ADVERTISEMENT

അറ്റുപോകുന്ന ഗർഭപാത്രങ്ങളിൽ നിന്നും പിറക്കാതെ പോയ കുഞ്ഞുങ്ങളുടെ നിലവിളികൾ കേൾക്കുന്നുണ്ടാകുമോ...? എന്റെ ഗർഭപാത്രം മുറിച്ചു മാറ്റിയിട്ട് ഒരു വർഷം കഴിഞ്ഞു. സർജറിയാണ്. യൂട്രസ് റിമൂവലാണ് എന്ന് കേട്ടതു മുതൽ ചുറ്റും നിന്ന് ഉപദേശങ്ങളുടെ പെരുമഴക്കാലമായിരുന്നു. ഈ പ്രായത്തിൽ ഇങ്ങനൊരു സർജറി വേണോ എന്ന് ചോദിച്ചവരായിരുന്നു കൂടുതൽ. കുറച്ചൊക്കെ വേദന സഹിച്ചു കൂടെ എന്ന് ചോദിച്ചവരും കുറവല്ല. പീരിഡ്സിനിടയിലെ അസഹനീയമായ വേദനയും നിലയ്ക്കാത്ത ബ്ലീഡിങ്ങുമാണ് എന്നെ ഗൈനക്കോളജിസ്റ്റിന്റെ അടുക്കൽ എത്തിച്ചത്. ഒരു പാട് മരുന്നുകൾ... മരുന്ന് നൽകുന്ന ക്ഷീണം... ദിവസങ്ങൾ നീളുന്ന ബ്ലീഡിങ്... അതിന്റെ വല്ലായ്മ... ഡിപ്രഷൻ, പങ്കെടുക്കാനാകാത്ത കല്യാണങ്ങൾ, മാറ്റിവയ്ക്കപ്പെട്ട യാത്രകൾ, ഉപേക്ഷിക്കപ്പട്ട പ്രോഗ്രാമുകൾ... നഷ്ടങ്ങളുടെ പട്ടിക നീണ്ടതായിരുന്നു.

നിരവധി ഗൈനക്കോളജിസ്റ്റുമാർ.. പല പല അഭിപ്രായങ്ങൾ.. ഒടുവിൽ, കിംസ് ഹോസ്പിറ്റലിലെ ഡോ. വിനു ബാലകൃഷ്ണന്റെ മുന്നിലാണ് ആ അലച്ചിൽ അവസാനിച്ചത്. മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഡോക്ടർ ഞങ്ങളോട് വിശദമായി സംസാരിച്ചു. ഫൈബ്രോയ്ഡുകളാൽ സമ്പന്നമായ എന്റെ ഗർഭപാത്രത്തെക്കുറിച്ച്... വേദന കഠിനമാകുന്നതിന്റെ കാരണത്തെക്കുറിച്ച്.. ഞാൻ സർജറിയാണ് സജസ്റ്റ് ചെയ്യുന്നത് എന്ന് തന്നെയാണ് ഡോക്ടർ പറഞ്ഞു നിർത്തിയത് (കീ ഹോൾ സർജറി). ഗർഭപാത്രം എന്നാൽ സ്ത്രീയുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണെന്നും അത് നഷ്ടപ്പെടുന്നതോടുകൂടി സ്ത്രീയുടെ ഓജസ്സും തേജസും ഒക്കെ എന്നേക്കുമായി നഷ്ടപ്പെടും എന്നുമായിരുന്നു പൊതുവേയുള്ള നാട്ടുവിശ്വാസം. ഗർഭപാത്രം എടുത്തു കളഞ്ഞതിനുശേഷം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരുപാട് വിവരണങ്ങൾ കേട്ടിരുന്നു ഞാൻ. ആ എന്നെ മാനസികമായി സജ്ജയാക്കുക എന്നതായിരുന്നു അന്ന് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അതിനായി നല്ല യൂട്യൂബ് വീഡിയോസ് കണ്ടു. അനുഭവസമ്പന്നരായ ചിലരുടെ  അഭിപ്രായങ്ങൾ കേട്ടു. പോസിറ്റീവായവ മാത്രം സ്വീകരിച്ച് നെഗറ്റീവ് ആയിട്ടുള്ള സർവതും പാടെ തള്ളിക്കളഞ്ഞു. ഈ സർജറി എന്നെ ഒരുതരത്തിലും ശാരീരികമായോ മാനസികമായോ ബാധിക്കുകയില്ല എന്ന് വീണ്ടും വീണ്ടും പറഞ്ഞു സ്വയം ഉറപ്പുവരുത്തി. 

സർജറിയുടെ തലേദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. കോവിഡ് കാലമാണ് പേഷ്യന്റിനൊപ്പം ഒരാൾ മാത്രമേ പാടുള്ളൂ എന്ന് ഹോസ്പിറ്റൽ അധികൃതർ തീർത്തു പറഞ്ഞിരുന്നതിനാൽ ഞങ്ങൾ രണ്ടുപേരും മാത്രം. നല്ല റൂം... നല്ല അന്തരീക്ഷം.. ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. റൂമിൽ കാന്റീൻ കാർഡ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫ്രൂട്ട് സലാഡ് ഓർഡർ ചെയ്തു ഞങ്ങൾ രണ്ടാളും കഴിച്ചു. കൈയ്യിൽ കരുതിയിരുന്ന പുസ്തകങ്ങൾ വായിച്ചു. ആകപ്പാടെ ഒരു ടൂർ മൂഡ്. വൈകുന്നേരം ആയപ്പോഴേക്കും അതിനൊരു തീരുമാനമായി.  ഒന്നിന് പിറകെ ഒന്നായി ടെസ്റ്റുകൾ വന്നു. വൈകുന്നേരം 7 മണിയോടെ അവസാനത്തെ ഗ്ലാസ് വെള്ളവും കുടിച്ച് പിറ്റേന്നത്തേയ്ക്കുള്ള സർജറിക്ക് ഞാൻ റെഡിയായി. കഴിഞ്ഞ മൂന്നു സർജറികൾക്കും, ഞാൻ ആഹാരം കഴിക്കുന്നതുവരേയും പട്ടിണിയിരുന്ന പ്രിയതമനെ ഭീഷണിപ്പെടുത്തി. സർജറി കഴിഞ്ഞാൽ എന്നെ പരിചരിക്കാൻ ഉള്ളതാണല്ലോ. ഇത്തവണയും നിരാഹാരം കിടന്നാൽ ശരിയാക്കി കളയുംന്ന്.. ''പ്രായം മാറി വരികയാണല്ലോ സഖീ...ഞാൻ കഴിച്ചു കൊള്ളാം" എന്നു പറഞ്ഞ് ഏട്ടൻ ചിരിച്ചു..

കുറച്ചു കഴിഞ്ഞപ്പോൾ ഒരു നഴ്സ് വന്നു ഒരു ടാബ്ലറ്റ് ഇൻസേർട്ട് ചെയ്യാനുണ്ട് എന്ന് അറിയിച്ചു. ഏതാണ്ട് 15 മിനിറ്റ് കഴിഞ്ഞപ്പോൾ എനിക്കൊരു വേദന. ഇടുപ്പെല്ലുകൾ ഇളകിപ്പോകുന്ന തരത്തിൽ, 10 മിനിറ്റ് ഇടവേളയിൽ ആ വേദന എന്നെ അലോസരപ്പെടുത്തി കൊണ്ടിരുന്നു. വേദന വരുമ്പോൾ മുഖം ചുളിച്ചും ഏട്ടന്റെ കൈകളിൽ അമർത്തിപ്പിടിച്ചും പല്ല് കടിച്ചമർത്തിയും ഒക്കെയിരുന്ന എന്റെ ഭാവം മാറാൻ തുടങ്ങി. അസഹനീയമായ രീതിയിലേക്ക് അത് വളരുകയാണ്. ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഞാൻ ഞാനല്ലാതായി മാറിയിരുന്നു. നിലവിളികൾ റൂമിന്റെ വാതിലുകളും കടന്ന് ആശുപത്രിയുടെ ആകാശത്തേക്ക് പറന്നു പോയിക്കൊണ്ടിരുന്നു. നിസ്സഹായത നിറഞ്ഞ മുഖങ്ങളുമായി എനിക്ക് ചുറ്റും ഡോക്ടർമാരും സിസ്റ്റർമാരും. എന്ത് ചെയ്യണം എന്നറിയാതെ നീറി നിൽക്കുന്ന ഏട്ടൻ.

