ADVERTISEMENT

"മുത്തശ്ശിയുടെ കഴുത്തിൽ കിടക്കുന്ന മാല എനിക്ക് തരോ" മുത്തശ്ശിയുടെ കൈയ്യും പിടിച്ചു നടക്കുന്നതിനിടയിൽ ഉണ്ണിക്കുട്ടൻ ചോദിച്ചു. "അതു മുത്തശ്ശി മരിച്ചാൽ ന്റെ ഉണ്ണി എടുത്തോളൂ ട്ടോ" "അതിനു മുത്തശ്ശി എപ്പളാ മരിക്കാ?" "ഉണ്ണിക്കുട്ടന് വേണ്ടിയാണെങ്കിൽ എപ്പോ വേണം ച്ചാലും മുത്തശ്ശി മരിക്കാലോ." "വേണ്ട ന്റെ മുത്തശ്ശി മരിക്കണ്ട.. മുത്തശ്ശി മരിക്കണ്ട." എന്നു പറഞ്ഞു കൊണ്ട് ഞെട്ടി ഉണർന്ന വിഷ്‌ണു പെട്ടെന്ന് എണീറ്റ് മുത്തശ്ശിയുടെ കട്ടിലിനടുത്തേക്ക് ചാടി വീണു. ഇല്ല കുഴപ്പം ഒന്നും ഇല്ല ട്രിപ്പ് കയറ്റുന്നുണ്ടെങ്കിലും മുത്തശ്ശി ശാന്തമായി ഉറങ്ങുകയാണ്. പെട്ടെന്ന് വിഷ്ണു വീണ്ടും പഴയ ഉണ്ണിക്കുട്ടന്റെ ഓർമയിലേക്ക് തന്നെ തിരിഞ്ഞു നടന്നു. അമ്മയുടെ അമ്മയെ അമ്മമ്മ എന്നു വിളിക്കണം എന്നു കുഞ്ഞിലെ അമ്മ  പറഞ്ഞിരുന്നെങ്കിലും മുത്തശ്ശി എന്നെ അവൻ വിളിക്കാറുണ്ടായിരുന്നുള്ളൂ. ശ്രീധരേട്ടൻ ആഴ്‌ച്ചയിലോ രണ്ടാഴ്ച്ച കൂടുമ്പോഴോ ഒക്കെ വരൂച്ചാലും ലക്ഷ്‌മൂട്ടി അമ്മ തന്നെ ആണ് ദേവൂന്റെയും ഉണ്ണിയുടെയും ഒക്കെ കാര്യങ്ങളും വീട്ടുകാര്യങ്ങളും ഒക്കെ നോക്കണത്. ഈ പ്രായത്തിലും തള്ളേടെ ഒരു ആരോഗ്യം സമ്മതിക്കണം. നാട്ടുകാരിൽ പലരും പറയും. ശരിയാണ് ദൂരെ ഒരു കമ്പനിയിൽ ജോലി ഉള്ള അച്ഛന് എല്ലാ ദിവസവും വീട്ടിൽ വന്നു പോകാൻ  കഴിയാറില്ല. ഉണ്ണിക്ക് ഓർമവെച്ച സമയം മുതലേ അമ്മയ്ക്ക് പല വിധം അസുഖങ്ങൾ ആയിരുന്നു. അച്ഛൻ സ്ഥലത്ത് ഇല്ലാത്ത സമയത്ത് അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് മുതൽ വീട്ടിലെ മുഴുവൻ പണികളും ചെയ്തിരുന്നതും മുത്തശ്ശി ഒറ്റയ്ക്ക് ആയിരുന്നു.

ഉണ്ണി രണ്ടാം ക്ലസ്സിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു ഒരു തുലാവർഷ മഴയ്ക്ക് മുമ്പായി ഉണക്കാൻ ഇട്ടിരുന്ന ഉണ്ണിയുടെ ഷർട്ട് എടുക്കാൻ പുറത്തോട്ടിറങ്ങിയ ഉണ്ണിയുടെ അമ്മ ഇടിമിന്നലേറ്റു മരിച്ചത്. അതുവരെ ഉണ്ണിയിലേക്കിറങ്ങിയ അമ്മയുടെ സ്നേഹ വാത്സല്യ പ്രവാഹങ്ങൾ പിന്നെ മുത്തശ്ശിയുടേതു മാത്രമായി കുറഞ്ഞു പോയെങ്കിലും ആ കുറവ് ഉണ്ണി അറിയാതിരിക്കാൻ മുത്തശ്ശി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉണ്ണി അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഒരു പാമ്പിന്റെ കടിയാൽ  അച്ഛന്റെ കരുതലും അവനു നഷ്ടമായി. അവനു മുത്തശ്ശിയും, മുത്തശ്ശിക്ക് അവനും മാത്രമായി. കല്യാണം കഴിഞ്ഞതിനു ശേഷം നായന്മാരുടെ പതിവ് ശൈലിയിൽ ഭാര്യവീട്ടിൽ താമസമാക്കി എന്ന കാരണം പറഞ്ഞു ഏതോ കുറച്ചു കാലിസ്ഥലം അച്ഛന്റെ ഭാഗമായി കൊടുത്തു എന്നോ തറവാട്ടിൽ നിന്നു അച്ഛച്ഛൻ അച്ഛനെ ഒഴിവാക്കിയിരുന്നു. തന്റെ അമ്മയെ ഒറ്റക്കാക്കി പോരാൻ വിഷമിച്ചിരുന്ന ഭാര്യയുടെ കൂടെ നിന്നു എന്നത് അച്ഛച്ഛന് ഒരു വലിയ തെറ്റായി തോന്നിയിരുന്നിരിക്കാം.

അച്ഛന്റെ മരണത്തോടെ വീട്ടിലെ സാമ്പത്തിക സ്ഥിതിയും ആകെ താറുമാറായി. ആകെ ഉള്ള ഇരുപത് സെന്റിൽനിന്നു കിട്ടുന്ന തേങ്ങയും അടക്കയും ഒക്കെ വിറ്റാൽ ഒന്നും ഒരു കുടുംബം കഴിയാനുള്ള വക  കിട്ടില്ല. എന്നാലും അലികാക്ക തേങ്ങായ്ക്കും അടക്കയ്ക്കും അഡ്വാൻസ് ആയി തരുന്ന പൈസ ഉണ്ണിക്ക് പാഠപുസ്തകങ്ങളും യൂണിഫോമും ഒക്കെ വാങ്ങാനുള്ള സഹായം കൂടി ആയിരുന്നു. അതു വരെ ജീവിതത്തിൽ ആരുടെ മുന്നിലും തല കുനിയാതെ ജീവിച്ചിരുന്ന മുത്തശ്ശി ഉണ്ണിക്ക് വേണ്ടി അടുത്തുള്ള പല വീടുകളിലും പണിക്ക് പോകാൻ തുടങ്ങി. താൻ ആരുടെ മുന്നിൽ തല കുനിച്ചാലും ഉണ്ണി ആരുടെ മുന്നിലും മോശക്കാരൻ ആവരുത് എന്നത് അവരുടെ വാശി ആയിരുന്നു. തന്നെ പഠിപ്പിക്കാൻ വേണ്ടി ബുദ്ധിമുട്ടുന്ന മുത്തശ്ശിയെ കുറിച്ചോർക്കുമ്പോൾ അവൻ വാശിയോടെ പഠിത്തം തുടർന്നു. വീട്ടിലെ സാഹചര്യം അറിയാവുന്നത് കൊണ്ടു തന്നെ കുട്ടികളുടെ പല ആവശ്യങ്ങളും മോഹങ്ങളും ഒക്കെ ഒതുക്കി വെക്കാൻ അവനു ആവുമായിരുന്നു. ഉണ്ണി ഓരോ കൊല്ലവും ജയിക്കുന്നതിനനുസരിച്ചു മുത്തശ്ശി ജോലി ചെയ്യുന്ന വീടുകളുടെ എണ്ണവും കൂടി കൂടി വന്നു.

എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ആണ് മുത്തശ്ശി താഴ്ന്ന ജാതിക്കാരുടെ വീട്ടിലും പണിക്ക് പോകുന്നു എന്ന് പറഞ്ഞു കളിയാക്കിയ അനുക്കുട്ടന്റെ മൂക്ക് ഇടിച്ചു പൊട്ടിച്ചത്. അതിനു പരാതി പറയാൻ വന്ന അവന്റെ അച്ഛൻ അച്യുതൻ നായരുടെ മുൻപിൽ ആരുടെയും മുന്നിൽ തല കുനിക്കാത്ത തന്റേടി എന്നു പറയുന്ന മുത്തശ്ശി കൈകൂപ്പി പിടിച്ചു "എന്റെ കുട്ടിക്കൊരു തെറ്റു പറ്റി. ഇനി അവന്റെ അടുത്തുന്നു അങ്ങനെ ഒരു തെറ്റുവരാതെ ഞാൻ നോക്കിക്കോളാം." എന്നു പറഞ്ഞത് കൊണ്ടാണോ എന്തോ അയാൾ കൂടുതൽ വഴക്കിനൊന്നും നിന്നില്ല. മുത്തശ്ശിയിൽ നിന്നു വഴക്കോ അടിയോ പ്രതീക്ഷിച്ചു നിന്ന തനിക്ക് മുത്തശ്ശിയുടെ നിറഞ്ഞ കണ്ണുകൾ അതിലും വലിയ ഷോക്ക് ആയിരുന്നു. "അതു മുത്തശ്ശി ഞാൻ അവൻ ജാതി ഒക്കെ പറഞ്ഞു മുത്തശ്ശിയെ കളിയാക്കിയപ്പോൾ എനിക്ക് സഹിച്ചില്ല." "ദൈവത്തിന്റെ മുന്നിൽ എന്തു ജാതി എന്തു മതം ഉണ്ണിക്കുട്ടാ" എന്നു ചോദിച്ചു ആശ്വസിപ്പിച്ച മുത്തശ്ശി കൂട്ടി ചേർത്തു "മറ്റുള്ളവർ നമ്മളെ കുറിച്ചു എന്തു പറയുന്നു ന്നു നോക്കി സമയം കളയരുതെ കുട്ടാ. നമുക്ക് നമ്മളെ പറ്റി ഒരു ബോധ്യമുണ്ടാവില്ലേ അതു മതി. അതിനനുസരിച്ചു ജീവിക്കന്നെ".

പത്താം ക്ലാസ്സിൽ നല്ല മാർക്കോടെ ജയിച്ചെങ്കിലും പിന്നീട് എന്തു എന്നു ഒരു ദിശാബോധവും ഉണ്ടായിരുന്നില്ല രണ്ടുപേർക്കും. അപ്പോഴാണ് ആശേച്ചി, മുത്തശ്ശി സഹായത്തിനു പോയിരുന്ന ശേഖരൻ മാഷുടെ മകന്റെ ഭാര്യ വേണ്ട ഉപദേശങ്ങളും സഹായങ്ങളും ഒക്കെ ചെയ്തു തന്നത്. പിന്നീട് തന്റെ പഠിത്തത്തിനു പലപ്പോഴും മുത്തശ്ശിയെ സഹായിക്കാനും ചേച്ചി മനസ്സ് വെച്ചിരുന്നു. താൻ പ്ലസ് ടു കഴിഞ്ഞപ്പോഴേക്കും മുത്തശ്ശിക്ക് തീരെ വയ്യാതെ ആയിരുന്നു എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ പണിക്ക് പോയികൊണ്ടേ ഇരുന്നു. ഇനി മുത്തശ്ശി വിശ്രമിക്കു ഞാൻ എന്തെങ്കിലും പണിക്ക് പോവാം എന്നു പറഞ്ഞ തന്നോട് വഴക്കുണ്ടാക്കി. "ന്റെ കുട്ടി എന്തെങ്കിലും പണിക്ക് പോകാൻ അല്ല ഞാൻ ഇതുവരെ കഷ്ടപ്പെട്ടത്. ഒരു നല്ല ജോലി കിട്ടാൻ ഉള്ള പഠിപ്പ് ഉണ്ടാവാൻ ആണ്. അതു കൊണ്ടു കുട്ടി പഠിക്കാൻ നോക്കൂ. ബാക്കി ന്നെ കൊണ്ടു കൂട്ടിയാൽ കൂടോന്നു നോക്കട്ടെ. ബാക്കിയൊക്കെ ഗുരുവായൂരപ്പൻ നോക്കിക്കൊള്ളും. ന്റെ കുട്ടി കോളജിൽ ചേരാൻ നോക്കിക്കോളു" മുത്തശ്ശി കോളജിൽ ചേരുന്ന സമയത്ത് പറഞ്ഞു ഉണ്ണികുട്ടാ കോളജിൽ രാഷ്ട്രീയത്തിനും തല്ലുപിടിക്കും ഒന്നും പോകരുതേ. മുത്തശ്ശിക്ക് ന്റെ കുട്ടി മാത്രെ ഉള്ളു.

കോളജിൽ പോകുന്ന സമയത്ത് ഇടയ്ക്കൊക്കെ ഉണ്ണിയുടെ കൈയ്യിൽ പൈസ കൊടുത്തിട്ടു പറയും "ന്റെ കുട്ടി ഹോട്ടലിൽ നിന്നും എന്തെങ്കിലും വാങ്ങി കഴിച്ചോ. ഈ പുതിയ ഭക്ഷണങ്ങൾ ഒന്നും മുത്തശ്ശിക്ക് ഉണ്ടാക്കാൻ അറിയില്ല." അതൊന്നും വേണ്ട മുത്തശ്ശി എനിക്ക് മുത്തശ്ശി ഉണ്ടാക്കുന്നത് തന്നെ ഇഷ്ടം എന്നു പറഞ്ഞാലും നിർബന്ധിച്ചു പൈസ തരും. താൻ അതുകൊണ്ട് എന്തെങ്കിലും വാങ്ങി വീട്ടിൽകൊണ്ടു വന്നു രണ്ടാളുംകൂടി കഴിക്കും. പെട്ടെന്ന് റൂമിലേക്ക് കയറിവന്ന മൊഹിയുദ്ദിൻ ഡോക്ടറും നേഴ്സും വിഷ്ണുവിനെ ചിന്തയിൽ നിന്നും ഉണർത്തി. ലാബ് റിപ്പോർട്ടുകൾ എല്ലാം നോക്കി ഡോക്ടർ പറഞ്ഞു "മുത്തശ്ശിക്ക് അൽപം സീരിയസ് ആണ്. ബ്ലഡ് വളരെ കുറവാണ് ഉടനെ തന്നെ ഒരു കുപ്പി ഓ പോസിറ്റീവ് ബ്ലഡ് അറേഞ്ചു ചെയ്യണം. തന്റേത് ഏതു ഗ്രൂപ്പ് ആണ്?" "ബി പോസിറ്റീവ്" "എന്നാൽ ബ്ലഡ് ബാങ്കിൽ പോയി വാങ്ങിയാൽ മതി. പകരം തന്റെ ബ്ലഡ് അവിടെ കൊടുത്താൽ മതി." താൻ പോയി ബ്ലഡ് കൊടുത്തു വരുന്നത് വരെ മുത്തശ്ശിയുടെ അടുത്ത് ആരെ ഇരുത്തും എന്നായിരുന്നു തന്റെ വിഷമം. ആകെ എന്തെങ്കിലും സഹായത്തിനു വിളിക്കാനുള്ള ആശേച്ചി ആണെങ്കിൽ സ്കൂൾ അവധി സമയം ആയതുകൊണ്ട് വിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്ക് പോയിരിക്കുകയും ആണ്. തന്റെ വെപ്രാളം കണ്ടു ഡ്യൂട്ടി കഴിഞ്ഞു പോകാൻ തുടങ്ങുക ആയിരുന്ന ആനി സിസ്റ്റർ പറഞ്ഞു "താൻ ബ്ലഡ് ആയി വരുന്നത് വരെ ഞാൻ ഇവിടെ ഇരിക്കാം" ബ്ലഡ് ബാങ്കിൽ പോയപ്പോൾ അവിടെയും നല്ല തിരക്ക് ഉണ്ടായിരുന്നു.

