ADVERTISEMENT

നേരം പരപരാ വെളുത്തുതുടങ്ങി.. കൊഴുപ്പിന്റെ അംശം വിയർപ്പിച്ചൊഴുക്കാൻ റോഡിന്റെ വശങ്ങളിൽ കൈവീശി ചിലർ നടക്കുന്നുണ്ട്.. വിജയൻ ചായമക്കാനി തുറക്കാനുള്ള തിരക്കിലാണ്. പുഴയിലേക്കുള്ള റോഡരുകിൽ പാടശേഖരങ്ങൾക്ക് അരികിലായി ഷീറ്റ് മേഞ്ഞ ഒരു ചെറിയ ഷെഡ്ഡ് ആണ് വിജയന്റെ ചായ മക്കാനി.. നാട്ടുവർത്തമാനവും, ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചകളും എരിവും പുളിയുമുള്ള കഥകളുമായി കുറേപേർ കയറിയിറങ്ങുന്ന ചായമക്കാനി.. ചുണ്ടിലെരിയുന്ന ബീഡിയുടെ പുകയൂതി ചാരിവെച്ച തകര വാതിൽ നീക്കിവെച്ചു ചൂലെടുത്തു ആദ്യം മുൻവശത്ത് കൂടികിടക്കുന്ന ചപ്പ്ചവറുകൾ അടിച്ചു നീക്കുമ്പോഴാണ്.. ചായ ആയില്ലേ എന്ന ചോദ്യം പുറകിൽ നിന്ന് കേട്ടത്.. 

ഉറക്കച്ചടവും ചുളിവ് വീണ സാരിയും പാറി പറന്ന തലമുടിയുമായി ഗിരിജ.. 'ആര് ഗിരിജയോ എന്താ ഈ നേരത്ത്..' 'ഓ ഒന്നും പറയണ്ട. ഒന്നു രണ്ടു നശൂലങ്ങൾ വന്നുപെട്ടു. കൊല്ലാകൊല ചെയ്തു വിട്ടത് ഈ നേരത്താണ്..' 'നീ വന്നിരിക്ക് ചായ ഇപ്പൊ തരാം.. ആകെ മുഷിഞ്ഞു നാറിയല്ലോ.' സാരിയിലൊക്കെ പറ്റിപ്പിടിച്ച പൊടിയിലേക്ക് നോക്കി വിജയൻ ചോദിച്ചു.. 'തണ്ടപാളയത്തിന്റെ താഴെയുള്ള ഒഴിഞ്ഞ സ്ഥലത്തായിരുന്നു പോയത്..' 'നീ എന്തിനാടി അവിടെയൊക്കെ പോയത്?' 'ഓ പോവാതെ നാലഞ്ചു വയറ് കഴിയണം. കുട്ടികളുടെ പഠനം, അമ്മയുടെ ചികിത്സ, ഈ നശിച്ച ജീവിതം എന്ന് തീരുമോ അറിയില്ല..' മൂക്ക് തുടച്ചു ഒരേങ്ങലിട്ടു അവൾ പറഞ്ഞു നിർത്തി.. 'നീ ആ മുഖമൊക്കെ ഒന്ന് കഴുക് പെണ്ണേ. അപ്പോഴേക്കും ഞാൻ ചായ ആക്കാം..' 'ഉം.. എം.. എം..' അമർത്തി മൂളി അവൾ മക്കാനിയുടെ പുറകിലേക്ക് പിറുപിറുത്തു നടന്നു.. സമാവറിൽ കരിയിട്ടു തീപിടിപ്പിച്ചു വെള്ളവുമൊഴിച്ചു വിജയൻ ചിന്തയിലേക്ക് നടന്നു..

