ADVERTISEMENT

പിറ്റേദിവസത്തേക്കുള്ള കുറച്ചു പണികള്‍ തീര്‍ത്തുവെക്കാം എന്ന് കരുതി ലാപ്ടോപ്പിൽ തലയിട്ട് ഇരുന്ന നേരത്താണ്‌ ബാത്ത്റൂമിൽ കയറിയ ആൾ ചാടിയിറങ്ങിയത് "എടാ.. ഒരു വല്യ പ്രശ്‌നം". എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ "നമ്മുടെ ആ പല്ലി ഇവിടെ ഈച്ചയെ പിടിക്കാൻ വെച്ച ഷീറ്റില്‍ ഒട്ടി ഇരിക്കുന്നു, അതിന്‌ അനങ്ങാൻ പറ്റുന്നില്ല." ആളുടെ മുഖം കണ്ടപ്പോള്‍ തന്നെ സങ്കടം മനസ്സിലായി. മോട്ടുമുയലിന് വീട്ടിലേക്ക് ഉള്ള വഴി കാണിച്ചു കൊടുക്കുന്നത്‌ പോലെ, ഉറുമ്പിനെ പഞ്ചസാരയുടെ അടുത്ത് എത്താന്‍ വഴി കാണിച്ചു കൊടുക്കുന്ന ടൈപ്പ് ആൾ ആണ്‌. സഹജീവി സ്നേഹം ഒരു പടി മുന്നില്‍. "നിനക്ക് ഇതിനെ തൊടാൻ അറപ്പോ പേടിയോ ഉണ്ടോ? എനിക്ക് എന്തോ തൊടാൻ പറ്റുന്നില്ല". ചോദ്യം കേട്ടമാത്രയിൽ "അറപ്പോ!.. ഇത്രകൊല്ലമൊക്കെ ഈ മുഖം കണ്ട് ഇരുന്ന എനിക്കെന്ത് അറപ്പ്" എന്നൊരു കമന്റും പാസാക്കി ലാപ്ടോപ്പ് മാറ്റിവെച്ച് ഞാൻ എണീറ്റു. ചെന്ന് നോക്കിയപ്പോ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന പശയുള്ള ഷീറ്റില്‍, വാലും ഒരു സൈഡിലെ കൈയ്യും കാലും തലയുടെ പകുതിയും  ഒട്ടിപ്പിടിച്ച് ആൾ തലകുത്തനെ കിടക്കുന്നു. ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു എന്നുപറഞ്ഞ പോലെ ആയി. അതിന്റെ വക്കില്‍ ഇരുന്ന ഈച്ചയെ ശാപ്പാട് ആക്കാന്‍ പോയതാണ്‌ ആൾ. 

എങ്ങനെ ഇവനെ ഒന്ന് രക്ഷിക്കും എന്ന് ആലോചിക്കാൻ മാത്രം ഒരു അടുപ്പം ആ പല്ലിയോട് ഞങ്ങൾക്ക് ഉണ്ട്. രണ്ട് വര്‍ഷം മുമ്പാണ് താമസം മാറി ഈ വീട്ടിലേക്ക് എത്തിയത്. അന്ന് അടുക്കള വൃത്തിയാക്കുന്നതിന് ഇടയില്‍ കണ്ടതാണ് ഇവനെ. "എടാ ദേ ഒരു വല്യ പല്ലി.." എന്ന വിളി. "ഓടിച്ച് വിടണ്ട, ദോഷമാ.. പിതൃക്കളാന്നാ പറയുന്നേ " എന്ന് അന്ധവിശ്വാസിയായ ഞാനും. അന്ന് മുതൽ വാടകയുടെ ഷെയർ തരാത്ത വാടകക്കാരനായി ഞങ്ങളുടെ ഒപ്പം ഇവിടെ താമസമാണ്‌ അവന്‍. "അവന്‍" ആണെന്ന് ഞങ്ങൾ അങ്ങ് ഉറപ്പിച്ചത് ആണ്‌. അല്ലെങ്കില്‍ ഇത്രകാലം ആയിട്ടും എവിടെയെങ്കിലും ഒരു പല്ലിമുട്ട എങ്കിലും കാണണ്ടേ. ഡൈനോസർ ഭൂമി വിട്ടുപോയപ്പോ കൊണ്ടുപോകാൻ മറന്നുപോയ കുഞ്ഞ് ആണോ എന്ന് തോന്നും കണ്ടാല്‍. നാട്ടില്‍ കാണുന്ന പല്ലിയേക്കാളും വലിപ്പം. പകല്‍ ഒന്നും കാണാറില്ല ആളെ. രാത്രി ആവുമ്പോ എവിടുന്നെങ്കിലും അടുക്കളയില്‍ എത്തും. പല്ലിക്കാഷ്ഠം വീഴും എന്ന് പറഞ്ഞ്‌ ഒരു പാത്രവും തുറന്ന് വെക്കാറില്ല എങ്കിലും ഒരു പല്ലിക്കാഷ്ഠവും ഈ വീട്ടില്‍ കണ്ടിട്ടില്ല ഒരിക്കലും. ഇടയ്ക്ക് അവനെ ബാത്ത്റൂമിൽ കാണുമ്പോ 'ഇനി അവനും അപ്പി ഇടാൻ വരുന്നത് അവിടെ ആണോ' എന്ന് വിചാരിക്കും. ചില ദിവസം ആളെ വീട്ടില്‍ കാണാറില്ല. വല്ല വിരുന്നും പോകുന്നത് ആവും. അപ്പുറത്തും ഇപ്പുറത്തും വീടുകളില്‍ വേണ്ടപ്പെട്ടവർ ആരെങ്കിലും ഉണ്ടോ ആവോ... 

