ADVERTISEMENT

ഒന്ന് നാട്ടിലേക്ക് പോകണം. കല്യാണമാണ്, എന്റെ അല്ല അനിയന്റെ. എന്റേത് കഴിഞ്ഞു. കഴിഞ്ഞ വർഷമായിരുന്നു. കഴിഞ്ഞ ദിവസം അവളുടെ സ്റ്റാറ്റസ് കണ്ടപ്പോഴാണ് എത്ര പെട്ടന്നാണ് ഒരു വർഷം ആയതെന്ന് ചിന്തിച്ചത്. അന്ന് രണ്ട് മാസത്തെ ലീവിന് പോയ് വന്നതാണ്. ഇപ്പൊ ഒരു മാസത്തെ ലീവാണ് കിട്ടിയത്. ഒരു മാസത്തേക്ക് ആണെങ്കിൽ ഇങ്ങോട്ട് വരേണ്ടെന്ന് ബീവി പറയുന്നുണ്ട്. എന്ത് പറയാൻ ലീവ് അതിൽ കൂടുതൽ ഒന്നും കിട്ടൂല. അവളൊരു പാവമാണ്, ഞാൻ എന്റെ ജീവിതത്തിൽ എടുത്ത തീരുമാനങ്ങളിൽ നല്ലൊരു തീരുമാനമാണ് അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഉമ്മാക്കും വല്യ ഇഷ്ടമാണ്. ഉമ്മ പറയാറുണ്ട് റിയാസിനും (അനിയൻ) അവളെ പോലെ ഉള്ള കുട്ടിയെ കിട്ടിയാൽ മതിയായിരുന്നു എന്ന്. അങ്ങനെ കുറെ അന്വേഷണങ്ങൾക്ക് ശേഷം കണ്ടെത്തിയതാണ് അനിയന്റെ പെണ്ണിനെ. പെട്ടെന്നുള്ള യാത്ര ആയത് കൊണ്ട് സാധനങ്ങൾ ഒന്നും തന്നെ വാങ്ങിയിട്ടില്ല. ഗൾഫ്‌കാരന്റെ സ്ഥിരം സാധനങ്ങെളെല്ലാം വാങ്ങിക്കൂട്ടി റൂമിലെത്തിയപ്പോൾ സമയം കുറെ ആയി. ഞങ്ങൾ റൂമിൽ ഏഴ് പേരാണുള്ളത്. എല്ലാവരും ഓരോ സ്വപ്നങ്ങളുമായി മരുഭൂമിയിലേക്കു ചേക്കേറിയവർ. ചിലർക്ക് വീട്, ചിലർക്ക് കല്ല്യാണം അങ്ങനെ അങ്ങനെ കുറെ സ്വപ്നങ്ങളും മോഹങ്ങളും.

