ADVERTISEMENT

ആറു മണി ആയതേ ഉള്ളൂ.. അന്നു പക്ഷെ നേരത്തെതന്നെ ഇരുട്ടുവീണു. ഉച്ചവരെ മങ്ങിയ വെയിൽ പുതച്ചു കിടക്കുന്ന ഭൂമിയിൽ വൈകുന്നേരത്തോടെ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ തുലാമഴ പെയ്യുന്ന സമയം ആണ്.. ചെറിയ ചാറ്റൽ മഴ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു.. ഇനിയേതുസമയവും മഴ ആർത്തിരമ്പിയെത്താം. അതിനുമുമ്പേ വീട്ടിലെത്തിയാൽ മതിയായിരുന്നു. ബസ്സിറങ്ങി വീട്ടിലേക്കു അതിവേഗം നടക്കുമ്പോൾ ഹിമ ചിന്തിച്ചു. നാലു മണിക്ക് ഗ്രാമത്തിലേക്കുള്ള ബസ് വരേണ്ടതായിരുന്നു. അതെത്തിയപ്പോൾ പക്ഷേ അഞ്ചരയായത് കൊണ്ടാണ് ഇത്രയും താമസിക്കാനിടവന്നത്. അല്ലെങ്കിൽ നേരത്തെ വീട്ടിലെത്താമായിരുന്നു.. വൈകുന്നേരം സ്‌കൂൾ വിട്ടു വീട്ടിൽ പോകാനായി ബസ് കാത്തുനിന്ന കുട്ടികളെ അമിത വേഗത്തിലെത്തിയ ഏതോ വണ്ടി ഇടിച്ചുവെന്നോ നിരവധിപ്പേർക്ക് പരിക്കേറ്റെന്നും ഒരു കുട്ടി മരിച്ചുപോയെന്നും നാട്ടുകാരും കുട്ടികളും ചേർന്ന് റോഡ്‌ തടഞ്ഞതുകൊണ്ടു വാഹനങ്ങൾ വളരെ താമസിക്കുന്നതെന്നുമൊക്കെ ബസ്സ്സ്റ്റോപ്പിൽ നിൽക്കുമ്പോഴേ കേട്ടു. എന്നിരിക്കിലും താനതൊന്നും ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ലല്ലൊ.

ബസ് കാത്തുനിൽക്കുമ്പോൾത്തന്നെ ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. മഴ കൂടും മുമ്പേ ബസ് വന്നിരുന്നെങ്കിൽ എന്നായിരുന്നു മനസ്സ് മുഴുവൻ. ഉണ്ണിയേട്ടൻ ഒന്നും തന്നെ കഴിച്ചിട്ടുണ്ടാവില്ല. രാവിലെ കഞ്ഞിയും ഉള്ളിത്തോരനും തയാറാക്കി കിടക്കക്കടുത്ത് വച്ചിട്ടാണ് പോയത് തന്നെ. എങ്ങാനും താൻ താമസിച്ചുപോയാൽ മണിക്കുട്ടി സ്കൂളിൽ നിന്നും വരുമ്പോൾ കഞ്ഞി കോരിക്കൊടുക്കും ആ ഒരു സമാധാനമേ ഉള്ളൂ. തണുത്ത കാറ്റിൽ മുഖത്തെക്ക് ചിതറി വീണുകൊണ്ടിരുന്ന മുടിയിഴകളെ മെല്ലെ പുറകോട്ടു കോതിയിട്ടു അവൾ മുൻപോട്ടു നടന്നു. പാവം മണിക്കുട്ടി, ഏഴു വയസ്സ് തികഞ്ഞിട്ടില്ല, അമ്മ വരാൻ താമസിച്ചാൽ അച്ഛനുള്ള ഭക്ഷണം വിളമ്പി കൊടുക്കാൻ അവൾ പഠിച്ചു കഴിഞ്ഞു. അച്ഛനെടുത്തു കൊണ്ടുനടന്നാൽ മാത്രം ഭക്ഷണം കഴിച്ചിരുന്ന കുഞ്ഞിന്നു പക്ഷെ തന്റെ കുഞ്ഞിക്കൈ കൊണ്ട് അച്ഛനു വാരിക്കൊടുക്കുന്നു. ഉണ്ണിയേട്ടന്റെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ തുടച്ചുകൊണ്ട് മണിക്കുട്ടി ചിലപ്പോൾ കഞ്ഞി കോരിക്കൊടുക്കുമ്പോൾ അച്ഛനുവേഗം സുഖമാകുമെന്നു പറയുന്നത് കേൾക്കാം.

