ADVERTISEMENT

ജോലി സംബന്ധമായ ആ യാത്രയ്ക്കിടയിൽ പുറത്തേക്ക് നോക്കിയപ്പോഴാണ് രഘുനാഥൻ ആ കാഴ്ച കാണുന്നത്.. ചെറിയ ഒരു പീടിക.. അതിന്റെ പുറകിലായി ഏതാനും സ്കൂൾ കുട്ടികൾ.. ശ്രദ്ധിച്ചു നോക്കിയപ്പോഴാണത് മനസ്സിലായത്.. അവർ പുകവലിക്കുകയാണ്. ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ഇങ്ങനെയുള്ള സംഭവങ്ങൾ കാണുമ്പോൾ, പറയാനാവാത്ത ഒരു നൊമ്പരം അയാളെ പിടി മുറുക്കാറുണ്ട്. ഇനിയും എത്രയോ കാതം സഞ്ചരിക്കേണ്ടവരാണ് ഇങ്ങനെ അൽപ്പ സമയത്തെ ആസ്വാദനത്തിനു വേണ്ടി പുകഞ്ഞു തീരുന്നത്. പഴയ കാലത്തെ പോലെയല്ലല്ലോ.. നൂതന രീതിയിലാണ് ഇപ്പോൾ.. പണ്ട് കൂടി വന്നാൽ ഒരു ബീഡി വലിക്കും അതായിരുന്നു ഏറ്റവും വലിയ കുറ്റം.. പക്ഷെ.. ഇന്നോ...? ഒരിക്കൽ പെട്ട് കഴിഞ്ഞാൽ ഒരിക്കലും കരകയറാനാവാത്ത വിധം ആഴങ്ങളിലേക്ക് കൊണ്ട് പോകുന്ന മയക്കു മരുന്നുകളുടെ മായാജാലം തീർക്കുന്ന ആധുനിക കാലം. അയാൾക്ക്‌ ഓരോന്നും ഓർക്കുമ്പോൾ ഭയം കൂടി വരുന്നു. അയാൾ കാറിന്റെ പിൻസീറ്റിൽ ഇരുന്നു കണ്ണുകളടച്ചു. കാർ ഓടിക്കൊണ്ടിരിക്കുകയായിരുന്നു.. മനസ് പിടികിട്ടാത്ത വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു.. പിന്നിലേക്ക്.. ഭ്രാന്തമായൊരു വേഗതയോടെ.. 

കത്തിച്ച ബീഡിയുടെ കടുത്ത പുക അകത്തേക്ക് വലിച്ചപ്പോൾ കണ്ണ് ചുവന്നു കലങ്ങി. അപ്പോൾ വല്യച്ഛന്റെ മകൻ ശങ്കരൻ പറഞ്ഞു വാ അടച്ചു പിടിക്കെടാ എന്നാലേ മൂക്കിൽ കൂടി പുക വരൂ.. ശങ്കരനായിരുന്നു ആദ്യം വലിച്ചു കാണിച്ചത്. അവന്റെയും കണ്ണുകൾ അപ്പോഴേക്കും ചുവന്നിരുന്നു. മൂക്കിൽ കൂടെ കൊമ്പു പോലെ പുകവരുന്നുണ്ട്. പക്ഷെ, രഘുവിന് തല കറങ്ങുന്നതുപോലെ തോന്നി. പിന്നെ ചുമക്കാനും.. വെറും ചുമയല്ല.. കുത്തിയുള്ള ചുമ.. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു രഘുവിനെയും സാറാമ്മച്ചേടത്തിയുടെ മകൻ ജോസഫിനെയും ബീഡി വലിക്കാൻ പഠിപ്പിക്കാനായി രഘുവിന്റെ വല്യച്ഛന്റെ മകൻ ശങ്കരൻ കട്ടക്കളത്തിന് പുറകിലുള്ള കാട് പിടിച്ച പ്രദേശത്തേക്ക് ക്ഷണിച്ചത്. കുറച്ചു കാലമായി അവൻ ഉള്ളിൽ ഒളിപ്പിച്ചു വെച്ചതായിരുന്നു ഈ ആഗ്രഹം. പക്ഷെ, വലിയവർക്കു മാത്രമല്ലെ ബീഡി വലിക്കാൻ അനുവാദമുള്ളൂ.

അച്ഛനും അമ്മാവനും മത്സരിച്ചെന്നപോലെ ഒന്നിന് പുറകെ ഒന്നായി വലിച്ചു പുകയൂതി വിടുന്നത് അവൻ ശ്രദ്ധിച്ചിട്ടുണ്ട്. അച്ഛൻ പുകവലിച്ചു ഉടനെ പുക ഊതിക്കളയാറില്ല. അത് അൽപ്പ സമയം വായിക്കകത്തൊളിപ്പിക്കുമ്പോൾ മൂക്കിൽ നിന്നും ഫാക്ടറിയുടെ പുകക്കുഴലുകൾ പോലെ പുക കടന്നു വരും. പിന്നെ ഓരോ കവിൾ പുക പുറത്തേക്ക്.. അത് ചുരുളുകളായി മുകളിലേക്കുയരും.. അത്ര കലാപരമായിട്ടാണ് ചെയ്യുന്ന ഈ പ്രവൃത്തി. അവൻ പലവട്ടം അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്. അമ്മാവനാണെകിൽ നേർരേഖയിലാണ് പുകയൂതിവിടുന്നത്.. ഇപ്പോഴാണ് ഇങ്ങോട്ടു ഒരവസരം വീണു കിട്ടിയിരിക്കുന്നത്.. ജീവിതത്തിലെ ആദ്യത്തെ അനുഭവം...! ആദ്യം ചുമച്ചെങ്കിലും പിന്നെ അതൊക്കെ പെട്ടെന്ന് മാറി.. ഇപ്പോ നല്ല രസം... വെറുതെയിരിക്കുമ്പോൾ വീണ്ടും വീണ്ടും പുക വലിക്കണമെന്നാഗ്രഹം..!! ഇടവേളകളിൽ കട്ടക്കളത്തിൽ വല്യച്ഛന്റെ മകന്റെ കൂടെ അവർ ഇടയ്ക്കിടയ്ക്ക് ഒത്തു കൂടാൻ തുടങ്ങി..

