ADVERTISEMENT

ഫസ്റ്റ് പിരീയഡിലെ രാധ ടീച്ചർ അന്ന് ക്ലാസ്സിലേക്ക് കയറിയ ഉടനെ കുട്ടികളോടായി പറഞ്ഞു. "മക്കളെ.. ഇന്ന് നിങ്ങൾക്കെല്ലാവർക്കും ഒരു സന്തോഷ വാർത്തയുണ്ട്". ആ വാർത്ത കേട്ടതും കുട്ടികളെല്ലാവരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും എന്താണാവോ ആ വാർത്തയെന്നു സംസാരിക്കാൻ തുടങ്ങി. ഏറ്റവും പിന്നിലെ ബെഞ്ചിലിരുന്നു നന്ദുവും ആകാംക്ഷാഭരിതനായി അത് കേൾക്കാനായി കാതോർത്തിരുന്നു. അപ്പോൾ തൊട്ടടുത്തിരുന്ന കണ്ണൻ ചോദിച്ചു "ഡാ.. നമ്മൾക്ക് ഉപകാരം ഉള്ള വല്ലതുമാവുമോ ടീച്ചർ പറയാൻ പോകുന്നെ...?" "ആവുമെടാ.. നമുക്കു നോക്കാം.." നന്ദുവിന്റെ ആത്മവിശ്വാസം തെല്ലും കുറഞ്ഞില്ല. രാധ ടീച്ചർ പറഞ്ഞു തുടങ്ങി. "കഴിഞ്ഞ ആഴ്ച എടുത്ത നമ്മുടെ ക്ലാസിന്റെ ഗ്രൂപ്പ്‌ ഫോട്ടോ ഇന്ന് റെഡിയായി. എല്ലാവരും അന്ന് പ്രെസന്റ് ആയതുകൊണ്ട് ഫോട്ടോ നന്നായിട്ടുണ്ട്. ഞാൻ ഫോട്ടോ കാണിച്ചു തരാം. ഓരോരുത്തരായി കണ്ടതിനു ശേഷം ടീച്ചർക്ക്‌ തിരിച്ചു തരണം, കേട്ടല്ലോ..? അത് കേട്ടപ്പോൾ എല്ലാവരും ശരിയെന്നു സമ്മതം മൂളി.

മുന്നിലെ പെൺകുട്ടികളുടെ ബെഞ്ചിൽ നിന്നായിരുന്നു തുടക്കം. ഓരോരുത്തരുടെ കൈയ്യിലും ഫോട്ടോ കിട്ടുമ്പോൾ അവരൊക്കെ എന്ത് ഭംഗിയാ ഫോട്ടോയിൽ കാണാൻ എന്ന് പറഞ്ഞു കൊണ്ടിരുന്നു. എല്ലാവരും നോക്കിക്കണ്ടു അവസാനം ഫോട്ടോ നന്ദുവിന്റെയും കണ്ണന്റെയും കൈയ്യിലുമെത്തി. നന്ദു ഫോട്ടോയിൽ മെല്ലെ തലോടിയിട്ടു പറഞ്ഞു "എന്ത് രസാല്ലെടാ നമ്മളെയും കാണാൻ..? നല്ല തിളങ്ങുന്ന മുഖം..!" "അതേടാ.. നിക്കും തോന്നിയത്..!" കണ്ണനും ഫോട്ടോയിൽ തൊട്ടപ്പോൾ ടീച്ചർ പറഞ്ഞു "കണ്ണാ, ഫോട്ടോയുടെ മേലെ ആരും കൈ വെച്ച് വിരലടയാളം പതിക്കരുത്, ഫോട്ടോ പിന്നീട് കേടാവും. അടുത്ത ആൾക്ക് കാണാൻ വേഗം കൊടുത്തേ..!" ടീച്ചറുടെ സ്വരം അൽപം പരുക്കൻ ആയത് കൊണ്ടാവണം മനസ്സില്ലാ മനസ്സോടെ കണ്ണനത് അടുത്ത കുട്ടിക്ക് കൊടുത്തു. എല്ലാവരും കണ്ടു കഴിഞ്ഞപ്പോൾ ടീച്ചർ ഫോട്ടോ തിരികെ വാങ്ങി. എന്നിട്ടു പറഞ്ഞു "നാളെ ആരൊക്കെ 10 രൂപ കൊണ്ട് വരുന്നോ അവർക്കൊക്കെ ഈ ഫോട്ടോയുടെ ഒരു കോപ്പി ടീച്ചർ തരുന്നതാണ്. അതുകൊണ്ട് എന്റെ മക്കൾ ഇന്ന് തന്നെ വീട്ടിൽ പോയി കാര്യം പറയുക, എന്നിട്ടു നാളെ ഫോട്ടോയുമായി വൈകിട്ട് വീട്ടിലേക്കു സന്തോഷത്തോടെ പോകുക. എല്ലാവരും ശരിക്കും കേട്ടല്ലോ അല്ലേ..?" പല കുട്ടികളും സന്തോഷത്തോടെ തുള്ളി ചാടിയെങ്കിലും ലാസ്റ്റ് ബെഞ്ചിലെ നന്ദുവിന്റെയും കണ്ണന്റെയും മുഖത്തു മാത്രം ആ സന്തോഷം ഉണ്ടായില്ല. അവർ പരസ്പരം മുഖത്തോട് മുഖം നോക്കി പിന്നെ തല താഴ്ത്തിയിരുന്നു.

അന്ന് വൈകിട്ട് നന്ദു സ്കൂൾ വിട്ടു വീട്ടിൽ കയറി ചെല്ലുമ്പോൾ അമ്മയുടെ മുടി കുത്തിനു പിടിച്ചു ആ ഓലപ്പുരയുടെ ഉമ്മറത്തേക്ക് വലിച്ചിഴയ്ക്കുന്ന അച്ഛനെയാണ് കണ്ടത്. അച്ഛന്റെ ഇരുമ്പ് പോലത്തെ മുഷ്ടിക്കുള്ളിൽ അമ്മയുടെ കാതിലെ ചെറിയ സ്വർണത്തിന്റെ ജിമ്കി മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. അത് കൊണ്ടുപോകരുതെന്ന് അമ്മ കരഞ്ഞു കാലു പിടിച്ചു പറഞ്ഞിട്ടും അന്നത്തെ ചീട്ടു കളിക്കും കള്ളു കുടിക്കുമായി അച്ഛനാ ജിമ്കി വിൽക്കാനായി അമ്മയെ ആട്ടികൊണ്ടു അവിടുന്നിറങ്ങി. കരഞ്ഞു കലങ്ങിയ കണ്ണുമായാണ് അന്ന് രാത്രി അമ്മ അവന് കഞ്ഞി വെച്ച് കൊടുത്തത്. പക്ഷേ അമ്മ അവനൊപ്പം കഴിച്ചില്ല. അല്ലെങ്കിലും അമ്മയ്ക്ക് കഴിക്കാൻ എവിടെയാ കഞ്ഞി ബാക്കി ഉള്ളത്. ഇവിടെ അരി മേടിക്കാൻ കാശില്ലാത്തപ്പോഴാണ് സ്കൂൾ ഫോട്ടോയുടെ കാര്യം പറയാൻ പോകുന്നത്. നല്ല കഥയായി..!! തല കുനിച്ചു അവൻ കഞ്ഞി കുടിക്കുമ്പോൾ അമ്മ അവന്റെ തലയിൽ മെല്ലെ തലോടി, എന്നിട്ടു പറഞ്ഞു "എന്റെ കുട്ടി വലുതായി നല്ലോണം പഠിച്ചു ജോലിയൊക്കെ കിട്ടി ആ പൈസ കൊണ്ട് എന്നെങ്കിലുമൊരിക്കൽ ആർക്കെങ്കിലും സഹായമൊക്കെ ചെയ്യണം കേട്ടോ. നന്മ ചെയ്യുന്നവരെ ദൈവം ഒരിക്കലും കൈ വിടില്ല. മോന്റെ അച്ഛന് ഇല്ലാത്തതും ആ നന്മയാണ്. അമ്മ വലിയ വീടുകളിൽ അടുക്കള പണിക്കു പോയിട്ടാണ് ഇവിടെ ഓരോ നേരവും അടുപ്പ് പുകയുന്നെ, അതൊന്നും നിന്റെ അച്ഛന് അറിയണ്ടല്ലോ.!" അമ്മയുടെ മുഖത്തെ വിഷമം കണ്ടിട്ടാവണം നന്ദു തന്റെ കൈയ്യിലുള്ള ഇല കൊണ്ടുള്ള കുമ്പിളിൽ കഞ്ഞി അൽപം കോരിയെടുത്തു അമ്മയുടെ വായിലേക്ക് മെല്ലെ വെച്ച് കൊടുത്തു. അത് വായിലിട്ടു ചവയ്ക്കുമ്പോളേക്കും അമ്മയുടെ നിയന്ത്രണം വിട്ടു അവനെയവർ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു..!!

അടുത്ത ദിവസം ക്ലാസ്സിലെ പല കുട്ടികളും 10 രൂപ ടീച്ചർക്ക്‌ കൊടുത്തു ഫോട്ടോ മേടിച്ചു. നന്ദുവും കണ്ണനും മാത്രം വാങ്ങിയില്ല. നന്ദു ചോദിച്ചു "കണ്ണാ.. നീയെന്താടാ ഫോട്ടോ വാങ്ങാത്തെ..?" "അച്ഛൻ ഇന്നലെ തെങ്ങിൽ കയറാൻ പോയിരുന്നു. വീട്ടിൽ എത്തിയപ്പോൾ തന്നെ അച്ഛൻ പൈസ തന്നിരുന്നെടാ. പക്ഷേ ഞാനതിൽ രണ്ടു രൂപയ്ക്കു പുതിയ പെൻ വാങ്ങിച്ചു. പക്ഷേ നീ ഫോട്ടോ വാങ്ങുന്നില്ലല്ലോ. നീയില്ലാതെ എനിക്ക് മാത്രമെന്തിനാടാ ഈ ഫോട്ടോ.? നമുക്കു ആ പൈസ കൊണ്ട് മൊയ്‌ദുക്കാന്റെ കടേന്നു സൈക്കിൾ വാടകയ്ക്ക് എടുത്തു ഓടിക്കാം. എന്നിട്ട് എന്റെ അമ്മയോട് ഫോട്ടോ തീർന്നു പോയെന്നു കള്ളം പറയാം.!" അതു പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അടുത്ത ബെഞ്ചിലെ കിച്ചു അവന്റെ ഫോട്ടോ നന്ദുവിനെ കാണിച്ചത്. "ഡാ നന്ദു, നീയെന്തേ ശരിക്കും ചിരിക്കാഞ്ഞേ ഫോട്ടോയിൽ..? എന്റെ ഫോട്ടോ നോക്കിയേ, എന്ത് ഭംഗിയാ കാണാൻ..?" അത് കേട്ടപ്പോൾ നന്ദുവിന്റെ മുഖം വാടി. ഇത് കണ്ടതും കണ്ണൻ "അവന്റെയൊരു ഫോട്ടോ" എന്നു പറഞ്ഞു ആ ഫോട്ടോ തട്ടി പറിച്ചു വാങ്ങിയതും ഫോട്ടോയുടെ മുകൾ വശം അൽപം കീറി പോയി. അതോടെ കിച്ചു കരച്ചിലായി. ടീച്ചർ വന്നു കാര്യം അറിഞ്ഞപ്പോൾ അടുത്ത ദിവസം വൈകുന്നേരത്തിനു മുൻപേ കിച്ചുവിന് പുതിയ ഫോട്ടോ വാങ്ങി കൊടുക്കാൻ ടീച്ചർ കണ്ണനോടും നന്ദുവിനോടുമായി പറഞ്ഞു. കണ്ണൻ അത് ഒരു ചെവിയിലൂടെ കേട്ടു അടുത്ത ചെവിയിലൂടെ വിട്ടു, എന്നിട്ടു പറഞ്ഞു "നീ പേടിക്കേണ്ടെടാ നന്ദൂ, ഞാൻ ഇല്ലേ കൂടെ..?". പക്ഷേ അപ്പോളും നന്ദുവിന്റെ മനസ്സിൽ ടീച്ചറുടെ തീചൂള പോലത്തെ വാക്കുകൾ ഒരു ഇടി മുഴക്കമായി തങ്ങി നിന്നു.