ഗിരിജ... പാവം പെണ്ണ്.. രാമു കെട്ടികൊണ്ടുവരുമ്പോൾ ഒരു പൊട്ടിപെണ്ണിനെപോലെ കുട്ടിത്തം മാറാതെ ചിരിച്ചും കളിച്ചും നടന്ന പെണ്ണ്.. സുന്ദരിയായ ഇവളെ രാമുവിന് എങ്ങനെ കിട്ടി എന്നായി നാട്ടിലെ ചർച്ച.. എത്ര പെട്ടെന്നാണ് മാറ്റങ്ങൾ സംഭവിച്ചത്.. കുടിച്ചും കൂത്താടിയും നടന്നു ഉള്ളതെല്ലാം നശിപ്പിച്ചൊടുവിൽ രാമു മരണത്തിന് കീഴ്പ്പെടുമ്പോൾ വഴിയാധാരമായത് മൂന്ന് മക്കളും രാമുവിന്റെ അമ്മയും ഗിരിജയുമാണ്.. പ്രണയവിവാഹവും ഒളിച്ചോട്ടവുമായത് കൊണ്ടാകാം കൂട്ടുകുടുംബങ്ങളോ മറ്റോ ഇതുവരെ കണ്ടിട്ടില്ല. രാമുവിന് അമ്മ മാത്രം. നല്ല അധ്വാനി ആയിരുന്നു.. കുറച്ചു ദൂരെ ആണ് ഗിരിജയുടെ വീട്. രാമു ഇല്ലാത്ത ഗിരിജയിൽ പെട്ടെന്നാണ് ഉത്തരവാദിത്വങ്ങളും മാറ്റങ്ങളും വന്നു തുടങ്ങിയത്.. എല്ലാഭാരവും അവളുടെ ചുമലിൽ ആയപ്പോൾ സ്വയം തന്റേടിയായി മാറി.. 

കൂലിവേലകളും, അടുക്കളപ്പണിയും എടുത്തു അഞ്ചു വയറുകൾ നിറച്ചു. ആക്സിഡന്റിൽ പെട്ടു അമ്മ കിടപ്പിലായപ്പോൾ മരുന്നും ചികിത്സയുമായി ആ കുടുംബത്തിൽ അടുപ്പ് കത്തൽ കുറഞ്ഞു തുടങ്ങി. സഹായത്തിന്റെ കൈനീട്ടിയവർ പലരും ഗിരിജയുടെ കൈവെള്ളയിൽ തൊടാനാണ് ശ്രമിച്ചത്. ജോലിക്ക് നിന്ന പല വീടുകളിൽ നിന്നും മോശം പെരുമാറ്റങ്ങൾ ആദ്യം എതിർത്തും പിന്നെ സഹകരിച്ചും അവൾ കുടുബം മുന്നോട്ട് കൊണ്ടുപോയി. പിന്നീടെപ്പോഴോ അതൊരു തൊഴിലാക്കി മാറ്റി. ആ വഴിയിലേക്ക് തെളിച്ചവർ തന്നെ ചവച്ചു തുപ്പി ഒഴിഞ്ഞപ്പോൾ റയിൽവെസ്റ്റേഷന്റെ പിന്നാമ്പുറത്ത് രാത്രിവണ്ടിക്ക് കാത്തിരിക്കുന്നവളായി മാറി. മക്കൾ ഉണരും മുൻപ് അവർക്കു മുന്നിൽ നല്ല അമ്മയായി കണ്ണീർ തുടച്ചു ചിരിച്ചു മുന്നോട്ട് പോവുകയാണിന്നവൾ.

'ചായ ആയില്ലേ..' ചിന്തയിൽ നിന്നുണർന്നു വിജയൻ വേഗം ഒരു ചായ അവൾക്ക് നീട്ടി.. കാലിളകിയ ബെഞ്ചിലിരുന്നു ചായ ഊതിക്കുടിക്കുന്ന അവളെ വിജയൻ നോക്കി നിന്നു.. പെട്ടെന്നാണ് ആ കാഴ്ച്ച വിജയന്റെ കണ്ണിൽ പെട്ടത്. കണങ്കാലിൽ നിന്ന് ഇത്തിരി ചോര ഒലിക്കുന്നു.. 'ഗിരിജേ നിന്റെ കാൽ നോക്കിക്കേ.' 'അല്ല വിജയേട്ടാ നിങ്ങളും ന്റെ കാലിലും മറ്റും നോക്കാൻ തുടങ്ങിയോ' എന്നും ചോദിച്ചു അവൾ പൊട്ടി ചിരിച്ചു.. 'ഡീ പെണ്ണേ കാലിൽ നിന്ന് ചോര ഒലിക്കുന്നെടി..' ഗിരിജ തല താഴ്ത്തി നോക്കി.. 'ഓ അത് ആ പറമ്പിൽ നിന്ന് മുള്ള് കൊണ്ടതായിരിക്കും.. എന്തോ കുത്തിയത് പോലെ തോന്നിയിരുന്നു. എവിടെ നോക്കാൻ സമയം ആ കാലമാടന്മാർക്ക് ഭ്രാന്ത് കയറിയ കോലത്തിൽ അല്ലായിരുന്നോ കാട്ടികൂട്ടിയത്..' എന്നും പറഞ്ഞു കാലിയായ ഗ്ലാസും ചുരുണ്ടു മുഷിഞ്ഞ 5 രൂപാ നോട്ടും വിജയന് നേരെ നീട്ടി അവൾ ഇറങ്ങി നടന്നു. പാവം പെണ്ണ് അവളുടെ ഒരു ദുർവിധി എന്നും ഓർത്തു വിജയൻ രാവിലത്തെ തിരക്കിലേക്ക് തിരിഞ്ഞു.. 

ചായമക്കാനിയിലെ തിരക്കിൽ വന്നുപോകുന്ന ഒരുപിടി മുഖങ്ങൾക്ക് പിന്നിൽ ഒത്തിരി കഥകൾ ഒളിഞ്ഞും തെളിഞ്ഞും ഇരിക്കുന്നുണ്ടല്ലോ.. കടയിലെ തിരക്കിലേക്ക് മാറിയ വിജയൻ ഇതിനകം എത്ര ചായകൾ ഒഴിച്ചു എത്ര ചായഗ്ലാസ്സുകൾ കഴുകിവെച്ചു.. സമയം 10 കഴിഞ്ഞു.. ഒരു ചൂട് ചായയും എടുത്തു അന്നത്തെ പത്രത്തിന്റെ ആദ്യപേജിലേക്ക് കണ്ണും നട്ടിരിക്കുമ്പോഴാണ് മീൻ കച്ചവടവും കഴിഞ്ഞു ജബ്ബാർ പുഴയിലേക്ക് സൈക്കിളും മീൻപെട്ടിയും കഴുകാൻ വന്നത് 'വിജയേട്ടാ ഒരു ചായ..' 'ഇപ്പോ തരാം...' 'പിന്നേ നിങ്ങളറിഞ്ഞോ?' എന്ത് എന്ന ചോദ്യഭാവത്തിൽ വിജയൻ ജബ്ബാറിനെ നോക്കി.. 'ആ ഗിരിജയില്ലേ.. നമ്മുടെ ചത്തുപോയ രാമുവിന്റെ പെണ്ണ്..  ഓള് മരിച്ചത്രേ..' വിജയൻ ഒന്ന് ഞെട്ടി.. കൈയ്യിലിരുന്ന ചായഗ്ലാസ് താഴെവീണു ചിന്നി ചിതറി.. 'എന്താ ജബ്ബാറേ നീ പറയുന്നത്..' 'അതേന്ന്.. പാമ്പ് കടിച്ചതാണത്രേ.. കാലിൽ പാമ്പ് കടിച്ച പാടുമുണ്ടത്രേ. ആസ്പത്രിയിൽ എത്തും മുൻപേ മരിച്ചത്രേ..' വിജയൻ തരിച്ചു പോയി.. രാവിലത്തെ ചിത്രങ്ങൾ ചിന്തയിൽ മിന്നികളിച്ചു.. രണ്ടുതുള്ളി കണ്ണിന്റെ ഓരത്ത് വന്നെത്തിനോക്കി.. പാവം പെണ്ണ് ...

Content Summary: Malayalam Short Story ' Rathrivandiyude Moksham ' written by Mulla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com