പഴകിദ്രവിച്ചുതുടങ്ങിയ
ഉടുതുണി ഞാൻ,
മിഴികൾ തുടച്ചു.
ഉറവവറ്റാത്ത മിഴിക്കിണറിൽനിന്നും
പടർന്ന ബാഷ്പം
വിരലിനെ തലോടിയൊടുവിൽ
ചുണ്ടോട് ചേർന്നൊഴുകി.
ഭൂതകാലസ്മൃതികൾ
മാത്രമായിരുന്നില്ല
നോവിന്റെയലകളുതിർത്തത്.
ആരോ വലിച്ചെറിഞ്ഞയെന്നെ-
പുഴുത്തമനുഷ്യമാലിന്യങ്ങൾക്കിടയിൽ
നിന്നും വീണ്ടെടുത്തവൻ
പാതിരാസൂര്യന്റെ താപത്തിലലക്കിയെടുത്ത-
യാളെന്നെയണിഞ്ഞു.
കുപ്പക്കൂട്ടത്തിൽ,
ചാണകക്കുഴികളിൽ
മനുഷ്യവിസർജനങ്ങൾക്കിടയിൽ
പച്ചയായ മനുഷ്യനെന്ന-
യുമണിഞ്ഞു നടന്നു.
നിറം മങ്ങിതുടങ്ങിയമാത്രയിലെന്നെ
വലിച്ചെറിഞ്ഞ യജമാനനെ തെല്ലൊരുനിമിഷം
നിനച്ചുപോയി.
നരബാധിച്ച പച്ചമനുഷ്യന്റെ
ഹൃദയത്തുടിപ്പുകൾ ശ്രവിച്ചും
അവന്റെയിടനെഞ്ചിന്റെ
അനുനിമിഷം
മാറുന്നതാളത്തിനൊത്തു
നോവിന്റെ കണ്ണുനീർമണിക-
ളെത്രയോ വീണുടഞ്ഞു.
ഒടുവിലാത്തുടിപ്പുകൾ നിലച്ചപ്പോഴും
ഗന്ധമകലാത്തയെന്നെയവന്റെ ദാരമണിഞ്ഞു..
Content Summary: Malayalam Poem ' Hridayangaleyarinjavan ' written by Nidhinkumar J. Pathanapuram