ഒരിക്കൽ മൂക്കിൽ നിന്നും പുകയൂതാൻ ശ്രമിക്കുന്നതിനിടെ പുറകിൽ നിന്നും ഒരു പെൺ സ്വരം "എടാ ...." അമ്മാവന്റെ മകൾ അല്ലിയാണ്.. അവൾ അടുത്ത് വന്നു. മറ്റുള്ളവർ വലിച്ചു കൊണ്ടിരുന്ന ബീഡി വലിച്ചെറിഞ്ഞു.. നിഷ്ക്കളങ്കരായി.. അത്രയും നിഷ്ക്കളങ്കതയറിയാത്ത രഘു എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. ബുദ്ധിയൊന്നും ഉണർന്നു പ്രവർത്തിക്കുന്നുമില്ലൊട്ടും.. അവൻ വേഗം പുകഞ്ഞു കൊണ്ടിരിക്കുന്ന ബീഡി പിന്നിലൊളിച്ചു.. അല്ലിയല്ലേ ആള്.. അവൾ കൈയ്യോടെ പൊക്കി. അല്ലി വിരട്ടി അവരെ.. "ഇത് ഞാൻ വല്യമ്മച്ചിയോട് പറഞ്ഞു കൊടുക്കും.." കൂടെയുള്ളവർ തന്ത്രപൂർവം കൈകഴുകി.. "ഞങ്ങൾ വലിച്ചിട്ടില്ല... അവനാ..." പിലാത്തോസുമാർ വിശുദ്ധന്മാരായി സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞു. ദുഷ്ടന്മാർ...! തന്നെ പ്രലോഭിപ്പിച്ചു ഇവിടെ കൊണ്ടുവന്നിട്ടു അവന്മാരെല്ലാം പുണ്യാളന്മാരായിരിക്കുന്നു..!!

"ചേച്ചീ ഞാൻ മാത്രമല്ല..." രഘു വിക്കി പറഞ്ഞൊപ്പിക്കാൻ ശ്രമിച്ചു.. "നീ കൂടുതൽ കള്ളമൊന്നും പറയേണ്ട.. അവരെയും കൂടി നീയാ വഴി തെറ്റിക്കുന്നത്.." ചേച്ചി കടുത്ത ദേഷ്യത്തിലാണ്.. മറ്റുള്ള 'നിരപരാധികൾ' ഒന്നുമറിയാത്തപോലെ നിൽക്കുന്നു. നിസ്സഹായനായി രഘുവും.. കൂടെയുള്ള കുഞ്ഞാടുകൾ പാവങ്ങളാണെന്നു അല്ലി ചേച്ചി തെറ്റിദ്ധരിച്ചു കഴിഞ്ഞിരിക്കുകയും ചെയ്‌തു.. ഇനി പറഞ്ഞിട്ടെന്തു കാര്യം... അവൻ ചേച്ചിയുടെ കാലു പിടിച്ചു പറഞ്ഞു  "ചേച്ചീ.. വല്യമ്മച്ചിയോടു മാത്രം പറയല്ലേ..." വല്യമ്മച്ചി വലിയ കർശനക്കാരിയാണ്. അതേ പോലെ നല്ല സ്നേഹവും... കരുതലും.. കുരുത്തക്കേടുകളൊക്കെ ആവാം.. അതുപോലെ കൂട്ടുകാരുടെ കൂടെ കളിയും കുളിയും ഒക്കെ.. പക്ഷെ, മൂവന്തി നേരത്തിനുള്ളിൽ വീട്ടിൽ വന്നു കൊള്ളണം.. അന്തിക്ക് മുൻപേ കുളിച്ചു നിലവിളക്കിനു മുൻപിൽ നിന്ന് സന്ധ്യനാമം ജപിച്ചോണം.. അത് നിർബന്ധം. മൂവന്തി നേരത്തു മുറ്റത്തുകൂടി ഉലാത്തരുത്, മൂവന്തി നേരത്തു ആഹാരം കഴിക്കാൻ പാടില്ല , ഓടാൻ പാടില്ല, ബഹളമുണ്ടാകാൻ പാടില്ല.. ഇതൊക്കെ വല്യമ്മച്ചിയുടെ നിയമങ്ങളുമാണ്. അപ്പൻ പോലും അതൊന്നും തെറ്റിക്കാറുണ്ടായിരുന്നില്ല.. അങ്ങനെയുള്ളപ്പോഴാണ് താൻ പുകവലിച്ചു എന്നറിയുമ്പോഴോ.

