' വയസ്സുകാലത്ത് മക്കൾ നോക്കുമെന്നു കരുതി, പക്ഷേ ഇറങ്ങിപ്പോകാൻ പറയുമെന്ന് കരുതിയില്ല, ഇനി എങ്ങോട്ട് പോകാൻ..'

HIGHLIGHTS
  • അകലങ്ങളിൽ അഭയം (കഥ)
996842948
Representative image. Photo Credit: Goodboy Picture Company/istockphoto.com
SHARE

"ശാരദേ"... മറുപടി കേൾക്കാഞ്ഞിട്ട് വേണു മാഷ് തിരിഞ്ഞു നോക്കി..നടന്നു തുടങ്ങിയപ്പോൾ നിഴൽ പോലെ എന്റെ കൂടെ അവളും ഉണ്ടായിരുന്നല്ലോ.. ഇതിപ്പോൾ എവിടെ പോയി? വേണു മാഷ് പരിഭ്രാന്തനായി ചുറ്റും നോക്കി.. "മാഷെ.. നിൽക്കൂ.." സാരിത്തുമ്പുകൊണ്ട് മുഖം തുടച്ചു ശാരദ ഓടിയെത്തി.. "ഇങ്ങോട്ട് വരുന്ന വഴി ഒരാൾ എന്നെ കണ്ടു.. ഞാൻ പിന്നെ ഒരുവിധമാണ് അവിടുന്ന് പോന്നത്.. ഞാൻ കരുതി മാഷ് പോയിക്കാണും എന്ന്".. "നിന്നെ കൂട്ടാതെ ഞാൻ എവിടെ പോവാനാടി?" വേണു മാഷിന്റെ മറുപടിയിൽ ശാരദടീച്ചർ നാണിച്ചു മുഖം താഴ്ത്തി.. വേണുമാഷിന്റെ കൈയ്യും പിടിച്ചു നടക്കുന്നതിനിടയിൽ ടീച്ചർ ചോദിച്ചു "മാഷിന് ഓർമയുണ്ടോ എന്നെ ആദ്യമായി കണ്ടത് ?" "അതൊക്കെ എങ്ങനെയാടി മറക്കുക? നിന്നെ കണ്ടതും വിളിച്ചിറക്കികൊണ്ടു വന്നതും ആർക്കും അസൂയ തോന്നുന്ന രീതിയിൽ ജീവിതം തുടങ്ങിയതും.. പിന്നെ നമ്മുടെ മക്കളും.. ബാക്കി മുഴുവിപ്പിക്കാനാകാതെ വേണു മാഷ് വിദൂരതയിലേക്ക് നോക്കി.. "എന്താ മാഷെ ഇത്.. മക്കൾക്ക് എന്താ കുഴപ്പം? നല്ല കഴിവും കാര്യപ്രാപ്തിയും ഉള്ളവരാണ്. അവർ നല്ല രീതിയിൽ തന്നെ ജീവിക്കുന്നില്ല?" നല്ലൊരു കുടുംബവും ജോലിയുമായി അവർ കഴിയുന്നു. മക്കൾക്ക് ബാധ്യത ആകുന്നു എന്ന് മനസ്സിലായപ്പോൾ നമ്മൾ മാറിപ്പോകുന്നു.. അത്ര തന്നെ.."കണ്ണ് നിറഞ്ഞു വന്നെങ്കിലും വേണു മാഷ് കാണാതെ ശാരദടീച്ചർ മുഖം തിരിച്ചു..

"വയസ്സുകാലത്ത്‌ അവർ നമ്മളെ നോക്കും എന്ന് കരുതി.. അതില്ല എന്ന് മനസ്സിലായപ്പോൾ ഏതെങ്കിലും വൃദ്ധസദനത്തിലെങ്കിലും നമ്മളെ കൊണ്ട് വിടുമെന്ന് കരുതി.. മരുന്നും ഭക്ഷണവും തരുന്നതിൽ പോലും മരുമകൾ പിശുക്ക് കാണിച്ചു തുടങ്ങി.. അവസാനം വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ അവൻ പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല ശാരദേ... അവരും വളർത്തുന്നുണ്ടല്ലോ...." "മാഷെ ..." ഒരു താക്കീതുപോലെ ശാരദടീച്ചർ വിളിച്ചു.. "നൊന്തുപെറ്റിട്ടും നിനക്ക് എങ്ങനെയാ ശാരദേ അവരോട് ക്ഷമിക്കാൻ കഴിയുന്നെ?" "മാഷ് പറഞ്ഞില്ലേ? നൊന്തുപെറ്റു എന്ന്.. അത് തന്നെ കാരണം.. എനിക്കെന്നല്ല ഒരമ്മക്കും മക്കളെ ശപിക്കാൻ കഴിയില്ല.." വേണു മാഷ് ശാരദടീച്ചറുടെ കൈയ്യിൽ ഒന്നമർത്തി പിടിച്ചു. "നിന്റെ കൈകൾക്ക് നല്ല ചൂട് തോന്നുന്നല്ലോ.." പറഞ്ഞു തീരുന്നതിനും മുൻപ് തന്നെ ശാരദടീച്ചർ വേണുമാഷിന്റെ കൈകളിൽനിന്നും വിട്ടുപോയിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ വേണു മാഷ് പകച്ചു നിന്നു..