കഴിഞ്ഞ വർഷം ഇതേ മഴക്കാലത്താരുന്നു കുടുംബത്തിന്റെ അസ്ഥിവാരം ഇളക്കിയ അപകടം ഉണ്ടായത്. ഉണ്ണിയേട്ടൻ ഓടിച്ചിരുന്ന ബൈക്കിലേക്കു മദ്യലഹരിയിലായിരുന്നു കോളജ് വിദ്യാർഥികൾ നിയന്ത്രമില്ലാതെയോടിച്ചുവന്ന കാർ ഇടിച്ചത്. രക്ഷപ്പെടില്ലെന്ന് വൈദ്യശാസ്ത്രം ഉറപ്പിച്ചതായിരുന്നു. എന്നിരിക്കിലും തന്റെ പ്രാർഥനകളുടെ ഫലമായിട്ടാവും ദൈവം ജീവൻ അവശേഷിപ്പിച്ചു തന്നു. ആയുർവേദ മരുന്നുകളുടെ ഉപയോഗം കൊണ്ടാവും ഇപ്പോൾ ഇത്തിരിയൊക്കെ സംസാരിക്കാൻ സാധിക്കുന്നുണ്ട്. എങ്കിലും പരാശ്രയം ഇല്ലാതെ എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥ. അതിമനോഹരമായി പാട്ടുകൾ പാടിയിരുന്ന ഉണ്ണിയേട്ടൻ ഇന്നോരോ വാക്കുകൾക്കു വേണ്ടിയും വിഷമിക്കുന്നത് കാണുമ്പോൾ ഉള്ളിൽ അടങ്ങാത്ത വിഷമം ആർത്തലക്കും. ഒന്ന് പൊട്ടിക്കരയാൻ പോലും തനിക്കാവില്ലല്ലോ കരഞ്ഞാൽ ഏട്ടന്റെയും കണ്ണുകൾ നിറഞ്ഞൊഴുകും. 

എങ്ങനെ കഴിഞ്ഞിരുന്ന കുടുംബം ആണ്.. ആരുടെ കണ്ണേറ്റതാണാവോ.. പെട്ടെന്നൊരു ദിവസം ദുരന്തത്തിൽ നിപതിച്ചു. ഇന്നിപ്പോൾ ഒരുമണി അരി വീട്ടിൽ ഇല്ല. ഉണ്ണിയേട്ടനു മരുന്ന് വാങ്ങിക്കാൻ പോലും കൈയ്യിൽ പൈസ ഇല്ല. കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങിച്ചു കഴിഞ്ഞു. ഉണ്ണിയേട്ടനാവത് ഉണ്ടായിരുന്നപ്പോൾ ചിരിച്ചുകൊണ്ട് സംസാരിച്ചിരുന്ന പലരും ഇപ്പോൾ.. ബന്ധങ്ങളുടെ നിരർഥത ഒരാൾക്ക്‌ അപകടം പറ്റുമ്പോഴേ മനസ്സിലാക്കാൻ പറ്റൂ. ഏതു ജന്മത്തിൽ ചെയ്ത തെറ്റിന്റെ ശിക്ഷ ആണോ ദൈവമേ; അവളുടെ ഉള്ളിൽ ഒരു കരച്ചിൽ വീണ്ടുമലച്ചുയർന്നു. അമ്മയെ കണ്ടു സങ്കടം പറയാം എന്ന് കരുതി ഇന്ന് ഉണ്ണിയേട്ടനറിയാതെ ജോലി ചെയ്യുന്ന ടെക്സ്റ്റൈൽഷോപ്പിൽനിന്നും നേരത്തെ അവധി എടുത്തു.. അറിഞ്ഞാൽ ആൾ സമ്മതിക്കില്ല. കാരണം പ്രേമിച്ച ചെറുപ്പക്കാരനൊപ്പം ഒളിച്ചോടിയതിന്റെ പേരിൽ തങ്ങളെ കൊല്ലാൻ വരെ ആളെ വിട്ടവരാണല്ലോ തന്റെ വീട്ടുകാർ.