കൊച്ചു മക്കളിൽ തന്നോട് ഏറെ ഇഷ്ടമുള്ള വല്യമ്മച്ചി പുളിമരത്തിന്റെ കമ്പു കൊണ്ടായിരിക്കും പിന്നെ തന്നെ സ്നേഹിക്കുന്നത്. പുറം പൊട്ടുന്നത് വരെ തല്ലുകയും ചെയ്യും.. ആരും പിടിച്ചു മാറ്റാമെന്ന വ്യാമോഹത്തിൽ ഇരിക്കുകയും വേണ്ട.. വലിച്ചു കയറ്റിയ പുകയുടെ വീര്യം വിയർപ്പിൽ കുതിർന്നു പോയിരുന്നു.. ചേച്ചി കലിപ്പിൽ തിരിച്ചു വീട്ടിലേക്ക് പോയി. പുറത്തു നിന്ന് അകത്തേക്ക് നോക്കിയപ്പോൾ വലിയേച്ചി ചാണകം കൊണ്ട് തിണ്ണമെഴുകുകയായിരുന്നു. വല്യമ്മയെ കാണാനുമില്ല അകത്തെവിടെയെങ്കിലുമായിരിക്കും. രണ്ടോ മൂന്നോ മാസങ്ങൾ കൂടുമ്പോൾ ചാണകം ഉപയോഗിച്ച് തറ മുഴുവൻ മെഴുകുന്നതു അക്കാലത്തെ പതിവായിരുന്നു. വിശേഷ ദിവസങ്ങൾ അടുക്കുമ്പോൾ പ്രത്യകിച്ചും.. ഓണം, വിഷു, പൂജ, കല്യാണം, കാവിലെ ഉത്സവം... ഓരോന്നിനും മുൻപേ.. വലിയേച്ചി ചാണകം ഒരു അലൂമിനിയം പാത്രത്തിൽ കലക്കുന്നത് രഘു കണ്ടു നിന്നു. ചാണകത്തിന് ഒരു ഇളം പച്ചനിറമാണ്. അതിനു കറുപ്പ് നിറം കിട്ടാൻ വേണ്ടി റേഡിയോയിലും ടോർച്ചിലും ഉപയോഗിച്ച പഴയ ബാറ്ററികൾ പെറുക്കി അവ പൊട്ടിച്ചു അതിൽ നിന്നുള്ള കറുത്ത കട്ട കഷണം പൊടിച്ചു ചാണകത്തിൽ ചേർക്കുന്നു. അപ്പോൾ നല്ല കറുപ്പ് കിട്ടും. കൂടാതെ അരഭിത്തിയുടെ ഇരിപ്പിടത്തിലും ചാണകം മെഴുകും.. കിടക്കാൻ നേരം വീടിനകത്തുകൂടെ നടന്നിട്ടു കാലു കഴുകാതെയാണ് കിടക്കുന്നതെങ്കിൽ പറയുകയും വേണ്ട.. കാല് നന്നായി കഴുകി തുടച്ചിട്ടേ കിടക്കാൻ സമ്മതിച്ചിരിന്നുള്ളൂ..

കഴിഞ്ഞ പ്രാവശ്യം വല്യേച്ചി ഇതുപോലെ തറ ചാണകം മെഴുകിയിട്ടു രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ‘പോളിസി’ ചേർക്കുവാൻ പാന്റിട്ട രണ്ടു സാറന്മാർ വന്നത്. അതിന്റെ കൂടെ നല്ല പോലെ വെളുത്ത പോളിയെസ്റ്റർ മുണ്ടുടുത്ത ഒരാളും ഉണ്ടായിരുന്നു.. പാന്റിട്ട രണ്ടു പേർ തിണ്ണയിൽ കിടന്ന തടി ബെഞ്ചിലാണിരുന്നത്. വെള്ളമുണ്ടുടുത്തയാൾ ചാണകം മെഴുകിയ അരഭിത്തിയിലും. വന്നവൻ എന്തൊക്കെയോ പറയുന്നത് കേട്ടു. ജീവിച്ചിരുന്നാൽ കാലാവധിയെത്തുമ്പോൾ കിട്ടുന്ന സംഖ്യ, മരിച്ചാൽ കിട്ടുന്ന തുക, ആൾ മരിച്ചാൽ പിന്നെ ഒന്നും അടയ്ക്കുകയും വേണ്ടെന്നു പോലും.. മരിച്ചാൽ പിന്നെ എങ്ങനെയാ അല്ലെങ്കിൽ തന്നെ അടയ്ക്കുക..? വാതിൽ പടിയിൽ അള്ളിപ്പിടിച്ചു നിന്ന രഘുവിന് ഒന്നും മനസിലായില്ല. അവന്റെ കാലു മുഴുവൻ മെഴുകിയ തറയിലെ കരിയായിരുന്നു. ഒടുവിൽ വല്യമ്മ, അവർ കൊടുത്ത പേപ്പറിൽ ഒക്കെ ഒപ്പ് ഇട്ടു കൊടുത്തു. പോളിസി ചേർത്തത് രഘുവിന്റെ അച്ഛന്റെ പേരിലാണെന്ന് മാത്രം മനസിലായി. അവർ യാത്ര പറഞ്ഞിറങ്ങാൻ നേരമാണ് രഘു അത് ശ്രദ്ധിച്ചത്.. മുണ്ടുടുത്തു വന്നയാളിന്റെ പൃഷ്ടഭാഗം മുഴുവൻ ഒരു കൊട്ട കമഴ്ത്തിയ പോലെ കരി. അയാൾ മുണ്ട് മടക്കിക്കുത്തിയാണ് അരഭിത്തിയിൽ ഇരുന്നിരുന്നത്.. അവൻ പാട് പെട്ട് ചിരിയടക്കാൻ ശ്രമിച്ചു. അവർ നടന്നകന്നു.

