആയിരിക്കാം, മറ്റ് ചിലർക്ക് ഒരു സംഭവത്തിന്റെ രൂപത്തിൽ ആയിരിക്കാം. 2003 ലെ ഒരു സെമസ്റ്റർ അവധിക്കാലം, ആകെ 10 ദിവസമേ അവധി ഉള്ളൂ അതിന്റെ ഒരു വിഷമമുണ്ട്, കുറച്ച് ഹോം സിക്നസ് ഉള്ള എനിക്ക് 10 ദിവസം ഒട്ടും മതിയാകില്ല. ആറ് മാസം കൂടിയാണ് ഒരു സെമസ്റ്റർ വെക്കേഷൻ കിട്ടുന്നത്, ഞാൻ ബാഗും തൂക്കി വീട്ടിൽ വന്നു. ആറ് മാസത്തെ ഹോസ്റ്റൽ ജീവിതത്തിൽ അവിടത്തെ ഒട്ടും സ്വാദ് ഇല്ലാത്ത സാമ്പാറും, രസവും, തൈരു സാദവും, വൈറ്റ് റൈസും കഴിച്ച് എന്റെ സ്വാദ് മുകുളങ്ങൾക്ക് ഒരു മരവിപ്പ് ആയിട്ടുണ്ട്. ഈ മരവിപ്പ് മാറണമെങ്കിൽ വയനാടൻ റോബസ്റ്റ കാപ്പി കുരു പൊടിച്ച്  ഒരു കട്ടൻ കാപ്പി ഉണ്ടാക്കി കുറച്ച് മധുരം  ഇട്ട് കുടിക്കണം. 

അപ്പോഴാണ് രാവിലെ തന്നെ പ്രഭാത ഭക്ഷണം കഴിക്കാൻ അമ്മ വിളിക്കുന്നത്. ആഹാ!! നല്ല കള്ളപ്പം, പിന്നെ അതിന്റെ കൂടെ ബീഫ് തേങ്ങാപ്പാൽ ഒഴിച്ചുവച്ച കറിയും, വേറെ എന്തുവേണം! ഉച്ചയ്ക്ക് ആണെങ്കിലോ അതിലേറെ കേമം, നമ്മുടെ വയലിൽ തന്നെ കൃഷി ചെയ്ത കുത്തരിയുടെ ചോറ്, വലിയ ഉരുളിയിൽ ചെറിയ ചൂടിന്  വരട്ടി എടുത്ത ബീഫ്, നല്ല നെയ്യുള്ള ചാള അഥവാ മത്തി കാന്താരിമുളക് അരച്ച് വെളിച്ചെണ്ണയിൽ പൊരിച്ച് എടുത്തത്. രാത്രിയിൽ ആണെങ്കിലോ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടിഞ്ചക്ക തോരൻ, കണ്ണിമാങ്ങ അച്ചാർ, നല്ല കുറുകിയ മോരുകറി, പപ്പടം, പിന്നെ ഉച്ചയ്ക്ക് ബാക്കിവന്ന നമ്മുടെ വരട്ടിയ ബീഫ്, ഇത്രയും വിഭവസമൃദ്ധമായ ഫുഡ് കഴിച്ചു കഴിഞ്ഞപ്പോൾ തന്നെ എന്റെ വരണ്ട് ഉണങ്ങിയ ആമാശയം ഒക്കെ ഒന്ന് വലുതായി തുടങ്ങി. അങ്ങനെ പിന്നീടുള്ള ദിവസങ്ങളിൽ ബന്ധുമിത്രാദികളുടെ വീട്ടിലൊക്കെ പോയി വർത്താനം പറഞ്ഞും തമാശ പറഞ്ഞും ഇരുന്ന് ഫുഡും കഴിച്ച് ദിവസങ്ങൾ പോയത് ഞാൻ ഒട്ടും അറിഞ്ഞില്ല. അവധി തീരാനായി നാളെ പോകണം, എന്റെ വിശപ്പ്  കെട്ടുതുടങ്ങി, മനസ്സിൽ ഒരു ഭാരം, രാത്രി ഉറക്കം തീരെവരുന്നില്ല. അതു അല്ലെങ്കിലും അങ്ങനെ തന്നെയാണ്,  വീട്ടിലേക്ക് വരാതിരിക്കുന്നതിനേക്കാളും വിഷമമാണ് വന്നിട്ട് പോകേണ്ട ദിവസം ആകുമ്പോൾ. കുറേനേരം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.

അടുത്ത ദിവസം പോകാനുള്ള തയാറെടുപ്പുകൾ തുടങ്ങി, വൈകുന്നേരം 7 മണി മുതൽ രാത്രി 12 മണി വരെയുള്ള ഏതെങ്കിലും ഒരു കോഴിക്കോട് - ബാംഗ്ലൂർ കെ എസ് ആർ ടി സി ബസ്സിലാണ് പോകാറ്, ബുക്കിംഗ് ഒന്നും ചെയ്യാറില്ല, അല്ലെങ്കിലും ബത്തേരിയിൽ നിന്ന് ബാംഗ്ലൂർക്ക് ബുക്കിംഗ് ലഭിക്കുകയും ഇല്ല, എല്ലാം  കോഴിക്കോട് നിന്ന് തന്നെ ബുക്കിംഗ് ആയിട്ടുണ്ടാവും. അടുത്ത സ്റ്റോപ്പ് ആയ ഗുണ്ടൽപേട്ട അല്ലെങ്കിൽ മൈസൂർ, അവിടെ ആരെങ്കിലുമൊക്കെ ഇറങ്ങും എന്ന പ്രതീക്ഷയിലാണ് കയറുന്നത്, പക്ഷേ അത് ഒരു കസേരകളിപോലെയാണ്, നമ്മുടെ അടുത്തുള്ള ആരെങ്കിലും ഇറങ്ങിയാൽ മാത്രമേ സീറ്റ് കിട്ടുകയുള്ളൂ, മിക്കവാറും പ്ലാറ്റ്ഫോമിൽ ഒരു സീറ്റ് കിട്ടിയാൽ ഭാഗ്യം എന്ന അവസ്ഥയിൽ എത്തും. ബാഗ് എല്ലാം പാക്ക് ചെയ്തു, അമ്മ കുറെ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു തന്നു, ഹോസ്റ്റലിലെത്തിയാൽ എനിക്ക് കഴിക്കാൻ വേണ്ടി! പക്ഷേ ഹോസ്റ്റലിലെത്തിയാൽ ഈ ഭക്ഷണ സാധനങ്ങൾ ഒക്കെ നിമിഷനേരത്തെ ആയുസ്സേ ഉള്ളൂ എന്ന് എനിക്ക് നന്നായി അറിയാം. ഹോസ്റ്റൽ ഫീസും, പിന്നെ ഒരു 250 രൂപ കൂടി എന്റെ ചിലവിനായി തന്നു, അതിൽ 150 രൂപ എനിക്ക് അങ്ങോട്ടും ഇങ്ങോട്ടും കൂടി വണ്ടിക്കൂലി ആണ്, ബാക്കി 100 രൂപ ആണ് ഇനിയുള്ള രണ്ടുമാസം എന്റെ ചെലവിന്, ബാംഗ്ലൂരിൽ 100 രൂപയ്ക്ക് എന്തു കിട്ടും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഡിന്നർ നേരത്തെ കഴിച്ചു, ഒരു എട്ടുമണി ആയപ്പോൾ അപ്പ എന്നെ ബത്തേരിയിൽ കൊണ്ടു വിട്ട് യാത്രപറഞ്ഞ് തിരിച്ചുപോയി. ഇനി രാത്രി 12 മണി വരെ ബാംഗ്ലൂർക്ക് ബസ് ഉണ്ട്, അതിൽ ഏതെങ്കിലും ഒന്നിൽ കയറിപോകണം. പോവാൻ ഒരു മൂഡില്ല, തിരിച്ചു ചെന്ന് കഴിയുമ്പോൾ സെമസ്റ്റർ റിസൾട്ട് വരും, വലിയ ആകാംക്ഷ ഒന്നുമില്ല, കാരണം അവസാന റാങ്കിന് ആയി പോരാടാൻ ഞങ്ങൾ ഒരു മൂന്നു നാലു പേർ എപ്പോഴും ഉണ്ടാകും. തോറ്റ സബ്ജക്റ്റ്സ് എണ്ണം നോക്കി റീസെറ്റ് ന് അപേക്ഷിക്കണം അതിന്റെ പൈസ വീണ്ടും വീട്ടിൽ നിന്ന് മേടിക്കണം ഇതെല്ലാം ആലോചിച്ചു ഞാൻ ആകെ വിഷമിച്ചിരിക്കുകയാണ്, പിന്നെ വീട്ടിൽ നിൽക്കാൻ ഉള്ള  ആഗ്രഹവും മാറിയില്ല. ഇതൊക്കെ ആലോചിച്ചു നിൽക്കുമ്പോൾ ഒന്നു രണ്ടു ബസ് കടന്നുപോയി പക്ഷേ അതിലൊന്നും സീറ്റില്ല, രാത്രി 10 മണി ആയി, ടൗണിൽ  തട്ടുകടകൾ സജീവമാകാൻ തുടങ്ങി, നല്ല ഓംലെറ്റ്ന്റെയും കട്ടൻകാപ്പിയുടെയും ഒക്കെ ഗന്ധം അന്തരീക്ഷത്തിൽ  വ്യാപിക്കാൻ തുടങ്ങി, അതിനൊപ്പം തന്നെ എനിക്ക് പോകാനുള്ള മടിയും കൂടിക്കൂടിവന്നു. ബാംഗ്ലൂർ പോകാനായി വേറെയും ആളുകൾ അവിടെ എത്തിച്ചേർന്നിട്ടുണ്ട്, എല്ലാവരും ബസ് വരുന്നതും നോക്കി കാത്തു നിൽക്കുകയാണ്. പോകാൻ ഒട്ടും താൽപര്യം ഇല്ല, എന്നാലും ബസ് ഏകദേശം നിർത്തുന്ന സ്ഥലത്തിന്റെ അടുത്തുള്ള കടയുടെ ഷട്ടറിൽ ചാരിനിന്ന് പോകാതിരിക്കാനുള്ള കാരണങ്ങൾ കണ്ടുപിടിക്കുകയായിരുന്നു ഞാൻ.