ഉണ്ണിയേട്ടന് അപകടം ഉണ്ടായതിൽ തന്റെ വീട്ടുകാർക്ക് കൈയ്യുണ്ടെന്നു ആളിപ്പോഴും വിശ്വസിക്കുന്നുണ്ടാവും. അതിൽ തെറ്റ് പറയാനുമാവില്ല. എന്തൊക്കെ ഭീഷണികളായിരുന്നു - ജോലി ചെയ്യുന്നിടത്ത് വരെ ചെന്ന് കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നിരിക്കിലും തന്റെ അച്ഛനുമമ്മയും ഇത്തരം ക്രൂരത ചെയ്യില്ലെന്നുള്ളതാണ്.. സ്വന്തം മകളെ വിധവ ആക്കാൻ ഏതൊരച്ഛനും അമ്മയ്ക്കുമാണ് കഴിയുക? ഉണ്ണിയേട്ടന് അപകടം ഉണ്ടായതിൽ പിന്നെ ആണ് വീട്ടുകാരുടെ ഭീഷണി നിലച്ചത്. മഴനൂലുകൾക്കിടയിലൂടെ ഓടിവന്നുകൊണ്ടിരുന്ന ഒരു ഓട്ടോറിക്ഷയുടെ ഇരമ്പൽ അവളുടെ ചിന്തകളെ പേടിച്ചിരമ്പിയാർത്തു വന്നരികിൽനിന്നു. 'ചേച്ചി..,' ചിരപരിചിതമായ ഒരു വിളികേട്ടു നോക്കുമ്പോൾ വിനോദാണ്. ഉണ്ണിയേട്ടന്റെ കൂട്ടുകാരിൽ ഒരാൾ. ഇപ്പോഴും കണ്ടാൽ മുഖം തിരിക്കാതെ പോകുന്നവരിലൊരാൾ വിനോദ് മാത്രമാണ്. ചേച്ചി ഇതെവിടാരുന്നു, ഞാൻ രണ്ടു വട്ടം വീട്ടിൽ വന്നിട്ട് പോയി. ഉണ്ണിയേട്ടൻ പറഞ്ഞു ഇപ്പോൾ വന്നുകാണും ഉടനെ വിളിച്ചോണ്ട് വരാൻ, അതല്ലേ പിന്നെയും ഓട്ടോയുമെടുത്തു പാഞ്ഞു വരുന്നത്. എന്താ വിനൊദെ.. അതിനുണ്ണിയേട്ടൻ... വീട്ടിൽ.... അവൾ മുഴുവനാക്കും മുമ്പേ വിനോദ് പറഞ്ഞു 

ഉണ്ണിയേട്ടൻ വീട്ടിൽ ഇല്ല. ഉച്ചയ്ക്ക് വിവരമറിഞ്ഞപ്പോൾ മുതൽ ആശുപത്രിയിലാണ്. ചേച്ചിയേ തിരക്കി ജോലിചെയ്യുന്നിടത്ത് ഞാൻ വന്നാരുന്നു. അന്നേരമാ ചേച്ചി നാലുമണിക്ക് അമ്മയെ കാണാനായി പോയെന്നും ഇപ്പോൾ തിരിച്ചു വീട്ടിലെത്തിക്കാണുമെന്നും ചേച്ചിയുടെ കൂടെ ജോലി ചെയ്യുന്ന ശ്രീകല പറഞ്ഞത്. അത് കേട്ട് ഞാൻ തിരിച്ചിങ്ങോട്ട് തന്നെ വരുവാരുന്നു. എന്താ പറ്റിയെ... ചീറിയടിച്ച കാറ്റിൽ അവളുടെ ശബ്ദം ചിതറി... 'ചേച്ചീ. നമ്മുടെ മണിക്കുട്ടി....' അയാൾ പറയാൻ വന്നത് പാതി നിർത്തിക്കളഞ്ഞു. മണിക്കുട്ടിക്കെന്താ.. ഹിമയുടെ ശബ്ദം കലമ്പി... 'അത് ചേച്ചീ.. കുഞ്ഞിനെ സ്കൂൾ വിട്ടു വരുമ്പോൾ ഒരു വണ്ടി മുട്ടിയെന്നാ കേട്ടത്.. നമ്മുടെ മണിക്കുട്ടി ഇനി.. ഇന്നുച്ചയ്ക്ക് ശേഷം ആരുന്നു. സ്കൂൾ കുട്ടികളൊക്കെ കൂടെ കുറെ ബസ്സുകൾ ഒക്കെ തല്ലിത്തകർത്തില്ലെ അത് കുഞ്ഞിനെ വണ്ടി ഇടിച്ചതിനു പകരം ആയി... ഒരു കാര്യം ചെയ്യ്, ചേച്ചി വീട്ടിൽ പൊക്കൊ, ഇനി ആശുപത്രിയിലേക്ക് വരണ്ട, അവിടെ ഞങ്ങളൊക്കെ ഉണ്ടല്ലോ..' അയാൾ ഓട്ടോ തിരിച്ചു. ഹിമ പക്ഷേ അതൊന്നും കണ്ടില്ല. ഒന്നിന് പിന്നാലെ ഒന്നായി വിധി അടിച്ചേൽപ്പിക്കുന്ന ദുരന്തങ്ങൾ താങ്ങാനാവാതെ ഒരു ശിലാപ്രതിമപോലെ കോരിച്ചൊരിയുന്ന മഴയിൽ ഹിമ അങ്ങനെ തന്നെ നിന്നു..

Content Summary: Malayalam Short Story ' Hima ' written by Sanjay Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com