ഇറയത്തു കൂടി ശബ്ദമുണ്ടാക്കാതെ അകത്തു കയറിയതും ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ വല്യമ്മച്ചി അകത്തു നിന്നും പുറത്തേക്കു കടന്നു വന്നു.. പൊടുന്നനെ പിടി വീണു. തിണ്ണയിലേക്ക് വലിച്ചിഴച്ചു.. കൈയ്യിൽ മറച്ചു വെച്ചിരുന്ന പുളിക്കമ്പ് അന്തരീക്ഷത്തിൽ പലവട്ടം ഉയർന്നു താണു.. തുടയിൽ മിന്നൽ പിണറുകൾ.. ചതഞ്ഞ പാടുകൾ.. ആരും തടയാൻ വന്നില്ല.. ആർക്കുമതിനുള്ള ധൈര്യവുമില്ലായിരുന്നു. അടികൊണ്ടു തുട വിങ്ങി തിണർത്തു നിന്നു. അവന്റെ കണ്ണിൽ നിന്നും പൊന്നീച്ചകൾ കൂട്ടം കൂട്ടമായി പാഞ്ഞുപോയ്‌ക്കൊണ്ടിരുന്നു. വേദനകൾക്കിടയിലും രഘുവിന് താൻ ചെയ്യരുതാത്ത കാര്യമായിരുന്നു അതെന്ന തികഞ്ഞ ബോധ്യമുണ്ടായിരുന്നു. അവൻ ഒച്ചയെടുക്കാതെ കരഞ്ഞു. പുളങ്കമ്പു ഒടിഞ്ഞു ചിതറിയപ്പോൾ വല്യമ്മ പോയി. എത്ര നേരം അവിടെ ഇരുന്നു കരഞ്ഞു എന്നറിയില്ല. ഉറക്കം വരാറായപ്പോൾ അവിടെ നിന്നും എഴുന്നേറ്റു പുൽപ്പായയിൽ വന്നു കിടന്നു. അറിയാതെ ഉറങ്ങിപ്പോയിരുന്നു. ഇടയ്ക്കെപ്പോഴോ തുടയിൽ ചൂട് ജലം ഇറ്റിറ്റു നീറുന്നതറിഞ്ഞ അവൻ കണ്ണുകൾ തുറന്നു. വല്യമ്മച്ചിയുടെ കണ്ണുനീർ ആണ്.. വല്യമ്മച്ചി ഏങ്ങലടിച്ചു കരയുന്നു.. അവൻ ചാടി എണീറ്റ് വല്യമ്മച്ചിയുടെ കാൽക്കൽ വീണു. ഇനിയൊരിക്കലും താൻ പുക വലിക്കില്ലെന്ന് ശപഥം ചെയ്തു. അത് ഇതുവരെ അവൻ തെറ്റിച്ചിട്ടുമില്ല. അപ്രതീക്ഷിതമായിരുന്നു വല്യമ്മയുടെ വിയോഗം.. രഘുവിനെ ഏറെ അലട്ടിയിരുന്ന, അലട്ടിക്കൊണ്ടിരിക്കുന്ന പകരം വെക്കാനില്ലാത്ത വിയോഗം ആയിരുന്നു അത്. 

അവസാന വർഷം ബിരുദത്തിനു പഠിക്കുമ്പോഴാണ് രഘുവിനോട് ക്ലാസ്സിലെ ഏറ്റവും മുതിർന്നവരും ഉഴപ്പക്കാരുമായ പൂഴിക്കടകൻ സന്തോഷ്, ഒറ്റാലി ജോസഫ്, കുറുനരി മാധവൻ എന്നിവരും എല്ലാ തല്ലുകൊള്ളിത്തരങ്ങൾക്കും മുൻപിലുള്ള കല്ലൻ ജോൺസണും അക്കാര്യം അവതരിപ്പിച്ചത്.. ഭവാനിത്തോടിനപ്പുറം വനത്തിൽ നിന്ന് കത്തുന്ന നല്ല സ്വയമ്പൻ 'ഭവാനി ' കിട്ടുന്ന കാര്യം പറഞ്ഞത്.. ആദ്യമൊക്കെ തമാശയായി ചിരിച്ചു തള്ളിയെങ്കിലും അവരുടെ എന്നുമുള്ള സംസാരത്തിൽ അവനും ആകൃഷ്ടനായി എന്ന് തന്നെ പറയാം.. സ്വാഭാവികം..! കുന്നിൽ മുകളിലായിരുന്നു അവരുടെ കോളജ്.. അതിനു ചുറ്റും റബ്ബർ മരങ്ങളും.. അത് കഴിഞ്ഞാൽ ഒരു ഇറക്കമാണ്.. അവിടെ നല്ലപോലെ ഒഴുക്കുള്ള ഒരു വലിയ കൈത്തോടും.. അത് കടന്നാൽ വനപ്രദേശമാണ്. അതിനുള്ളിലൂടെ കുറച്ചു നടന്നുകഴിഞ്ഞാൽ വനത്തിനോട് ചേർന്ന് തന്നെ ഭവാനിയുടെ വ്യാപാര കേന്ദ്രമായി അവിടെ ചെന്നാൽ സ്വയമ്പൻ സാധനം കിട്ടും. “പിന്നെ നമ്മൾ നടക്കുന്നത് ഭൂമിയിലൂടെ ആയിരിക്കില്ല സ്വർഗ്ഗത്തിലൂടെയായിരിക്കും....” കൂട്ടുകാർ, അതിൽ പ്രധാനിയായ വല്യേട്ടൻ ചമഞ്ഞു നടക്കുന്ന പൂഴിക്കടകനും പറഞ്ഞു.. പിന്നെ അൽപ്പം കടുപ്പിച്ചു ഒരു കാര്യം കൂടി അവൻ പറഞ്ഞു "ഇതൊക്കെ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണെന്ന്" പോരെ പൂരം..

രഘുവിനെ ആ വാക്കുകൾ തെല്ലൊന്നുമല്ല സ്വാധീനിച്ചത്.. താനും ആണാണെന്ന കാര്യം, താനും ഏതിനും പോന്ന ഒരാൾ ആണെന്ന് തെളിയിക്കണമെന്നവന് തോന്നി. അല്ലെങ്കിൽ ഇവന്മാരുടെ ഇടയിൽ പിടിച്ചു നിൽക്കാൻ തനിക്കു കഴിയില്ലെന്ന് തന്നെ അവൻ ഉറപ്പിച്ചു. മറ്റുള്ളവരെല്ലാം അവിടെ പോയിരിക്കുന്നതുമാണ്. രഘുവൊഴികെ.. അവരെല്ലാം അവനെയും വീണ്ടും പ്രോത്സാഹിപ്പിച്ചു. “ക്ലാസ് കട്ട് ചെയ്തു പോകാം...” അല്ലെങ്കിൽ തന്നെ എന്ത് ക്ലാസ്...? എത്ര പ്രാവശ്യം ക്ലാസ്സിൽ കയറാതെ സിനിമയ്ക്ക് പോയിരിക്കുന്നു...! ഗാനമേള കാണാൻ പോയിരിക്കുന്നു..!! നന്നായി വെള്ളമൊഴുകുന്ന തോട് മുറിച്ചപ്പുറത്തു കടന്നാൽ ഭവാനിയുടെ താവളമാണ്.. അവിടെയാണ് സംഗതി കിട്ടുന്നത്. “നല്ല പെടപ്പൻ സാധനം കിട്ടും” കുറുനരി ജോസഫിന്റെ വക. “നല്ല വീര്യമുള്ള - അൽപ്പം അടിച്ചാൽ പിന്നെ ഈ ലോകത്തു നടക്കുന്നതൊന്നും അറിയില്ല..” വീണ്ടും പൂഴിക്കടകൻ സന്തോഷ്. ഭവാനി വലിയ ഒരു വീപ്പയിലാണ് കൊടുക്കേണ്ട 'വാറ്റ്' ഉണ്ടാക്കിയിട്ടിരിക്കുന്നതെന്നു അവർ പറഞ്ഞിട്ടുണ്ട്. രഘു ഇതൊന്നും ഉപയോഗിക്കാറില്ലായിരുന്നല്ലോ.. അവന്മാർ ഇവിടെ പല പ്രാവശ്യം വന്നിട്ടുണ്ടെന്ന് പോലും.. ആണുങ്ങളായാൽ ഇത്തിരി ചാരായ സേവയൊക്കെ വേണമെന്നാണ് പൂഴിക്കടകന്റെ വാദം.