ഇനി രണ്ട് ദിവസം കൂടി ഉണ്ട് നാട്ടിൽ പോകാൻ. കൈയ്യിലാണെങ്കിൽ ഈ മാസത്തെ ശമ്പളമല്ലാതെ മറ്റൊന്നുമില്ല. കല്യാണ ഒരുക്കങ്ങൾ ആയത് കൊണ്ട് കുറച്ച് പൈസ നാട്ടിലേക്ക് അയച്ചിരുന്നു. കമ്പനിയിൽ നിന്നും ലോണൊന്നും കിട്ടാനില്ല. എന്റെ കല്യാണത്തിന് എടുത്ത ലോൺ അടച്ച് തീർക്കാനുണ്ട്. അനിയനൊരു ചെറിയ ജോലിയുണ്ട് നാട്ടിൽ. അതിൽ നിന്ന് മിച്ചം പിടിച്ച് കൊണ്ടാണ് അവൻ വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത്. ബീവിയോട് സംസാരിച്ച്  കഴിഞ്ഞ് ഉമ്മയോട് സംസാരിച്ചോണ്ടിരിക്കുമ്പോഴാണ് ഭക്ഷണം കഴിക്കാൻ ബാസിത് വിളിക്കുന്നത്. ഇന്ന് അവന്റെ ഊഴമാണ്. ഓരോ ദിവസവും ഓരോരുത്തരുടെ മെസ്സ് ആണ്. നാട്ടിൽ നിന്ന് ഉമ്മ വെച്ചുണ്ടാക്കി കഴിക്കുന്നത് അല്ലാതെ ഭക്ഷണം ഉണ്ടാക്കാൻ ഒന്നും അറിയില്ലായിരുന്നു. ഇവിടെ വന്നാണ് കുറച്ചെങ്കിലും പഠിച്ചത്. കല്യാണ ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നത് ബീവി വിളിക്കുമ്പോൾ പറയാറുണ്ട്. ഒരു പെങ്ങളുള്ളത് എന്റെ ചെറുപ്പത്തിലേ കല്യാണം കഴിഞ്ഞതാണ്. അതിന്റെ ബുദ്ധിമുട്ടൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല. എല്ലാം ഉപ്പയായിരുന്നു. ഉപ്പ വല്യ ദേഷ്യക്കാരനാണ്, ഉപ്പയുടെ കൈയ്യിൽ നിന്നും ചെറുപ്പത്തിൽ കുറെ തല്ല്‌ കിട്ടിയിട്ടുണ്ട്. ഇപ്പൊ പ്രായമായി. ഒരു വിശ്രമ ജീവിതം കൊടുക്കാൻ പറ്റിയില്ലല്ലോ എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. ഞാൻ എല്ലാ കാര്യവും ഉമ്മായോടാണ് പറയാറ്. ഇപ്പോൾ അത് ഭാര്യയോടും കൂടെ പറയാറുണ്ട്. രണ്ടു ദിവസം കൊണ്ട് സാധനങ്ങൾ എല്ലാം വാങ്ങിവെച്ചു. റൂമിലെ കാരണവരുടെ നേതൃത്വത്തിൽ പെട്ടി കെട്ടലൊക്കെ ഭംഗിയായി നടന്നു. നാളെ രാവിലെയാണ് ഫ്ലൈറ്റ്. ടിക്കറ്റും പാസ്സ്പോർട്ടുമെല്ലാം എടുത്ത് വെച്ച് ഉറങ്ങാൻ കിടന്നു.

നാട്ടിൽ വിമാനമിറങ്ങുമ്പോൾ പ്രത്യേക അനുഭൂതിയാണ്. എത്ര തവണ ഇറങ്ങിയാലും അത് അതുപോലെ തന്നെ ഉണ്ടാവും. വീട്ടിൽ നിന്ന് അനിയനും ഭാര്യയുമാണ് കൂട്ടാൻ വന്നത്. ഉപ്പാക്ക് പ്രായമായത് കൊണ്ട് വയ്യെന്ന് പറഞ്ഞു. പെങ്ങൾക്ക് ആണെങ്കിൽ വീട്ടിൽ പണിക്കാരുമുണ്ട്. ഭാര്യയുടെ കണ്ണുകളിൽ തളം കെട്ടികിടക്കുന്ന കണ്ണീരിൽ നിന്നും ആ സന്തോഷം വായിച്ചു എടുക്കാൻ പറ്റി. റൂമിൽ നിന്ന് രാവിലെ മൂന്ന് മണിക്ക് ഇറങ്ങിയത് കൊണ്ട് ഒന്നും തന്നെ കഴിച്ചിട്ടില്ലായിരുന്നു. ഇനി വീട്ടിലേക്ക് രണ്ട് മണിക്കൂർ യാത്രയുണ്ട്. കണ്ണൂർ വിമാനത്താവളമായത് കൊണ്ട് കുഴപ്പമില്ല. കോഴിക്കോടാണെങ്കിൽ നാല് മണിക്കൂർ എടുത്തേനേ വീട്ടിലെത്താൻ. ഒന്ന് ചെറുതായ് ഭക്ഷണം കഴിച്ച് യാത്ര തിരിച്ചു. വയനാടൻ മലനിരകളിലേക്ക് വണ്ടി പതിയെ നീങ്ങി. ബീവി എന്റെ തോളത്ത്‌ ചാരി ഇരുന്ന് ഓരോ സ്വപ്നങ്ങൾ നെയ്ത് കൂട്ടുകയായിരുന്നു. ഓരോ കാര്യങ്ങൾ സംസാരിച്ച് വീട്ടിലെത്തിയത് അറിഞ്ഞില്ല. ഉമ്മാനോടും ഉപ്പാനോടും സലാം പറഞ്ഞ് വീട്ടിലേക്ക്‌ കയറി. ഭക്ഷണമൊക്കെ കഴിച്ചു ഒന്ന് അങ്ങാടിയിലേക്ക് ഇറങ്ങി എല്ലാവരെയും ഒന്ന് കണ്ടു. സ്ഥിരം പരാതികളായ 'വിളിക്കാറില്ലല്ലോ ' മെലിഞ്ഞ് പോയല്ലോ' എന്ന കമന്റുകളാണ് കൂടുതലും. രണ്ട് ദിവസം കൊണ്ട് എല്ലാ ബന്ധുവീടുകളിലും കയറിയിറങ്ങി. ഇനി മൂന്ന് ദിവസം കൂടിയുണ്ട് കല്യാണത്തിന്. എല്ലാവരും വന്ന് തുടങ്ങി. പെങ്ങളും മക്കളും ഞാൻ വന്ന അന്ന് തന്നെ വന്നായിരുന്നു. അളിയൻ ഇവിടെ ഇല്ല. ഒമാനിലാണ്.

