ADVERTISEMENT

സരോജിനി ദേവി മരിച്ച ദിവസമായ അന്നും ആനന്ദ് വിഹാറിലെ ലെറ്റർ ബോക്‌സിൽ സരോജിനി ദേവിക്കൊരു കത്ത് കിടപ്പുണ്ടായിരുന്നു. ആളും ആരവവും ഒഴിഞ്ഞു വീട് ശാന്തമായപ്പോൾ ലിന്റയാണ് കത്തെടുത്തു കൊണ്ടുവന്ന് നവീനെ ഏൽപ്പിച്ചത്. ദില്ലിയിലെ വീട്ടിൽ ഇന്നലെ രാത്രിയാണ് സരോജിനി ദേവി മരണപ്പെട്ടത്. മരണാനന്തര ചടങ്ങുകൾക്ക് ശേഷം ബന്ധുക്കളും പരിചയക്കാരുമൊക്കെ ഒഴിഞ്ഞു മകൻ നവീനും ഭാര്യ ലിന്റയും ജോലിക്കാരി നീലയും മാത്രമായി. സരോജിനി ദേവിയും നീലയും മാത്രമായിരുന്നു ആനന്ദ് വിഹാറിലെ താമസക്കാർ. മകനും ഭാര്യയും ദില്ലിയിൽ തന്നെ മറ്റൊരിടത്താണ് താമസം. നവീൻ കത്ത് കൈയ്യിലെടുത്ത് ഇരുപുറവും നോക്കി സരോജിനി ദേവി എന്ന് മാത്രമാണ് കത്തിന് പുറത്ത് ആകെ എഴുതിയത്. നോക്കട്ടെ നവീൻ എന്നു പറഞ്ഞു ലിന്റ കത്തു പിടിച്ചു വാങ്ങി.. കവർ പൊട്ടിച്ചു. ഇളം പിങ്ക് നിറത്തിൽ കടലാസ് നിറയെ വടിവൊത്ത അക്ഷരങ്ങൾ. മലയാളം വായിക്കാൻ അറിയാത്ത ലിന്റ കത്ത് നവീന് തന്നെ നൽകി. അയാൾ കത്തിലെ അക്ഷരങ്ങളിലേക്ക് നോക്കി. മനോഹരമായ കൈപ്പടയിൽ കൂടുതൽ ഭംഗി അയാൾക്ക് തോന്നി. 

എന്റെ സരോജയ്ക്ക്. തുടക്കം വായിച്ചതും അയാളിൽ ഒരു ഞെട്ടൽ നിറഞ്ഞു വന്നു. ലിന്റ അയാളുടെ മുഖത്തേക്ക് ഉറ്റുനോക്കി അടുത്തു തന്നെ ഇരിക്കുന്നുണ്ട്. സരോ.. ഇതെന്റെ അവസാനത്തെ കത്താണ്. ഇനി ഒരു എഴുത്ത് എഴുതാൻ കഴിയാത്ത വണ്ണം ഞാൻ അശക്തനാണ്. വല്ലാത്ത വീർപ്പുമുട്ടൽ ആണെടോ തന്നെ കാണാതെ ഇങ്ങനെ നിരന്തരം എഴുതുന്നത്. എത്രകാലമായി നാം കണ്ടിട്ട്. പഴയ സരോയായി നീയും ഞാനും മടങ്ങി വന്നിരുന്നെങ്കിൽ എന്നാലോചിച്ചാണ് ഞാൻ ഉറങ്ങുന്നതും ഉണരുന്നതും. എത്രയോ എഴുത്തുകൾ ഒന്നിന് പോലും താൻ മറുപടി അയച്ചില്ല. എന്നും ഞാൻ കാത്തിരിക്കും ഒരെഴുത്ത് എന്റെ സരോ എനിക്ക് അയയ്ക്കും എന്ന പ്രതീക്ഷയിൽ. ഒരേ നഗരത്തിൽ ആയിരുന്നിട്ടു കൂടി പരസ്പരം കാണാതെ നാം അവസാനിക്കുമോ സരോ? മരണ ഭയം എന്നെ വല്ലാതെ  പിടികൂടിയത് പോലെ. ഉറക്കിൽ നിന്ന് ഒരിക്കലും ഉണരാതെ പോകണം എന്നാണെനിക്ക്. ഉറങ്ങുമ്പോൾ കൂട്ടിന് നിന്റെ ഓർമ്മകൾ ഉണ്ടല്ലോ അതേ ഓർമ്മയിൽ എന്നിൽ നിന്ന് അവസാന ശ്വാസവും നേർത്തു നേർത്തു ഇല്ലാതാകണം. നിനക്ക് ദേഷ്യം വരുന്നുണ്ടല്ലേ. പണ്ടും നീ ഇങ്ങനെ ആയിരുന്നു. മരണത്തെ കുറിച്ചോ വേർപിരിയലിനെ കുറിച്ചോ മിണ്ടിയാൽ ദേഷ്യം വരും, എന്നെ പിച്ചും, മിണ്ടാതിരിക്കും നിനക്ക് ഓർമ്മയുണ്ടോ സരോ.. എല്ലാം ഇന്നലെ എന്ന പോലെ എന്റെ ഓർമ്മയിൽ ഉണ്ട്. ഓർമ്മയിലാണ് ഞാൻ ജീവിക്കുന്നത്. ഓർമ്മകൾ ഇല്ലാത്തവർ ജീവനില്ലാത്ത മരപ്പാവകളെ പോലെയാണ്. 

ഞാൻ മുഷിപ്പിക്കുന്നുണ്ടല്ലേ നീ ക്ഷമിക്കുക. നിന്നോട് അല്ലാതെ മറ്റൊരാളോടും ഇങ്ങനെ സംസാരിച്ചിട്ടില്ല. ഒരാളും നിന്നെ പോലെ എന്നെ അറിഞ്ഞിട്ടില്ല, സ്നേഹിച്ചിട്ടില്ല, ചേർത്തുപിടിച്ചിട്ടില്ല. കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ട് സരോ. സാധിക്കുമോ അറിയില്ല. എന്നും നീ സന്തോഷത്തോടെ കഴിയണമെന്നെ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. ഇന്നും അതേ ആഗ്രഹിക്കുന്നുള്ളൂ. അതാണ് കണ്മുന്നിൽ വരാതെ ഈ ഒളിച്ചു കളി പോലും. എന്റെ സാന്നിധ്യം നിന്റെ സ്വൈര്യ ജീവിതത്തിന് തടസ്സമാകരുത് എന്നു കരുതി. എഴുത്തു പോലും എഴുതാൻ കരുതിയതല്ല. സംഭവിച്ചു പോയതാണ് സരോ. ഒരുകാലത്ത് ഞാൻ നിനക്ക് പ്രിയപ്പെട്ടതായിരുന്നല്ലോ എന്ന തോന്നലിൽ എഴുതിപ്പോയതാണ്. എന്നോട് ക്ഷമിക്കുക. ഇനി നിന്നെ തേടി എന്റെ എഴുത്ത് വരില്ല. ഏറെ സ്നേഹത്തോടെ നിന്റെ മാത്രം...

നവീൻ കത്തു ഇരുവശവും നോക്കി എവിടെയെങ്കിലും ഒരു പേരോ വിലാസമോ കാണുമെന്ന പ്രതീക്ഷയിൽ. നീലാ ദീദി.. നീല ദീദി.. നവീൻ ഉറക്കെ വിളിച്ചു കൊണ്ടിരുന്നു നീല കണ്മുന്നിൽ പ്രത്യക്ഷയാകുന്നത് വരെ. ആരാണ് ഈ കത്തുകൾ അയയ്ക്കുന്നതെന്ന് ദീദിക്കറിയോ.. എനിക്കറിയില്ല ബേട്ടാ.. ആഴ്ചയിൽ രണ്ടു കത്തുകൾ അമ്മയ്ക്ക് വരും. ആരാണ്? എവിടുന്നാണ്? നീണ്ട ചോദ്യങ്ങൾ അവർക്ക് നേരെ തൊടുത്തു വിട്ടു. ഒന്നും അറിയില്ലെന്ന അവരുടെ മറുപടി അയാളിൽ ആകാംഷ നിറച്ചു. അമ്മയുടെ കൂടെ എപ്പോഴും ഉണ്ടാകുന്ന ദീദിക്കറിയില്ലെന്നത് അയാളിൽ അവിശ്വാസം ജനിപ്പിച്ചു. ദീദി അല്ലെ പറഞ്ഞത് ആഴ്ചയിൽ രണ്ട് ലെറ്റർ വരുമെന്ന്. എല്ലാ ആഴ്ചയും രണ്ടു ലെറ്ററുകൾ വരും. ഞാൻ ആണ് അമ്മയ്ക്ക് എടുത്തു കൊടുക്കുന്നത്. അമ്മ അവ വായിച്ചു മുറിയിൽ കൊണ്ടുപോയി വെക്കുന്നത് കാണാം മറ്റൊന്നും എനിക്ക് അറിയില്ല അവർ കൈ കൂപ്പി. 

നവീൻ അമ്മയുടെ മുറിയിലേക്ക് പോയി. പിറകെ ഒന്നും മനസിലാകാതെ ലിന്റയും. വൃത്തിയിൽ ഒരുക്കിവെച്ച മുറിയാകെ നവീൻ കണ്ണോടിച്ചു. അമ്മയുടെ എഴുത്തു മേശയോട് ചേർന്നുള്ള വലിപ്പ് തുറന്ന് നോക്കി അതിൽ കുറെ പഴയ എഴുത്തുകൾ അല്ലാതെ മറ്റൊന്നുമില്ല. പിന്നെയും ഓരോ ഭാഗങ്ങൾ ആയി മുറിയാകെ അരിച്ചു പെറുക്കി.. എങ്ങും അതേ പോലെ ഒരെഴുത്ത് കണ്ടില്ല. അയാൾ ദേഷ്യത്തോടെ മുറിയിലെ സകല സാധനങ്ങളും വലിച്ചു വാരിയിട്ടു. ശബ്ദം കേട്ട് നീല വന്നുനോക്കി. ഒന്നും മിണ്ടാതെ തിരികെ പോയി. വാട്ട് ഹാപ്പെൻഡ് നവീൻ അയാളുടെ ചുമലിൽ പിടിച്ചു കൊണ്ട് ലിന്റ ചോദിച്ചു. മറുപടിയെന്നോണം കാലു കൊണ്ട് തറയിൽ കിടന്ന പുസ്തകങ്ങൾ തട്ടി തെറിപ്പിച്ചു. കറുത്ത പുറംചട്ടയുള്ള പുസ്തകത്തിൽ നിന്ന് പിങ്ക് കളറിൽ വടിവൊത്ത അക്ഷരങ്ങൾ നിറഞ്ഞ കത്തുകൾ അയാൾക്ക് മുന്നിൽ വെളിവായി. ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ അയാൾ എഴുത്തുകൾ വാരിയെടുത്ത് കട്ടിലിലേക്ക് ഇരുന്നു. അമ്മയ്ക്ക് വന്ന കത്തുകൾ. സരോ എന്ന് തുടങ്ങുന്ന വരികളിൽ നിറയെ പ്രണയവും വിരഹവുമായിരുന്നു. ഓരോ കത്തും ശ്രദ്ധയോടെ വായിച്ചു. ആരാണ് എഴുതിയതെന്നതിന് ഒരു തെളിവ് പോലുമില്ല

2

കുറെ ദിവസങ്ങൾ നീണ്ട അലച്ചിലിന് ഒടുവിൽ നവീൻ ആനന്ദ് വിഹാറിലേക്ക് വന്നുകയറി. കൂടെ ലിന്റ ഉണ്ടായിരുന്നില്ല. നീല അയാളെ കണ്ടതും ജ്യൂസ് തയാറാക്കി കൊണ്ടുവന്നു. ജ്യൂസ് കുടിച്ചു കഴിഞ്ഞു അയാൾ നേരെ അമ്മയുടെ മുറിയിലേക്ക് കയറി വാതിലടച്ചു.അമ്മയുടെ മുറി  വിരിപ്പ് പോലും ചുളിയാതെ നീല പരിപാലിക്കുന്നുണ്ടെന്നു അയാൾക്ക് മനസിലായി. മുറിയിലെ ഓരോ വസ്തുവും അമ്മയുടെ തലോടൽ ഏറ്റത് പോലെ അതേ വൃത്തിയിലും ചിട്ടയിലും ഒരുക്കി വെച്ചിരുന്നു നീല.അയാൾ കട്ടിലിലേക്ക് ഇരുന്നു. കൈയ്യിലെ ഫയലിൽ നിന്ന് എഴുത്തുകൾ കട്ടിലിൽ ചരിഞ്ഞു. ഓരോ എഴുത്തും തീയതി പ്രകാരം എടുത്തു വെച്ചു. അവസാനത്തെ കത്തും എടുത്തു വെച്ചു. അന്വേഷണം നീണ്ടതല്ലാതെ അമ്മയ്ക്ക് വന്ന കത്തുകൾ എഴുതിയ ആളെ കണ്ടെത്താൻ അയാൾക്ക് കഴിഞ്ഞില്ല. ആരായിരിക്കും എന്നറിയാനുള്ള അയാളുടെ ജിജ്ഞാസ നശിച്ചു തുടങ്ങിയിരുന്നു. കത്തുകൾ പഴയപോലെ മടക്കി പുസ്തകത്തിൽ വെച്ചു. അച്ഛനൊപ്പം ജീവിച്ചിരുന്ന സരോജിനി ദേവിക്കും അപ്പുറത്ത് അമ്മ മറ്റൊരാൾക്ക് പ്രിയപ്പെട്ടവളായിരുന്നു എന്ന അറിവ് അയാളെ ചെറുതായല്ല ബാധിച്ചത്. അമ്മയോളം പൂർണ്ണയായ ഒരു സ്ത്രീയെ അയാൾ അന്നോളം കണ്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അയാൾക്കത് സഹിക്കാൻ കഴിഞ്ഞില്ല.അമ്മയുടെ സഞ്ചയനം കഴിഞ്ഞ അന്ന് ഇറങ്ങിയതാണ് അയാൾ അന്വേഷണവുമായി.ആരാണ് അമ്മയ്ക്ക് കത്തുകൾ അയക്കുന്നതെന്നറിയാൻ. 

നാട്ടിൽ അമ്മയുടെ ബന്ധുക്കളിൽ, കൂട്ടുകാരികളിൽ, ജോലി ചെയ്തിരുന്ന സ്കൂളുകളിൽ എന്നുവേണ്ട അമ്മയുമായി ബന്ധമുള്ള സകല മനുഷ്യരേയും അയാൾ തേടിപ്പിടിച്ചു ഒരു വിവരവും കിട്ടിയില്ല. അയാളുടെ ലീവ് നീണ്ടു. ഒരു വിവരവും അറിയാൻ സാധിക്കാതെയുള്ള അലച്ചിലിൽ ലിന്റ ദേഷ്യപ്പെട്ടു ദില്ലിക്ക് തിരിച്ചു പോന്നു. അയാൾ നിരാശനാകാതെ അന്വേഷിച്ചു കൊണ്ടേയിരുന്നു. ഒടുക്കം തോൽവി സമ്മതിച്ചു തിരികെ വന്നു. അമ്മയുടെ മുറിയിൽ അവരുടെ ഓർമ്മകൾ നിറയ്ക്കുന്ന മനസ്സുമായി അയാൾ കട്ടിലിലേക്ക് കിടന്നു.. മുറിക്ക് പുറത്ത് മറ്റാരോടും പറയാനാകാത്ത രഹസ്യവുമായി നീല; നവീൻ വാതിൽ തുറക്കുന്നതും കാത്തിരുന്നു. 

3

നവീന്റെ ഓഫീസ് അഡ്രസിൽ ഒരു ലെറ്റർ അയാളെ തേടി വന്നു. സരോജിനി ദേവിയെ തേടിയെത്തിയ അതേ പിങ്ക് കളർ പേപ്പറിൽ അതേ കൈയ്യക്ഷരം. നവീൻ കാബിനിലിരുന്നു കത്തു വായിച്ചു. നവീൻ.. എന്നെ നവീന് അറിയില്ല ഇനി നാം ഒരിക്കലും നേരിൽ കാണാനും പോകുന്നില്ല. നവീനും ലിന്റയും സുഖമായിരിക്കുന്നു എന്നു കരുതുന്നു. അമ്മയും ഞാനും തമ്മിലുള്ള ബന്ധം കണ്ടെത്താൻ നീ ഒരുപാട് അലഞ്ഞു അല്ലെ. വേണ്ട മോനെ നീ അന്വേഷിക്കണ്ട, അറിഞ്ഞിട്ടു എന്തിനാണ് അമ്മയെ വെറുക്കാൻ ആണോ. മുന്നിൽ പോയിനിന്ന് ചോദ്യം ചെയ്യാൻ അമ്മ ഇന്നില്ലല്ലോ.. പിന്നെന്തിനാണ് ഈ അന്വേഷണം. ഈ കത്ത് നീ വായിക്കുമ്പോ ഞാൻ ജീവനോടെയുണ്ടാവില്ല. നിനക്കയയ്ക്കാനായി ഈ എഴുത്ത് എഴുതി വെച്ചിട്ട് കുറെയേറെ ദിവസങ്ങൾ ആയി. നിനക്ക് നൽകാൻ ഏൽപ്പിച്ച ആൾ കൃത്യമായി നിനക്കരികിൽ എത്തിച്ചാൽ നിനക്ക് കിട്ടും എന്നറിയാം. അമ്മയെ വെറുക്കാതിരിക്കുക അത്രമാത്രം പറയുന്നു സ്നേഹത്തോടെ.. അയാൾ കത്തിന് പുറത്തു ഫ്രം അഡ്രസ് ഉണ്ടോ എന്ന് നോക്കി ഉണ്ടായിരുന്നില്ല. ഒരു സ്റ്റാമ്പ് പോലും ഇല്ല. ആരോ ഒരാൾ ഈ കത്ത് തന്റെ അഡ്രസ് എഴുതി ഓഫിസിൽ ഏൽപ്പിച്ചു പോയതാണ് എന്നയാൾക്ക് ബോധ്യമായി. എല്ലാം മറന്ന് ജോലിത്തിരക്കുകളിൽ മുഴുകിയ അയാളെ വീണ്ടും എല്ലാം ഓർമ്മിപ്പിച്ച ആ എഴുത്ത് അയാളുടെ കൈയ്യിലിരുന്നു വിറകൊണ്ടു. ഓഫീസ് ബോയിയെ വിളിച്ചു ലെറ്റർ ആരാണ് കൊണ്ടുവന്നത് എന്നന്വേഷിച്ചു. അയാൾക്കും അറിവില്ല ലെറ്റർ ബോക്‌സിൽ നിന്നാണ് എഴുത്തു കിട്ടിയത് എന്ന മറുപടി അയാളിൽ നിരാശ നിറച്ചു. കൈ എത്തും ദൂരത്ത് വന്ന ആളെ കണ്ടെത്താൻ പറ്റാത്ത നിരാശ അയാളിൽ നിറഞ്ഞു നിന്നു. വീണ്ടും അമ്മയുടെ ഓർമ്മകൾക്കൊപ്പം ആ കത്തു കൂടി നിറഞ്ഞു നിന്നു..

4

സരോജിനിദേവിയുടെ മുറി തൂത്തുകൊണ്ടിരിക്കെയാണ് പുറത്ത് ബെൽ മുഴങ്ങിയത്. നീല പുറത്തേക്ക് വന്നു. നവീനായിരുന്നു വന്നത്. വന്നതും അയാൾ നേരെ അമ്മയുടെ മുറിയിലേക്ക് കയറി. അയാൾക്ക് പിറകെ നീലയും നിലത്തുള്ള ചൂല് എടുത്തു പുറത്തേക്കിറങ്ങി. നീല ദീദി.. തളർന്ന സ്വരത്തിൽ നവീൻ വിളിച്ചു. നീല തിരിഞ്ഞു നോക്കി. എല്ലാകാലത്തും മുഖത്തുള്ള ദയനീയ ഭാവത്തോടെ അവർ മുന്നിൽ വന്നു നിന്നു. അമ്മയും അച്ഛനും ദില്ലിയിൽ വന്നകാലം മുതൽ വീട്ടിലുള്ളതാണ് നീല ബെൽസേരിയ. ചത്തീസ്ഗഡിൽ നിന്ന് ദില്ലിയിൽ താമസമാക്കിയതാണ് നീല. നീല ദീദി.. ശാന്തമായ ശബ്ദത്തിൽ നവീൻ വിളിച്ചു. അമ്മയ്ക്ക് വന്ന എഴുത്തുകൾ ആരാണ് എഴുതിയത് എന്നറിയാമോ.. എനിക്ക് ഒന്നുമറിയില്ല.. കൈ കൂപ്പി കൊണ്ട് അവർ പറഞ്ഞു. നീലാ ദീദി.. എന്തിനാണ് കള്ളം പറയുന്നത്.. ഞാൻ.. ഞാൻ.. എനിക്ക് ഒന്നുമറിയില്ല ബേട്ടാ.. 

ലാപ്പിൽ ഉണ്ടായിരുന്ന വീഡിയോഫുട്ടേജ് അവർക്ക് മുന്നിലേക്ക് കാണാൻ സാധിക്കുന്ന രീതിയിൽ വെച്ചു. കൈയ്യിലിരുന്ന ചൂലിന്റെ കണ്ണികൾ വലിച്ചു പൊട്ടിച്ചു കൊണ്ട് നീല വീഡിയോയിൽ നോക്കി നിന്നു. കൈകാലുകൾ വിറകൊണ്ടു മുഖം വിയർപ്പാൽ മുങ്ങി. ആര് പറഞ്ഞിട്ടാണ് ദീദി ഈ കത്ത് എന്റെ ഓഫിസ് ലെറ്റർ ബോക്‌സിൽ കൊണ്ടിട്ടത്. കൈയ്യിലുള്ള ലെറ്റർ കാണിച്ചു കൊണ്ട് നവീൻ ചോദിച്ചു. നീല മിണ്ടാതിരുന്നു. കൈയ്യിലെ ചൂലിൽ നിന്ന് കണ്ണികൾ വലിച്ചു പൊട്ടിച്ചുകൊണ്ടിരുന്നു. "ദീദി മിണ്ടാതിരുന്നാൽ പറ്റില്ല. ആരാണ് ദീദിക്ക് ഈ കത്തുകൾ എഴുതി തന്നത്." "അത്... അത്.." "പറയൂ ദീദി." "അമ്മയാണ് ബേട്ടാ.." "നോ... നിങ്ങൾ കള്ളം പറയുന്നു. അമ്മ മരിച്ചിട്ട്  മാസങ്ങൾ കഴിഞ്ഞു. ആരാണ് നിങ്ങൾക്ക് ഈ എഴുത്തു തന്നത്." "സത്യമാണ് ബേട്ടാ.. അമ്മ തന്ന എഴുത്താണ്.." "നോ... നോ... നിങ്ങൾ കള്ളം പറയുകയാണ് ദീദി.." "അല്ല.. അല്ല.." "അമ്മ എന്റെ കൈയ്യിൽ ഏൽപ്പിച്ച എഴുത്താണ്. എന്നെങ്കിലും ബേട്ട അമ്മയ്ക്ക് വന്ന കത്തുകൾ കാണുമെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. മോൻ കത്തുകൾ കണ്ട് കഴിഞ്ഞാൽ മോന്റെ ഓഫിസിൽ ഏൽപ്പിക്കാൻ പറഞ്ഞു അമ്മ ഏൽപ്പിച്ചതാണ്. എനിക്ക് മറ്റൊന്നുമറിയില്ല.. ഒന്നുമറിയില്ല.." കരഞ്ഞു കൊണ്ട് നീല പുറത്തേക്ക് ഇറങ്ങി. 

അമ്മ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും നവീന് ഉത്തരം കിട്ടിയില്ല. വീണ്ടും അമ്മയുടെ മുറിയിൽ അന്വേഷണം തുടങ്ങി. ഓരോന്നും അതീവ ശ്രദ്ധയോടെ എടുത്തു പരിശോധിച്ചു. എവിടെയും ഒരു തെളിവും ഇല്ല അയാൾക്ക് ആകെ മടുപ്പ് തോന്നി. അമ്മയ്ക്ക് ഒരുപാട് രഹസ്യങ്ങൾ ഉള്ളത് പോലെ. വീണ്ടും അമ്മയുടെ പുസ്തകഷെൽഫ് തുറന്നു പരിശോധന തുടങ്ങി. ഓരോ പുസ്തകവും അതീവ ശ്രദ്ധയോടെ പരിശോധിച്ചു. എഴുത്തുകൾ സൂക്ഷിച്ചു വെച്ച പുസ്തകം ഉൾപ്പെടെ പരിശോധിച്ചു. ഒരു തെളിവും കിട്ടിയില്ല. നീല പിന്നീട് നവീന് മുന്നിലേക്ക് വന്നതേയില്ല. നവീനാകട്ടെ അമ്മയുടെ മുറിയിൽ ദേഷ്യത്തോടെ ഉലാത്തികൊണ്ടിരുന്നു. ഇടയ്ക്ക് ബെഡിൽ ഇരിക്കും വീണ്ടും നടക്കും പിന്നെയും ഇരിക്കും.കുറെ സമയത്തിന് ശേഷം ദേഷ്യത്തോടെ  ഇറങ്ങിപ്പോയി. പോകുന്നതിന് മുൻപ് നീലയെ തേടി അടുക്കളയിൽ ചെന്നു. അടുക്കളയിലെ തറയിൽ തലകുനിച്ച് ഇരുന്ന് കരയുന്ന നീലയെ കണ്ടതും നവീന് വിഷമം വന്നു. "നീലാ ദീദി.." നവീനിന്റെ ശബ്ദം കേട്ടതും നീല പിടഞ്ഞെഴുന്നേറ്റു. അയാൾക്ക് മുന്നിൽ തലകുനിച്ചു നിന്നു. 

"ദീദി.. ഇനിയും ഇതുപോലെ എഴുത്തുകൾ കൈയ്യിലുണ്ടോ ആർക്കേലും കൊടുക്കാൻ എന്നു പറഞ്ഞ്‌ അമ്മ തന്നത്." "നഹി ബേട്ടാ.." അവർ കരഞ്ഞു കൊണ്ട് കൈ കൂപ്പി.. ദീദി.. ഞാൻ ഈ വീട് വിൽക്കുകയാണ്. ദീദിക്ക് മടങ്ങിപോകാം. നീല ഞെട്ടലോടെ അയാളെ നോക്കി. ഈ വീട്ടിൽ നിന്ന് ഒരു മടങ്ങി പോക്ക് അവർ കരുതിയതല്ല ആഗ്രഹിച്ചതും. "ബേട്ടാ.." ദയനീയമായി നേർത്ത ഒരു ശബ്ദമായി നീല ദീദി മാറി. "ദീദിക്ക് പ്രായമായി തുടങ്ങി .അതുകൊണ്ടാണ് ദീദിയെ നാട്ടിലേക്ക് മടക്കി അയയ്ക്കുന്നത്. അല്ലാതെ ദീദിയോട് ദേഷ്യം ഉണ്ടായിട്ട് അല്ല." നവീൻ നീലയുടെ കൈ പിടിച്ചു. തഴമ്പിച്ച കൈവിരലുകൾ അയാൾ അയാളുടെ തലയിലേക്ക് വെച്ചു അനുഗ്രഹിക്കണം എന്ന പോലെ ദീദിയെ നോക്കി.. നീല കരഞ്ഞു ഉറക്കെ കരഞ്ഞു. നവീൻ മിണ്ടാതെ വീട് വിട്ട് പോയി.

5

നീല എന്തുചെയ്യണമെന്നറിയാതെ വീട് മുഴുവൻ ചുറ്റി നടന്നു. ചെടികൾക്ക് വെള്ളമൊഴിച്ചു. വീടാകെ തൂത്ത് തുടച്ചു. സരോജിനി ദേവിയുടെ മുറി പതിവിലും കൂടുതൽ ശ്രദ്ധയെടുത്തു വൃത്തിയാക്കി. മുറിയിൽ നിന്ന് എടുത്ത സ്ലീപ്പിംഗ് പിൽസിന്റെ ബോട്ടിൽ കൈയ്യിൽ മുറുകെ പിടിച്ചു. പതിനേഴാം വയസിൽ ആണ് ഈ വീട്ടിൽ ജോലിക്ക് കയറിയത്. അതിനും മൂന്നു വർഷം മുന്നെ ദില്ലിയിൽ എത്തിയിരുന്നു. പല വീടുകൾ, പല ആളുകൾ, പല അനുഭവങ്ങൾ, വേദനകൾ. ഈ വീട്ടിൽ വന്നു കയറിയത് മുതൽ എല്ലാം പുതിയ അനുഭവങ്ങൾ. സ്നേഹം മാത്രമുള്ള വീട്ടുകാർ, സ്വാതന്ത്ര്യം ഉള്ള വീട്. അഞ്ചു വയസ്സ് പ്രായമുള്ള നവീൻ, അവന്റെ കുസൃതികൾ സരോജിനി ദേവിയുടെ തമാശകൾ, ചിരികൾ കേണൽ രഘുനാഥ്ന്റെ ആജ്ഞകൾ അങ്ങനെ കഴിഞ്ഞ നാൽപ്പത് വർഷക്കാലത്തെ മുഴുവൻ ശബ്ദങ്ങളും നീലയുടെ ചെവിട്ടിൽ ഒരുമിച്ച് മുഴങ്ങി.. ചെവിയടച്ചു പിടിച്ചു ഉച്ചത്തിൽ കരഞ്ഞു കൊണ്ട് നീല സരോജിനി ദേവിയുടെ മുറിയിൽ കയറി.. സരോജിനി ദേവിയുടെ വലിയ ഛായാചിത്രത്തിന് മുന്നിൽ കൈ കൂപ്പി നിന്നു. പതിയെ അതിനു മുന്നിലേക്ക് ഇരുന്നു. പിന്നെ കിടന്നു..കേണലിന്റെ മരണം മാനസികമായി തകർത്തു കളഞ്ഞ സരോജിനിദേവിക്ക് കൂട്ടും കാവലും നീലയായിരുന്നു. ജീവിതത്തിലെ മടുപ്പ് നിറഞ്ഞ ദിവസങ്ങളിൽ എപ്പോഴോ സരോജിനി ദേവിക്ക് തോന്നിയതായിരുന്നു അവർക്ക് ഒരു മുൻകാലകാമുകൻ ഉണ്ടായിരുന്നുവെങ്കിലെന്ന്. ആ തോന്നലിൽ ആണ് പിന്നീട് അവർ ജീവിച്ചത്. സ്വയം കാമുകനായും കാമുകിയായും അവർ ആസ്വദിച്ചു ജീവിച്ചു. വിരസമായ ദിവസങ്ങളെ അങ്ങനെയവർ സന്തോഷമുള്ളതാക്കി. 

ഇതിന്റെ ഒന്നും പൊരുൾ അറിയാതെ നീലയും അവർക്കൊപ്പം എല്ലാത്തിനും കൂട്ടു നിന്നു. സരോജിനി ദേവിക്കും വീടിനും പുറത്തു ഒരു ലോകം ഇല്ലെന്നു കരുതി ജീവിക്കുന്ന നീല ഒരിക്കലും അവർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിയില്ല, ചോദ്യം ചെയ്തില്ല. നവീനെ ഒന്നും അറിയിച്ചില്ല. തികഞ്ഞ ദാസിയായി അവർ സരോജിനി ദേവിയെ സേവിച്ചു. വർഷങ്ങൾ നീണ്ട ഈ വീട്ടിലെ  ജീവിതത്തിനോടാണ് വിടപറയാൻ നവീൻ ആവശ്യപ്പെട്ടത്. അത് നീലയെ ആകെ തളർത്തി കളഞ്ഞിരുന്നു. സരോജിനി ദേവിയുടെ ഛായാചിത്രത്തിലേക്ക് നോക്കി അവർ കിടന്നു. ഒറ്റയ്ക്കിരുന്നു പിങ്ക് നിറമുള്ള കടലാസിൽ വടിവൊത്ത അക്ഷരത്തിൽ എഴുതുന്ന, വേദനയുള്ള കാലു വലിച്ചു നടന്ന് ലെറ്റർ ബോക്‌സിൽ കൊണ്ടിടുന്ന തിരികെ വന്ന് സന്തോഷത്തോടെ കാപ്പി കുടിക്കുന്ന സമയം താൻ എടുത്തു കൊടുക്കുന്ന ലെറ്റർ ബോക്സിലെ എഴുത്തുകൾ വായിച്ച് ഉന്മാദിനിയെ പോലെ ചിരിച്ചു കൊണ്ട് മുറിയിൽ കയറി വാതിലടക്കുന്ന സരോജിനി ദേവിയുടെ ചിത്രം നീലയുടെ കണ്ണടയുമ്പോഴും കണ്മുന്നിൽ നിറഞ്ഞു നിന്നു. പിങ്ക് നിറമുള്ള കത്തുകൾ അവർക്ക് ചുറ്റും നിരന്നു കിടന്നു. അതിലെ വടിവൊത്ത അക്ഷരങ്ങൾ മാഞ്ഞു തുടങ്ങി.

Content Summary: Malayalam Short Story ' Sarojayude Kathukal ' written by Bensiya Jafar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com