ADVERTISEMENT

അർഥം ആവോളം

നിറഞ്ഞു കവിഞ്ഞ

പദം "ഗൃഹലക്ഷ്മി "

നൂലുകെട്ടു മുതൽ

വീടു കാണൽ 

ചടങ്ങു വരെയും ഒക്കെ 

അവൾ ഉണ്ടെങ്കിലും

അവളിലെ ചിന്ത ഒരിക്കൽ പോലും

അവളെ പറ്റി ആയിരുന്നില്ല.
 

സമയത്തിനു എല്ലായിടവും

അവൾ ഓടിയെത്തേണ്ടിയിരുന്നു,

താമസിച്ചു-

പോയാൽ താളം തെറ്റുന്ന

വീടകങ്ങൾ.

എല്ലാപേരുടെയും

ദൈനനംദിന ചര്യകൾ

തെറ്റിക്കാൻ പാടില്ലാത്ത

നിയമഫലകം

കഴുത്തിൽ തൂക്കിയിട്ടു 

നടക്കാൻ വിധിക്കപ്പെട്ടവൾ 
 

പുലരും മുതൽ

രാത്രി ഉറങ്ങും വരെയും

അവിളിടങ്ങൾ ഇല്ലാത്ത-

യിടങ്ങളില്ലായിരുന്നു

അടുപ്പിലെ പുകയേറ്റു

തപിക്കാനും,

വിളിപ്പുറത്തോടിയെത്താനും

മുഷിപ്പുകൾ മാറ്റാനും

അലക്കി വെളുപ്പിക്കാനും

വെളുപ്പിച്ചതിന്റെ

ഉടവ് നിവർത്താനും

അവൾ വേണമായിരുന്നു
 

ചുവരിലെ നാഴികമണിപോലും

അവളെ തോൽപ്പിക്കാനായി

പിറവിയെടുത്ത പോലെയാണ് ഓട്ടം,

പ്രതിഷേധത്തിന്റെ

അലയൊലികൾ

കേൾക്കാനും 

അടുക്കളയിലെ ഇല്ലായ്മകളിൽ

നീറാനും അവൾ മാത്രം 

തെറ്റുകളും കുറ്റങ്ങളും

അവളിലേക്കടിച്ചേൽപ്പിച്ചു

മറ്റുള്ളവർ രക്ഷ തേടുമ്പോൾ

എതിർപ്പിന്റെ മുനയുള്ള

നോട്ടം പോലും 

അവൾക്ക് അന്യമായിരുന്നു 
 

ആഗ്രഹങ്ങൾ 

പ്രതീക്ഷകൾ  

മോഹങ്ങൾ ഒക്കെയും,

മൺകലത്തിലും

വറ ചട്ടിയിലും 

തിളച്ചു വേകുമ്പോൾ

തൂവി പോകാതെ 

അടച്ച് വെക്കുന്നു  

അവളെന്നും

തിളക്കം മങ്ങിയ

അവളുടെ കണ്ണുകളിൽ 

ഒരു പുഴയൊഴുകുന്നുണ്ട്

കവിളിണകളിലെ 

തിണർത്ത പാടുകൾ

ആ പുഴയിൽ 

കുതിർന്നു നീറാറുണ്ട് 

ചില നേരങ്ങളിൽ
 

കാറും, കോളും

പ്രക്ഷുബ്ധമാവുമോൾ

കുമ്മായമടർന്ന ഭിത്തിയിൽ

മുഖം ചേർത്തു

പയ്യാരം പറയാറുണ്ട്,

കേൾവിക്കാരില്ലാതെ 

അടുക്കള കോണിൽ

പഠിപ്പിന് കിട്ടിയ പുരസ്കാരങ്ങൾ

പൊടിപിടിച്ചിരുപ്പുണ്ട്

ട്രോഫികളൊക്കെ രണ്ടായി-

അടർത്തി, മണ്ണുവാരിയും 

മെഴുകുതിരി കത്തിച്ചും 

ഇടയ്ക്കിടയ്ക്ക് താളം പിടിച്ചും 

കൊട്ടി കളിച്ചും

കുട്ടികൾ രസിക്കുന്നുണ്ട്,.
 

ക്ലാവ് പിടിച്ച ഒരു ജോഡി

ചിലങ്കകൾ മുറിക്കോണിലെ 

പഴകിയ മണം മുറ്റിയ

അലമാരയിൽ ചിലമ്പിച്ചു 

തേങ്ങാറുണ്ട്, അവളുടെ ഉള്ളംപോലെ 

ഒരു കുയിൽ പിന്നാമ്പുറത്തെ

മാങ്കൊമ്പിലിരുന്നു

തല താഴ്ത്തി നോക്കുന്നുണ്ട്

എതിർ പാട്ടു

കേൾക്കാത്തതെന്തെന്നു?
 

ഉച്ഛിഷ്ടം, ഇഷ്ടത്തോടെ ഭക്ഷിച്ചും

നേർത്ത നിലാവിലും

ഒരു തുലാവർഷ

പെയ്ത്തിലും തനു-  

വൊന്നു നനയാതെ,

മനസൊന്ന് കുതിരാതെ,

എന്നും അവൾ 

അമ്മയെ പോലെ ചേർത്തും 

കാമിനിയെപ്പോൽ ചുംബിച്ചും 

കൂട്ടുകാരിയെപ്പോലെ

ഇണങ്ങിയും പിന്നെ പിണങ്ങിയും

അവളിടങ്ങളിൽ ആഴത്തിൽ... ആയിരുന്നിട്ടും

കിടപ്പറയിലെ വലിച്ചെറിയപ്പെടുന്ന-

പുഴുക്കുത്തു വീണ

ദാരുശിൽപ്പമാകുന്നവൾ.
 

എന്നിട്ടും

അശാന്തി നിറഞ്ഞ

ദിനാന്ത്യങ്ങൾ അലട്ടുമ്പോൾ

ഇടവപ്പാതി  "ചൂടിൽ"

ഞെട്ടിപിടഞ്ഞുണരുന്ന

നഗര ഗന്ധങ്ങളിൽ

രാത്രി മുല്ലകൾ പൂക്കുമ്പോൾ

അവളിലെ താപമിറക്കി-

വയ്ക്കാൻ കഴിയാത്തവൾ

പഴയ കിനാക്കളെ

ആഴത്തിൽ കുഴിച്ചിട്ടു

നൈരന്തര്യത്തിന്റെ 

ചെറിയ തുരുത്തിലേക്കു

പൊട്ടക്കുളത്തിലെ

മണ്ടൂകമായി 

ചുരുങ്ങുന്നതും

അവളിടങ്ങൾ ശൂന്യമാക്കാതെ

എന്നും അവൾ മാത്രം....
 

Content Summary: Malayalam Poem ' Avalidangal ' written by Princy Praveen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com