ADVERTISEMENT

വിചാരിച്ചതിലും നേരത്തെ സൂര്യൻ ഉദിച്ചിരുന്നു. തെളിഞ്ഞ നീല ആകാശത്തിൽ കീഴെ വട്ടമിട്ടു പറക്കുന്ന പക്ഷികൾ. കൂട്ടത്തിൽ എങ്ങു നിന്നോ വന്ന കുറെ ദേശാടനക്കിളികൾ. ശിവപുരം എന്ന പ്രദേശം ഇന്ന് പക്ഷികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇടതൂർന്ന് നിൽക്കുന്ന മരങ്ങളാൽ ആവരണം ചെയ്യപ്പെട്ടു കിടക്കുന്ന  ശിവപുരം എന്ന പ്രദേശം കുന്നുകളും മരങ്ങളും കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഒരു വലിയ മലയോര പ്രദേശം ആണ്. ദേശാടനക്കിളികൾ മുന്നൂറിലേറെ കിലോമീറ്ററുകൾ പറന്നാണ് ശിവപുരത്തു എത്തിയത്. വളരെ ക്ഷീണിതരായ കിളികൾ വളരെ നേരത്തെ തന്നെ മരക്കൊമ്പുകളിൽ രാത്രി വിശ്രമിക്കുന്നതിനായി ഇടം പിടിച്ചു. കിളികളുടെ കലപിലാ ശബ്ദം കേട്ട് ശിവപുരം എന്ന പ്രദേശം ഉണർന്നു. ദേശാടനക്കിളികൾ "കെയ്റ്റ്" എന്ന പേരുള്ള ഒരു പട്ടണത്തിൽ വർഷങ്ങളായി ജീവിച്ചു വരികയായിരുന്നു. പക്ഷികൾക്ക് ആവശ്യത്തിലധികം ഭക്ഷണം കിട്ടിക്കൊണ്ടിരുന്ന ഒരു പട്ടണമായിരുന്നു കെയ്റ്റ്. കെയ്റ്റ് എന്ന പട്ടണം കിളികൾക്ക് വാസയോഗ്യമല്ലാതെ വന്നപ്പോൾ അവ മൊത്തമായി ശിവപുരം എന്ന പ്രദേശത്തെ  ലക്ഷ്യമാക്കി ദേശാടനം നടത്തി. നിലവിലെ പട്ടണത്തിലെ സാഹചര്യങ്ങൾ ഭക്ഷണത്തിനും പ്രത്യുൽപാദനത്തിനും അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനും അനുകൂലമല്ലാത്ത കാരണത്താലാണ് ശിവപുരം ലക്ഷ്യമാക്കി അവർ ദേശാടനം നടത്തിയത്.

ലോകത്തെ മാറ്റി മറിച്ച പ്ലേഗ് എന്ന മഹാമാരി 1990 കാലഘട്ടങ്ങളിൽ കെയ്റ്റ് എന്ന പട്ടണത്തെ നശിപ്പിച്ചു. പട്ടണത്തിൽ പ്ലേഗ് മൂലം മരിച്ചുവീഴുന്ന ആയിരങ്ങൾ ദിനം പ്രതി കൂടി വന്നു. എങ്ങും അടഞ്ഞുകിടക്കുന്ന കട മുറികൾ, മനുഷ്യന്റെ സുഗന്ധം നഷ്ടപ്പെട്ട നഗരം, ഭഷണം കിട്ടുന്നതിനായി കഷ്ടപ്പെടുന്ന പക്ഷിക്കൂട്ടങ്ങൾ, ഭക്ഷണം ലഭിക്കാതെ മരിച്ചു പോകുന്ന പക്ഷികൾ, ഇതെല്ലാം മനസ്സിലാക്കി നഗരത്തിന്റെ സുഖങ്ങൾ എല്ലാം വിട്ടൊഴിഞ്ഞു ഗ്രാമപ്രദേശങ്ങളിലേക്കു കുടിയേറി പാർക്കാൻ പക്ഷികൾ തീരുമാനിച്ചു. ശിവപുരം എന്ന പ്രദേശം പഴയ കാലത്ത് പക്ഷികൾക്ക് താമസിക്കാൻ പറ്റിയ സ്ഥലമായിരുന്നു. നായാട്ടുകാർ പക്ഷികളെ കൊന്നൊടുക്കിയ ഒരു കാലഘട്ടം വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നു. അങ്ങനെയാണ് ശിവപുരത്തു നിന്ന് പക്ഷിക്കൂട്ടം നഗരത്തിലേക്ക് കുടിയേറിയത്. ശിവപുരത്ത് നേരം വെളുത്തു. പതിവുപോലെ പക്ഷികൾ ഇര തേടി വിവിധ സ്ഥലങ്ങളിലേക്ക് പറന്നുപോയി. പല കിളികൾക്കും ശിവപുരം ഗ്രാമത്തെകുറിച്ചു അറിയാമായിരുന്നു. കിളികളുടെ പൂർവികർ ശിവപുരത്തെക്കുറിച്ചു പറഞ്ഞ കഥകൾ ദേശാടനകിളികൾക്ക് ഓർമയിലുണ്ട്.

പക്ഷികളുടെ കൂട്ടത്തിൽ "ലൂസി"  എന്നറിയപ്പെടുന്ന ഒരു കിളി ഉണ്ടായിരുന്നു. സ്വർണ്ണ നിറം കൊണ്ട് ആവരണം ചെയ്ത പീലികളാൽ നിറഞ്ഞു നിന്നിരുന്ന ലൂസി എന്ന കിളിയെ കണ്ടാൽ ആരും ഒന്ന് തിരിഞ്ഞു നോക്കും. മയിൽ പീലികളെക്കാളും തിളക്കമുള്ള സുന്ദരമായ പീലികളാൽ നിറഞ്ഞു നിന്നിരുന്ന ലൂസിയുടെ ചിറകുകൾ വളരെയധികം മനോഹരമാണ്. മറ്റുള്ള കിളികളിൽ നിന്ന് വളരെ വ്യത്യസ്ത സ്വഭാവ ഗുണങ്ങൾ ലൂസിക്ക്  ഉണ്ടായിരുന്നു. ലൂസി എന്നും ഒറ്റയ്ക്കാണ് ഇര തേടി പോകുന്നതിന് ഇഷ്ടപ്പെട്ടിരുന്നത്. നീലാകാശത്തിന്റെ താഴെ ഇടതൂർന്ന് നിൽക്കുന്ന വന പ്രദേശത്തുകൂടി ശിവപുരത്തെ ലക്ഷ്യമാക്കി ലൂസി ഉയരങ്ങളിലൂടെ പറന്നു. അതികം വൈകാതെ തന്നെ ലൂസി ശിവപുരത്തു പറന്നെത്തി. വിടർന്നു നിൽക്കുന്ന പൂക്കളാൽ വർണ്ണ ഭംഗി നിറഞ്ഞു തുളുമ്പുന്ന ശിവപുരത്തെ കാഴ്ച കണ്ണിനും കാതിനും ഇമ്പം നൽകുന്നതാണ്. വിവിധ ഗോപുരങ്ങളുടെ മുൻപിൽ വ്യത്യസ്ത വസ്ത്രങ്ങൾ അണിഞ്ഞ മനുഷ്യരെ കാണാമായിരുന്നു. കുട്ടികൾ ഓടിക്കളിക്കുന്നതും അർധസൈനികവേഷത്തിൽ ഭടന്മാർ രാജ കൊട്ടാരത്തിനു ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതും ആകാശത്തുനിന്നും കാണാവുന്ന നല്ലൊരു കാഴ്ച ആയിരുന്നു.

ശിവപുരം ഗ്രാമം കുറേനേരം പറന്ന് കണ്ട ലൂസി ക്ഷീണിതയായിരുന്നു. അധികം വൈകാതെ കൊട്ടാരത്തിൽ നിന്ന് കുറച്ചകലെ ഉയരമില്ലാത്ത ഒരു മര കൊമ്പിൽ ലൂസി പറന്നിരുന്നു. അൽപനേരം അവിടെ ഇരുന്നു വിശ്രമിക്കുന്നതിനിടയിൽ അങ്ങകലെ ഒരു പഴയ ഗോപുരത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്ന വയസ്സായ ഒരു മനുഷ്യനെ ശ്രദ്ധയിൽ പെട്ടു. ലൂസി ആ മനുഷ്യന്റെ നീക്കങ്ങൾ അവിടെ ഇരുന്നു വീക്ഷിച്ചു കൊണ്ടേയിരുന്നു. കൂടുതൽ അടുത്തറിയുന്നതിനായി ആ മനുഷ്യൻ താമസിക്കുന്ന ഗോപുരത്തിന്റെ അടുത്തുള്ള മറ്റൊരു മരത്തിലേക്ക് പറന്നു ചെന്നു. പ്രായം കൊണ്ട് വളരെ ക്ഷീണിതനായി തോന്നുന്ന ആ മനുഷ്യന്‍ ആരും ഇല്ലാത്തവനെ പോലെ തോന്നി. ഇത് കണ്ട്‌ ലൂസി എന്ന കിളിയിൽ ചില വ്യത്യാസങ്ങൾ പ്രകടമായി. ഒട്ടും ഭയം ജനിപ്പിക്കാത്ത രീതിയിലുള്ള ഒരു ഇഷ്ടം വയസായ ആ മനുഷ്യനോട്‌ ലൂസിക്ക് തോന്നി. ഉടനെ സ്വർണ്ണ ചിറകുള്ള ലൂസി എന്ന കിളി വയസ്സായ മനുഷ്യനെ ആകർഷിക്കുന്നതിനായി മരത്തിൽ ഇരുന്ന് ഒരു കിളി നാദം പുറപ്പെടുവിച്ചു.

ഒട്ടും പ്രതീക്ഷിക്കാത്ത മട്ടിൽ ശബ്ദം കേട്ട ദിശയിലേക്ക് പ്രായമായ ആ മനുഷ്യൻ ഒന്ന് നോക്കി. "ബാലി" എന്നായിരുന്നു വയസ്സായ ആ മനുഷ്യന്റെ പേര്. പ്രായം കൊണ്ട് ശിവപുരം ഗ്രാമത്തിൽ ഏറ്റവും പ്രായമുള്ള മനുഷ്യനായിരുന്നു ബാലി. അതുകൊണ്ടു തന്നെ ശിവപുരം ഗ്രാമത്തിൽ ബാലിക്ക് നല്ല ബഹുമാനം എല്ലാവരും നൽകിയിരുന്നു. ഗോപുരത്തിൽ ഒറ്റയ്ക്കാണ് ബാലി താമസിച്ചിരുന്നത്. രണ്ടാമതും ലൂസിയുടെ കിളിനാദം കേട്ടപ്പോൾ മരചില്ലകളിൽ ഇരിക്കുന്ന സുന്ദരിയായ കിളിയെ ബാലിക്ക് കാണാൻ കഴിഞ്ഞു. ലൂസി ബാലിയെ നോക്കി വീണ്ടും കിളി നാദം ആലപിച്ചപ്പോൾ ബാലിക്ക് വല്ലാത്ത സന്തോഷം തോന്നി. ബാലി ഗോപുരത്തിന്റെ ഉള്ളിൽ പോയി ഒരു പാത്രത്തിൽ അൽപം ഗോതമ്പ് മണികൾ എടുത്തു ആ പാത്രം മരച്ചുവട്ടിൽ കൊണ്ടു വെച്ചു. ഒട്ടും അപരിചിതത്വം കാണിക്കാത്ത മട്ടിൽ ലൂസി പറന്നു വന്ന് പാത്രത്തിൽ ഉള്ള ഗോതമ്പ് മണികൾ കൊത്തി തിന്ന് പറന്നു പോയി.

പിറ്റേദിവസം നേരം വെളുത്തു. ബാലി പതിവുപോലെ പ്രഭാതത്തിൽ ഗോപുരത്തിന് പുറത്തു ഇറങ്ങി നടക്കുകയായിരുന്നു. ആ സമയത്ത് ലൂസി അവിടെ പറന്ന് വന്നു. ബാലി ലൂസിയെ കണ്ട ഉടനെ ഒരു പാത്രത്തിൽ ഗോതമ്പ് മണികൾ എടുത്തു മരത്തിന്റെ ചുവട്ടിൽ വെച്ചു. പാത്രത്തിൽ ഉള്ള ഗോതമ്പ് മണികൾ തിന്ന് ലൂസി അപ്പോൾ തന്നെ പറന്ന് പോയി. ലൂസിയുടെ വരവ് സ്ഥിരം ഒരു കാഴ്ചയായി മാറി. ബാലിയുടെ ഗോപുരത്തിൽ ലൂസി എന്ന കിളിയുടെ എന്നുമുള്ള വരവ് ശിവപുരം പ്രദേശത്തു എല്ലാവരും അറിഞ്ഞുതുടങ്ങി. ലൂസിയുടെ വരവിന് വേണ്ടി കാത്തിരിക്കുന്നത് ബാലിയുടെ സ്ഥിരം പതിവായി മാറി. പ്രായം കൂടുതലുള്ള ബാലിക്ക് ലൂസിയെ കാത്തിരിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും ഒരു പതിവ് ജോലി ആവുകയും അത് മനസ്സിന് സന്തോഷം ഉണ്ടാക്കുകയും ചെയ്തു. ബാലിയുടെ ഭവനത്തിൽ വരുന്ന കിളിയെക്കുറിച്ചു ശിവപുരത്തു സംസാരവിഷയമായി. രാജാവ് ബാലിയും ദേശാടനകിളിയുമായുള്ള ചങ്ങാത്തത്തെ കുറിച്ച് അറിഞ്ഞു. കിളിയെക്കുറിച്ചുള്ള കഥ കേട്ടപ്പോൾ വളരെ അധികം അത്ഭുതം തോന്നിയ രാജാവിന് ബാലിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. സേവകരെ വിട്ട് രാജാവിന് മുഖം കാണിക്കാൻ ഉത്തരവിട്ടു.