പ്രായത്തിൽ നല്ല മൂപ്പുള്ള സഹപാഠിയാണവൻ.. പ്രീഡിഗ്രിയിലെ എല്ലാ സബ്‌ജക്റ്റും എഴുതിയെടുക്കുന്നതിന് അഞ്ചു വർഷങ്ങൾ വേണ്ടി വന്നിരുന്നു ഇതിയാന്. അതുകൊണ്ടു തന്നെ അവർ അവനെ അച്ചായൻ എന്നാണ് വിളിച്ചിരുന്നത്. അച്ചായൻ പൂഴിക്കടകൻ സന്തോഷ് എന്തെങ്കിലും പറഞ്ഞാൽ പിന്നെ അപ്പീലില്ലായിരുന്നു.. എന്തൊക്കെ ഒപ്പിച്ചാലും ഒരു കുഴപ്പവും വരാതെ മറ്റുള്ളവരുടെ മുമ്പിൽ നല്ല പിള്ള ആകാൻ കഴിഞ്ഞിരുന്നത് കൊണ്ടാണ് അവന് ‘പൂഴിക്കടകൻ’ എന്ന ഇരട്ടപ്പേര് വന്നത്. ആവശ്യമുള്ള സമയത്ത്‌ കക്ഷിയത് പുറത്തെടുത്തിരിക്കും. അൽപ്പം ചാരായം കഴിച്ചെന്നുവെച്ചു ഒന്നും സംഭവിക്കാനൊന്നുമില്ലല്ലോ. അതും ഒരു പ്രാവശ്യം.. അല്ലെങ്കിൽ ഇടയ്ക്കൊക്കെ മാത്രം സ്വൽപ്പം.. വീട്ടിലൊട്ട് അറിയാനും പോകുന്നില്ല.. രാവിലെ അൽപ്പം കഴിക്കുന്നു.. നാലുമണി കഴിഞ്ഞു പതിയെ വീട്ടിലെത്തുന്നു.. ഇത്തിരി കുടിക്കുന്നതു കൊണ്ട് അതിന്റെ മണം പോലും പിടികിട്ടത്തുമില്ല... “ആക്രാന്തം കാണിക്കരുത് അവിടെ ചെന്ന്.. അൽപ്പം കുടിച്ചാൽ മതി... ചുമ്മായെടുത്ത്‌ മാട്ടി കളയരുത്... ഇത് സംഗതി ഭവാനിയാ..” അച്ചായൻ ഗൗരവത്തിൽ പറഞ്ഞപ്പോൾ രഘുവിന് സത്യത്തിൽ അവനോട്‌ കടുത്ത നീരസം തോന്നി. പിന്നെ, ഇള്ളാപ്പിള്ളയല്ലേ ഞാൻ... കള്ള് കുടിക്കാൻ ക്ലാസ് എടുത്തു തരുന്നു...! ഇവന് വേറെ പണിയില്ലേ..? തന്നോടിത് പറഞ്ഞിട്ട് അവിടെച്ചെന്നു ആവോളം കുടിച്ചു ഷൈൻ ചെയ്യാനായിരിക്കും.. അവിടെ ചെല്ലട്ടെ... താൻ ഒരു വെറും പാവമല്ല എന്ന് തെളിയിക്കണം എന്നവൻ മനസ്സിൽ കണക്കു കൂട്ടി..

കൈത്തോടിനിപ്പുറമുള്ള പെട്ടിക്കടയിൽ നിന്നും രണ്ടു രൂപയുടെ കപ്പലണ്ടി കവർ കൂടി അച്ചായൻ വാങ്ങി എന്നിട്ടു മറ്റുള്ളവരിൽ തുടക്കക്കാരനായ രഘുവിനോട് പറഞ്ഞു “നീയും കപ്പലണ്ടിയുടെ ഒരു ചെറിയ പാക്കറ്റ് കരുതിക്കോ... ഇതേൽ അഞ്ചാറുപീസു കടിച്ചു ചവച്ചിട്ടു വേണം ഭവാനിയെ പിടിപ്പിക്കാൻ..” പൂഴിക്കടകൻ സന്തോഷ് ചിരിച്ചു. രഘു അവനെ മൈൻഡ് ചെയ്തില്ല.. എന്ന് മാത്രമല്ല സന്തോഷ് പറഞ്ഞത് തീർത്തും അവഗണിക്കുകയും ചെയ്തു. അവൻ ഇഷ്ട്ടപ്പെടാത്ത രീതിയിൽ മുഖം കോട്ടി മിണ്ടാതെ നടന്നു എന്ന് മാത്രമല്ല..കപ്പലണ്ടി വാങ്ങിയതുമില്ല... അതൊന്നും അച്ചായൻ ശ്രദ്ധിച്ചതേയില്ല.. അവർ മുൻപോട്ടു നടക്കുമ്പോൾ ഒറ്റയ്ക്കും കൂട്ടായും പലരും എതിരെ നടന്നു വരുന്നുണ്ടായിരുന്നു... അടുത്തെത്തുന്നതിനു മുൻപേ ഒരു ദുഷിച്ച ഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു... ‘ഭവാനി’യടിച്ചിട്ട് വരുന്നവരായിരുന്നവർ എന്നവന് ഉറപ്പായിരുന്നു. അൻപതും അറുപതും പ്രായം കഴിഞ്ഞവരായിരുന്നവർ... പിള്ളേരായി ആകെ അവർ മാത്രവും.. അവിടുത്തെ ചാരായം വാറ്റുന്ന സ്ത്രീയുടെ പേര് ഭവാനി എന്ന് തന്നെയായിരുന്നു.. കൈത്തോടിന്റെ പേരും അങ്ങനെയായിരിക്കണം ഭവാനിയെന്നു വന്നിരിക്കുന്നത്.. ഭവാനിയുണ്ടാക്കുന്ന ചാരായമായതു കൊണ്ട് കോളജ് പിള്ളേർ അതിനെ ബ്രാൻഡ് നെയിമും ഇട്ടു ..'ഭവാനി'

