ADVERTISEMENT

നിങ്ങൾ പെൺകുട്ടികളോട് സ്നേഹം കാണിക്കേണ്ടത് അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തു കൊണ്ടല്ല. പകരം അവർക്ക് ഒരു ജോലി നേടി കൊടുത്തുകൊണ്ടാവണം. സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്ത പല പെൺകുട്ടികൾക്കും കറിവേപ്പിലയുടെ വില മാത്രമേ കാണുകയുള്ളു.

ദാരിദ്ര്യത്തിന് അലയടികൾ ഉള്ള കുടുംബത്തിൽ ആണ് ഞാൻ ജനിച്ചത്. കൂടാതെ പുരാതന കാലത്തെ ചിന്താഗതികൾ ഉള്ള കുടുംബക്കാരും നാട്ടുകാരും. ഏഴാം ക്ലാസ്സ്‌ കഴിഞ്ഞാൽ പെൺകുട്ടികൾ പഠിക്കാൻ പോകണ്ട എന്ന് കുടുംബത്തിലെ മൂത്ത കാരണവർ തീരുമാനിക്കും. ഏഴാം ക്ലാസ്സ്‌ കഴിഞ്ഞാൽ സ്ത്രീ ആയി. ഉമ്മയ്ക്കും ഉപ്പക്കും വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമൊന്നും അവർക്ക് അറിയില്ലായിരുന്നു.

പെൺകുട്ടി ആയത് കൊണ്ട് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. കുട്ടിക്കാലത്ത് ഞാൻ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി അത് തന്നെയായിരുന്നു. ആണുങ്ങൾക്ക് മുന്നിൽ പേടിയോടെ വന്ന് നിൽക്കുന്ന ഉമ്മമാരെയും ഇത്താത്തമാരെയും കാണുമ്പോൾ 'ഇവര് എന്ത് തെറ്റാണ് ചെയ്തത്' എന്ന് ഞാൻ അതിശയത്തോടെ നോക്കി നിൽക്കാറുണ്ട്.

ചെറിയ ചെറിയ ജോലികൾ ചെയ്ത് ആണ് ഞാൻ പഠിച്ചത്. ദരിദ്ര കുടുംബത്തിൽ ആയത് കൊണ്ട് നാട്ടിൽ നിന്നും പല അവഗണനയും ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. എല്ലാ അവഗണയും ധൈര്യത്തോടെ നേരിടാനുള്ള ചങ്കൂറ്റം ചെറുപ്പം മുതലേ എനിക്കുണ്ടായിരുന്നു. ജോലി വേണം എന്നത് എന്റെ വാശി ആയിരുന്നു. അതും ഒരു "അഭിഭാഷക". എന്നിട്ട് സമൂഹത്തിലെ ഈ അനീതിക്ക് എതിരെ പോരാടണം. ഒരു അഞ്ചാം ക്ലാസുകാരിയുടെ വാശി ആണ്. ബുക്കുകൾ ഏറെ പ്രിയമായിരുന്നു. ക്ലാസ്സിലെ ഏറ്റവും നല്ല മിടുക്കി കുട്ടി ആയിരുന്നു. അധ്യാപകർക്കും ഏറെ പ്രിയമായിരുന്നു. കളിച്ചും ചിരിച്ചും ആസ്വദിച്ചും ഏഴാം ക്ലാസ്സ്‌ കഴിഞ്ഞു. പിന്നീട് പഠിക്കാൻ കുടുംബത്തിൽ നിന്ന് ആരും പോയിട്ടില്ല.