പിറ്റേ ദിവസം ബാലിയുടെ ഭവനത്തിൽ കൊട്ടാരത്തിലെ സേവകർ എത്തി. കൊട്ടാരത്തിലെ സേവകരെ കണ്ടപ്പോൾ ബാലിക്ക് ഒന്നും മനസിലായില്ല. കൊട്ടാരത്തിലെ സേവകർ വന്ന് രാജാവിന്റെ  കൽപന അറിയിച്ചു. രാജാവിന് അടുത്ത ദിവസം ബാലിയെ കാണണമെന്നും പ്രത്യേകം തയാറാക്കിയ വാഹനത്തിൽ ബാലിയെ  കൊട്ടാരത്തിലേക്ക് കൊണ്ടുപോകുമെന്നും ബാലി ആ സമയത്തു ഗോപുരത്തിൽ ഉണ്ടാകണമെന്നും അറിയിച്ചു. രാജാവിന്റെ സേവകർ ബാലിയുടെ ഭവനത്തിൽ വന്നത് ശിവപുരത്തു വാർത്തയായി. ബാലിയും ലൂസി എന്ന കിളിയുമായുള്ള അടുപ്പം നാട്ടിൽ എങ്ങും പാട്ടാണ്. ഗ്രാമത്തിലെ പല പ്രമുഖരും ബാലിയുടെ ഭവനത്തിൽ വന്ന് അന്വേഷണം നടത്തി. രാജാവിനെ മുഖം കാണിക്കാൻ കിട്ടുന്ന അവസരം ആ നാടിനെ സംബന്ധിച്ചു വലിയ ഒരു സംഭവം ആണ്. പിറ്റേ ദിവസം രാജകൽപന പ്രകാരം ബാലിയെ കൂട്ടികൊണ്ട് പോകുവാൻ സേവകരെത്തി. വലിയൊരു ജനക്കൂട്ടം അവിടെ അപ്പോൾ ഉണ്ടായിരുന്നു. കൊട്ടാരത്തിലെ സേവകരും പ്രത്യേകം അലങ്കരിച്ച കുതിര വണ്ടിയും അവിടെ വന്ന ജനങ്ങൾക്ക് കൗതുകം നൽകി. ബാലി കൊട്ടാരത്തിലേക്കു രാജാവിനെ മുഖം കാണിക്കാനായി കുതിര വണ്ടിയിൽ സേവകരോടൊപ്പം പോയി.

ഇതേ സമയം ശിവപുരത്തു നിന്ന് നൂറ് മൈലുകൾക്കപ്പുറത്തു താമസിച്ചിരുന്ന "ശക്തിവേലു" എന്ന പേരിൽ അറിയപ്പെടുന്ന ഒരു കള്ളൻ ഉണ്ടായിരുന്നു. രാജ്യത്ത് അപൂർവമായി കണ്ടുവരുന്ന പക്ഷികളെ മോഷ്ടിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കള്ളക്കടത്തു നടത്തുന്നതാണ് പ്രധാന ജോലി. ബാലി കൊട്ടാരത്തിലേക്ക് യാത്ര പുറപ്പെട്ട വിവരം അറിവ് കിട്ടിയപ്പോൾ ശക്തിവേലു സ്വർണ ചിറകുള്ള ലൂസിയെ മോഷ്ടിക്കാനായി ശിവപുരത്തേക്ക് യാത്ര പുറപ്പെട്ടു. അധികം വൈകാതെ ശക്തിവേലു ബാലിയുടെ ഭവനത്തിൽ എത്തി. വളരെ തന്ത്രപരമായി ബാലിയുടെ ഭവനത്തിൽ കയറിപ്പറ്റിയ ശക്തിവേലു കിളിയുടെ ആഗമനത്തിനായി കാത്തിരുന്നു. പുറത്തെ മരച്ചുവട്ടിൽ ഗോതമ്പു മണികൾ നിറച്ചു വെച്ചിരിക്കുന്ന ഒരു പാത്രം ശ്രദ്ധയിൽ പെട്ടു. പുറത്താരും ശ്രദ്ധിക്കാതെ ഗോതമ്പ് മണികൾ നിറച്ച പാത്രം കൈക്കലാക്കി. അതിന് ശേഷം ആ ഗോതമ്പ്‌ മണികളിൽ കൈയ്യിലുള്ള മയക്കുമരുന്ന് പുരട്ടിയതിനു ശേഷം ആ പാത്രം മരച്ചുവട്ടിൽ തിരികെ കൊണ്ടുവെച്ചു. ഗോപുരത്തിന്റെ അകത്തു വന്ന ശക്തിവേലു കിളിയുടെ വരവിനായി കാത്തിരുന്നു.

