ADVERTISEMENT

പലപ്പോഴും അമ്മ വിളിച്ചു. മോനേ എന്നാടാ നീ ഇങ്ങോട്ടു വരുന്നത്... അമ്മയ്ക്ക് മോനേ കാണാൻ കൊതിയായടാ.....

വരാം അമ്മേ വരാം- രണ്ടു വാക്കിൽ മറുപടി ഒതുക്കി അമ്മയെ സമാധാനിപ്പിച്ചെന്ന് വൃഥാ മനസ്സിൽ വിചാരിച്ച് ഫോൺ വയ്ക്കും.

അമ്മയെ കാണാൻ മകനും കൊതിയില്ലാഞ്ഞിട്ടല്ല. സമയമില്ല മകന് വരാനെന്ന് അമ്മയ്ക്കറിയാം. അത് അമ്മയ്ക്കറിയാമെന്നത് മകനറിയാവുന്നൊരു സമാധാനവുമാണ്.ആദ്യമൊക്കെ, ഫോണിലൂടെ അങ്ങു ദൂരെനിന്നാണെങ്കിലും വളരെ അടുത്തുനിന്നാണ് അമ്മ സംസാരിക്കുന്നതെന്നു തോന്നിയിരുന്നു. അമ്മയുടെ ശബ്ദം ഒരു കുളിർമ്മയായിരുന്നു. പിന്നീട് അകൽച്ച കൂടിക്കൂടിവരുന്നതു പോലെ തോന്നി. ഇപ്പോളതു വളരെ അകലെയായിരിക്കുന്നു. അമ്മയുടെ വിളിയും വല്ലപ്പോഴായിരിക്കുന്നു. വിളിച്ചാൽത്തന്നെ അങ്ങേയറ്റത്തു സംസാരത്തിനു പകരം ഹൃദയത്തിൽ തുളച്ചുകയറുന്നൊരു തേങ്ങലാണ്. ഫോൺ വച്ചാലും അത് ഉള്ളിന്റെയുള്ളിൽ എവിടെയൊക്കെയോ വേദനിപ്പിച്ചു കൊണ്ടിരുന്നു.

ചിലപ്പോൾ മകനെ ഉറക്കത്തിൽ ഞെട്ടിയുണർത്തി. മോനേ ഞാനിവിടെ ഒറ്റയ്ക്കാടാ...... അമ്മ പറഞ്ഞു.

ഈയിടെയായി അമ്മയുടെ ധൈര്യം ചോർന്നുപോയിരിക്കുന്നു.

ഒറ്റയ്ക്കായാലെന്താടാ എനിയ്ക്കൊരു പേടിയുമില്ല- അമ്മ പണ്ടു പറയുമായിരുന്നു- ഞാൻ ജനിച്ചു വളർന്ന വീടല്ലേ, ഇവിടെയെന്തു പേടിക്കാനാ – അന്ന് വാക്കുകളിൽ പതർച്ചയില്ലായിരുന്നു.

അമ്മയ്ക്ക് വയസ്സായടാ, കാലിൽ നീരുണ്ട്, ആഹാരമൊന്നും അങ്ങനെ വേണ്ട മോനേ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നുവരുത്തും. ജീവൻ കെടക്കണ്ടേ, ഇനിയിപ്പോ ഇത്രേം വയസ്സായില്ലേ, എന്തായാലെന്ത്, എപ്പ്ളാ അങ്ങട് വിളിയ്ക്കാന്നാർക്കറിയാം, കെടത്താതിരുന്നാമതിയായിരുന്നു.........

ഓരോവിളിയും ഇങ്ങനെ ഓരോ തേങ്ങലായി.

വർഷങ്ങൾ അമ്മയിൽനിന്നു ചോർന്നുവീഴുന്നത് മകനറിയുന്നുണ്ട്.