ആ താരം ആണ്‌ ഇപ്പോ അനങ്ങാനാവാതെ ഈ തൂങ്ങി കിടക്കുന്നത്. പേപ്പർ മുറിച്ച് താഴെ വെച്ച ഉടനെ അനക്കാൻ പറ്റുന്ന കാലും കൈയ്യും ഇട്ടടിച്ച് ബഹളം. "ഒന്ന് അടങ്ങി കിടക്കോ.. നിന്നെ ഇതിൽ നിന്ന് ഇളക്കി വിടാന്‍ ആണ്‌. ഇങ്ങനെ ചാടിയാല്‍ ബാക്കിയുള്ള കൈയ്യും കാലും കൂടെ ഇതിൽ ഒട്ടും" എന്ന് പറഞ്ഞ്‌ പയ്യെ വാല്‍ഭാഗം മാത്രം അതിൽനിന്ന് പൊക്കി എടുക്കാന്‍ നോക്കി. രക്ഷയില്ല, നല്ല പശ ആണ്‌. കുരുട്ടുബുദ്ധി വെച്ച് സോപ്പ് കുറച്ച് ഇട്ട് കൈകൊണ്ട് തേച്ചപ്പോൾ അതിലെ കുറെ പശ പോയിക്കിട്ടി. ചുറ്റും ഉള്ള പേപ്പര്‍ ഭാഗം അവന്റെ ദേഹത്ത് കത്രിക കൊള്ളാതെ കട്ട് ചെയ്ത് കളഞ്ഞു. ടൂത്ത്പിക് കൊണ്ട്‌ പതിയെ ഒരുവിധം അവന്റെ വാല്‍ അതിൽ നിന്ന് ഇളക്കി മാറ്റി. വാല്‍ ഫ്രീ ആയതോടെ വെപ്രാളം കൊണ്ട്‌ അവന്‍ വാലിട്ട് അടി തുടങ്ങി. അതോടെ എനിക്ക് അടുക്കാന്‍ പറ്റുന്നില്ല. കണ്ടു നിന്ന ആള്‍ക്ക് എന്റെ സ്പീഡ് കുറഞ്ഞത് കണ്ട് ക്ഷമ നശിക്കുന്നു. "നിനക്ക് അറപ്പ് ആണെങ്കിൽ നീ അങ്ങോട്ട് മാറ്, ഞാൻ ചെയ്യാം. എനിക്ക് ഇപ്പോ അവനെ തൊടാൻ അറപ്പ് മാറി". "ശെടാ ഇത്രയും ഇളക്കി വിട്ടില്ലേ.. ഇതിപ്പോ ഇവന്‍ ഇങ്ങനെ കിടന്ന് വാലിട്ട് അടിക്കുമ്പോ എനിക്ക് എന്തോ പോലെ." എന്ന് ഞാനും. "ഞാൻ വാലിൽ പിടിച്ചു തരാം" എന്നുപറഞ്ഞ്‌ വന്ന് വാലിൽ പിടിച്ചപ്പോ ശരിക്കും അതിശയം തോന്നി. 

കഷ്ടപ്പെട്ട് അവന്റെ കൈയ്യും കാലും കൂടെ പശയിൽ നിന്ന് വിടുവിച്ചു. അത് പോകാൻ കാത്തിരുന്നത് പോലെ ഒറ്റ ഓട്ടം നേരെ ചെന്ന് വെള്ളം നിറഞ്ഞ സ്ഥലത്ത്‌." "എടാ നീ ചത്തുപോകും" എന്ന് പറഞ്ഞ്‌ പോയി വാലിൽ പിടിച്ച് വീണ്ടും എന്റെ മുന്നില്‍ കൊണ്ട്‌ കിടത്തി. എന്തോ.. രക്ഷിക്കാന്‍ ആണ്‌ എന്ന തോന്നല്‍ അവനും ഉണ്ടായി എന്ന് തോന്നുന്നു. പിന്നെ അനങ്ങാതെ കിടന്നുതന്നു, ബാക്കി പേപ്പർ മുക്കാലും ഇളക്കി മാറ്റുന്നത് വരെ. വളരെ കുറച്ച് മാത്രം വയറിന്റെ ഭാഗത്ത് ബാക്കി. അത് കുഴപ്പം ഇല്ലെന്ന് തോന്നി അവനെ അവിടെതന്നെ വെള്ളം ഇല്ലാത്ത സ്ഥലത്ത്‌ മാറ്റി കിടത്തി. 

"ഈ പല്ലി ഒക്കെ എന്താ തിന്നുന്നത്?" ഈച്ച പാറ്റ ഒക്കെ ആവും എന്ന് ഞാൻ. ഗൂഗിൾ ദൈവം കനിഞ്ഞു. ചില പല്ലികൾ ലെറ്റൂസ് കഴിക്കും എന്ന് കണ്ടിട്ട് കുറച്ച് അവന്റെ അടുത്ത് കൊണ്ടുവെച്ച് ഞങ്ങൾ തിരിച്ച് വന്ന് ഇരുന്നു. "ഞാൻ മാത്രേ ഉള്ളായിരുന്നു എങ്കിൽ ഒന്നും ചെയ്യാന്‍ പറ്റാതെ അതുപോലെ പുറത്ത്‌ കൊണ്ട് വെച്ചേനെ. എനിക്ക് കണ്ട് നില്‍ക്കാനും പറ്റില്ല, തൊടാനൊട്ട് പറ്റില്ല താനും. നീ ഇതുപോലെ ഉള്ള ജീവിയെ ഒക്കെ കീറി മുറിച്ച് പഠിക്കുന്നത് അല്ലെ അപ്പൊ നിനക്ക് ആ അറപ്പൊന്നും കാണില്ല എന്ന് വിചാരിച്ചു ഞാൻ ". "പല്ലിയെ ഒന്നും ഞാൻ കീറിയിട്ടില്ല പക്ഷേ അറപ്പൊന്നുമില്ല. സാരമില്ല നമ്മൾ അങ്ങനെ എടുത്ത് കളഞ്ഞില്ലല്ലോ, അവനെ രക്ഷിക്കാൻ നമ്മളെക്കൊണ്ട് പറ്റുന്നത് ചെയ്തല്ലോ. അങ്ങനെ കൊണ്ട് കളഞ്ഞിരുന്നു എങ്കിൽ ഭയങ്കര സങ്കടം ആയിപ്പോയേനെ പിന്നെ. ഇതിപ്പോ അവന്‍ ഓക്കെ ആണ്‌." എന്ന് ഞാൻ. 

രാത്രി ഉറങ്ങാൻ പോകുന്നത് വരെ അവന്‍ അവിടെ തന്നെ ഉണ്ടായിരുന്നു. എപ്പോഴോ നോക്കിയപ്പോള്‍ ഇല്ല. എങ്ങും പോയിക്കാണില്ല. അവിടെ അതിന്റെ ഉള്ളിലേക്ക് തന്നെ പോയിട്ട് ഉണ്ടാവും. എല്ലാം ഓക്കെ ആവുമ്പോ, വേദന മാറുമ്പോ അവന്‍ ഇറങ്ങി വരും. വരണം. 

Content Summary: Malayalam Short Story ' Kudikidappukarante Randam Janmam ' written by Aswathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com