കുറെ നേരം കഴിഞ്ഞപ്പോൾ കിളി ബാലിയുടെ ഗോപുരത്തിൽ എത്തി. ബാലിയെ ഗോപുരത്തിൽ കാണാതെ വന്നപ്പോൾ ലൂസി കേൾക്കാൻ ഇമ്പമുള്ള ഒരു കിളിനാദം മുഴക്കി. ശക്തിവേലു അകത്തു നിന്ന് കിളിയുടെ നീക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ബാലി ഇല്ലെന്ന് മനസിലാക്കിയ ലൂസി ഗോതമ്പു മണികൾ പാത്രത്തിൽ നിന്ന് കൊത്തി തിന്നുവാൻ തുടങ്ങി. സ്വർണ നിറങ്ങളാൽ നിറഞ്ഞു നിൽക്കുന്ന പീലികൾ കൊണ്ട് നിറഞ്ഞ അത്ഭുത കിളിയെ ശക്തിവേലുവിന് വളരെ ഇഷ്ടമായി. പാത്രത്തിൽ ഉള്ള ഗോതമ്പ് മണികൾ തിന്ന് അൽപസമയത്തിനുള്ളിൽ ലൂസി അബോധാവസ്ഥയിൽ ആയി. പെട്ടെന്ന് ശക്തിവേലു മരച്ചുവട്ടിൽ പോയി കിളിയെ ഒരു സഞ്ചിയിൽ നിറച്ചു ശിവപുരത്തു നിന്ന് തിരിച്ചു പോയി.

കൊട്ടാരത്തിൽ നിന്നും തിരിച്ചു വന്ന ബാലി ആദ്യമായി ശ്രദ്ധിച്ചത് ലൂസിക്ക് വേണ്ടി ഗോതമ്പു മണികൾ നിറച്ച പാത്രമാണ്. ചിതറിക്കിടക്കുന്ന ഗോതമ്പ് മണികൾ പാത്രത്തിനു ചുറ്റും കാണപ്പെട്ടിരുന്നു. ദിവസങ്ങൾ പലതും കടന്നു പോയെങ്കിലും ലൂസി ബാലിയുടെ ഭവനത്തിൽ വന്നില്ല. ലൂസിയുടെ ആഗമനത്തിനായി ബാലി കാത്തിരുന്നു. ലൂസിയുടെ ദിനം പ്രതിയുള്ള വരവും അതിന് ഭക്ഷണം കൊടുക്കുന്ന ജോലിയും ഇല്ലാതായപ്പോൾ ബാലിക്ക് ആരാരും ഇല്ലാത്തവനെ പോലെ തോന്നൽ ഉണ്ടായി. ലൂസിക്ക് വേണ്ടി ഗോതമ്പ് മണികൾ പാത്രത്തിൽ നിറച്ചു വെച്ച് ബാലി എന്നും കാത്തിരിക്കും. പക്ഷെ ലൂസി തിരിച്ചു വന്നില്ല. ഇതേ സമയം നൂറ് മൈലുകൾക്ക് അപ്പുറം ശക്തിവേലു താമസിക്കുന്ന ഭവനത്തിൽ ഇരുമ്പ് വലകൾ കൊണ്ട് നിർമ്മിച്ച കൂട്ടിൽ കഴിയുന്ന ലൂസി എന്ന കിളിക്ക് ബോധം തെളിഞ്ഞു. ലൂസിയുടെ കൂട്ടിൽ വേറെ കുറെ കിളികളും ഉണ്ടായിരുന്നു. കൂടിനുള്ളിൽ കഴിയുന്ന ലൂസി ബാലിയെ ഓർത്തിരുന്നു. മാസങ്ങൾ പലതും കടന്ന് പോയത് അറിഞ്ഞില്ല.

ഇതേ സമയം പ്ലേഗ് എന്ന മഹാമാരി നഗരങ്ങളിൽ നിന്ന് ഗ്രാമ പ്രദേശങ്ങളിലേക്ക് പടർന്ന് പിടിക്കാൻ തുടങ്ങി. ഒരു ദിവസം ശക്തിവേലു എന്ന കള്ളൻ പ്ലേഗ് മൂലം മരിച്ചുപോയി. ശക്തിവേലുവിന്റെ മരണശേഷം കൂട്ടിൽ ഉള്ള കിളികളെ സംരക്ഷിക്കാൻ ആരും ഇല്ലാതായി. കിളികൾക്ക് ആവശ്യത്തിന്‌ വെള്ളവും ഭക്ഷണവും ലഭിക്കാതെ വന്നപ്പോൾ ദിവസങ്ങൾക്കുള്ളിൽ കൂട്ടിൽ കിടക്കുന്ന പല കിളികളും ചത്ത് തുടങ്ങി. കിളികളെ പരിപാലിക്കാൻ ആരും ഇല്ലാതെ വന്നപ്പോൾ ബാക്കി ഉള്ള  എല്ലാ കിളികളെയും ശക്തിവേലുവിന്റെ ഒരു കൂട്ടുക്കാരൻ തുറന്ന് വിട്ടു. കൂട്ടിൽ ഉണ്ടായിരുന്ന എല്ലാ കിളികളും കൂട്ടത്തിൽ ലൂസിയും ആകാശത്തേക്ക് അപ്പോൾ തന്നെ പറന്നു പോയി. ഇതേ സമയം ശിവപുരത്തു പ്ലേഗ് അതിവേഗം പടർന്ന് പിടിച്ചു. പലരും രോഗികളായി ശിവപുരത്തു മരിച്ചു. ശിവപുരത്തു ബാലിയെ കുറിച്ച് ആരും അന്വേഷിക്കാതെ ആയി. ലൂസി എന്ന കിളിയെക്കുറിച്ചു യാതൊരു വിവരവും ഇല്ല. ലൂസിക്ക് എന്താണ് സംഭവിച്ചത് എന്ന് ബാലി പലപ്പോഴും ഓർക്കാറുണ്ട്. പ്ലേഗ് ഒരു ദിവസം ബാലിയെയും ബാധിച്ചു. വളരെ ക്ഷീണിതനായ ബാലിയെ പരിചരിക്കാൻ ആരും ഇല്ലാത്ത അവസ്ഥ ആയി.