ചിലർ തോർത്തും കൊണ്ട് തല മൂടി കള്ളനെപ്പോലെ ചിലർ പരുങ്ങിയും.. രഘുവിന് നല്ല പരിഭ്രമം ഉണ്ടായിരുന്നു... ആരെങ്കിലും കണ്ടുകഴിഞ്ഞാൽ... അറിഞ്ഞാൽ തീർന്നത് തന്നെ.. 'ഭവാനി' സേവിക്കാൻ കൂടെപ്പോരേണ്ടിയിരുന്നില്ലെന്നവന് അപ്പോൾ തോന്നി. പിന്നെ, ഇപ്പറയുന്നതുപോലെ ആരും പരിചയക്കാരെയൊന്നും ഒട്ടും കാണുന്നുമില്ലല്ലോ... കൈത്തോടിന്റെ മറുപുറത്തെ വഴിത്താരയിലൂടെ നടക്കുമ്പോൾ വനത്തിന്റേതായ ഒരു കുളിരുണ്ടായിരുന്നു. മുൻപേ പോയ ഒരപ്പാപ്പൻ വഴിയരുകിൽ നിന്ന ഒരു കാട്ടുകാന്താരിചെടിയിൽ നിന്നും വിളഞ്ഞു നിന്ന ഏതാനും കാന്താരി അടർത്തിയെടുത്തു മുണ്ടിന്റെ കോന്തലയിൽതിരുകി വേഗത്തിൽ നടന്നു. അതെന്തിനാണെന്ന് രഘുവിന് മനസിലായില്ല.. ഒടുവിൽ ചാരായം വിൽക്കുന്ന ഇടത്തിലെത്തി.. ഷീറ്റു മറച്ച ഒരു ചെറിയ സംവിധാനം. ആകെ ഒരു നിശബ്ദത.. ഏതാനും പേരൊഴികെ വേറെ ആരെയും അവിടെ കണ്ടതുമില്ല.. മുൻപേ കണ്ട അപ്പാപ്പന്റെ കൈയ്യിൽ ഭവാനി വലിയ കന്നാസിൽ നിന്നും മുക്കിയെടുത്തു കൊടുത്ത അരഗ്ലാസ്സ് കൈയ്യിലിരുന്ന് വിറയ്ക്കുന്നു. രഘു ഇതൊക്കെ സാകൂതം വീക്ഷിച്ചു. അവിടെയാകെ പട്ടച്ചാരായതിന്റെ രൂക്ഷ ഗന്ധം. എല്ലാം കൂടി ഒരു വൃത്തിഹീനമായ ഒരിടം. അപ്പാപ്പൻ മടിയിലെ പൊതിയഴിച്ചു വലിയ രണ്ടു മൂന്നു പച്ചക്കാന്താരി വായിലേക്കിട്ടു കടിച്ചു ചവച്ചു.. പിന്നെ അതിവേഗം കൈയ്യിലിരുന്ന ഭവാനി ഒറ്റയടിക്ക് വായിലേക്ക് കമഴ്ത്തി. പിന്നെക്കാണുന്നത് അപ്പാപ്പൻ “ശാ.... ശീ... ഷൊഹ്....” തുടങ്ങിയ ശബ്ദങ്ങൾ പുറപ്പെടുവിച്ചു.

"ഓരോരുത്തരുടെ അഭ്യാസങ്ങൾ " ഭവാനിയെ കാണിക്കാനായിരിക്കണം, ആകെ അയാൾ കുടിച്ചത് അരഗ്ലാസ്സ് ആണ്.. പച്ചവെള്ളം പോലെ കുടിച്ചിട്ട് പോകേണ്ടതിനു പകരം.. ഓരോത്തന്റെയൊക്കെ ഒക്കെ ഓരോ പ്രകടനം. രഘുവിന് തമാശ പോലെ തോന്നി. താൻ കാണിച്ചു കൊടുക്കാം... ആദ്യമായിട്ടാണെങ്കിലും ഒന്നോ രണ്ടോ ഗ്ലാസ് കൂളായി കുടിച്ചു കാണിക്കാം.. അല്ല പിന്നെ... അപ്പാപ്പൻ വേഗം അവിടെ നിന്നും പുറത്തിറങ്ങി നടന്നു കഴിഞ്ഞു.. അത് അവിടുത്തെ അലിഖിത നിയമമാണ്.. എന്ന് കൂടെയുള്ള പൂഴിക്കടകൻ സന്തോഷ് പറഞ്ഞു. ആദ്യം പൈസ കൊടുക്കുക.. കുടിക്കുക.. ഉടൻ തന്നെ സ്ഥലം കാലിയാക്കുക.. അല്ലാതെ അവിടെ നിന്ന് 'തന്നാര പാടി , ചവിട്ടി കുഴച്ചു നിൽക്കാൻ ഒരാളെയും അനുവദിക്കുകയില്ലായിരുന്നു.. ആരും അങ്ങനെ ചെയ്യുകയുമില്ലെന്ന കാര്യം അടിവരയിട്ട് സന്തോഷ് പറയുകയും ചെയ്തിരുന്നു. എന്ത് അനുസരണയുള്ളവർ.. രഘു മനസ്സിലോർത്തു. സ്കൂളിലോ കോളജിലോ ഇത്രയും അനുസരണ ആരും പാലിക്കപ്പെടുന്നില്ലല്ലോ എന്നവൻ അതിശയത്തോടെ ഓർത്തു. പൂഴിക്കടകൻ കൈയ്യിൽ കരുതിയിരുന്ന കപ്പലണ്ടിയുടെ പാക്കറ്റ് പൊളിച്ചു അതിലെ കപ്പലണ്ടി കടിച്ചുചവച്ചു.. പിന്നെ ഭവാനി കൊടുത്ത ഒരു ഗ്ലാസ് വായിലേക്ക് ഒറ്റ കമഴ്ത്ത്‌.. സന്തോഷ് കാര്യമായ അപശബ്ദങ്ങളൊന്നും പുറപ്പെടുവിച്ചില്ലെങ്കിലും.. തലയൊന്നു കുടഞ്ഞു... അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുന്നതും അവൻ കണ്ടു. ചിറി തുടച്ചു തല രണ്ടു വട്ടം കൂടി കുടഞ്ഞു.. മസിലു പിടിച്ചു നിന്നു. അത് കണ്ട രഘു മനസ്സിലോർത്തു അടുത്ത ഡ്രാമ.. അതല്ലാതെന്ത്..

പുറത്തേക്കിറങ്ങാൽ നേരം സന്തോഷ് കർശന സ്വരത്തിൽ വളരെ ഗൗരവത്തോടെ ഭവാനിയോട് രഘുവിനെ ചൂണ്ടി പറഞ്ഞു. "അവന് അര കൊടുത്താൽ മതി." രഘു നിന്ന് ചൂളി. സന്തോഷിന് ഒരു ഗ്ലാസ് ആകാം. രഘുവിന് അരഗ്ലാസ്സ്.. ഇതെന്തു നീതി.. അവന് പൂഴിക്കടകനോട് കലിപ്പും ദേഷ്യവും തോന്നി. "രണ്ടു ഗ്ലാസെങ്കിലും അകത്താക്കിയിട്ടേ ഞാൻ പുറത്തു പോകുന്നുള്ളൂ.." അവൻ ഉറപ്പിച്ചു. പോക്കറ്റിൽ നിന്നെടുത്ത അൽപ്പം മുഷിഞ്ഞ നോട്ടെടുത്ത്‌ രഘു ഭവാനിക്ക് കൊടുത്തു. അവൾ അത് അലക്ഷ്യമായി ഒരു കൂടയിലേക്കിട്ടു.. ശേഷം, മുടി ഒന്നുകൂടി പിറകിൽ വട്ടത്തിൽ കെട്ടിയിട്ടു.. ഭവാനി അരഗ്ലാസ്സ് ചാരായം എടുത്തു അവന് നേരെ നീട്ടി... ഇതെന്തു ‘കോപ്പെടപാട്’ ഞാനെന്താ ഇള്ളാക്കുഞ്ഞോ തൊണ്ട നനക്കാൻ... ഒന്നാമത് നല്ലതുപോലെ ദാഹിക്കുന്നുമുണ്ട്.. അവന് അരിശം വന്നു. പക്ഷെ ഒന്നും പറയാൻ കഴിയില്ലല്ലോ.. ആദ്യം ഇത് കുടിക്കാം.. അവൻ പുച്ഛരസത്തോടെ അത് ആദ്യം വാങ്ങി.. അലക്ഷ്യ ഭാവത്തോടെ.. അവൻ കൈയ്യിലിരുന്ന അരഗ്ലാസ്സ് ചാരായം വായിലേക്ക് നിസ്സാര മട്ടിൽ കമഴ്ത്തി.. ഒറ്റ നിമിഷം.. തൊണ്ടക്കുഴി വെന്തിറങ്ങുന്നതു പോലെ ഒരു തോന്നൽ... ചെവിയിൽക്കൂടിയും കണ്ണിൽ കൂടിയും കനത്ത നീരാവിയുടെ ചൂട് ആവിയായി അവനനുഭവപ്പെട്ടു. ചെവിയിലൂടെ എന്തോ പുറത്തേക്ക് പോയത് പോലെ ഒരു തോന്നൽ.. കുപ്പിയുടെ കോർക്ക് കൊണ്ടുള്ള അടപ്പു തെറിക്കുന്നതുപോലെ.. തൊണ്ടക്കുഴി മുതൽ തൊലിയടർന്ന പോലെയും..? തീയുണ്ട വിഴുങ്ങിയതുപോലെ.. വായിൽ നിന്നും അപശബ്ദ വീചികൾ പെയ്തിറങ്ങുന്നു. “ശൂ..ശ് ..ശാ..ഹാ ..ഷ്....” കേൾക്കുന്നവർ വിചാരിക്കും അറബി പറയുകയാണെന്ന്..

കണ്ണിൽ നിന്നും മൂക്കിൽ നിന്നും, പിന്നെ ശരീരത്തിന്റെ എവിടെയൊക്കെ സുഷിരങ്ങളുണ്ടോ അവിടെനിന്നെല്ലാം പുറത്തേക്ക് കാറ്റ് വീശി. കണ്ണിൽ നിന്നും മൂക്കിൽ നിന്നും പുക പോകുന്നതുപോലെ ഒക്കെ അവന് തോന്നി. തീയുണ്ട വയറ്റിനകത്തേക്കിറങ്ങിയപ്പോഴേക്കും ആദ്യത്തെ കടമ്പ തീർന്നിരുന്നു. കത്തിയ തൊണ്ടയോടെ അവൻ പിന്നെ പുറത്തേക്കിറങ്ങി.. ‘ഓ.. സമാധാനം കഴിഞ്ഞല്ലോ...’ പൂഴിക്കടകൻ മുൻകൂട്ടി ‘വാണിംഗ്’ തന്നതിന്റെ പൊരുൾ അവന് മനസിലായി. പുറത്ത്‌, കാട്ടുമരത്തിന്റെ ചെറിയ വള്ളിയിൽ പിടിച്ചു സതീഷും മുരുകനും നിൽപ്പുണ്ടായിരുന്നു. മുൻപോട്ടു നടക്കുന്തോറും മുൻപിൽ കുഴിയുള്ള പോലൊക്കെ രഘുവിന് തോന്നി. അകലെനിന്ന് പുഴ വളരെ വേഗത്തിൽ കുതിച്ചെത്തുന്നതുപോലെ.. മഴയോ.. മഴക്കാറോ ഇല്ലാതിരുന്നിട്ടും ആകാശത്ത്‌ ഇടി കുടുങ്ങുന്നതുപോലെയും... ചെവിയിലേക്ക് ചുഴലിക്കാറ്റ് ഇരമ്പിക്കയറി... കാലിൽ പിടിച്ചു ആരോ തല്ലിയലക്കുന്നതുപോലെ... അരഗ്ലാസ്സ് ചാരായത്തിന്റെ വീര്യം അത് കാണിച്ചു തുടങ്ങിയിരിക്കുന്നു.. കാൽ ചവിട്ടുന്നിടത്തല്ല ഉറയ്ക്കുന്നത്.. ഒരു വിധത്തിൽ ഇടവഴി ആടിയാടി കടന്നു പ്രധാന മണ്ണ് വഴിയിലെത്തിയപ്പോഴേക്കും.. എതിരെ വന്ന രണ്ടു പെണ്ണുങ്ങൾ ചിരിച്ചു കൊണ്ട് അവനെ കടന്നു പോകുന്നു.. അവരെ ശരിക്കും പരിചയമുള്ളതുപോലെ... അവൻ ചൂളി.. ശരീരത്തിൽ വസ്ത്രങ്ങള്‍ ഉണ്ടോയെന്ന് പോലും രഘു തിരിച്ചറിയുന്നുണ്ടായിരുന്നില്ല.

സമീപത്തുള്ള മൺഭിത്തിയിൽ അവൻ അള്ളിപ്പിടിച്ചു നിൽക്കാൻ ശ്രമിച്ചു താഴെ വീഴാതിരിക്കാൻ.. നേരെ കാണുന്ന വഴികളിൽ മുഴുവൻ ഇങ്ങോട്ടു വന്നപ്പോൾ കാണാതിരുന്ന അഗാധ ഗർത്തങ്ങൾ...! അവനു തല കറങ്ങി.. നിലത്തിരുന്നു... അല്ല.. വീഴുകയായിരുന്നു. എപ്പോഴോ കണ്ണ് തുറന്നപ്പോൾ അപരിചിതമായ ഒരു ഇടത്തായിരുന്നു...! ആ മുറിയിൽ തനിക്കു ചുറ്റും ആരൊക്കെയോ നിൽക്കുന്നുണ്ടെന്നവന് തോന്നി.. പാട് പെട്ട് തലയുയർത്തി നോക്കി... തന്നെ നിർബന്ധിച്ചു ഭവാനി കഴിക്കാൻ കൊണ്ടുപോയ പൂഴിക്കടകന്റെ വീടായിരുന്നു അത്. സന്തോഷിന്റെ അച്ഛൻ ആരോടോ പറയുന്നു.. “ഈ കിടക്കുന്നവനാണ് മറ്റുള്ള പിള്ളേരെ കൂടി വഴിതെറ്റിക്കുന്നെ... പഠിക്കാൻ പോകുന്ന, ഒരു ദുശീലവും ഇത് വരെയില്ലാത്ത എന്റെ മോനെ കൂടി ഈ ചെറുക്കനാണ്....” പിന്നെയും അയാളെന്തോ അരിശത്തോടെ പറഞ്ഞു കൊണ്ടിരുന്നു. അദ്ദേഹത്തിന് രഘുവിനോടുള്ള കലിപ്പടങ്ങുന്നില്ല. അവൻ തല ചെരിച്ചു നോക്കി.. അവിടെ കൈയ്യും കെട്ടി, സാക്ഷാൽ ഹരിചന്ദ്രനായി പൂഴിക്കടകൻ നിൽപ്പുണ്ടായിരുന്നു.. ഒരു പാവം കുഞ്ഞാടായി... അവൻ ഒന്നും പറയാനാവാതെ കിടക്കുമ്പോൾ പൂഴിക്കടകന്റെ പതിഞ്ഞ സ്വരം അവൻ വ്യക്തമായി കേട്ടു.. "ഞങ്ങളെ കൊണ്ട് പോയത് കുടിപ്പിക്കാനായിരിക്കുമെന്ന് ഒട്ടും കരുതിയില്ല" ‘പിലാത്തോസ്‌’ കൈ കഴുകിക്കഴിഞ്ഞ സ്ഥിതിക്ക് ആ പാപ ഭാരവും കൂടി വഹിക്കാൻ രഘു മനസ് കൊണ്ട് തയാറെടുത്തു. ഒപ്പം, വല്യമ്മച്ചിയെ അവൻ മനസ്സിൽ കണ്ടു... അവർ അവന്റെ തലമുടിയിൽ തലോടുന്നപോലെ... ഉള്ളിൽ നിന്നും വന്നൊരു തേങ്ങൽ അവൻ പാടുപെട്ട് കടിച്ചമർത്തി.

Content Summary: Malayalam Short Story ' Pilathosum Kunjadukalum ' written by Poonthottathu Vinayakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com