പെണ്ണെന്ന വാക്കോ, നോട്ടത്തിൽ ചെറുതും
കാര്യത്തിൽ കടലുമായ് മാറുന്ന വിസ്മയം
വിണ്ണുപോൽ വെണ്മയും
മണ്ണുപോൽ ജീവനും ഒളിപ്പിച്ച വാക്കത്
മറയാത്ത മഴവില്ലായ് വാടാത്ത പുഷ്പമായ്
മായാത്ത സുഗന്ധമായ് നിറയുന്ന പദമല്ലോ
നല്ല സുഹൃത്തായ് മകളായ്
സഹോദരിയായ് സഹധർമ്മിണിയായ്
നല്ലോരമ്മയായ് അമ്മായിയമ്മയായ്
കൊഴിയുന്ന നിമിഷങ്ങൾ തളിർക്കുന്ന വേഷങ്ങൾ
വറ്റാത്ത സ്നേഹനദിയായ്
ഒഴുകിയല്ലോ നീ ഹൃത്തടത്തിൽ നിറവോടെ
സ്വപ്നങ്ങൾ തൻ മാളിക തീർത്തു നീ
ഹൃത്തിൻ വാനിലോ കിനാപ്പൂക്കൾ ചാർത്തി നീ
എങ്കിലും കാലമോ ആനയിച്ചവളേ
കനലെരിയുന്നോരു ജീവിതവീഥിയിൽ
കരയാതെ നിന്നവളവിടെയും ചിരിതൂകി
തളരാതെ പറന്നൊരാ ഫീനിക്സ് പറവപോൽ
ആശാഭിലാഷങ്ങളെങ്ങോ മറഞ്ഞു
ലക്ഷ്യങ്ങളൊക്കെയും വഴിയിൽ പിരിഞ്ഞു
പുഞ്ചിരി തഞ്ചിയ നെഞ്ചിലന്നറിയാതെ
നനവുള്ള നോവിന്റെ ബാഷ്പം കിനിഞ്ഞു
സ്വപ്നങ്ങളെല്ലാം ചിറകറ്റു വീണു
എന്നിട്ടുമൊറ്റക്കു തണലായി നിന്നു
പൊലിഞ്ഞു വീണുപോയ് ഇതളുകളെങ്കിലും
അലിഞ്ഞു പോവാത്ത മനസ്സുമായ് നടന്നവൾ
എരിഞ്ഞു നീങ്ങി നീ പലവുരുവെങ്കിലും
വിരിഞ്ഞു മലരുപോൽ മനസ്സുകളിലെന്നുമേ
മോഹവർണ്ണങ്ങളോ മാഞ്ഞുപോയെങ്കിലും
സ്നേഹവർണ്ണങ്ങൾ ചാർത്തി നീ ഹൃത്തതിൽ
ജീവൻ തുടിപ്പതും ജീവിതം തളിർപ്പതും
പെണ്ണെന്ന വാക്കിന്റെ മഹിമയാലല്ലയോ
അന്നം വിളമ്പിയും അക്ഷരം പകർന്നുമേ
തെളിയുന്നു മിഴികളിൽ അലിവിന്റെ ദീപമായ്
മധുമന്ദഹാസമായ് വിടരൂ നീ എന്നുമേ
അഴകുള്ള മൊഴികളായ് വിരിയൂ നീ ജീവനിൽ
Content Summary: Malayalam Poem ' Pennu ' written by Tojomon Joseph