ഒടുവിൽ കാരണം കണ്ടെത്തി “രാത്രി 12 മണി വരെ ഉള്ള ബസ് നോക്കി നിന്നു, പക്ഷേ ഒന്നിനും സീറ്റും ഇല്ല പ്ലാറ്റ്ഫോമിൽ പോലും ഇരിക്കാൻ സ്ഥലമില്ല.” അമ്മയുടെ ചേച്ചിയുടെ വീട് ബത്തേരി ടൗണിൽ തന്നെ ഉണ്ട്, അതുകൊണ്ട് രാത്രി വീട്ടിലേക്ക് പോകണമെന്നില്ല. വീട്ടിൽ പോകാതിരുന്നാൽ രണ്ട് കാര്യമുണ്ട്, രാത്രി എന്തേ പോകാത്തത് എന്നുള്ള ചോദ്യങ്ങൾ ഒഴിവാക്കാം, പിന്നെ 11 മണി കഴിയുമ്പോൾ തന്നെ അവിടെനിന്ന് മുങ്ങാം. ഇത്രയും കാര്യങ്ങൾ ഞാൻ ആ ഷട്ടറിൽ ചാരിനിന്നു  ആലോചിച്ച് എടുത്തു. കൃത്യം 11:00 വരെ ഞാൻ  ബസ് കാത്തു നിന്നു, എന്നിട്ടും ബസ് ഒന്നും വന്നില്ല. അല്ലെങ്കിലും സമയം പാലിച്ച് ബസ്സും ട്രെയിനും വരാൻ ഇത്  യൂറോപ്പും ജപ്പാനും ഒന്നുമല്ലല്ലോ. പോകാനുള്ള മടി കാരണം ഇനി അധികം കാത്തു നിൽക്കണ്ട എന്ന് തീരുമാനിച്ചു, അപ്പോഴും കുറച്ച് ആളുകൾ എന്റെ തൊട്ടടുത്ത് ഒക്കെയായി നിൽക്കുന്നുണ്ട്, രണ്ടും കൽപ്പിച്ച് ഞാൻ മെല്ലെ അവിടുന്ന് അമ്മയുടെ ചേച്ചിയുടെ വീട് ലക്ഷ്യമാക്കി നടന്നു തുടങ്ങി.

ഇനി നാളെ പോയാൽ മതിയല്ലോ എന്ന  സന്തോഷം മനസ്സിൽ ഒതുക്കി ഞാൻ കുറച്ചു ദൂരം നടന്നു, അപ്പോൾ കുറച്ചു ദൂരെ നിന്ന് ഒരു വല്ലാത്ത ശബ്ദം കേൾക്കുന്നു.  അത് എന്താണെന്ന് ആലോചിച്ച് ഒരു നിമിഷം നിൽക്കുമ്പോഴേക്കും ഒരു ജീപ്പ് അതിവേഗത്തിൽ ഒരു നിയന്ത്രണവുമില്ലാതെ പോകുന്നു. എന്താണ് സംഭവിക്കുന്നതെന്ന്  മനസ്സിലായില്ല, ഞാൻ തിരിഞ്ഞു നോക്കി അപ്പോഴേക്കും ഒരു വലിയ ശബ്ദത്തോടെ ആ ജീപ്പ് അവിടെ 11 മണിക്ക് ബാംഗ്ലൂർ പോകാനുള്ള ബസ് കാത്തു നിൽക്കുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറുന്നു. ഒരു നിമിഷത്തേക്ക് ഞാൻ സ്തംഭിച്ചുപോയി!! ആ ജീപ്പ് ഇടിച്ചു കയറി നിന്നത് ഞാൻ നേരത്തെപോകാതിരിക്കാനുള്ള കാരണം ആലോചിച്ച് നിന്ന അതെ ഷട്ടറിൽ. എന്റെ ശരീരത്തിലേക്ക് ഒരു തണുപ്പ് ഇരച്ചു കയറുന്നത് പോലെ തോന്നി. പറഞ്ഞ് അറിയിക്കാൻ പറ്റാത്ത തരത്തിലുള്ള ഒരു വിറയൽ അനുഭവപ്പെട്ടു. ആ ജീപ്പിനും ഷട്ടറിനും ഇടയിൽ പെട്ടു പോകാമായിരുന്ന എന്നെ ഒരു മടിയുടെ രൂപത്തിൽ വന്നു രക്ഷിച്ച ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് ഞാൻ അവിടെ നിന്നും പോയി!

Content Summary: Malayalam Experience Note ' Madiyanaya Daivam ' written by Jees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com