എത്ര വേദനസംഹാരികൾക്കും എന്റെ വേദന ഒതുക്കാനായില്ല; എന്റെ നിലവിളികളെ തളർത്താനായില്ല. സമയം കഴിയുന്തോറും വേദനയും നിലവിളിയും കൂടുകയാണ്. കഠിനവേദനകൾക്ക് മുന്നിൽ മനുഷ്യനും മരുന്നും ഒക്കെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ ഞാൻ അനുഭവിക്കുകയാണ്. "നാലാമത്തെ സർജറിയാണിത്.. ഒരിക്കൽപോലും അവൾ ഇങ്ങനെ നിലവിളിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒന്നുകിൽ നിങ്ങൾ എന്തെങ്കിലും ചെയ്യണം അല്ലെങ്കിൽ മറ്റെവിടേക്കെങ്കിലും ഞാൻ കൊണ്ടു പോയ്ക്കോളാം.." ഏട്ടന്റെ ശബ്ദം മുഴങ്ങുന്നുണ്ട്. പെയ്ൻ കില്ലർ തരൂ എന്ന എന്റെ പറച്ചിൽ എന്നെ ഒന്ന് ബോധം കെടുത്തുമോ എന്ന കരച്ചിലിന് വഴിമാറി. അനസ്തേഷ്യ ഡോക്ടറെ വിളിക്ക് എന്ന് ആരോ പറയുന്നു.. റൂമിൽ നിന്നും എന്നെ എങ്ങോട്ടോ കൊണ്ടുപോവുകയാണ്.. ഏട്ടൻ ചുമരിൽ ചാരി നിലത്തേക്ക് തളർന്ന് ഇരുന്നു പോകുന്നത് ഒരർദ്ധ ബോധാവസ്ഥയിൽ എന്നോണം ഞാൻ കണ്ടു. ചെറിയൊരു അനസ്തേഷ്യയിൽ വേദനയും ബോധവും ഒരുമിച്ചു മറഞ്ഞു.

നേരം പുലർന്നു.. ഓപ്പറേഷൻ തിയറ്ററിലേക്ക് പോകാനായി സ്ട്രെച്ചറിൽ കിടന്ന എന്റെ നെറുകയിൽ ഏട്ടൻ ചുണ്ടമർത്തി. നെറ്റിയിൽ നേർത്ത നനവ്.. ഞാൻ ചിരിച്ചു. ഏറിയാൽ മൂന്നുമണിക്കൂർ.. ഏട്ടൻ ഉറങ്ങിക്കോ... സർജറി കഴിയുമ്പോഴേക്കും ഉണർന്നാൽ മതി. ഭക്ഷണം കഴിക്കാൻ മറക്കരുത്. വീണ്ടും ഓർമ്മിപ്പിച്ചു. റൂമിൽ ഏട്ടനൊപ്പം ഒരാൾ  കൂടിയെങ്കിലും ഇല്ലാത്തത് എന്നെ കഠിനമായി നിരാശപ്പെടുത്തി. മരവിപ്പിക്കാനായി നട്ടെല്ലിൽ സൂചി കുത്തുന്നതായിരുന്നു ഏറ്റവും വലിയ പേടി. 15 വർഷം മുൻപ്, ആദ്യ സിസേറിയന് ഓപ്പറേഷൻ തിയേറ്ററിൽ കയറിയ എന്റെ കൈയ്യെടുത്ത് സ്വന്തം കൈയ്യിൽ പിടിച്ചു ഡോക്ടർ ചോദിച്ചു; "എന്താ കുട്ടി.. എന്തിനാ ഇങ്ങനെ വിറയ്ക്കുന്നത്...?" "പേടിച്ചിട്ടാ ഡോക്ടറെ.." അത്രയും നിഷ്കളങ്കമായിരുന്നു എന്റെ മറുപടി. അന്നത്തെ അതേ പേടിയോടെ കണ്ണടച്ചു കിടന്നു. പക്ഷേ അത് വേണ്ടിവന്നില്ല. ഫുൾ ബോഡി അനസ്തേഷ്യയായിരുന്നു. മെല്ലെ മെല്ലെ ഞാൻ പറന്നുപൊങ്ങി.. മേഘങ്ങൾക്കൊപ്പം നീന്തി.. പിന്നെ മറ്റേതോ ലോകത്ത് ഉറങ്ങാൻ പോയി.