തന്റെ ഡിഗ്രി കഴിയുമ്പോഴേക്കും മുത്തശ്ശിയെ പ്രായവും അസുഖവും പറ്റെ തളർത്തിയിരുന്നെങ്കിലും വാശിയോടെ പണിക്ക് പോയിരുന്നു. ഡിഗ്രി ഫസ്റ്റ് ക്ലാസ്സിൽ പാസ്സായ താൻ ചെറിയ ചെറിയ ജോലികൾ ചെയ്യുന്നതിന്റെ കൂടെ തന്നെ ജോലിക്കുതകുന്ന പല കോഴ്സുകളും ചെയ്യുന്നുണ്ടായിരുന്നു. ആയിടയ്ക്കാണ് ചെറുപ്പം മുതലേ ഉള്ള കൂട്ടുകാരിയും കാമുകിയുമായിരുന്ന കോവിലകത്തെ ഗോപാല കൈമളുടെ മകൾ ദിവ്യയുടെ കല്യാണം ഒരു ഡോക്ടറുമായി ഉറപ്പിച്ചത്. അവൾ നമുക്ക് എങ്ങോട്ടെങ്കിലും പോയി ഒന്നിച്ചു ജീവിക്കാം എന്നു പറഞ്ഞു ഒരുപാട് കരഞ്ഞു വിളിച്ചതാണ്. എന്നാൽ മുത്തശ്ശിയെ വിട്ട് താൻ എങ്ങനെ പോകാൻ. അതുകൊണ്ട് തന്നെ ചങ്കു പറിയുന്ന വേദന ഉള്ളിൽ ഒതുക്കി അവളുടെ മുന്നിൽ ഒരു മണ്ടനെ പോലെ നിന്നു കൊടുത്തു. അവസാനം തന്റെ ഭീരുത്വം കണ്ടു മടുത്ത അവൾ ശപിച്ചു കൊണ്ടാണ് മടങ്ങിയത്. അധികം വൈകാതെ തനിക്ക് അടുത്തുള്ള ബാങ്കിൽ ജോലി കിട്ടി. മുത്തശ്ശിക്ക് വലിയ സന്തോഷം ആയിരുന്നു ആ ദിവസങ്ങളിൽ. പിന്നെ തന്റെ കർശന നിർബന്ധം ആയതോടെ എവിടെയും പണിക്ക് പോകില്ല എന്നു സമ്മതിച്ചു. ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ മുഴുവൻ പൈസയും മുത്തശ്ശിയുടെ കൈയ്യിൽ കൊണ്ടു പോയി കൊടുത്ത തന്നെ വിലക്കി പറഞ്ഞു "ഉണ്ണികുട്ടാ പൈസ നീ കൈയ്യിൽ വെച്ചു ഇനി മുതൽ കാര്യങ്ങൾ ഒക്കെ കണ്ടറിഞ്ഞു ചെയ്യണം." "അതിന് മുത്തശ്ശി എനിക്ക് എന്തറിയാം എല്ലാം മുത്തശ്ശി അല്ലെ ഇതു വരെ ചെയ്തിരുന്നത്." തന്റെ കണ്ണടയുന്നതിനു മുമ്പ് തന്നെ കൊച്ചുമകൻ ഒരു കുടുംബം നടത്താൻ പ്രാപ്തനാവണം എന്നവർ മനസ്സിൽ ഉറപ്പിച്ചിരുന്നു. 

ഒരിക്കൽ വീടിനടുത്തുള്ള കരുണൻ തന്റെ അടുത്തു വന്നു ഒരു അഞ്ഞൂറ് രൂപ കടം ചോദിച്ചു താൻ അതു കൊടുക്കുകയും ചെയ്തു. അതു കണ്ടു കൊണ്ടു നിന്നിരുന്ന മുത്തശ്ശി അവനോട് അതു എന്നു തിരിച്ചു തരും എന്നു ചോദിച്ചു. ഒരാഴ്ച്ച കഴിഞ്ഞു തിരിച്ചു തരാം എന്നു പറഞ്ഞ അവനോട് ആ ദിവസം തന്നില്ലെങ്കിൽ പിറ്റേന്ന് താൻ വീട്ടിലേക്ക് വന്നു വാങ്ങും എന്നു പറഞ്ഞ മുത്തശ്ശി തനിക്ക് അപരിചിത ആയി തോന്നി. പിന്നീട് ഒരിക്കൽ വീടിനു മുന്നിലൂടെ പോവുക ആയിരുന്ന സൈതാലിക്കയെ വിളിച്ചു വരുത്തി ഇന്ന് പണിക്ക് പോയില്ലേ എന്നു ചോദിച്ചു കൊണ്ടു തന്നോട് ആയിരം രൂപ ഇക്കാക്കു കൊടുക്കാൻ പറഞ്ഞു. "സൈതാലി ഇപ്പോഴത്തേ പനി വെച്ചു കൊണ്ടിരിക്കരുത്. അതു കൊണ്ട് ഇപ്പൊ തന്നെ മോളെ ഡോക്ടറെ കൊണ്ടുപോയി കാണിക്കു. ഇനി ഈ പൈസ തിരക്ക് പിടിച്ചു ഇവന് തിരിച്ചു കൊടുക്കുകയൊന്നും വേണ്ട. ഇവനിപ്പോ വലിയ അത്യാവശ്യം ഒന്നും ഇല്ല. ഇനിയും എന്തെങ്കിലും അത്യാവശ്യം വന്നാൽ ഒരു അനിയനോട് ചോദിക്കുന്ന പോലെ ഉണ്ണിയോട് ചോദിക്കാൻ മടിയും വിചാരിക്കേണ്ട" "അതെന്താ മുത്തശ്ശി കരുണൻ തൊട്ടടുത്ത വീട്ടിലെ ആൾ അല്ലെ അന്ന് അഞ്ഞൂറ് ഉറുപ്പിക ചോദിച്ചപ്പോൾ കറക്റ്റ് ദിവസം തരണം എന്നു പറഞ്ഞു. ഇപ്പൊ സൈതാലിക്ക ചോദിക്കാതെ തന്നെ ആയിരം കൊടുക്കാൻ പറഞ്ഞു. അത് തന്നില്ലെങ്കിലും ഇനിയും ചോദിക്കാൻ മടിക്കേണ്ട എന്നു പറഞ്ഞു?" "കുട്ടാ പാത്രം അറിഞ്ഞു വിളമ്പണം എന്നു കേട്ടിട്ടില്ലേ കരുണൻ മര്യാദക്ക് പണിക്ക് പോവില്ല. കള്ള് കുടിക്കാൻ പൈസ ഇല്ലാത്തപ്പോൾ ആണ് നിന്റെ അടുത്ത് കടം ചോദിച്ചു വന്നത്.