മാസങ്ങളോളം കൂട്ടിൽ കിടന്ന ലൂസി എന്ന കിളിക്ക് മോചനം കിട്ടിയപ്പോൾ ബാലിയെ കാണാൻ വളരെ ദൂരത്തു നിന്നും ശിവപുരം ലക്ഷ്യമാക്കി പറന്നു. മണിക്കൂറുകൾ പറന്നു ലൂസി ബാലിയുടെ ഗോപുരത്തിൽ എത്തി. ബാലിയെ പുറത്തൊന്നും കാണാത്തതിനാൽ ലൂസി ഇമ്പമുള്ള ഒരു കിളിനാദം പുറപ്പെടുവിച്ചു. അപ്രതീക്ഷിതമായി കേട്ട ലൂസിയുടെ കിളിനാദം മയങ്ങിക്കിടന്ന ബാലിയുടെ കണ്ണ് തുറപ്പിച്ചു. ക്ഷീണിതനാണെങ്കിലും ബാലി ഗോപുരത്തിന് പുറത്തേക്ക് ഇറങ്ങി വന്നു. ലൂസിയെ കണ്ടപ്പോൾ ബാലിക്ക് വളരെ സന്തോഷം ആയി. സ്വർണ ചിറകുകൾ വിടർത്തി ലൂസി അവിടെ നൃത്തം ചെയ്തു ബാലിയെ സന്തോഷിപ്പിച്ചു. മനുഷ്യനെ കൊല്ലുന്ന “പ്ലേഗ് “എന്ന മഹാമാരി ബാലിയെ  ബാധിച്ചു എന്ന് ലൂസിക്ക് മനസിലായി. ലൂസി അൽപ സമയത്തിനുള്ളിൽ അവിടെന്ന് പറന്നു പോയി. അധികം വൈകാതെ തിരിച്ചുവന്ന ലൂസിയുടെ ചുണ്ടുകളിൽ നിറയെ ഏതോ ഒരു മരത്തിലെ ഇലകൾ ആയിരുന്നു. ഗോപുരത്തിന്റെ മുറ്റത്ത് ഉണ്ടായിരുന്ന ബാലിയുടെ  കൈകളിൽ ലൂസിയുടെ ചുണ്ടിൽ ഉള്ള പച്ചിലകൾ വെച്ച് കൊടുത്തു. രോഗിയായ ബാലിക്ക് മരുന്നായി കൊണ്ടുവന്ന അപൂർവ തരത്തിൽ ഉള്ള പച്ചില മരുന്നാണ് എന്ന ബോധത്തോടെ ബാലി അത് ഭക്ഷിച്ചു. ലൂസി പിന്നീട് പറന്നു പോയി.

പിറ്റേ ദിവസം ലൂസി പച്ചിലകളുമായി ബാലിയുടെ ഗോപുരത്തിൽ എത്തി. ലൂസിയുടെ ആഗമനം മനസിലാക്കിയ ബാലി ഒരു പാത്രത്തിൽ ഗോതമ്പ് മണിയുമായി ലൂസിയെ സ്വീകരിക്കാൻ എത്തി. അപ്രതീക്ഷിത സ്നേഹം പ്രകടിപ്പിച്ച ലൂസി ബാലിയുടെ കൈകളിൽ പറന്നിരുന്ന് കൊണ്ടുവന്ന പച്ചിലകൾ വെച്ച് കൊടുത്തു. പച്ചില കഴിച്ച ബാലിക്ക് രോഗത്തിന് വലിയ മാറ്റങ്ങൾ പ്രകടമായി തുടങ്ങി. അൽപദിവസങ്ങൾക്കകം ബാലി പഴയ പോലെ ആരോഗ്യവാനായി. പ്ലേഗ് വന്നതിനു ശേഷം ബാലിയുടെ ഗോപുരത്തിൽ ആരും വരവുണ്ടായിരുന്നില്ല. അതുകാരണം ബാലിയിലുണ്ടായ മാറ്റങ്ങളും ലൂസിയുടെ തിരിച്ചു വരവും ആരും അറിഞ്ഞിരുന്നില്ല. ലൂസി നൽകിയ പച്ചിലകൾ കഴിച്ചിട്ടാണ് ബാലിയുടെ രോഗം മാറിയത് എന്ന ഉത്തമ വിശ്വാസം ബാലിക്ക് ഉണ്ടായിരുന്നു.