എന്നാൽ മകൻ വർഷങ്ങളെ കുടഞ്ഞുകളയുകയാണ്. എങ്ങനെയെങ്കിലും പെൻഷൻ പറ്റണം. അതുമാത്രമായി മകന്റെ ചിന്ത. പെൻഷൻ പറ്റിയാൽ നാട്ടിൽ അമ്മയുടെ അടുത്തുചെന്ന്.... .ഇടയ്ക്ക് മകൻ അങ്ങനേയും വിചാരിക്കും. വിചാരിക്കുന്നത് നടക്കുമോ..... വരാം അമ്മേ വരാം എന്നു പറയുമ്പോഴും മകനറിയാം നടക്കാത്തൊരു കാര്യം പറഞ്ഞാണ് അമ്മയെ സമാധാനിപ്പിക്കുന്നത്. പിറ്റേന്ന് വിളിയ്ക്കുമ്പോൾ അമ്മ പറയും- കൃഷ്ണേട്ടന്റവിടുത്തെ രാധ വന്നിരുന്നു. ഞാൻ പറഞ്ഞു നീ ഉടനെ വരും, അതാ എനിക്കൊരു സമാധാനം. 

അതു കേൾക്കുമ്പോൾ മകന്റെ ഉള്ളിലൂടെ ഒരാന്തൽ പോകും. പാവം അമ്മ. കാണുന്നവരോടൊക്കെ പറഞ്ഞു നടക്കുകയാണ്- മകൻ വരും ഉടനെ വരും.

ഈയാഴ്ച വരോ ലഷ്മേച്ച്യേ...- ആരെങ്കിലും ചോദിച്ചാൽ അമ്മ പറയും – ഉടനെത്തുമെന്നാ പറഞ്ഞത്...

മകൻ വരും വരുംന്ന് ലഷ്മേച്ചി പറഞ്ഞുതുടങ്ങീട്ടു നാളുകളേറെയായല്ലോ. ഇതെന്താ അവനവിടുന്നിങ്ങോട്ട് വണ്ടി കിട്ടീല്ലേ – ചിലർ പരിഹസിക്കും.

നീ പോടാ.. അവന്റെ തിരക്കൊഴിഞ്ഞിട്ടു വേണ്ടേ... അവനും ഭാര്യേം മക്കളുമൊക്കെയായീട്ടു ഒരൂസം വരും നീ കണ്ടോ...അമ്മ അങ്ങനെ പറയുമ്പോഴുള്ള ഉത്സാഹം മകൻ മനസ്സിലോർത്തു. ഭാര്യോടും മക്കളോടും അമ്മ ഫോണിലൂടെ സംസാരിക്കാറുണ്ട്. അമ്മ പറയും അവരുടെ സംസാരം എനിക്കൊന്നും മനസ്സിലാവണില്ലടാ. ഈ കുന്തത്തിലൂടെ സംസാരിച്ചിട്ടാവും. നീ അവരേം കൊണ്ടിങ്ങടുവാ... ഞാനെന്റെ മക്കളെയൊന്നുകാണട്ടെ...

വരാംമ്മേ.... അടുത്തൊഴിവിനുവരാം – ഇതൊരു ഒഴിഞ്ഞുമാറ്റമാണെന്ന് അമ്മ മനസ്സിലാക്കാറില്ല. 

ഒഴിവുകൾ പലതും വന്നുപോയി. പ്രതീക്ഷിക്കാതെയായിരിക്കും ഒഴിവുദിവസങ്ങളിൽ എടുത്താൽ തീരാത്ത തിരക്ക്. ഉത്തരവാദിത്തപ്പെട്ട ജോലിയിലിരിക്കുമ്പോൾ ലീവെടുക്കുക അത്ര എളുപ്പമല്ലെന്ന് അമ്മയെ പറഞ്ഞ് മനസ്സിലാക്കും.

ഓ... നിനക്കു മാത്രോള്ളല്ലോ ജോലി. അമ്മേടടുത്ത് ഒന്നു വന്നുപോകാൻ പറ്റാത്ത എന്തു ജോല്യാടാ അവ്ടെ......ശരിയാണ് അമ്മ പറഞ്ഞത്. വിചാരിച്ചാൽ നടക്കാത്തതെന്താ ഉള്ളത്. പക്ഷേ.......

ഒരൂസം നട്ടപ്പാതിരയ്ക്ക് പതിവില്ലാതെ അമ്മേടെ വിളിവന്നു- മോനേ എനിയ്ക്ക് പേടിയാവ്ണടാ.....ഞാനൊറ്റയ്ക്കാടാ ഇവ്ടെ.. രാത്രീല് അവ്ടവ്ടെ ഓരോരോ ഒച്ചകള്...... 

മകൻ തളർന്നു. കിടന്നിട്ട് ഉറക്കം വന്നില്ല. വലിയ പറമ്പില്, വലിയ വീട്ടില്, പഴയ തറവാട്ടില്, അമ്മ ഒറ്റയ്ക്ക്. എന്തുചെയ്യാം.....