കുടുംബത്തിൽ കോലാഹലം. ഞാൻ എന്തോ തെറ്റ് ചെയ്തത് പോലെ വീടുകളിൽ ആളുകൾ വന്ന് തുടങ്ങി. കാരണവർ താക്കീത് ചെയ്തു തുടങ്ങി. ഉപ്പയും ഉമ്മയും എന്റെ കാൽക്കൽ വീണ് പറഞ്ഞു. എന്റെ മനസ്സിലെ ദൃഢനിശ്ചയത്തിന് ഒരു കോട്ടവും സംഭവിച്ചില്ല. എനിക്ക് ഏതോ ബാധ കേറിയതിന് മന്ത്രം തുടങ്ങി. കൈയിലും കഴുത്തിലും ഏലസ് കെട്ടി. ഒരു ദിവസം അത്ഭുതത്തോടെ ഏലസ് പൊട്ടിച്ചു നോക്കി. അതിൽ  അക്ഷരങ്ങൾ അല്ലാതെ മറ്റൊന്നും കണ്ടില്ല. ഹൈസ്കൂൾ പഠനം ആഗ്രഹിച്ചിരിക്കുന്ന എനിക്ക് വിലങ്ങ് വീണു.

"ഇനി പഠിക്കാൻ പോകണ്ട!" വീട്ടിലെ മൂത്ത കാരണവർ.

ഞാൻ അത് അനുസരിക്കുമോ? അടുത്ത ആയുധം നിരാഹാരം ആയിരുന്നു. രണ്ട് ദിവസം വെള്ളം മാത്രം കുടിച്ചു കഴിച്ചു കൂട്ടി. മൂന്നാം നാൾ രാവിലെ സ്കൂളിലെ അധ്യാപിക വീട്ടിൽ വന്നു. എല്ലാവരെയും പറഞ്ഞ് ഒരുവിധം മയപ്പെടുത്തി. എനിക്ക് ഹൈസ്കൂളിൽ പഠിക്കാൻ ആ ടീച്ചർ തന്നെ അഡ്മിഷൻ എടുത്തു തന്നു. എന്റെ ആദ്യത്തെ സമരം വിജയിച്ചു.

കുടുംബത്തിലും നാട്ടിലും ഉള്ള ആദ്യത്തെ തല തെറിച്ചവൾ. അങ്ങനെ മുദ്ര കുത്തപ്പെട്ടു. എല്ലാവരും എന്നിൽ നിന്ന് അകന്നു നിന്നു. അങ്ങനെ എട്ടാം ക്ലാസ് ജയിച്ചെങ്കിലും ഒമ്പതാം ക്ലാസ്സിൽ എന്നെ സ്കൂളിൽ വിട്ടില്ല. വീണ്ടും ശക്തമായി പ്രതികരിച്ചു. പക്ഷെ ആ വർഷം എന്റെ പഠനം നഷ്ടപ്പെട്ടു. അടുത്ത വർഷം ഹൈസ്കൂൾ ടീച്ചേഴ്സ് വീട്ടിൽ വരികയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. എന്നെ വീണ്ടും സ്കൂളിലേക്ക് അയച്ചു. കുടുംബത്തിൽ നിന്ന് ഒരു രൂപ പോലും കിട്ടിയിരുന്നില്ല. ഭക്ഷണം മാത്രം തരും.

പെൺകുട്ടി വിദ്യ അഭ്യസിക്കുന്നതിന് കുടുംബത്തിൽ  കോലാഹലം അലയടിക്കുന്നുണ്ടായിരുന്നു. ഉമ്മയും ഉപ്പയും എന്നോട് സംസാരിക്കാൻ പോലും മടി കാണിച്ചു തുടങ്ങി. വീട്ടിൽ ഇനിയും പിടിച്ചു നിൽക്കാൻ വളരെ പ്രയാസമായ കാലം. ആ സ്കൂളിലെ ഏറ്റവും നല്ല മാർക്കുള്ള സ്റ്റുഡന്റ് ആയി പത്താം ക്ലാസ് പാസ്സായി. തുടർപഠനം ഇനി നടക്കുമോ അറിയില്ല. പല വീടുകളിലും വീട്ടുജോലി ചെയ്താണ് പഠിക്കാനുള്ള പണം കണ്ടെത്തിയത്. വീട്ടിൽ നിന്നാൽ മാത്രമേ അതിന് കഴിയുള്ളു.