പിറ്റേ ദിവസം ലൂസി നൽകിയ പച്ചില തേടി ബാലി കാട്ടിലേക്ക് പുറപ്പെട്ടു. ബാലിയെ പിന്തുടർന്ന് ലൂസിയും. കുറെ ദൂരം കാട്ടിലൂടെ പോയപ്പോൾ പൂത്തുനിൽക്കുന്ന ഒരു മരം കണ്ടു. അതിന്റെ മരച്ചില്ലകളിൽ ലൂസി പറന്ന് ചെന്നിരുന്നു. വളരെയധികം ഇലകളും പൂക്കളും നിറഞ്ഞ ആ മരത്തിൽ പലതരം കിളികളും ചിത്രശലഭങ്ങളും ഉണ്ടായിരുന്നു. ആ മരത്തിന്റെ ഇലകൾ ആയിരുന്നു ലൂസി നൽകിയ ഇലകളെന്നു ബാലിക്ക് മനസ്സിലായി. ബാലി ആ മരത്തിൽ നിന്ന് കുറെ ഇലകൾ പറിച്ചെടുത്തു. മരത്തിൽ നിന്ന് പറിച്ചെടുത്ത ആ ഇലകൾ കൊണ്ട് പോയി ശിവപുരത്തു പ്ലേഗ് മൂലം രോഗിയായി കിടക്കുന്ന അനേകം പേർക്ക് കൊടുത്തു. ദിവസേനെ കാട്ടിൽ പോയി പച്ചിലകൾ പറിച്ചു രോഗികൾക്കു കൊടുത്തതിന് ശേഷം ബാലി അവരുടെ രോഗാവസ്ഥ അറിഞ്ഞുകൊണ്ടിരുന്നു. പച്ചിലകൾ കഴിച്ചവർക്കെല്ലാം രോഗം മാറുന്നതായി മനസിലായി. അധികം വൈകാതെ ശിവപുരം വീണ്ടും  ഉണർന്നു തുടങ്ങി. പ്രദേശ വാസികൾ ബാലിയുടെ ഗോപുരത്തിൽ ദിനം പ്രതി വന്ന് പച്ചില മരുന്ന് വാങ്ങിച്ചു കൊണ്ടുപോകും.

ബാലിയെ കുറിച്ചുള്ള സംസാരം കൊട്ടാരത്തിൽ വാർത്തയായി. രാജാവ് ബാലിയെ വീണ്ടും കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അത് പ്രകാരം ബാലി കൊട്ടാരത്തിൽ എത്തിയപ്പോൾ വലിയൊരു ജനാവലി അവിടെ ഉണ്ടായിരുന്നു. ജനങ്ങളും ബാലിയും കൊട്ടാരവാതിൽക്കൽ നിൽക്കുമ്പോൾ രാജാവ് കൊട്ടാരത്തിന്റെ മുന്നിലേക്ക് കടന്നു വന്നു. എന്നിട്ട് ജനങ്ങളുടെ മുൻപിൽ വെച്ച് ബാലിയോട് ലൂസിയെന്ന കിളിയെക്കുറിച്ചും, നാട്ടിൽ പ്ലേഗ് എന്ന രോഗം മാറുന്നതിനായി ലൂസി എന്ന കിളി നൽകിയ പച്ചില മരുന്നിനെ ക്കുറിച്ചും ചോദിച്ചു.. ബാലി ഉടനെ മറുപടി പറഞ്ഞു.. "അതെ, പറയുന്നതും നടന്നതും എല്ലാം ശരി തന്നെ ആണ്.. ലൂസി എന്നെ സ്‌നേഹിക്കുന്ന "സ്വർണ ചിറകുള്ള കിളി" കാണിച്ചു തന്ന പച്ചില മരുന്ന് കഴിച്ചിട്ടാണ് ഞങ്ങളിൽ ഉണ്ടായിരുന്ന പ്ലേഗ് എന്ന രോഗം മാറിയത്..” രാജാവ്  ജനങ്ങളെ നോക്കി കൊണ്ട് ചോദിച്ചു.. “ബാലി പറയുന്നത് ശരിയാണോ..?” "ശരിയാണ്..."  എന്ന് അവിടെ കൂടിയിരുന്നവരെല്ലാം ഒന്നടങ്കം പറഞ്ഞു. രാജാവ് ജനങ്ങളെ നോക്കി കൊണ്ട് പറഞ്ഞു... "ശിവപുരത്തു ഇത് വലിയൊരു സംഭവം ആണ്. പ്രജകളുടെ സന്തോഷം ആണ് ഈ നാടിന്റെയും സന്തോഷം. അതുകൊണ്ടു ഇന്നേക്ക് പത്താം ദിവസം ശിവപുരം ഗ്രാമത്തിൽ ഒരു ഉത്സവമായി കൊണ്ടാടുകയാണ്. പ്രജകൾക്കും നാടിനും ഉണ്ടായ വലിയ സന്തോഷത്തിനു കാരണക്കാരനായ ബാലിയെ അന്നേ ദിവസം  പ്രത്യേകം ആദരിക്കുന്നതാണ്.."

