ADVERTISEMENT

മുംബൈയിലെ കഫേ പരേഡിലുള്ള മേക്കർ ടവറിലെ തന്റെ ഓഫീസിൽ നിന്ന് നോക്കിയാൽ സൂസന് വിശാലമായ കടൽ കാണാം. തന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഒന്നിച്ചുണരുമ്പോൾ സൂസൻ ജനലരികിൽ നിന്ന് കടലിനെ നോക്കും. കുറച്ചുനേരം കടലിനെ നോക്കി നിൽക്കുമ്പോൾ മനസ്സ് ശാന്തമാകും. എന്നാൽ ഇന്ന് മനസ്സ് ശാന്തമാകുന്നില്ല. സമയം അഞ്ച് കഴിഞ്ഞിരിക്കുന്നു. വിവേകിനിയും വിളിച്ചില്ല. കൃത്യം അഞ്ചുമണിയെന്നത് പ്രത്യേകതയാണ്. അലാറം വെച്ചുതന്നെയാണ് തന്നെ വിളിക്കുന്നതെന്ന് വിവേക് സമ്മതിച്ചിട്ടുള്ളതാണ്. ഇന്ന് എന്ത് പറ്റിയോ ആവോ. വിളിക്കാൻ ആവുന്നില്ലെങ്കിൽ ഒരു മെസ്സേജ് അയച്ചുകൂടെ മനുഷ്യാ നിങ്ങൾക്ക്. സൂസൻ കൂടുതൽ അസ്വസ്ഥയായി. അഞ്ചരയ്ക്ക് തനിക്കിറങ്ങണം, അതിനു മുമ്പുള്ള അര മണിക്കൂർ വിവേകിനോട് സംസാരിക്കാനുള്ളതാണ്. 

അഞ്ചരയ്ക്ക് ഓഫീസിൽ നിന്ന് ലിഫ്റ്റിലേക്ക് നടക്കുമ്പോഴാണ് ഫോൺ അടിച്ചത്. ദേഷ്യത്തോടെ സൂസൻ ഫോൺ കട്ട് ചെയ്തു. വിവേക് വീണ്ടും വിളിക്കുന്നു. "എനിക്ക് ഇറങ്ങാനുള്ള സമയമായി, ഇനി താനെന്നെ വിളിക്കരുത്, നിനക്കെന്റെ സമയമറിയാവുന്നതാണ്, ഞാൻ നിന്നെ വെറുക്കുന്നു". സൂസൻ ദേഷ്യത്തോടെ പറഞ്ഞു. "ക്ഷമിക്കൂ, ഞാൻ ആശുപത്രിയിൽ ആണ്" അതായിരുന്നു വിവേകിന്റെ മറുപടി. അത് കേട്ടതും, ലിഫ്റ്റിലേക്ക് കയറാൻ വെച്ച കാൽ സൂസൻ പുറകിലേക്കെടുത്ത് ഓഫീസിലേക്ക് തിരിച്ചു നടന്നു. "നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ" സൂസൻ ചോദിച്ചു. "ഓഫീസിൽ തലചുറ്റി വീണു, അവർ ആശുപത്രിയിൽ ആക്കി, കുറച്ചുനാളായി ഉറക്കം ശരിയല്ലായിരുന്നു. തന്നോട് ഞാൻ പറഞ്ഞില്ല എന്നേയുള്ളൂ, ഇപ്പോൾ ഞാൻ ഓക്കെയാണ്". വിവേക് പറഞ്ഞു. 

പെട്ടെന്ന് ഫോൺ  അടിച്ചു, ഭർത്താവാണ്, ഫോൺ തിരക്കിലാണെന്ന് കണ്ടതിനാലാകണം ഒപ്പം മെസ്സേജും വന്നു, "വേഗം  വരൂ, ഞാൻ കാത്തു നിൽക്കുകയാണ്". "ക്ഷമിക്കൂ, ഞാനൊരു മീറ്റിങ്ങിൽ ആണ്, അത് നീണ്ട് പോവുകയാണ്, എപ്പോഴാണ് തീരുകയെന്നറിയില്ല, നിങ്ങൾ പോയ്ക്കോളൂ, ഞാൻ ടാക്സിയിൽ വന്നോളാം" എന്ന് സൂസൻ സന്ദേശം അയച്ചു. "നിനക്കിത് മുമ്പേ പറയാമായിരുന്നു, ഇത്രയും ദൂരം വണ്ടി ഓടിച്ചു വരേണ്ടിയിരുന്നില്ലല്ലോ" മറുപടി വന്നു. "ക്ഷമിക്കൂ, യോഗം പെട്ടെന്ന് തീരുമാനിച്ചതാണ് അറിയിക്കാൻ പറ്റിയില്ല" സൂസൻ മറുപടി കൊടുത്തു. "ഓക്കേ, വേഗം വരൂ, ഞാൻ കാത്തിരിക്കാം. നിന്നെയും കൂട്ടി പുറത്തു പോകണമെന്ന് മകൾ കോളജിൽ നിന്ന് വന്നപ്പോൾ പറഞ്ഞിരുന്നു, എത്രയും വേഗം വരാൻ ശ്രമിക്കൂ." "തീർച്ചയായും, യോഗം കഴിഞ്ഞാൽ ഞാൻ ഉടനെയെത്താം" മറുപടി കൊടുത്തു സൂസൻ ഒരു ദീർഘ നിശ്വാസം എടുത്തു.

