ഇന്നു വസന്തം വിരുന്നു വന്നു
ഇളംമഞ്ഞു തൂകി ചിരിച്ചു വന്നു.
നിന്നിലേക്കങ്ങനൊഴുകിവന്നു
അങ്ങനെ തന്നെയവിടെ നിന്നു.
നീരജം പോലെ നിറഞ്ഞു നിന്നു
നിന്നെ പ്രണയിക്കുന്നെന്നപോലെ
ചിന്തകൾ സിന്ദൂരം തൂകിടുന്നൊ
ചെന്താമരപ്പൂങ്കവിളുകളിൽ
മന്ദാരപ്പൂമഴ പെയ്തിടുന്നു
ചന്ദനഗന്ധം പരന്നിടുന്നു
ചെമ്മാന കാന്തി പടർന്നിടുന്നൊ
ചെങ്കതിരോൻ വന്നുദിച്ചിടുന്നൊ
ചന്ദനത്തെന്നലുലാത്തിടുന്നൊ
ചന്ദ്രിക മെല്ലെ ചിരിച്ചു നിന്നൊ
പാലൊളിപ്പൂനിലാവെത്തിടുന്നൊ
പാലപ്പൂഗന്ധം പടർന്നിടുന്നൊ
വർണ്ണവിപഞ്ചിക തന്നെ പാടി
വർണ്ണരേണുക്കളിളകിയാടി
മാനത്തു മാരിവിൽ പൂത്തുനിന്നു
ചേലൊത്ത പൂരം നിറഞ്ഞു വാനിൽ
ഇന്നു വസന്തം വിരുന്നു വന്നു
നിന്നിൽ വന്നങ്ങനൊതുങ്ങി നിന്നു
Content Summary: Malayalam Poem ' Innu Vasantham ' written by Sreekumar M. P.