പലരേം എർപ്പെടുത്തിയതാണ് വന്നു നിൽക്കാൻ, അമ്മയ്ക്കൊരു കൂട്ടിന്. ആരൊക്കെ വന്നാലും അമ്മയ്ക്ക് പിടിക്കില്ല. രണ്ടേരണ്ടു ദിവസം. അമ്മ അവരുടെ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും കണ്ടെത്തും. ഇല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം പറയും. എന്നിട്ടവരെ പറഞ്ഞുവിടും. സ്നേഹത്തിന്റെ വലിയൊരു മനസ്സ് അമ്മയ്ക്കുണ്ടെങ്കിലും പഴയ കാലത്തിന്റെ ധാരാളം സങ്കുചിതചിന്തകൾ അമ്മയെ കീഴടക്കുന്നുണ്ട്. നിഷ്ക്കളങ്കമായ ഗ്രാമീണതയുടെ വലിയൊരു കുറവാണത്. തറവാട്ടുമഹിമേം പാരമ്പര്യോം ജാതീം മതോം ദുരഭിമാനോം എല്ലാം ഈ വയസ്സുകാലത്ത് അമ്മയിൽ വളർന്ന് പന്തലിച്ചിട്ടുണ്ടെന്നുതോന്നും, ചിലപ്പോൾ മുറ്റമടിക്കാൻ പോലും ആളെ നിർത്തില്ല.

ഒരിക്കൽ ദിവാകരമ്മാമ പറഞ്ഞു – നീയെന്തിനാടാ ഇങ്ങനെ പണം സമ്പാദിക്കണെ. ആ തള്ളേ അവ്ടെ ഒറ്റയ്ക്കിട്ടിട്ട് നീയെന്തിനാടാ ഇങ്ങനെ സുഖിച്ചുകഴിയണെ. എല്ലാം കേട്ടുനിന്നതേയുള്ളു.

പണ്ടുമുതലേ ദിവാകരമ്മാമ കുത്തിനോവിക്കാൻ മിടുക്കനാ. അമ്മയ്ക്കുവേണ്ടി മകൻ ചെയ്യുന്ന ഓരോ കാരൃങ്ങളും അങ്ങോർക്കറിയാം. അറിയാഞ്ഞിട്ടല്ല ഇത്തരം വർത്തമാനം. മറ്റുള്ളവരെ ഇല്ലാത്തതു പറഞ്ഞ് നോവിക്കുന്നത് അങ്ങോർക്കൊരു സുഖാ. അത്രേയുള്ളു. ഇല്ലാത്തതു പറഞ്ഞ് നാട്ടിൽ പരത്തുന്നതും അങ്ങോരുടെ പതിവാ. അമ്മയെ കാണുമ്പോൾ വല്യ സ്നേഹം നടിക്കും.എന്നിട്ട് മകനെപ്പറ്റി കുറെ കുറ്റങ്ങളും പറയും. അതൊന്നും അമ്മയ്ക്കു പിടിക്കില്ല.

അവൻ എനിക്കുവേണ്ടി ചെയ്യാവുന്നതൊക്കെ ചെയ്യുന്നുണ്ട്. ഞാനിവിടെ സുഖായീട്ടുതന്ന്യാ കഴിയണെ. ചേട്ടൻ പറയുംപോലെ എനിക്കിവിടെ ഒരു കുറവുംല്യ. പിന്നെ അങ്ങോട്ടുപോകാൻ, ഞാനവന്റെയടുത്ത് ഒന്നുരണ്ടുതവണ പോയി നിന്നതല്ലേ. എനിക്കവിടെ പിടിക്കില്ല. ഈ പറമ്പില് ഓടിനടക്കണ ഒരു സുഖം അവിടെ കിട്ടോ. ഈ വീണുകിടക്കണ കുടംപുളീടേം കുരുമുളകിന്റേം സ്വാദ് അവിടുത്തെ കറിക്കുംണ്ടാവോ. ഈ കിണർവെള്ളത്തിന്റെ തണുപ്പ് അവിടുത്തെ പൈപ്പുവെള്ളത്തിനുണ്ടാവോ. ഈ മുല്ലേടേം പിച്ചകത്തിന്റേം ഗന്ധം അവിടെ അനുഭവിക്കാൻ പറ്റ്വോ. ഈ അണ്ണാന്റേം ചീവീടിന്റേം ഒച്ച അവിടേണ്ടാവോ. ഇതൊന്നൂംല്ലാണ്ട് എങ്ങ്ന്യാ ചേട്ടാ ഞാൻ ജീവിക്യ. 

എന്നാ ഒരാളെ നിനക്കിവിടെ നിർത്തിക്കൂടെ,ഒരു കൂട്ടിന്... വയസ്സുകാലത്ത് ഒറ്റയ്ക്ക് താമസിക്കണംന്നൊക്കെ പറഞ്ഞാ നാട്ടുകാരെന്താ പറയാ.

നാട്ടുകാരെന്തും പറഞ്ഞോട്ടെ. വൃത്തിയില്ലാത്ത ഒരെണ്ണത്തിനേം ഞാനെന്റെ വീട്ടിൽ കേറ്റില്ല.

എന്നാ അയൽപക്കത്താരെങ്കിലും വിളിച്ചു കിടത്തിക്കൂടെ, കൂട്ടിന്?

അമ്മ ചിരിക്കും- അയൽപക്കത്താരാള്ളത് വന്നു കിടക്കാൻ. എനിക്കാരേം ബുദ്ധിമുട്ടിക്കണെ ഇഷ്ടാല്ല. ഇപ്പോ അതിന്റെ ആവശൃോംലൃ.ഇനി കിടപ്പിലാകുമ്പോഴല്ലേ, അപ്പോന്താന്നൊച്ചാ ചെയ്യാം.

നിന്നോട് പറഞ്ഞിട്ട് കാര്യംല്യ – ദിവാകരമ്മാമ പടിയിറങ്ങും.

ഈയിടെയായി അമ്മയ്ക്ക് മറവി തുടങ്ങിയിരിക്കണു മോനേ- ഒരു ദിവസം അമ്മ വിളിച്ചു പറഞ്ഞു. പറച്ചിലായിരുന്നില്ല വലിയൊരു കരച്ചിലായിരുന്നു അത്.

വയസ്സാകുമ്പോ എല്ലാർക്കുള്ളതാ മറവി. അമ്മൊരു കാരൃം ചെയ്യ്. ഉപ്പിട്ടിത്തിരി മോരുംവെള്ളം കുടിക്ക്. സോഡിയത്തിന്റെ കുറവായിരിക്കും. – മകൻ നിസ്സാരമായി പറഞ്ഞ് അമ്മയെ പേടിപ്പിക്കാതിരിക്കാൻ നോക്കി.

അമ്മ ഫോണിന്റെ അറ്റത്തുനിന്ന് നീറുമ്പോൾ മകനിവിടെ തളർന്ന് ഇല്ലാതാവുകയാണ്. 

കുറച്ചുനാളായി മകന് അമ്മേടെ വിചാരം മാത്രേ ഉള്ളൂന്ന് ഭാര്യ പറയും. മുത്തശ്ശീടെ കാര്യല്ലാണ്ട് ഒന്നും അച്ചന് ഞങ്ങളോടു പറയാനില്ലെന്ന് മക്കളും പറയും. അതു ശരിയാണ് ഈയിടെയായി നാട്ടിലെ വിചാരം മാത്രേള്ളു. കുട്ടിക്കാലത്തെ വികൃതികളും സ്വപ്നങ്ങളും പിന്നെ, അമ്മയെക്കുറിച്ചുള്ള ആധിയും. ഇങ്ങോട്ടു കൊണ്ടുവരാമെന്നു വച്ചാൽ അമ്മ വരില്ല. അവിടെ ആരേയും നിർത്താനും സമ്മതിക്കില്ല. ജോലിയെല്ലാം ഉപേക്ഷിച്ച് അവിടെ ചെന്നുനിൽക്കാമെന്നുള്ളത് പ്രായോഗികമാണോ. മക്കളുടെ പഠിത്തവും ഭാര്യേടെ ജോലിയും. അതും നോക്കേണ്ടേ. എല്ലാം ഉപേക്ഷിച്ചുപോവുക അത്ര എളുപ്പമാണോ. രണ്ട് പെൺമക്കളാണ്. അവരുടെ ഭാവിയും ഈ നഗരത്തിലല്ലേ. നാട്ടിൻപുറത്തെ പുഴയിലെ കുളിയും മാങ്ങാക്കറിയുടെ സ്വാദും ഇളനീരിന്റെ ഗുണവും ഒക്കെ പറയാൻ കൊള്ളാം. പഴയ ആളുകൾക്ക് ഓർമ്മയിലിട്ട് ആസ്വദിക്കുകയുമാകാം. പക്ഷേ വളർന്നുവരുന്ന പുത്തൻതലമുറ ഇങ്ങനെ ഒന്നിൽ കടിച്ചുതൂങ്ങികിടക്കുന്നവരല്ല.അവരുടെ നോട്ടം നമ്മൾ കാണാത്തിടത്തേക്കാണ്. നമ്മളെ അത്ഭുതപ്പെടുത്തുന്ന ഭാവിയാണ് അവരെ കാത്തിരിക്കുന്നത്.

മോനേ.... നിന്റെ ഭാര്യേടെ പേരെന്താടാ... അമ്മ മറന്നു.- ഒരു ദിവസം ആധിയോടെ അമ്മ ചോദിച്ചു. പേരു പറഞ്ഞപ്പോൾ അമ്മ വീണ്ടും ചോദിച്ചു- മക്കളുട്യോ..

അതും പറഞ്ഞപ്പോൾ അമ്മ പറഞ്ഞു- അമ്മയ്ക്കൊരോർമ്മേല്യ, കുട്ടാ...എണ്ണേക്കെ തേച്ച് നന്നായീട്ടൊന്നു കുളിച്ചു കഴിഞ്ഞാ, കുറച്ചുകഴിയുംബോ കുളിച്ചകാര്യം മറന്നുപോകും. പിന്നേം കുളിക്കും. കാപ്പി കുടിച്ചകാരൃം മറന്ന് ഒരുനേരംതന്നെ പലപ്രാവശൃം കാപ്പികുടിക്കും.

മകൻ ഇതുകേട്ട് തളർന്നിരിക്കുകതന്നെചെയ്തു - ഞാനതല്ലേ അമ്മേ പറഞ്ഞത് അമ്മ ഇങ്ങോട്ടുവാ...ഞാൻ വന്ന് അമ്മേ ഇങ്ങോട്ടുകൊണ്ടുവരട്ടെ.

പോടാവ്ട്ന്ന്... .ഞാനെങ്ങൂംല്യ... ഞാനങ്ങോട്ട് വന്നാലേ ഈ പറമ്പ് അനാഥാവും. നീയിനി ഇങ്ങനെ പറഞ്ഞാ ഞാൻ നിന്നെ വിളിക്കൂംല്ല.

കുറച്ചുദിവസം അമ്മ ഇവിടെ വന്നുനിന്നപ്പോൾ എന്തൊരു വീർപ്പുമുട്ടലായിരുന്നെന്ന് മകനോർത്തു. എന്തോരസ്വസ്ഥതയും പരിഭ്രമവുമായിരുന്നു. ഒരുത്സാഹവുമില്ലാതെ അമ്മ ഒരേ കിടപ്പുതന്നെയായിരുന്നു. പനി, തലവേദന, ചുമ... ദിവസവും ഓരോരോ അസുഖമായിരുന്നു. നാട്ടിലെ വിചാരം മാത്രമായിരുന്നു അമ്മയ്ക്കപ്പോൾ. കുടംപുളി മുഴ്വനും വീണുപോകും. മുറ്റം കാടുപിടിച്ചിട്ടുണ്ടാകും. കാന്താരി കരിഞ്ഞുപോയിക്കാണും. തെക്കേലെ പശുവന്ന് ചീര മുഴുവൻ തിന്നുകാണും. കാക്കകളും പ്രാവുകളും വിശന്ന് വലഞ്ഞിട്ടുണ്ടാകും. എനിക്കുവയ്യാ മോനേ ഇവ്ടെ. നിനക്കെന്നെ ജീവനോടെ കാണണമെങ്കിൽ നീയെന്നെ അങ്ങോട്ടുകൊണ്ടുവന്നാക്ക്. ഇവിടെയിരുന്നാൽ അസുഖങ്ങളോരോന്നായ് എന്നെപിടികൂടും.

അങ്ങനെയാണ് നാട്ടിലേക്ക് തിരിച്ചുപോയത്. നാടിന്റെ പച്ചപ്പിലേക്കു കടന്നതേയുള്ളു അമ്മ കൂടുതൽ കൂടുതൽ ഉന്മേഷവതിയായി. എല്ലാ അസുഖങ്ങളും പമ്പ കടന്ന് അമ്മ കുട്ടിക്കാലത്തെന്നപോലെ ഓടിനടന്നു.

മോനേ... നിന്റെ പേരെന്താന്ന് ഞാൻ മറന്നല്ലോടാ... രാവിലെ മുതൽ ഞാൻ ആലോചിച്ച് നടക്കാ..- രാത്രി അമ്മ വിളിച്ചു.

ദൈവമേ....

പിന്നീടൊരുദിവസം അമ്മ പരിഭ്രമത്തോടെ വിളിച്ചു- മോനേ ഞാനെല്ലാം മറന്നുപോണെടാ...എനിക്ക് പേട്യാവ്ണു ...നീ എത്രയും പെട്ടെന്ന് വന്നാ നിന്റമ്മേ നിനക്കുകിട്ടും.ഇല്ലെങ്കിൽ....ഇന്നു ഞാൻ ഗ്യാസ് കത്തിച്ചു ചായ അടുപ്പത്തുവച്ചു. പിന്നെ ഞാനതങ്ങു മറന്നു. കുറേ കഴിഞ്ഞ് വേറെയെന്തിനോ അടുക്കളേ ചെന്നപ്പോ പാത്രം കത്തിപ്പിടിക്കാറായി..... നാലു ഗ്ളാസ് ചായ ഞാൻ വയ്ക്കാറുണ്ടെന്ന് നിനക്കറിയാലോ...വെള്ളം മുഴുവനും വറ്റി....പാത്രം തീക്കട്ടയായി....ഭാഗ്യത്തിനാ ഞാൻ അപ്പോ അടുക്കളേ ചെന്നത്.....ഇല്ലെങ്കി......

അമ്മേ.... – മകൻ ഉള്ളുനൊന്തുവിളിച്ചു.

പിന്നെ രണ്ടു ദിവസമായി അമ്മയുടെ വിളിയില്ലാതെ മകൻ പരിഭ്രമിച്ചു. അങ്ങോട്ടുവിളിച്ചിട്ട് എടുക്കുന്നില്ല. ബെല്ലടിച്ചടിച്ച് കട്ടാവുകയാണ്.

മകന് ഇരിക്കപ്പൊറുതി ഇല്ലാതെയായി. നാട്ടിലെ മറ്റാരുടേയും ഫോൺനമ്പറുകൾ കയ്യിലില്ല. ദിവാകരമ്മാമയുടെ പോലും. പലപ്പോഴും വിചാരിച്ചതാണ് ആ നമ്പർ വാങ്ങണമെന്ന്.

എന്റമ്മ....

മകൻ ആരും കാണാതെ കരഞ്ഞു.

ഇനി ഒന്നും നോക്കുന്നില്ല. നാട്ടിലേക്ക് പോവുകതന്നെ.

മകൻ പുറപ്പെട്ടു.

വഴിയിൽ യാത്രയിലുടനീളം മകൻ അമ്മയെ വിളിച്ചുകൊണ്ടിരുന്നു. ഫോൺ എടുക്കുന്നതേയില്ല.

അമ്മയ്ക്കെന്തുപറ്റിയെന്ന ആധിയിൽ മകൻ തളർന്നു.തകർന്നു.

വീട്ടിലെത്തി അമ്മയെ ഒന്നു കാണാൻ മകന് ധൃതിയായി.

വീട്ടുമുറ്റത്തേക്ക് കാർ കടക്കുമ്പോൾ മകൻ കണ്ടു, മുറ്റം നിറയെ കരിയിലക്കൂട്ടങ്ങൾ. എത്ര വയ്യെങ്കിലും മുറ്റമടിക്കാതിരിക്കാറില്ല അമ്മ. ഇതെന്താണാവോ ഇങ്ങനെ..

കാറിൽ നിന്നിറങ്ങി കരിയിലകൾക്കിടയിലൂടെ മകൻ വീടിന്റെ പടികൾ കയറി.

എന്നും തുടച്ചുമിനുക്കി കണ്ണാടിപോലെ ഇടാറുള്ള തറ അഴുക്കുപിടിച്ച് കിടക്കുന്നു.

അമ്മേ.... – മകൻ ഉറക്കെ വിളിച്ചു.