അടുത്ത ദിവസം പക്ഷേ കണ്ണൻ സ്കൂളിൽ വന്നില്ല. അവന്റെയച്ഛൻ അന്ന് തേങ്ങയിടുമ്പോൾ തെങ്ങിൽ നിന്നും വീണത്രേ. നട്ടെല്ല് ഒടിഞ്ഞു ആശുപത്രിയിൽ അഡ്മിറ്റാണെന്ന് മാത്രം എല്ലാവരും പറയുന്നത് നന്ദു കേട്ടു. ക്ലാസിലേക്കു കയറുമ്പോൾ നന്ദുവിന്റെ നെഞ്ച് ഭയങ്കരമായി മിടിച്ചു കൊണ്ടിരുന്നു. കാരണം കിച്ചുവിന്റെ ഫോട്ടോയുടെ പൈസയ്ക്ക് എന്ത് ചെയ്യും..? അവൻ മുഖം മറച്ചു കൊണ്ട് ആരെയും ശ്രദ്ധിക്കാതെ ലാസ്റ്റ് ബെഞ്ചിൽ പോയിരുന്നു. ടീച്ചർ ക്ലാസ്സിൽ വന്നതും കിച്ചു ഉറക്കെ പറഞ്ഞു "ടീച്ചറെ.. ഇന്ന് കണ്ണൻ വന്നിട്ടില്ല. നന്ദു എന്റെ ഫോട്ടോയുടെ പൈസയും തന്നില്ല ഇത് വരെ.." ടീച്ചർ കൈയ്യിലെ ചൂരലുമായി നന്ദുവിന്റെ അടുത്ത് വന്നു ദേഷ്യത്തോടെ പറഞ്ഞു "നന്ദു, ഉച്ചയ്ക്ക് കഞ്ഞിയും പയറും കഴിച്ച ശേഷം വീട്ടിൽ പോയി പൈസയുമായേ തിരിച്ചു വരാവൂ.. ഇല്ലെങ്കിൽ ഞാൻ ക്ലാസ്സിൽ കയറ്റില്ല. ഇപ്പോളെ പറഞ്ഞില്ലെന്നു വേണ്ടാ. ഓരോ പോക്രിത്തരവുമായി ഓരോന്ന് രാവിലെ തന്നെ ഇറങ്ങിക്കോളും, മനുഷ്യനെ മെനക്കെടുത്താനായിട്ട്.. അല്ല പിന്നെ..!" എല്ലാം കേട്ടു നിൽക്കാനേ നന്ദുവിനപ്പോൾ കഴിഞ്ഞുള്ളു. ഉച്ചയ്ക്ക് ഭക്ഷണ സമയമായപ്പോൾ അവൻ കഴിക്കാൻ പോയില്ല. പകരം സ്കൂളിന്റെ ബാത്‌റൂമിലേക്കു പോകുന്ന വഴിയുടെ മതിലിനരികിൽ നിന്നു സങ്കടം സഹിക്കാനാവാതെ മുഖം പൊത്തി നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു...!!

പെട്ടെന്ന് അവന്റെ വലതു തോളിൽ ഒരു കൈ മെല്ലെ പതിഞ്ഞു. അവൻ തിരിഞ്ഞു നോക്കിയപ്പോൾ "കണ്ണൻ".. "കണ്ണാ.. ഡാ... നീ വന്നോ...?" അവനതിശയിച്ചു. "നന്ദൂ.. ഞാൻ വരില്ല എന്ന് കരുതിയോഡാ നീ.. ആശുപത്രിയിൽ നിന്നും നിന്നെ കാണാനായി ഓടി വന്നതാ ഞാൻ, ധാ... ഇത് തരാൻ വേണ്ടി മാത്രം...!" എന്നിട്ടവൻ കൈയ്യിലെ പത്തു രൂപ നോട്ട് നന്ദുവിന്റെ കൈയ്യിൽ മടക്കി വെച്ച് കൊടുത്തു. അച്ഛൻ തന്ന പൈസയിൽ ബാക്കി എട്ടു രൂപയുണ്ടായിരുന്നല്ലോ, ഇന്ന് മാമൻ ആശുപത്രിയിൽ വന്നപ്പോൾ അച്ഛന്റെ മരുന്നിനായി അമ്മയ്ക്ക് കുറച്ചു പൈസ കൊടുത്തു. അതിൽ നിന്നും രണ്ടു രൂപ ഞാൻ വാങ്ങി കിച്ചുവിന്റെ ഫോട്ടോക്കുള്ള പത്തു രൂപയാക്കി തികച്ചു. ചെല്ല്.. പോയി ടീച്ചർക്ക്‌ കൊടുത്തേക്ക്... എന്നിട്ടു പുതിയ ഫോട്ടോ കിച്ചുവിന് വാങ്ങി കൊടുത്തേക്കെടാ.. അടുത്ത കൊല്ലം ഇനിയും നമ്മുടെ സ്കൂൾ ഫോട്ടോ എടുക്കുമല്ലോ.. അപ്പോൾ ഒരുമിച്ചു വാങ്ങിക്കാം.. ഞാൻ പോട്ടെ.. അമ്മ അവിടെ ഒറ്റയ്ക്കാവും.. നാളെ കാണാംട്ടോ.. കണ്ണിൽ നിന്നും കണ്ണൻ മായും വരെ നന്ദുവിന്റെ കണ്ണിൽ നിന്നുമപ്പോൾ കണ്ണുനീർ പൊഴിഞ്ഞു വീണു കൊണ്ടേയിരുന്നു...

വർഷം 2022 ഓഗസ്റ്റ്-15 

സ്കൂളിലെ അസംബ്ലിയിൽ മുടി നെരച്ച ഹെഡ്മിസ്ട്രെസ് രാധ ടീച്ചർ എല്ലാവരുടെയും മുൻപിൽ വെച്ച് പതാകയുയർത്തി. കുട്ടികളെല്ലാവരും കൈയ്യടിച്ചു ആശംസിച്ചു. അതിന് ശേഷം ടീച്ചറുടെ പ്രസംഗവും ചില മത്സരങ്ങളുടെ സമ്മാന ചടങ്ങുകളുമായിരുന്നു. സമ്മാനങ്ങൾ കൊടുക്കുമ്പോൾ ടീച്ചർ പറഞ്ഞു "പ്രിയപ്പെട്ട കുട്ടികളെ, നമ്മുടെ സ്കൂളിൽ കഴിഞ്ഞ പത്തു വർഷമായി ഈ സ്കൂളിലെ ഏറ്റവും പാവപ്പെട്ട രണ്ടു കുട്ടികളുടെ മുഴുവൻ പഠന ചെലവുകളും യൂണിഫോം അടക്കം മുടങ്ങാതെ ഏതോ ഒരു സ്പോൺസർ ഏറ്റെടുത്തു നടത്തുന്നുണ്ട്. അവരുടെ പേരോ അഡ്രസ്സൊ ഒന്നും നമുക്ക് അറിയില്ല. എല്ലാ വർഷവും ഈ ദിവസത്തിൽ സ്കൂളിൽ എത്തിക്കുന്ന ആ പൈസക്കൊപ്പം ഒരു കത്തുമുണ്ടാവും. അതിൽ ഇത്ര മാത്രം എഴുതിയിരിക്കും, "പണമില്ലാത്തതിന്റെ പേരിൽ ഇനിയൊരൊറ്റ കുട്ടിയുടെയും കണ്ണുനീർ ആ സ്കൂൾ മുറ്റത്തു വീഴരുത്. എന്ന് ആശംസകളോടെ "NK".. ആരാണീ "NK" എന്നറിയില്ല. വല്ല "നിഖിലോ നകുലോ" ആയിരിക്കും എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഈ സ്കൂളിനോട് അവർക്കു എന്താ ബന്ധം എന്നും അറിയില്ല, എങ്കിലും അവരെ എന്നും ദൈവം രക്ഷിക്കട്ടെ.. ടീച്ചർ പ്രസംഗം തുടർന്നു കൊണ്ടിരുന്നു.. അതേ സമയം അസംബ്ലിയിലെ പിന്നിലെ ലൈനിൽ നിന്നും കിച്ചു എന്ന് വിളിച്ചിരുന്ന കൃഷ്ണൻ മാഷ് അതെല്ലാം ലൈവ് വീഡിയോയിലൂടെ പകർത്തുമ്പോൾ അങ്ങ് കാനഡയിലിരുന്നു നന്ദുവും കണ്ണനും നിറഞ്ഞ കണ്ണുകളോടെ അതെല്ലാം ലാപ് ടോപ് സ്‌ക്രീനിൽ കണ്ടു സന്തോഷിക്കുന്നുണ്ടായിരുന്നു....!!!

Content Summary: Malayalam Short Story written by Rivin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com