തുടർ പഠനം ഹോസ്റ്റൽ മതി എന്നതായിരുന്നു എന്റെ തീരുമാനം. കോഴിക്കോട്ടേക്ക് ഞാൻ ട്രെയിനിൽ കയറി. കൈയിൽ ആണെങ്കിൽ ചില്ലറ തുട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജെഡിടി എന്ന സ്കൂളിൽ തുടർപഠനം നടത്തണം എന്നതായിരുന്നു എന്റെ ലക്ഷ്യം. തുടർന്ന് കാലിക്കറ്റ് ലോ കോളേജിലെ എൽഎൽബി എടുക്കണം. ചില നല്ല മനസുള്ള ആളുകളുടെ സഹായത്തോടെ ഹയർ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി.

എൽ എൽ ബി യുടെ എൻട്രൻസ് എക്സാം എഴുതി. ഞാൻ നാട്ടിലേക്ക് തിരിച്ചു പോയി. വീട്ടിൽ കേറാൻ പറ്റുമോ അറിയില്ല. നാട് തെണ്ടി വന്നവൾ ആണ് ഞാൻ. ഞാൻ പ്രതീക്ഷിച്ചത് പോലെ എന്നെ കണ്ടതും ആളുകൾ ഓടി കൂടി എന്നെ ആനയിച്ചു വീട്ടിൽ കൊണ്ട് പോയി. വീട്ടുകാർക്ക് എന്നെ വീട്ടിൽ കയറ്റാൻ പേടി ആയി. തിരിച്ചു വീണ്ടും ഹോസ്റ്റലിൽ. വെക്കേഷൻ ആയത് കൊണ്ട് റൂമിൽ തനിച്ചായിരുന്നു. രണ്ട് മാസത്തേക്ക് സെയിൽസ് ഗേൾ ആയി ഒരു ഷോപ്പിൽ ജോലി കിട്ടി. വരുമാനം സൂക്ഷിച്ചു വെച്ചു. വെള്ളിമാടുക്കുന്നിലെ ലോ കോളേജിൽ ഞാൻ ചേർന്നു. പഠനം പൂർത്തിയാക്കി. നാട്ടിലേക്ക് തിരിച്ചു പോയി.

കുറച്ച് വർഷം കൊണ്ട് നാട്ടിലും വീട്ടിലും ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു. പെൺകുട്ടികൾ പഠിക്കാൻ തുടങ്ങി. എന്നെ വീട്ടിൽ കേറ്റി. വക്കീൽ പഠനം കഴിഞ്ഞ എത്തിയ എനിക്ക് വാദിക്കാൻ മാത്രം കേസുകൾ നാട്ടിൽ ഉണ്ടായിരുന്നു. കുടുംബത്തിലെ ആളുകളുടെ പ്രശ്നങ്ങളും കുടുംബ കലഹങ്ങളും സ്വത്ത്‌ തർക്കങ്ങളും വാദിച്ചിരുന്ന വക്കീലിനെ പിരിച്ചു വിട്ടു. പകരം എന്നെ നിയമിച്ചു. എന്റെ ആദ്യത്തെ ജോലി എന്നതിനേക്കാൾ ഉപരി വീട്ടുകാരും കുടുംബക്കാരും നാട്ടുകാരും എന്നെ അംഗീകരിച്ചു എന്നതിലാണ് എനിക്ക് സന്തോഷം തോന്നിയത്.

ഇന്ന് ഞാൻ എന്റെ നാട്ടിലെ എല്ലാവരുടെയും നിയമ സഹായി ആണ്. എല്ലാവർക്കും പ്രിയപ്പെട്ടവൾ. കോടതിയിലേക്ക് പോകുമ്പോൾ എന്നെ കാണുമ്പോൾ പലരും എണീറ്റു നിൽക്കുന്നു. എന്നെ ബഹുമാനിക്കുന്നു. കുടുംബത്തിലെ ഏത് വിഷയത്തിലും എന്റെ അഭിപ്രായം ആണ് നടപ്പിലാക്കുന്നന്ത്. ചുരുക്കി പറഞ്ഞാൽ കുടുംബത്തിലെ കാരണോത്തി.

എനിക്ക് എന്റെ ഉപ്പമാരോടും അച്ഛൻമാരോടും ഉമ്മമാരോടും അമ്മമാരോടും പറയാൻ ഉള്ളത്.

