1. ചിത
എത്ര വേഷങ്ങളാടിതീര്‍ത്തു ഞാന്‍
യവനികയിനി താഴ്ത്തിവയ്ക്കുക
തലയ്ക്കുമേലെയായ് നിലവിളക്കിന്‍റെ
തിരികള്‍ നന്നായി തെളിഞ്ഞു കത്തട്ടെ !
ശവത്തിന്‍ മേലെത്ര പൂചൊരിഞ്ഞാലും
ശാപവാക്കിനു പകരമാകില്ല
കണ്ണുനീരെത്ര നെഞ്ചില്‍ വീണാലും
കാണുകില്ലെന്‍റെ കണ്ണടഞ്ഞുപോയ്
ചിത തണുത്തുകഴിഞ്ഞീടുമ്പോഴെന്‍ -
ചാരമസ്ഥികളെ തെരഞ്ഞീടേണ്ട
ചിതയില്‍ തീര്‍ന്നൊരു ജീവിതത്തിന്‍റെ
ചരിതമൊന്നുമേയെഴുതിവയ്ക്കേണ്ട
മലിനമാകുവാനസ്ഥിഖണ്ഡങ്ങള്‍
മരിക്കും നദിയിലേക്കൊഴുക്കിടേണ്ട
മണ്ണുവെട്ടി കുഴിയിലിട്ടെന്‍റെ
നെഞ്ചിലായ്ത്തന്നെ തൈവയ്ക്കുക
2. ഇരട്ടനാവുകള്‍
നിന്‍റെ ഒന്നാമത്തെ നാവിനാലുച്ചരിച്ച
വചനങ്ങളാണ്
എന്നില്‍ പ്രണയത്തിന്‍ വിത്ത് മുളപ്പിച്ചത്
ഇലപടര്‍ന്ന് മുകുളമായി
പൂവായി വിരിഞ്ഞു നിന്നത്
ആദ്യ നാവിനാലുച്ചരിച്ച
നിന്‍റെ ഉറപ്പുള്ള വചനങ്ങളിലായിരുന്നു
നീ രണ്ടാമത്തെ നാവു പുറത്തെടുത്തപ്പോഴാണ്
ഇരട്ടമുഖത്തെ ഭയന്നിരുന്ന
എന്‍റെ ചങ്കില്‍ സൂചിമുനയുടെ വേദന
ആഴത്തില്‍ തറച്ചത്
ഇരട്ടനാവുള്ള ജന്മമായിരുന്നു
നിന്‍റേതെന്ന് അറിയാന്‍
എനിക്കെന്‍റെ ഹൃദയം മുറിക്കേണ്ടിവന്നു
ആദ്യനാവിലെ വചനങ്ങളുടെ അന്ത്യത്തില്‍
നീ പുറത്തേയ്ക്കിട്ട രണ്ടാം നാവിലെ
ആ വചനങ്ങളിലാണ്
പ്രണയം പൂത്ത ചെടിപോലും
കരിഞ്ഞുപോയത്.
Content Summary: Malayalam Poem written by Krishnakumar Mapranam