ലോകാരംഭത്തിനും മുൻപുള്ള ഏതോ ഗുഹയിൽ മഞ്ഞുകട്ടകൾക്കിടയിൽ മരവിച്ചുറങ്ങുകയായിരുന്നു ഞാൻ. കട്ടപിടിച്ച ഇരുട്ടിനിടയിലും വെളിച്ചത്തിന്റെ നേർത്ത വിരൽത്തുമ്പ് പോലെ ഒരു വിളി എന്നെ വന്നു തൊട്ടു. "അനിക്കുട്ടാ..."  മരിച്ചു കിടന്നാൽ പോലും കണ്ണ് തിരുമ്മി എഴുന്നേറ്റ് വരാൻ പ്രേരിപ്പിക്കുന്ന തരത്തിൽ, അത്രയും ആർദ്രതയോടെ അതേ വിളി വീണ്ടും.. മഞ്ഞുകട്ടകൾ കുടഞ്ഞെറിഞ്ഞ് മേഘങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങി കാടും മലകളും താണ്ടി ഞാൻ കുതിച്ചു പായുന്നു.  അത്രമേൽ പ്രിയപ്പെട്ട ഒരാൾക്കരികിലേക്ക് അലച്ചെത്തുന്നു. വീണ്ടും വീണ്ടും അടഞ്ഞു പോകുന്ന കണ്ണുകൾ വലിച്ചു തുറന്നു ഞാൻ ഏട്ടനെ നോക്കുന്നു. സ്ഥലകാല ബോധം നഷ്ടപ്പെട്ട് മിഴിച്ചു കിടക്കുന്നു. ''സർജറി കഴിഞ്ഞു കേട്ടോ.. കുഴപ്പമൊന്നുമില്ല... നീ ഉറങ്ങിക്കോ" ഏട്ടന്റെ സ്വരം.. എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷേ നാവ് ആരോ ബന്ധിച്ചിരിക്കുകയാണ്. പോസ്റ്റ് ഓപ്പറേഷൻ വാർഡിലെ ആ തണുപ്പിൽ വീണ്ടും അതേ മയക്കത്തിലേക്ക് ഞാൻ വഴുതിവീണു. പിറ്റേന്ന് റൂമിൽ എത്തിയപ്പോഴാണ് കുറച്ചു കാര്യങ്ങൾ കൂടി മനസ്സിലായത്. മൂന്നു മണിക്കൂർ എന്ന് പറഞ്ഞു തുടങ്ങിയ സർജറി അഞ്ചുമണിക്കൂറോളം നീണ്ടുപോയത്. യൂട്രസും ബ്ലാഡറും തമ്മിൽ ഒട്ടിയിരിക്കുകയായിരുന്നത്രേ. ഒരു ലക്ഷത്തിൽ ഒരാൾക്ക് മാത്രം കിട്ടുന്ന സൗഭാഗ്യം. തലേദിവസം അത്രമാത്രം കഠിനമായ ഒരു വേദനയിലൂടെ കടന്നുപോകാനുള്ള കാരണവും അതു തന്നെയായിരുന്നു. ഒരു ദിവസം കൂടി കഴിഞ്ഞപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി ഓക്കെ ആയി. 