ഇന്നലെ സൈതാലിയുടെ വീടിന്റെ അവിടെ പോയപ്പോൾ അവരുടെ ഇളയ കുട്ടി പനിച്ചു വിറച്ചു കിടക്കുക ആയിരുന്നു. ഡോക്ടറെ കാണിച്ചില്ലേ എന്നു ചോദിച്ചപ്പോൾ ആമിന പറഞ്ഞു സൈതാലിക്ക് രണ്ടു മൂന്നു ദിവസം ആയി പണി ഉണ്ടായിരുന്നില്ല എന്നു. അവൻ ദിവസവും പണിക്ക് പോയിട്ടാണ് വയ്യാത്ത വാപ്പയും ഉമ്മയും നാലു ചെറിയ കുട്ടികളും ഉള്ള കുടുംബം നോക്കുന്നത്. വലിയ അഭിമാനി ആയതു കൊണ്ട് ആരോടും സഹായം ഒന്നും ചോദിക്കുകയും ഇല്ല. ഉണ്ണികുട്ടാ യഥാർഥ കഷ്ടപ്പാടുള്ളവരെ നോക്കി സഹായിക്കണം. അതു ഒരിക്കലും ആരു മറന്നാലും നീ മറക്കരുത്." ഒരു ദിവസം ബാങ്കിൽ നിന്നും വന്നപ്പോൾ മുത്തശ്ശി പറഞ്ഞു നാളെ ഒരു സ്ഥലത്ത് പോയി ഒരു പെണ്ണ് കാണാൻ ഉണ്ടെന്ന്. അതിന് എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ട എന്നു പറഞ്ഞ തന്നോട് പറഞ്ഞു "ആ ഗോപാല കൈമളുടെ മകൾ കല്യാണം കഴിഞ്ഞു പോയതിൽ ന്റെ കുട്ടിക്ക് നല്ല വിഷമം ഉണ്ട് ന്നു മുത്തശ്ശിക്ക് അറിയാം. പക്ഷെ അതാലോചിച്ചു ഇനി സങ്കടപ്പെട്ടിരുന്നിട്ടു ഒരു കാര്യവും ഇല്ലല്ലോ. ന്റെ കണ്ണ് അടയുന്നതിനു മുൻപ് ന്റെ കുട്ടിക്കൊരു കുടുംബം ഉണ്ടാവണം. അല്ലെങ്കിൽ നീ ഒറ്റക്കായിപ്പോവും" ദിവ്യയുടെ കാര്യം മുത്തശ്ശി എങ്ങനെ അറിഞ്ഞു എന്നു സംശയിച്ചു നിന്ന തന്റെ മനസ്സു വായിച്ചിട്ടെന്നപോലെ പറഞ്ഞു "അന്റെ ഒരു കണ്ണ് മിടിച്ചാൽ പോലും അതെന്തിനാണ് എന്നെനിക്കു മനസ്സിലാവും കുട്ട്യേ" അങ്ങനെ ഉള്ള മുത്തശ്ശിയുടെ മനസ്സ് വിഷമിപ്പിക്കാൻ ഉള്ള മടികൊണ്ട് പലസ്ഥലത്തും പെണ്ണ് കാണാൻ പോയെങ്കിലും ഒന്നും അങ്ങോട്ട് ശരിയായില്ല.

അവസാനം ഒരാഴ്ച്ച മുൻപ് ഒരു കുട്ടിയെ പോയി കണ്ടു നല്ല കുട്ടി തനിക്കും മുത്തശ്ശിക്കും ഒക്കെ പിടിച്ചു. നാലു പെൺകുട്ടികളിൽ മൂത്ത കുട്ടി. ഡിഗ്രി പാസായിട്ടുണ്ട്. അച്ഛന് ഒരു വർക്ക് ഷോപ്പിൽ ആണ് ജോലി. ഇപ്പൊ ഒരു കല്യാണത്തിനുള്ള അവസ്‌ഥ ഒന്നും ഇല്ല അവർക്ക്. അവിടുത്തെ സ്ഥിതി കണ്ടപ്പോൾ മുത്തശ്ശി പറഞ്ഞു "ഞങ്ങൾക്ക് കുട്ടിയെ മാത്രം മതി ന്റെ കണ്ണടയുമ്പോഴേക്കും ഉണ്ണിക്കൊരു കുടുംബം വേണം. താഴെ ഉള്ള കുട്ടികളുടെ കാര്യം ഓർത്തൊന്നും വിഷമിക്കണ്ട അവരുടെ പഠിപ്പിനും കല്യാണത്തിനും ഒക്കെ വേണ്ട കാര്യങ്ങൾ ചെയ്തുതരാൻ പറ്റുന്ന ഒരു ജോലിയും ഗുരുവായൂരപ്പൻ സഹായിച്ചു അവനുണ്ട്. ഏതായാലും നിങ്ങൾ ആലോചിച്ചു പറഞ്ഞാൽ മതി." മൂന്നു ദിവസം മുൻപ് ബ്രോക്കർ വന്നു പറഞ്ഞു അവർക്ക് കല്യാണത്തിന് സമ്മതം ഇല്ല. കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന ഒരു തള്ളയെ നോക്കാൻ അവരുടെ മകൾക്ക് താൽപര്യം ഇല്ലെന്ന്." അതു മുത്തശ്ശിക്ക് ഒരു ഷോക്ക് ആയിരുന്നു. ആ ബ്രോക്കറെ വിഷ്ണു തല്ലിയില്ല എന്നെ ഉള്ളു. ഇനി ഇത്തരം ആളുകളുമായി ഉള്ള ആലോചനയും ആയി വന്നാൽ കാലു തല്ലി ഒടിക്കും എന്നു പറഞ്ഞത് കേട്ട അയാൾ പെട്ടന്ന് തന്നെ സ്ഥലം വിട്ടു. ഇന്നലെ ജോലി കഴിഞ്ഞു ഉണ്ണി വരുമ്പോൾ മുത്തശ്ശി ആകെ തളർന്നു അവശയായി കിടക്കുക ആയിരുന്നു. അപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടു വന്നു. ഏതായാലും ബ്ലഡ് കയറ്റി തീർന്നപ്പോൾ മുത്തശ്ശിക്ക് കുറച്ചു ഉന്മേഷം ഒക്കെ ആയി. 

രണ്ടു ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ആയി. വീട്ടിൽ വന്നിട്ടും ഒന്നു രണ്ടു ദിവസം ഉണ്ണി ലീവ് എടുത്തു കൂടെ നിന്നു. പിറ്റേന്ന് മുതൽ മുത്തശ്ശിയുടെ കൂടെ നിൽക്കാൻ ഒരു ഹോംനേഴ്സിനെ ഏർപ്പാടാക്കി. അന്ന് വൈകുന്നേരം ഉണ്ണി കഞ്ഞി കോരി കൊടുക്കുന്നതിനിടയിൽ മുത്തശ്ശി പതിവില്ലാതെ കഴിഞ്ഞു പോയ കുറെ കാര്യങ്ങൾ പറഞ്ഞു. പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു "ഉണ്ണി ഇന്റെ കണ്ണടഞ്ഞാൽ മാവ് വെട്ടാൻ ഒന്നും നിൽക്കേണ്ട. ഈ പറമ്പിൽ ആകെ ഒരു മാവേ ഉള്ളു. അതിന്റെ മാങ്ങ ആണെങ്കിൽ നീ അടക്കം ഈ നാട്ടുകാർക്കൊക്കെ വല്യ ഇഷ്ടവും ആണ്. അതുകൊണ്ട് ഷൊർണൂർക്കോ ഒറ്റപ്പാലത്തേക്കോ എവിടേക്കാച്ചാൽ കൊണ്ടുപോയാൽ മതി" "ഈ മുത്തശ്ശി എന്തൊക്കെയാ പറയണത്?" "പറയേണ്ട കാര്യങ്ങൾ പറയേണ്ടേ?. പിന്നെ എന്തെങ്കിലും പറ്റിയാൽ അവസാനത്തെ ചെലവിനൊക്കെ ഉള്ള പൈസ ഇന്റെ പെട്ടിയിൽ ഉണ്ട്." "മുത്തശ്ശി ഇങ്ങനെ ഒന്നും പറയാതെ" അപ്പോഴേക്കും പാത്രത്തിൽ ഉള്ള കഞ്ഞി മുഴുവൻ കുടിച്ചു കഴിഞ്ഞിരുന്നു. "കുറച്ചു കൂടി എടുക്കട്ടേ" "വേണ്ട നിറഞ്ഞു കുട്ട്യേ." മുത്തശ്ശിയുടെ വായും മുഖവും കഴുകി ഉണ്ണി പാത്രം അകത്തു വെച്ചു തിരിച്ചു വരുമ്പോഴേക്കും മുത്തശ്ശി ഉറങ്ങിയിരുന്നു എന്നേക്കുമായി...

Content Summary: Malayalam Short Story ' Muthassi ' written by Rajesh V. R.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com