"എന്താ താനൊന്നും മിണ്ടാത്തത്" വിവേക് ചോദിച്ചു. "വിവേക് ഞാൻ മെസ്സേജ് അയക്കുകയാണ്, ഭർത്താവ് എന്നെ കൂട്ടാൻ താഴെ കാത്തുനിൽക്കുന്നുണ്ടായിരുന്നു". വിവേക് എനിക്ക് കുറച്ചു സമയം തരൂ, ഞാനൊന്ന് കുറച്ചു നടക്കട്ടെ. ഞാൻ ഇന്നുവരെ ഭർത്താവിനോടൊപ്പമല്ലാതെ വീട്ടിലേക്ക് പോയിട്ടില്ല. അവനെന്ത് തോന്നുമെന്നറിയില്ല. യോഗമുണ്ടെന്നും ടാക്സിക്ക് വരാമെന്ന് അവനോട് കള്ളം പറഞ്ഞതും എനിക്ക് ഇഷ്ടമായില്ല. എന്റെ ഭർത്താവിനോടും മകളോടും ഞാൻ വളരെ സത്യസന്ധമായി പെരുമാറുന്ന ഒരാളാണ്. സാധാരണ എല്ലാ കുടുംബങ്ങളിലെപോലെ എന്നെ മുഴുവനായി കേൾക്കാൻ അവർക്ക് സമയമില്ലാതെ വന്നപ്പോഴാണ് തെറ്റിയടിച്ച ഒരു നമ്പറിലൂടെ നിങ്ങളെ ഞാൻ പരിചയപ്പെട്ടത്. ഞാൻ നിങ്ങളോട് എന്നും സംസാരിക്കാറുണ്ട്, എന്റെ പ്രശ്നങ്ങൾ തുറന്നു പറയാറുണ്ട്, മറു വശത്തിരുന്നു എന്നെ കേൾക്കാനുള്ള ക്ഷമ നിങ്ങൾ എന്നും കാണിച്ചിരുന്നു. അത് തന്നെയാണ് എന്നും നിങ്ങളുടെ ഫോൺ വരാൻ ഞാൻ കൊതിച്ചിരുന്നതും. 

പേരുകളല്ലാതെ  അധികം വിവരങ്ങൾ നമ്മൾ തമ്മിൽ കൈമാറിയിരുന്നില്ലല്ലോ. മാത്രമല്ല രണ്ടുപേരുടെയും ജീവിതത്തിലേക്ക് ഒരിക്കലും മറ്റൊരാൾ കടന്നു വരില്ല എന്നും നാം മുൻപേ തീരുമാനിച്ചിരുന്നതാണ്. മനഃപൂർവം തന്നെ നാം നമ്മെകുറിച്ചു കൂടുതലറിയാനും ശ്രമിച്ചിരുന്നില്ല. അതിന്റെ ആവശ്യമില്ലായിരുന്നു, കാരണം, തമ്മിൽ സംസാരിക്കുന്ന വിഷയങ്ങളിൽ നിന്ന് തന്നെ ഞാൻ എന്ത് എന്ന് നിങ്ങൾക്കറിയാം. തിരക്കുപിടിച്ച മഹാനഗരത്തിലെ തിരിച്ചറിയാത്ത ജീവിതത്തിൽ എന്നെ കേൾക്കാൻ ഒരാൾ, അത്ര മാത്രം. എന്നാൽ അഞ്ചുമണികളെ ഞാൻ അത്രയധികം ഇഷ്ടപ്പെട്ടിരുന്നു. ഞാനായിരുന്നല്ലോ മുഴുവൻ സംസാരിച്ചുകൊണ്ടിരുന്നത്, നിങ്ങൾ മൂളികേൾക്കുക മാത്രം ചെയ്യും, പിന്നെ വല്ലപ്പോഴും എന്നെ സമാശ്വസിപ്പിക്കാൻ ചില വാക്കുകൾ. തത്വശാസ്ത്രം നിറച്ച കുറച്ചു ഉപദേശങ്ങൾ. ഉപദേശങ്ങളെക്കാൾ എന്നെ കേൾക്കാൻ ഒരാൾ, അത് പറഞ്ഞുകഴിയുമ്പോൾ, എന്റെ മനസ്സിന്റെ ഭാരങ്ങൾ എല്ലാം അഴിഞ്ഞുപോയിരുന്നു. 

ഇപ്പോഴും ഞാൻ എന്നെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. പറയൂ വിവേക്, ഇപ്പോൾ ആരോഗ്യം എങ്ങനെയുണ്ട്. നിങ്ങൾ എവിടെയാണെന്ന് പറയുമോ, ഞാൻ വന്നു കാണാം. പണത്തിന്റെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയൂ ഞാൻ അയയ്ക്കാം. സൂസൻ പറഞ്ഞു നിർത്തി. "നമ്മൾ തമ്മിലുള്ള ഒരു കരാറും തെറ്റിക്കരുത്. എന്തുതന്നെ സംഭവിച്ചാലും നമ്മൾ തമ്മിൽ കാണില്ല എന്നത് എന്റെ വാക്കാണ്, അതാണ് വിളിച്ചതും" വിവേക് പറഞ്ഞു. "ഇന്നെന്തുകൊണ്ടോ എന്റെ മനസ്സ് വളരെ കലുഷിതമാണ്, ഞാൻ  കടലിലേക്ക് നോക്കി നിന്നെങ്കിലും ഒരു സമാശ്വാസവും കിട്ടിയില്ല, എനിക്കെന്തോ നഷ്ടപ്പെടാൻ പോകുന്നപോലുള്ള തോന്നൽ. അതാണ് അഞ്ചുമണിക്ക് വിവേകിന്റെ ഫോൺ വരാതെയായപ്പോൾ എനിക്ക് കലിയായി, എന്നെക്കുറിച്ചു എല്ലാം അറിയുന്ന നീയും എന്നെ പറ്റിക്കുന്നപോലെ തോന്നി" സൂസൻ പറഞ്ഞു. 

"ഞാൻ നിങ്ങളെ പറ്റിക്കുക തന്നെയായിരുന്നു സൂസൻ. ഞാൻ നിങ്ങളെക്കുറിച്ചു ധാരാളമായി കേൾക്കുമ്പോഴും എന്നെക്കുറിച്ചു ഒന്നും തന്നെ പറഞ്ഞില്ല. സത്യത്തിൽ വളരെ കാലമായി ഞാൻ ഒരു രോഗിയാണ്, അധികനാൾ ജീവിതമില്ലെന്നറിയാവുന്ന രോഗി. ഇന്ന് രോഗം മൂർച്ഛിച്ചു. ഞാനിപ്പോൾ മരണകിടക്കയിൽ ആണ്. എന്നാൽ യാതൊരു കാരണവശാലും എന്നെ തേടിപ്പിടിച്ചു വരാൻ ശ്രമിക്കരുത്. നമ്മൾ തമ്മിൽ ആകെയുള്ള ബന്ധം ഈ ഫോൺ ആണ്. സംസാരിച്ചു കഴിയുമ്പോൾ ഞാൻ ഈ ഫോൺ ഓഫ് ചെയ്യും. ഇനി ഞാൻ സൂസനെ അഞ്ചുമണിക്ക് വിളിക്കില്ല, എന്നാൽ സൂസന് എന്നെ വിളിക്കാം, ഞാൻ അപ്പുറത്തെ ലോകത്തിരുന്നു കേൾക്കും. കാരണം സൂസന് സൂസനെ കേൾക്കാൻ ഒരാളെ വേണം. നാളെ അഞ്ചു മണിയാകുമ്പോൾ നിങ്ങൾ ഫോണെടുത്തു ചെവിയിൽ വെക്കണം, ഡയൽ ചെയ്യേണ്ട, അല്ലാതെ തന്നെ എനിക്ക് നിങ്ങളെ കേൾക്കാനാകും. കടലിലേക്ക് നോക്കി സംസാരിക്കുക, കടലിനപ്പുറത്തു നിങ്ങൾക്ക് കാണാത്ത ദൂരത്തു നിന്ന് ഞാൻ നിങ്ങളെ കേൾക്കുന്നുണ്ടാകും. നന്ദി, നമസ്തേ." അപ്പുറത്ത് നിന്നുള്ള സംസാരം നിലച്ചു.

Content Summary: Malayalam Short Story ' Kelkkan Oral ' written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com