ഇത് പറഞ്ഞതിന് ശേഷം രാജാവ് ഉത്തരവിട്ടു.. “ഉത്സവത്തിനായുള്ള തുടക്കം ഇന്ന് മുതൽ ശിവപുരത്തു നടക്കട്ടെ..” പ്രജകൾ അവിടെ കൂടിയിരുന്നവരെല്ലാം ഉറച്ച സ്വരത്തിൽ ആദരവോടെ രാജാവിന്റെ കൽപന കേട്ട് സമ്മതം മൂളി. രാജാവ് പറഞ്ഞത് പോലെ പത്താം നാൾ ശിവപുരം ഉത്സവത്തിനായി ഒരുങ്ങി. കൊട്ടാരം വലിയ രീതിയിൽ അലങ്കാരം കൊണ്ട് നിറഞ്ഞിരുന്നു. ആ ദിവസം പ്രജകൾക്ക് എല്ലാവർക്കും ഭക്ഷണം ഒരുക്കിയിരുന്നു. കൂടാതെ എല്ലാവർക്കും പുതിയ വസ്ത്രങ്ങളും നൽകി. കൊട്ടാരത്തിനു മുൻപിൽ വലിയൊരു ജനക്കൂട്ടം ഉണ്ടായിരുന്നു. വർണപ്പകിട്ടാർന്ന വിവിധ തരത്തിലുള്ള കലാപരിപാടികൾ കൊട്ടാരത്തിന് മുൻപിൽ നടന്നു. കൊട്ടാരത്തിൽ നടക്കുന്നത് എന്താണ് എന്ന് വീക്ഷിക്കാൻ ദേശാടന കിളികൾ ആകാശത്തു വട്ടമിട്ട് പറക്കുന്നുണ്ട്. ഈ സമയം രാജാവും അതിന് തൊട്ടു പിന്നാലെ ബാലിയും കൊട്ടാരത്തിന് മുൻപിലേക്ക് വന്നു. ജനങ്ങൾ ഉച്ചത്തിൽ പറഞ്ഞു.. "രാജാവിന് ജയ്.. ബാലിക്ക് ജയ്.." നാട് ചുറ്റും കരഘോഷം കൊണ്ട് നിറഞ്ഞു. ജനങ്ങൾ ആർത്തുല്ലസിച്ചു. പിന്നീട് രാജാവ് ബാലിയുടെ കൈകൾ ഉയർത്തിപ്പിടിച്ചു പ്രജകൾക്ക് അഭിമുഖമായി വീശി. അതെ സമയം പ്രജകൾ എല്ലാവരും തിരിച്ചും കൈകൾ ഉയർത്തി വീശി. അതിന് ശേഷം രാജാവിന്റെ കൈയ്യിലുള്ള സ്വർണം കൊണ്ട് നിർമിച്ച "സ്വർണ ചിറകുള്ള ഒരു കിളിയുടെ രൂപം" ബാലിക്ക് സമ്മാനിച്ചു. പ്രജകൾ എല്ലാവരും ആ സമയം ആർത്തുപടി.. "ബാലി വിജയിക്കട്ടെ..." എന്ന്. പ്രായമായ ബാലി സന്തോഷം കൊണ്ട്  രാജാവിന്റെയും പ്രജകളുടെയും മുന്നിൽ വെച്ച് കൈകൾ കൂപ്പി നമസ്കരിച്ചു. ഈ സമയം "ലൂസി എന്ന പേരുള്ള കിളി" ആകാശത്തു വട്ടമിട്ട് പറക്കുന്നത് ബാലിക്ക് കാണാമായിരുന്നു.

Content Summary: Malayalam Short Story ' Swarna Chirakulla Kili ' written by Vincent Chalissery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com