കവലയിൽ ആളുകൾ കൂടി നിൽക്കുന്നു.. ഒത്ത നടുക്ക് നിന്ന്‌ ഒരാൾ കാര്യങ്ങൾ വിവരിക്കുന്നു.."രാവിലെ റബ്ബർതോട്ടത്തിലോട്ട് പോയപ്പോളേ ഞാൻ അവരെ കണ്ടതാണെന്നേ.. കിടപ്പുകണ്ടപ്പോൾ ഞാൻ ഓർത്തു വല്ല ഭിക്ഷക്കാരും ആയിരിക്കുമെന്ന്.. തിരിച്ചു വന്നപ്പോളും അതെ രീതിയിൽ തന്നെ കിടക്കുന്നു.. സംശയം തോന്നി വിളിച്ചു നോക്കിയതാ... ഹാ ആശുപത്രിയിൽ കൊണ്ടുപോയിട്ടുണ്ട്. എന്തൊക്കെ കാണണോ എന്റെ ഭഗവതിയെ.." "ഈ നാട്ടിലെങ്ങും കണ്ടിട്ടില്ലല്ലോ അവരെ? ഇനി എപ്പോൾ എന്താ ഏതാ എന്നൊക്കെ അറിയണ്ടേ? മഹേഷ് കൂടെ പോയിട്ടില്ലേ? നീ ഒന്ന് വിളിച്ചേ.."നാട്ടുകാരിൽ ഒരുത്തൻ അടുത്ത് നിന്നവനോട് പറഞ്ഞു.. ഏതാനും മിനിറ്റുകൾ നീണ്ട ഫോൺ വിളിക്കു ശേഷം തിരികെ വന്നവൻ കൂടി നിന്നവരോടായി പറഞ്ഞു "അയാൾ നേരത്തെ മരിച്ചു.. അറ്റാക്ക് ആയിരുന്നു.. ആ സ്ത്രീ വിഷം കഴിച്ചതാണ് അവർ വെന്റിലേറ്ററിലും ഇപ്പോൾ കണ്ണ് തുറന്നു എന്നാണ് പറഞ്ഞത്.. "ശെടാ ..അവർ മരിക്കാൻ വേണ്ടി തന്നെ തീരുമാനിച്ചു നടക്കുവായിരുന്നോ? അല്ലേൽ പിന്നെ വിഷം എവിടെ നിന്നും കിട്ടി?" നാട്ടുകാരിൽ ഒരാളുടെ ആത്മഗതം എല്ലാവർക്കും ചിന്തിക്കാനുള്ള വഴി ഒരുക്കി.. ചിന്തകൾക്ക് വിലങ്ങു തടിയായി ആരുടെയോ ഫോൺ ചിലച്ചു.. "ആണോ. പറഞ്ഞേക്കാം.." ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ അയാൾ വിളിച്ചു പറഞ്ഞു "ആ സ്ത്രീയും മരിച്ചു.. മോഹനാ നീ അല്ലെ ആദ്യം കണ്ടതും പൊലീസിനെ അറിയിച്ചതും? ഇവിടെ നിന്നും പോകരുത് ഇങ്ങോട്ട് പൊലീസ് വരുന്നുണ്ട്.." എന്നാലും അവർ എന്തിനായിരിക്കും?? നാട്ടുകാർ ചർച്ചകൾ തുടർന്നുകൊണ്ടേയിരുന്നു..

കുറച്ചു മുൻപ് ശാരദടീച്ചറെ കാണാതായ സ്ഥലത്തു നിന്നും ഒരടി വെച്ചിട്ടില്ല വേണു മാഷ്.. അങ്ങകലെ ഒരു നിഴൽ കാണുന്നു. മുഖം വ്യക്തമാകുന്നില്ല.. അതെ ശാരദ തന്നെ.. "ശാരദേ..." കഴിയുന്നത്ര ഉച്ചത്തിൽ വേണു മാഷ് വിളിച്ചു "മാഷെ...ഒരു കൊച്ചുകുട്ടിയെ പോലെ ശാരദടീച്ചർ ഓടി വേണുമാഷിന്റെ അരികിൽ എത്തി.. "അവിടെ എന്റെ ജീവൻ പിടിച്ചുനിർത്താൻ അവർ കിണഞ്ഞു ശ്രമിച്ചുട്ടോ.." ബാക്കി പറയുന്നതിനും മുൻപ് വേണു മാഷ് ടീച്ചറെ മാറോട് ചേർത്തിരുന്നു.. ചുക്കി ചുളിഞ്ഞ വിരലുകൾകൊണ്ട് ടീച്ചറുടെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട് ചോദിച്ചു "ഇനിയും നീ തിരികെ പോകുമോ" "തിരികെ പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല മാഷെ." അത് പറയുമ്പോൾ ശാരദടീച്ചർക്ക് ഒട്ടും നിരാശയുള്ളതായി വേണുമാഷിന് തോന്നിയില്ല..ഒരുകണക്കിന് അവളുടെ തീരുമാനം ശരിയായിരുന്നു.. മക്കളെ ബുദ്ധിമുട്ടിക്കാതെ പോയേക്കാം എന്ന്..വീട്ടിൽ നിന്നും ഇറങ്ങി കുറെ ദൂരം നടന്നുകഴിഞ്ഞപ്പോൾ നെഞ്ചുവേദന കൂട്ടിനെത്തി.. മരിക്കാൻ തീരുമാനിച്ച് ഇറങ്ങിയതാണെങ്കിലും എന്റെ മരണം ഉൾക്കൊള്ളാനാവാതെ ആർത്തലച്ചു കരയുന്ന ശാരദയുടെ മുഖമാണ് ഞാൻ അവസാനം കണ്ടത്.. തൊട്ടുപിന്നാലെ അവളും എത്തി. അവൾ പറഞ്ഞതുപോലെ മക്കൾ സുഖമായിട്ട് ജീവിക്കട്ടെ... വേണു മാഷിനെ ചിന്തകളിൽ നിന്നും ഉണർത്തിയത് ടീച്ചറുടെ ഒരു ചോദ്യമാണ് "ശരിക്കും എങ്ങോട്ടാ മാഷെ ഈ നടപ്പ്?" ശാരദടീച്ചറെ ചേർത്തുനിർത്തി വേണു മാഷ് പറഞ്ഞു "അങ്ങകലെ നീ ഒരു വെളിച്ചം കാണുന്നില്ലേ?? ദേ ഈ പോകുന്നവർ എല്ലാം അവിടേക്കാണ്... നമ്മളും.." അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ വേണുമാഷിന്റെ ഒപ്പം ശാരദടീച്ചറും നടന്നു ..

നാഴികയും വിനാഴികയും അറിയാതെ അവർ നടന്നുകൊണ്ടേ ഇരുന്നു."ഒരുപാട് നടക്കാനുണ്ടോ മാഷെ ഇനിയും??? ആരോടാ ഒന്ന് ചോദിക്ക്യാ? ഇവിടെങ്ങും പരിചയമുള്ള ആരേം കാണുന്നില്ലല്ലോ?" തൊട്ടുമുന്നിൽ നടന്നുപോകുന്ന ആളെ നോക്കി ശാരദടീച്ചർ ശബ്ദം താഴ്ത്തി പറഞ്ഞു "ഒറ്റയൊരാളേം വിശ്വസിക്കാൻ പറ്റില്ലെന്നേ.." ടീച്ചറുടെ സംസാരം കേട്ടിട്ട് വേണുമാഷ് പുഞ്ചിരിച്ചു ആ ചിരിയുടെ അർഥം മനസിലായിട്ടാകും ശാരദടീച്ചറുടെ ചുണ്ടിലും ഒരു ചിരി വിടർന്നു..

Content Summary: Malayalam Short Story written by Meenu Rajan

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS