കിളിയുണർച്ചകൾ – റാണി ബി. മേനോൻ എഴുതിയ ലേഖനം

HIGHLIGHTS
  • കിളിയുണർച്ചകൾ (ലേഖനം)
malayalam-poem-towerile-pakshikal
Representative image. Photo Credit: I'm friday/Shutterstock.com
SHARE

ഗ്രാമത്തിലെയും നഗരത്തിലെയും, പർവ്വതങ്ങളിലേയും കിളിയുണർച്ചകൾ വ്യത്യസ്തമാണ്. ഗ്രാമക്കിളികൾ നിലാവുള്ള രാത്രികളിൽ നാലു മണിക്കുണർന്ന് സംഭാഷണമാരംഭിക്കും. പൂത്താങ്കീരികൾ, എന്നു ഞങ്ങൾ നാട്ടിൽ വിളിക്കുന്ന ചവറ്റിലക്കിളികൾ, മലയാളികളായ എല്ലാ സുരേഷ്മാരേയും തിരിഞ്ഞു നോക്കിപ്പിക്കുന്ന മൈനകൾ, വിശ്രമരഹിതരായ മരംകൊത്തികൾ, ബ്ലാക്ക് ആന്റ് വൈറ്റ് ബ്യൂട്ടികളായ വണ്ണാത്തിക്കിളികൾ, ക്രൂര സുന്ദരന്മാരായ പുള്ളുകൾ, എണ്ണക്കറുമ്പികളായ കാക്കത്തമ്പുരാട്ടികൾ, തവിട്ടു നിറത്തിന് കറുപ്പു കൊണ്ടിരിട്ട കുപ്പായമണിഞ്ഞ ചകോരികൾ, സ്വർണ്ണം വാരിപ്പൂശിയ ഗോൾഡൻ ഓറിയോൾ, നീട്ടി വാലിട്ടു കണ്ണെഴുതിയ ഇന്ത്യൻ പിറ്റ, ഗൗരവഭാഷികളായ പ്രാവുകൾ.... ഇവയെല്ലാം വീടിനു ചുറ്റുമുള്ള പറമ്പിലെ സ്ഥിരവാസികളാണ്. വളരെ രസമാണവരുടെ പുലർകാല സംഭാഷണങ്ങൾ കേൾക്കാൻ. ഒരു ചോദ്യോത്തര ശൈലിയാണ് പൂത്താങ്കീരികൾക്ക്. ഇടയ്ക്കു കയറി സംസാരവും ചിലപ്പോഴുണ്ടാകും. ഇന്നലത്തെ കണക്കെടുപ്പ്, പിഴവുകൾ; ഇന്നത്തെ പ്ലാനിംഗ് എന്നിവയൊക്കെയാവണം അവരുടെ ചർച്ച എന്നാണ് ട്രെയിന്റ് ആയ മനുഷ്യബുദ്ധി വച്ച് എന്റെ ഒരൂഹം. കുടുംബകാര്യമോ, ഹൈവോൾട്ടേജിൽ കളിക്കുന്ന ന്യൂജെൻമാരുടെ വിവരദോഷമോ വിഷയമായിക്കൂടായ്കയില്ല. 

പൂത്താങ്കീരികളുടെ സെഷൻ കഴിഞ്ഞാൽ മൈനകൾ അവരുടെ സഭ തുടങ്ങും. വീടിനെതിരെയുള്ള ഞാലിൽ നിന്നും മറുമൊഴിയില്ലാത്തൊരൊറ്റക്കിളിപ്പാട്ടുയരാറുണ്ട്. അദ്ദേഹം, മൺമറഞ്ഞു പോയ തന്റെ പ്രിയതമയോടു സംസാരിക്കുകയാവാം എന്നാണു ഞാൻ കരുതുന്നത്. അത്രമേൽ ദയാപൂർണ്ണവും, മൃദുലവുമാണാ ഭാഷ. കരച്ചിലിന്റെ വക്കോളമെത്തുന്ന ഒന്ന്. ആ ഏകാംഗ സംഭാഷണം നടന്നുകൊണ്ടിരിക്കേ പുലരിയെത്തും. പല തവണ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചിട്ടും കഴിയാത്ത, അദ്ദേഹത്തിന്റെ ഏറെ പേലവമായ ആ ശബ്ദം ഭീഷണശബ്ദകാരികളായ പ്രാവുകളുടെ സഭ കൂടലിൽ മുങ്ങിപ്പോകും. പ്രാവുകൾ ഉമ്മറത്താണ് സഭ കൂടുക. ചെഞ്ചോരക്കണ്ണും, കൽപ്പന പുറപ്പെടുവിക്കും പോലുള്ള ശബ്ദവും, കൈ പിന്നിൽക്കെട്ടി കാരണവന്മാരെപ്പോലെയുള്ള നടത്തവും.. ഇവരെ ആരാണ് സമാധാന ദൂതരാക്കിയത്? ഗോൾഡൻ ഓറിയോളിന്റെ സെഷൻ തുടങ്ങുക ഏഴരയ്ക്കാണ് കടുത്ത മഞ്ഞയിൽ അവിടവിടെ അരികു പിടിപ്പിച്ച കരിം കറുപ്പു കുപ്പായവും ചാർത്തി  നാലു ചുറ്റ് പറന്ന്, ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചാണ് തുടക്കം! പിന്നീട് സ്വരാലാപം ഒളിവിലാണ്! തനിക്കു വേണ്ടി മാത്രം പാടുന്നുവെന്ന മട്ടിൽ! പിറ്റകൾ കുറച്ച് വൈകിയാണ് വരിക. അധികഭാഷണമൊന്നുമില്ലാത്ത കാര്യമാത്ര പ്രസക്തർ! സദാ ഉപ്പ് ചോദിച്ചു കൊണ്ടേയിരിക്കുന്ന ചകോരത്തിന് ബി.പിയുണ്ടാകുമോ? അറിയില്ല! 

ഞാൻ താമസിക്കുന്ന നഗരത്തിലെ സിറ്റി ബസ് സ്റ്റാന്റിലാണ് തത്തകളുടെ തറവാട്ടുവീട്. വിദ്യാരണ്യപുരത്തെ മരങ്ങൾ കാക്കകളും, ഡിസി ഓഫീസിനു ചുറ്റുമുള്ള മരങ്ങൾ മൈനകളും കൈയ്യേറിയിരിക്കുന്നു. വെയിലണഞ്ഞ് ഈ വഴികളിലൂടെ നടന്നാൽ ശബ്ദമുഖരിതമാണിവിടം. താന്താങ്ങളുടെ കൊമ്പുകളേയും ചില്ലകളേയും കുറിച്ചായിരിക്കണം കലശൽ. ഞാൻ താമസിക്കുന്നിടവും വൃക്ഷ സമൃദ്ധമാണ്. അവിടെ മനുഷ്യരെപ്പോലെ തന്നെ പക്ഷികളും സമയത്തിന് ഏറെ വില കൽപ്പിക്കും പോലാണ്. നാലരയ്ക്ക് ഒരൊറ്റപ്പക്ഷിയുണർന്നൊരു കൂറ്റാണ്. പിന്നെ നിശ്ശബ്ദം. അടുത്ത അലാം അഞ്ചു മണിക്കാണ്, ഒറ്റ ഒന്ന്. അഞ്ചര എന്നൊരു സമയമുണ്ടെങ്കിൽ, എല്ലാവരും കൂടി ഝടുതിയാലൊരു സംഘഗാനം. ഈ ഷെഡ്യൂളിന് ഭംഗം വരിക, വസന്ത കാലത്താണ്. വർഷങ്ങളായുള്ള പതിവാണ്. എന്റെ വീടിനു പിറകിലെ പടർന്നു വളർന്ന പുളിയൻമാവിൽ ഒരു കുട്ടിക്കുയിൽസുന്ദരൻ, എന്റെ ഉറക്കം മുറിച്ചുകൊണ്ട്, തന്റെ പഞ്ചമസാധകം നാലരയ്ക്കാരംഭിക്കും. അടച്ച തൊണ്ട തുറന്നു വരും വരെ. രസകരമാണാശ്രുതിയൊപ്പിക്കൽ കേൾക്കാൻ. ഒരിക്കൽ, ടെറസ്സിലിരിക്കവെ അടുത്തുള്ള മരച്ചാർത്തിലെ രസാവഹമായൊരു സാധകത്തിന് സാക്ഷിയായി. കാക്കമ്മയും നാലുകുട്ടിക്കറുമ്പന്മാരും. കാക്കമ്മ പറയുന്നു "കാ". മൂന്നു കുഞ്ഞുങ്ങൾ അൽപ്പം താഴ്ന്ന ശ്രുതിയിൽ ഏറ്റുചൊല്ലുന്നു "കാ" നാലാമൻ അൽപ്പം ഇടർച്ചയോടെ ചൊല്ലുന്നു "കൂ" അമ്മക്കാക്ക തെറ്റുതിരുത്തും പോലെ അൽപ്പം കടുപ്പിച്ച് വീണ്ടും പറയുന്നു "കാ" കാക്കക്കുട്ടികളുടെ കോറസ് "കാ" പരിഭ്രമത്തോടെ നാലാമൻ ശ്രുതിയൊപ്പിച്ച് "കൂ" പിന്നൊരു കൂട്ടക്കലാപം. അപ്പോഴീ പറഞ്ഞു കേൾക്കുന്നതത്ര തെറ്റല്ലല്ലെ? കാക്ക... കൂട്... കുയിൽ... മുട്ട....

യാത്ര പോകാനിഷ്ടമുള്ളയിടങ്ങളാണ് ഗിരി നിരകൾ! ഹിമാലയൻ പുലരികൾ പൊതുവേ വേഗമുണർന്നു വരുന്നവയാണ്, കിളികളും! അവിടെ കിളികൾ ശബ്ദ ശരീരികളാണ് എന്ന് ഞാനെന്നോട് പറയാറുണ്ട്. ഒരിക്കലും കാഴ്ച്ചയിലേക്ക് വരാതെ അവ ഇലകളായ് തന്നെ മാറി, നമുക്കൊരിക്കലും അനുകരിക്കാനാവാത്ത ചെറിയ വലിയ ശബ്ദം പുറപ്പെടുവിച്ച് നമ്മെ കബളിപ്പിക്കും! കാട്ടാറിന്റെയും, ഇലച്ചാർത്തിന്റെയും ഓർമ്മകൾ കൊരുത്തിട്ട ജീനുകൾ സജീവമായതിനാലാവാം ചിരപരിചിതത്വം തോന്നാറുണ്ട്. അതിനാൽത്തന്നെ കിളിയൊച്ചകളിലേക്ക് കൺതുറക്കാൻ കഴിയുന്ന പുലരികളെ കുറിച്ചോർക്കുമ്പോൾ മനസ്സിലേക്ക് വരുന്ന ഒരേയൊരു വാക്കാണ് BLISS!!!

Content Summary: Malayalam Article ' Kiliyunarchakal ' written by Rani B. Menon

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS