ചോ(ർ)ന്ന പരീക്ഷകൾ – ഡോ. അജയ് നാരായണൻ എഴുതിയ കവിത
Mail This Article
ചോപ്പാർന്ന വാക്കുകൾക്കെന്തു ചേല്
ചോന്നു തുടുത്ത പൂവിന്റെ ചേല്
ചോദ്യത്തിന്നുത്തരമേതു നിറം
നെഞ്ചിലെ ചോരയൊലിച്ച ചോപ്പ്!
ചോപ്പുള്ള സന്ധ്യക്കിതെന്തു പറ്റി?
ചത്തു വെണ്ണീറായി മണ്ണിലാഴ്ന്നു
മണ്ണിൽ മുളച്ചതിനെന്തു ചേതം?
അക്ഷരമാകാതെ ചോർന്നുപോയി.
ഉത്തരമോതുവാൻ ചോദ്യങ്ങളായിരം
ചോന്നു, പിടച്ചു നിലംപതിക്കേ
കണ്ണുകളക്ഷരച്ചോപ്പിൽ പകച്ചുപോയ്
ചെന്നിണം വാർന്നൂ വിറങ്ങലിച്ചൂ!
താളുകൾ താളുകളക്ഷരം വേണ്ടാത്ത
നാളുകൾ താണ്ഡവനൃത്തമാടാൻ
ചോപ്പുടുക്കുന്നു കരി പുരട്ടുന്നു
മുഖത്തിനു വെള്ളയോ, പച്ചയോ, താടിയോ,
ഗോഷ്ടിയോ? കാണാക്കവിളിൽ പതിച്ച
കൈപ്പത്തികൾ തീർക്കുന്നു സൂചകങ്ങൾ.
ചാകാൻ കിടക്കുന്നു നേരിൻ വെളുപ്പുകൾ
കാഴ്ചതൻ ശാസ്ത്രം മറയുന്നു, നീറ്റലിൽ
ഉപ്പിന്റെ നീരോ, വിയർപ്പിന്റെ ചൂരോ,
തകരുന്ന മൂല്യത്തിൻ നെഞ്ചിടിപ്പോ?
പേരിൻ മറവിലെ പൊള്ളു കാട്ടാം
പുകയൂതി മെലിയണ നാടുകാണാം
കണ്ണു കത്തണ ചോദ്യമായ് ചോന്നിരിക്കാം.
നാളെയന്ധത പാടേ പൊതിയും
മനസ്സിന്റെ നേർനിറമേതെന്നറിയാതെ
പൽച്ചക്രം ഞെക്കി ഞെരിക്കും നിറങ്ങളെ-
ത്തൊട്ടിനി വേറിട്ട പേരു ചൊല്ലാം.
വേർപ്പിന്നുൾച്ചൂടോ വിറപൂണ്ട വായുവോ
നേർത്തതോ കൂർത്തതോ ചോർന്നതോ-
യെന്നൊക്കെ നീട്ടിവിളിക്കാം നിറങ്ങളെ,
നിങ്ങളീ ഭൂമിയിൽ വേണ്ടെന്ന ചിന്തയിൽ
നാളേയ്‌ക്കുമെന്നേക്കും കണ്ണുകെട്ടാം
വാക്കിന്റെ ചോട്ടിൽ വരച്ചെടുക്കാമിനി
രേഖകൾ, തെറ്റെന്നു വായിക്കുവാൻ,
തെറ്റായി വാക്കുകൾ വായിക്കുവാൻ.
Content Summary: Malayalam Poem written by Dr. Ajay Narayanan