"ആൺകുട്ടികൾക്ക് എന്ന പോലെ പെൺകുട്ടികൾക്കും ജോലി അത്യാവശ്യം ആണ്. പെൺകുട്ടികളെ ഉമ്മമാർ അല്ലെങ്കിൽ അമ്മമാർ നന്നായി പഠിപ്പിക്കുന്നു. പല ക്ലാസ്സിലും അവൾ നല്ല മിടുക്കി ആയി പഠിക്കുന്നു. നിങ്ങൾ അവൾക്ക് ടീച്ചർ ആയി കൂടെ നിൽക്കുന്നു. പിന്നെ നിങ്ങൾക്ക് എവിടെ ആണ് വഴി തെറ്റുന്നത്? ഞാൻ ഒന്ന് ചോദിച്ചോട്ടെ? പെൺകുട്ടികൾ സന്തോഷത്തോടെ ജീവിക്കുന്നത് ആണോ നിങ്ങൾ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ മറ്റുള്ളവരുടെ ദാസി പണി ചെയ്ത് ആട്ടും തുപ്പും കേട്ട് ഉള്ളിലെ അഭിപ്രായങ്ങൾ പറയാതെ പ്രതികരിക്കാതെ നീറി നീറി ജീവിക്കണോ? ഞാൻ പ്രതികരിച്ചാൽ ജീവിക്കാൻ വേറെ വഴിയില്ല എന്ന ചിന്താഗതി ആണ് പല പെൺകുട്ടികളെയും എല്ലാം സഹിക്കാൻ പ്രേരിപ്പിക്കുന്നത്. നിങ്ങളുടെ തൊട്ടടുത്തുള്ള ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ കെട്ടിച്ചു വിട്ട പെൺകുട്ടിയുടെ ദുരന്തം നിങ്ങൾ കണ്ടില്ലേ? കേട്ടില്ലേ? ആ ഉമ്മയുടെ മുഖത്തെ സങ്കടം നിങ്ങൾ കാണുന്നില്ലേ? ഇനിയെങ്കിലും ഒന്ന് മാറി ചിന്തിക്കൂ!

നിങ്ങൾക്ക് കഴിയാതെ പോയ നിങ്ങളുടെ ജോലി എന്ന സ്വപനം നിങ്ങളുടെ പെൺകുട്ടിക്ക് കഴിയട്ടെ. ഒരു പെൺകുട്ടിയെയും ജോലി ഇല്ലാതെ കല്യാണം കഴിപ്പിക്കില്ല എന്ന് നിങ്ങൾ തീരുമാനിക്കുക. കുട്ടിക്കാലം മുതലേ ഭാര്യ ആവാനുള്ള ട്രെയിനിങ് അല്ല അവൾക്ക് കൊടുക്കേണ്ടത്. ഒരു ജോലി നേടാനുള്ള കരുത്തും പ്രോത്സാഹനവും ആണ് കൊടുക്കേണ്ടത്."

യഥാർത്ഥത്തിൽ ഇസ്ലാമും മറ്റു മതങ്ങളും സ്ത്രീകൾക്ക് ഉന്നതമായ സ്ഥാനം ആണ് കൊടുക്കുന്നത്. പ്രവാചകന്റെ കാലത്ത് കച്ചവടങ്ങളിൽ ഏർപ്പെടുകയും യുദ്ധത്തിൽ പങ്കെടുക്കുകയും എല്ലാ മേഖലകളിലും സ്ത്രീകൾ ഉണ്ടായിരുന്നു. സ്ത്രീകളുടെ സ്വത്ത്‌ അവർക്ക് സ്വന്തമായി വിനിയോഗിക്കാനുള്ള അവസരവും ഇസ്ലാം കൊടുത്തിരുന്നു. മതത്തിന്റെ പേര് പറഞ്ഞ് സ്ത്രീകളെ വിലക്കാൻ ഒരാൾക്കും അധികാരം ഇല്ല

Content Summary: Malayalam Short Story 'Thala Therichavalude Vakkeel coat ' written by Seenath Nafih

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com