ADVERTISEMENT

മാറോക്കി ലാസറും കല്ലിട്ടകുഴി ലോനയും ഉറ്റ സുഹൃത്തുക്കളും സമ്പന്നരും തൃശ്ശൂർ പട്ടണത്തിന്‍റെ ഹൃദയഭാഗത്ത് അടുത്തടുത്ത വീടുകളിൽ കുടുംബം ആയി വളരെ സ്നേഹത്തോടെ ഒത്തൊരുമയോടെ കഴിഞ്ഞിരുന്നവർ ആയിരുന്നു. തൃശൂർ ടൗൺ വികസനം വന്നതോടെ കച്ചവടസ്ഥാപനങ്ങളും ഗോഡൗണുകളും ഒക്കെയായി അവിടെ ആൾക്കാർക്ക് കുടുംബമായി താമസിക്കാൻ ബുദ്ധിമുട്ടായി തുടങ്ങി. അങ്ങനെയിരിക്കെ ഇരുകൂട്ടരും ഇവരുടെ വീടുകൾ പീടികമുറികാർക്ക് വാടകയ്ക്ക് കൊടുത്ത് ടൗണിൽ നിന്ന് അഞ്ച് കിലോമീറ്റർ മാറി അടുത്തടുത്തുള്ള രണ്ട് വീടുകൾ വാങ്ങി അങ്ങോട്ട് താമസം മാറ്റി. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ കൂട്ടപുരകൾ എന്നൊരു സമ്പ്രദായം ഉണ്ടായിരുന്നു. അതായത് ഒരേ കോമ്പൗണ്ടിൽ രണ്ടു വീടുകൾ. മതിലുകൾ ഇല്ല. ഏകദേശം നാലടി വ്യത്യാസത്തിൽ രണ്ടു വീടുകൾ. ജനലുകൾ തുറന്നാൽ പരസ്പരം കണ്ടിരുന്ന് സംസാരിക്കാം. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവർ ആയിരുന്നത് കൊണ്ടും പിന്നെ മുപ്പതുകളിൽ സ്വാർഥരായ മനുഷ്യർ അല്ലായിരുന്നതുകൊണ്ടും പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോയി. 

അങ്ങനെയിരിക്കുമ്പോൾ കല്ലിട്ടുകുഴി ലോനയുടെ ബിസിനസിൽ ഒരു തകർച്ച വന്ന് അത് നേരിടാൻ ഈ വീട് വിൽക്കേണ്ട ഒരു അവസ്ഥ വന്നു. പകരം ആ വീട് വാങ്ങിയത് ഒരു പുതുപ്പണക്കാരൻ ആയിരുന്ന രാഘവൻ ആയിരുന്നു. അവർ വീട് വാങ്ങിയ പാടെ കുറെ പുതുക്കി പണിയലുകൾ അവിടെ നടത്തി. ആദ്യം തന്നെ അഭിമുഖമായി നിന്നിരുന്ന എല്ലാ ജനലുകളും വെട്ടിമാറ്റി മുകളിലേക്ക് മാറ്റി സ്ഥാപിച്ചു. നാലുമാസത്തെ പണികൾ കഴിഞ്ഞ് രാഘവനും കുടുംബവും താമസത്തിന് എത്തിയപ്പോഴാണ് പ്രശ്നങ്ങൾ ഒന്നൊന്നായി തലപൊക്കുന്നത്. ലാസറിന്റെ  വീട്ടിലെ അടുപ്പ് കത്തിച്ചാൽ പുക മുഴുവൻ രാഘവന്റെ വീടിനകത്ത് ആണ്. അവർ വന്ന് പരാതി പറഞ്ഞു. “നിങ്ങൾ വിറകടുപ്പ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യരുത്. ഉടനെ ഗ്യാസ് അടുപ്പ് വാങ്ങണം. എന്നിട്ട് അതുപയോഗിച്ചു പാചകം ചെയ്യണം.” ഗ്യാസ് അടുപ്പ് ഇറങ്ങിയ 1975 കാലഘട്ടമായിരുന്നു അത്. ആൾക്കാർ ഭീതിയോടെ ഗ്യാസ് കുറ്റിയെ നോക്കിയിരുന്ന കാലം. മാത്രമല്ല വൃദ്ധനായ ലാസർ വിറകടുപ്പിൽ പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കൂ എന്ന് നിർബന്ധം ഉള്ള ആളും. മിക്സി പോലുള്ള ആധുനിക ഉപകരണങ്ങൾ വന്നിട്ടും വെണ്ണപോലെ കല്ലിൽ അരച്ച അരപ്പു കൂട്ടിയ കറികൾ മാത്രമേ അദ്ദേഹം കഴിക്കൂ. അങ്ങനെ അങ്ങനെ നൂറു കൂട്ടം നിഷ്ഠകൾ ഉള്ള ആളായിരുന്നു ലാസർ.

പരാതി പറഞ്ഞിട്ടും ലാസറിന്റെ കുടുംബം അത് വേണ്ടവിധത്തിൽ ഗൗനിക്കുന്നില്ല എന്ന് കണ്ടപ്പോൾ ലാസറിന്റെ കഞ്ഞി കലത്തിൽ അരി വെന്തു കൊണ്ടിരിക്കുമ്പോൾ രാഘവന്റെ വീട്ടുകാർ ചിമ്മിനിയുടെ ഓടിനിടയിൽ കൂടി രണ്ടു ബക്കറ്റ് വെള്ളം ഒഴിക്കും. പിന്നീടൊരിക്കൽ മോട്ടോർ വെച്ച് വെള്ളം ഇങ്ങോട്ട് പമ്പുചെയ്ത് ചെയ്ത്  അടുക്കള മുഴുവൻ കുളമാക്കി. ആകെ പ്രശ്നമായി. ഇരുകൂട്ടരും ആദ്യം റസിഡൻസ് അസോസിയേഷനിലും കൗൺസിലറുടെ അടുത്തും പരാതി പറഞ്ഞു. രണ്ടിടത്തും  തർക്കം പരിഹരിക്കപ്പെട്ടില്ല.  പിന്നീട് രാഘവൻ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത പ്രകാരം ഒരു പൊലീസ് അന്വേഷണത്തിന് എത്തി. ലാസർ 1939ലെ ആധാരം ഒക്കെ എടുത്ത് കാണിച്ച് നിജസ്ഥിതി പൊലീസിനെ ബോധിപ്പിച്ചു. രാഘവൻ കൂടുതലൊന്നും ആലോചിക്കാതെ വീട് പുതുക്കി പണി നടത്തിയതിന് ഞങ്ങളെന്തു പിഴച്ചു എന്ന് ചോദിച്ചു ലാസർ. ഏതായാലും രണ്ടു കൂട്ടരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. "കുറ്റം പൂർണ്ണമായും പുതിയ താമസക്കാരുടെതാണ്. നിങ്ങൾ ഈ റെനവേഷൻ നടത്തുന്നതിനു മുമ്പ് ഇതൊക്കെ അന്വേഷിക്കേണ്ടത് ആയിരുന്നു." എന്ന് പറഞ്ഞു എസ്.ഐ. 

പണത്തിന്‍റെ അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്ന രാഘവൻ മുകളിലേക്ക് മുകളിലേക്ക് പരാതി കൊടുത്തുകൊണ്ടിരുന്നു. ശാശ്വത പരിഹാരം മാത്രം ഉണ്ടായില്ല. ഉന്നത ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ എല്ലാ ചർച്ചകളും പരാജയപ്പെട്ടു. ഇരുകൂട്ടരും കോടതിയിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു പൊലീസ് തലയൂരി. അയൽക്കാർ തമ്മിൽ സംസാരിക്കണമെങ്കിൽ മധ്യസ്ഥൻ വേണമെന്ന നിലയായി പിന്നീട്. പിന്നെ വലിയ താമസമില്ലാതെ ലാസർ ആ വീട് ആക്രി കച്ചവടക്കാരനായ ഷൊർണൂർ ഭാഗത്തുനിന്നു വന്ന ഗഫൂറിനു വിറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറി. അതോടെ രാഘവന്റെ ആപ്പീസ് പൂട്ടി. അതിരാവിലെ കേടുവന്ന ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എ.സി... സാധനങ്ങളുമായി അവിടെ ലോറികൾ എത്തും. പിന്നെ അഞ്ചാറു തൊഴിലാളികൾ ഇരുന്ന് അത് പൊളിച്ചടുക്കൽ തുടങ്ങും. അതു കഴിഞ്ഞ് ചെമ്പുകമ്പി എടുക്കാൻ അതിന്റെ വയറുകൾ മുഴുവൻ ഉരുക്കി ആ പ്രദേശം മുഴുവൻ പുകമയം ആകും. പൊളിച്ചടുക്കുന്ന ശബ്ദകോലാഹലവും പുകയുടെ നാറ്റവും എല്ലാം സഹിച്ച് രാഘവൻ സന്തോഷത്തോടെ താമസം തുടരുന്നു. മോഷണ വണ്ടികൾ വരെ പൊളിച്ചു വിറ്റ് കാശാക്കാൻ തക്ക കൈക്കരുത്ത് ഉള്ളവനാണ് ഗഫൂർഭായ്. 

രാഘവൻ ചിമ്മിനി വഴി വെള്ളമൊഴിക്കാനോ മോട്ടർ ഓൺ ചെയ്ത് ഹോസ് വച്ച്  വെള്ളം പമ്പ് ചെയ്യാനോ ഒന്നിനും മുതിരാതെ ഷൊർണൂർകാരൻ ഗഫൂർ ഭായിയുമായി ഈ ബിസിനസിന്റെ ലാഭത്തെ കുറിച്ചൊക്കെ സംസാരിച്ചു നല്ല അയൽക്കാരായി തുടരുന്നു. ‘അഴകിയ രാവണനിൽ’ ഇന്നസെൻറ് പറഞ്ഞതുപോലെ ഇവന് നന്നായിട്ട് പാട്ട് ഉണ്ടാക്കാൻ അറിയാം. അതുകൊണ്ട് “മേം ഗഫൂർഭായി ക്കാ ദോസ്ത്” എന്ന് പറയുന്നതുപോലും രാഘവന് ഒരു അഭിമാനമായി മാറി പിന്നീട്. 

Content Summary: Malayalam Short Story ' Aareda? Entheda? Njaneda Valiyavan ' written by Mary Josy Malayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com