അധികദിവസവും വിളിക്കാറുണ്ട്. അളിയൻ മൂന്ന് മാസം മുമ്പേ വന്ന് പോയതാണ്. അതുകൊണ്ട് ലീവൊന്നും ഇനി കിട്ടില്ലെന്ന്‌ പറഞ്ഞു. അളിയൻ ഇവിടുള്ളപ്പോൾ കുറെ കല്യാണങ്ങൾ നോക്കിയതാണ് ഒന്നും ശരിയായില്ല. എന്റെ കല്യാണത്തിന് അളിയൻ ഇവിടുണ്ടായിരുന്നു. അങ്ങനെ കല്യാണമൊക്കെ ഭംഗിയായി കഴിഞ്ഞു. കുറെ ആളുകൾ ഉണ്ടായിരുന്നു. എന്റെ കല്യാണം കൊറോണ സമയത്തായിരുന്നു. കുറെ ആളുകളെയൊന്നും വിളിക്കാൻ പറ്റിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഇതിന് കുറച്ച് അധികം ആളുകളെ വിളിക്കണമെന്നുണ്ടായിരുന്നു. ഈ ആളുകളെ കണ്ടപ്പോഴാണ് വീടിന്റെ വലിപ്പം ഒരു പോരായ്മയായി തോന്നിയത്. എന്നാലും കല്യാണമൊക്കെ ഭംഗിയായി കഴിഞ്ഞു. കുറച്ച് ദിവസം യാത്രകളുമായ് ഞാനും ഭാര്യയും ഞങ്ങളുടെ സ്വകാര്യത്തിലേക്ക് പോയ്. അടുത്ത ആഴ്ച വീണ്ടും ദുബായിലേക്ക് പോകുകയാണ്. ഓരോ ദിവസം അടുക്കുതോറും ഭാര്യയുടെ കണ്ണുകളിലേക്ക് നോക്കാൻ പറ്റാതെയായി. അനിയനോട് ചെറുതായ് അസൂയ തോന്നിത്തുടങ്ങിയത് ഇപ്പോഴാണ്. ആദ്യ കാലങ്ങളിൽ അവനെ പലരും ഗൾഫിലേക്ക് വിളിച്ചതാണ്. പക്ഷെ അവൻ പോയില്ല. അത് ഏതായാലും നന്നായി. ദിവസങ്ങൾ പെട്ടെന്ന് പോയി. ഗൾഫുകാരന്റെ ദിനങ്ങൾക്ക് വേഗത കൂടുതലാണെന്ന് പലപ്പോഴും തോന്നിയിട്ടുള്ളതാണ്. ഇന്ന് വൈകുന്നേരമാണ് ഫ്ലൈറ്റ്. വീടുപോലെയുള്ള സ്വപ്‌നങ്ങൾ ഇനിയും ബാക്കിയാണ്. ഭക്ഷണമൊക്കെ കഴിച്ച്, ഉമ്മാനോടും ഉപ്പാനോടും യാത്ര പറഞ്ഞിറങ്ങി. അവള് റൂമിലാണുള്ളത്. പോകുന്നത് കാണണ്ട എന്ന് വിചാരിച്ചിട്ടാവും. പിന്നെ ആരോടും ഒന്നും സംസാരിക്കാൻ തോന്നിയില്ല. അനിയൻ പെട്ടിയെടുത്ത് കാറിൽ വെച്ചു. ഒരുപിടി നല്ല ഓർമകളും മുന്നോട്ടുള്ള സ്വപ്നങ്ങളുമായി എയർപോർട്ട് ലക്ഷ്യമാക്കി നീങ്ങി.

Content Summary: Malayalam Short Story ' Parolupoloru Jeevitham ' written by Ashik Ali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com