മൂന്ന് ദിവസം കഴിഞ്ഞ് ഡിസ്ചാർജായി. വീട്ടിലെത്തിയപ്പോൾ മുതൽ ഫോൺ കോളുകൾ ഒഴുകി വരാൻ തുടങ്ങി. കൂടുതൽ പേർക്കും അറിയേണ്ടത് അമ്മ കൂടെയുണ്ടോ എന്നാണ്. സർജറി കഴിഞ്ഞാൽ മകളെ (മകനെയല്ല; അതിന് ഭാര്യയുണ്ടല്ലോ) നോക്കേണ്ടത് അമ്മമാരുടെ കടമയാണത്രേ.. 41 കാരിയായ എന്നെ 60 വയസ്സ് കഴിഞ്ഞ ആരോഗ്യാവസ്ഥ തീരെ മോശമായ അമ്മ നോക്കണമെന്ന്.. അതാണ് നാട്ടുനടപ്പെന്ന്.. അതൊക്കെ എന്റെ കൂട്ടുകാരന്റെ ചുമതലയാണെന്ന് പറഞ്ഞപ്പോൾ മുഖം ചുളിച്ചവരായിരുന്നു അധികം. മൂന്നുമാസം മുൻപേ ഏട്ടനും രണ്ടു മക്കൾക്കും കോവിഡ് പോസിറ്റീവ് ആയപ്പോൾ ആരും ചോദിച്ചില്ല; ആരാണ് നോക്കുന്നതെന്ന്.. ശുശ്രൂഷ മുഴുവൻ ഏട്ടൻ ഏറ്റെടുത്തു. ആയുർവേദവും നാട്ടുവൈദ്യവുമൊന്നും ഏഴയലത്ത് പോലും അടുപ്പിച്ചില്ല. ഡോക്ടർ തന്ന മെഡിസിൻസും എക്സർസൈസുകളും മാത്രം. കുറച്ചൊന്ന് തടിച്ചു. കുറച്ചുനാൾ കൂടി കഴിഞ്ഞപ്പോൾ ഡയറ്റ് നോക്കാൻ തുടങ്ങി. ജിമ്മിൽ പോയി. എക്സർസൈസ് ശീലമാക്കി. വെയിറ്റ് കുറയാൻ തുടങ്ങി. എന്തായാലും യൂട്രസ് റിമൂവ് ചെയ്തതിനുശേഷമാണ് എന്റെ ശരീരം സമാധാനം എന്ന വാക്ക് തിരിച്ചറിയാൻ തുടങ്ങിയത്. യാത്രകൾ ആസ്വദിക്കാൻ തുടങ്ങിയത്.. കൂടെപ്പിറപ്പായിരുന്ന തലവേദന വിട്ടകന്നത്.

അപ്പോൾ ഗയ്സ് ഇത് വായിക്കുന്ന ആരെങ്കിലും പീരിഡ്സ് സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നെങ്കിൽ എത്രയും വേഗം ഗൈനക്കോളജിസ്റ്റിനെ കാണുക. യൂട്രസ് റിമൂവ് ചെയ്യാനാണ് ഡോക്ടർ നിർദ്ദേശിക്കുന്നെതെങ്കിൽ അതിന് യാതൊരു മടിയും കാണിക്കേണ്ടതില്ല. മുറിഞ്ഞുപോകുമ്പോൾ ഒരു ഗർഭപാത്രവും നിലവിളിക്കുകയില്ല.. പിൻവിളിയും കാത്ത് നിൽക്കുകയില്ല.. അതിൽ നിന്ന് ഒരു കരച്ചിലും ഉയരുകയില്ല.. ഗർഭപാത്രത്തിലൂടെ നഷ്ടപ്പെടാൻ മാത്രമായി നമ്മുടെ ശരീരം യാതൊന്നും സൂക്ഷിച്ചു വച്ചിട്ടില്ലാ എന്ന് തിരിച്ചറിയുക. ജീവിതം ജീവിക്കാൻ മാത്രമല്ല; ആസ്വദിക്കാൻ കൂടിയുള്ളതാണെന്ന് തിരിച്ചറിയുക. ഏറ്റവും മനോഹരമായി അത് ആസ്വദിക്കുക..

Content Summary: Malayalam Experience Note ' Garbhapathram Murinju Veezhumpol ' written by Aneesha Aikkulath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com