ഓലഞ്ഞാലിയും അണ്ണാറക്കണ്ണനും മൈനയുമൊക്കെ ആ വിളികേട്ടോടി വന്നു. അമ്മ മാത്രം വന്നില്ല.

വാതിൽ ചാരിയിട്ടേയുള്ളു.

വർധിച്ച ഹൃദയമിടിപ്പോടെ മകൻ വാതിൽ തള്ളിത്തുറന്നു.

അകത്ത് ഇരുട്ടു പെരുകി കിടക്കുകയാണ്. ജനലൊന്നും തുറന്നിട്ടില്ല. ഒരു ജനൽപ്പാളി മകൻ ആഞ്ഞുതുറന്നപ്പോൾ അകത്തു കയറിയ ഇത്തിരിവെളിച്ചത്തിൽ മകൻ കണ്ടു. അമ്മ, കട്ടിലിൽ നീണ്ടുനിവർന്ന് കിടക്കുകയാണ്.

അമ്മേ... – മകൻ വിളിച്ചു.

അമ്മ എഴുന്നേൽക്കുന്നില്ല.

അപ്പോൾ ഒരു പൂച്ച തുറന്നിട്ട ജനൽപാളിയിലൂടെ പുറത്തേക്ക് ചാടിപ്പോയി. പൂച്ചയുടെ വായിൽ എന്തോ ഇരിക്കുന്നത് മകൻ കണ്ടു. ഓടി ജനലരികിൽ ചെന്നുനോക്കി. പൂച്ചയുടെ വായിൽ അമ്മയുടെ ഒരു കണ്ണായിരുന്നു. മകൻ ഞെട്ടിത്തളർന്നുവീണു.

അമ്മേ....എന്റമ്മേ ..... – മകൻ അലറി.

എന്താ മോനേ...- അമ്മ സങ്കടത്തോടെ ചോദിച്ചു.

അപ്പോൾ പുറത്തുനിന്ന് ആളുകൾ അകത്തേക്ക് കയറിവന്നു. മകനെത്തിയതറിഞ്ഞ് നാട്ടുകാർ മകനെ കാണാൻ കൂട്ടംകൂട്ടമായി വന്നതാണ്.

അതിലൊരാൾ പറഞ്ഞു – പാവം... അന്യനാട്ടിൽപോയി കിടന്നതല്ലേ...എന്താണ്ടായേന്നാർക്കറിയാം....എന്തായാലും നാട്ടിലെത്തിച്ചല്ലോ. അത് ലക്ഷ്മ്യേച്ചീടെ ഭാഗൃം. ഇനി ചികിത്സിച്ച് ഭേദാക്കാവുന്നതേള്ളു.

എന്റമ്മേ ... – മകൻ കരഞ്ഞുവിളിച്ചു.

എന്താ മോനേ... മോന്റെ അമ്മേല്ലെ ഈ ഇരിക്കണെ... എന്റെ മോനെന്താ പറ്റ്യേ... – അമ്മ കരഞ്ഞുകൊണ്ടുചോദിച്ചു – അമ്മയ്ക്കോർമ്മേല്ലാന്ന് പറഞ്ഞപ്പം ഞാനിപ്പോ ഓടിയെത്താം അമ്മേന്നു പറഞ്ഞ് അന്യനാട്ടീന്ന് ഓടിയെത്തീതല്ലേ എന്റെ മോൻ. ഈ വയസ്സുകാലത്ത് ഓർമ്മേല്ലാത്ത എന്നെ നോക്കാൻ ഒട്ടും ഓർമ്മേല്ലാത്ത എന്റെമോൻ വരേണ്ടിവന്നല്ലോ ന്റെ ദൈവേ.....എന്റെ മോന് എന്താ പറ്റീത്....?

നിങ്ങളിങ്ങനെ തളരാതെ ലക്ഷ്മ്യേച്ചീ. ഞങ്ങളൊക്കെയില്ലെ ഇവ്ടെ....നമുക്ക് ചികിത്സിച്ച് ഭേദാക്കാം.... – നാട്ടുകാരിലാരോ പറഞ്ഞു.

നാടിന്റെ ആ കരുത്ത്, ഓർമ്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആ അമ്മയ്ക്ക് ചെറിയൊരാശ്വാസമായി.

Content Summary: Malayalam Story ' Amma ' written by Jayamohan Kadangalloor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com