ADVERTISEMENT

ആ ഖബർസ്ഥാനിൽ നിറമിഴികളോടെ ഞാൻ നിന്നു. ഏകനായി.. ഭീതിപ്പെടുത്തുന്ന കൂജനങ്ങളുമായി കാറ്റും കിളികളും എനിക്കു ചുറ്റും വട്ടം കറങ്ങി. ഭീഷണമായ ആംഗ്യങ്ങളുമായി മരങ്ങളും ചെടികളും തലയാട്ടി. പടിഞ്ഞാറൻ ചക്രവാളത്തിന്റെ കാൻവാസിൽ നിന്നും ചുവന്ന ചായം മാഞ്ഞു തുടങ്ങി. ഞാൻ കവിത ചൊല്ലി.. മാർബിളിൽ തീർത്ത മീസാൻ കല്ലുകൾക്കടിയിൽ ശാന്തമായുറങ്ങുന്ന എന്റെ പ്രിയപ്പെട്ടവൾക്കു നൽകാൻ എന്റെ പക്കൽ മറ്റൊന്നുമില്ല. മരണത്തിന്റെ, അതവശേഷിപ്പിക്കുന്ന ശൂന്യതയുടെ, എത്ര കുടഞ്ഞാലും തെറിച്ചു പോവാത്ത ആഴമേറിയ ദുഃഖത്തിന്റെ കറുത്ത വരികളല്ലാതെ.. തീർച്ചയായും എന്റെ കവിത അവൾ കേട്ടു കാണും. അത്രമാത്രം അവൾ കവിതകൾ ഇഷ്ടപ്പെട്ടിരുന്നു. മരച്ചോടുകളെ സ്വർഗം എന്നു വിശേഷിപ്പിച്ചവളാണവൾ. മരച്ചോട്ടിലെ തണൽ, അതിന്റെ തണുപ്പ്, അത് മനസ്സിൽ പടർത്തുന്ന ശാന്തത.. എല്ലാം അവൾക്കിഷ്ടമായിരുന്നു. അതിനാലാവാം അന്ത്യനിദ്രയും മരച്ചുവട്ടിൽ തന്നെ. മഹാഗണിയുടെ കുടക്കീഴിൽ. എനിക്കവൾ ഒരു മരത്തണലായിരുന്നു. പ്രശ്നങ്ങളുടെ മീന വെയിലിൽ പൊള്ളി നീറിയ എന്റെ കൗമാരത്തെ പൂനിലാ കൈകൾ കൊണ്ടവൾ കോരിയെടുത്തു. എന്റെ ആത്മാവിൽ ഊദിന്റെ സുഗന്ധം നിറച്ചു.

"ഞാനെന്നും നിനക്കൊരു സുഖമുള്ള ഓർമ്മയായിരിക്കും." അവൾ പലപ്പോഴും പറഞ്ഞു. ആ വാക്കുകൾക്കടിയിൽ അവൾ ഒളിച്ചു വെച്ചത് സ്വന്തം മരണ വൃത്താന്തമാണെന്ന് തിരിച്ചറിയാതെ പോയ ഞാനെത്ര വിഡ്ഢിയാണ്? ഹ്രസ്വമായ ഒരു ജീവിതമേ തനിക്കുള്ളൂ എന്നറിയാമായിരുന്നതിനാലാവാം അവൾ "ഞാനെന്നും സുന്ദരമായ യാഥാർഥ്യവും അനുഭവവുമായി നിനക്കൊപ്പമുണ്ടാകും." എന്ന് പറയാതിരുന്നതെന്ന് ഏറെ വൈകിയാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. അവൾക്ക് ഓരോ ദിവസവും കാലം നൽകുന്ന ബോണസായിരുന്നു. എന്നിട്ടും അവൾക്ക് മനോഹരമായി പുഞ്ചിരിക്കാൻ സാധിച്ചു. ഗാഢമായ പ്രണയത്തിലമരാൻ കഴിഞ്ഞു. തീവ്രതയേറിയ രതിയുടെ ജ്വാലയായി പടരാനും ആർദ്രമായി പാടാനുമായി. അവളുടെ രോഗത്തിനു പ്രതിവിധി നിർദേശിക്കാനാവാതെ വൈദ്യശാസ്ത്രം തലചൊറിഞ്ഞു നിന്നു. അവൾക്ക് മുന്നിൽ മ്ലാനവദനരായി ഭിഷഗ്വരന്മാർ തലകുനിച്ചു. എല്ലാ വേദനകളും എത്ര സമർഥമായാണവൾ മറച്ചു പിടിച്ചത്! എല്ലാവരേയും സന്തോഷിപ്പിച്ചും ചിരിപ്പിച്ചും പൊടുന്നനെ ഇല്ലാതാവുകയായിരുന്നു അവൾ.

രാത്രി ഫേസ്ബുക്കിൽ എഴുതിമുട്ടിയ ആൾ പുലർച്ചെ ജീവനോടെ ഇല്ല എന്ന് കേൾക്കുമ്പോഴുണ്ടാകുന്ന ഞെട്ടലിനെക്കുറിച്ച് വായനക്കാരാ താങ്കൾക്കെന്തറിയാം? ഉറ്റവർ അവളുടെ ഭൗതീക ശരീരം മണ്ണിലേക്ക് ചേർക്കുമ്പോൾ കാതങ്ങൾക്കകലെ അബുദാബിയിലെ ഫ്ലാറ്റിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു ഞാൻ. അവസാനമായി ഒരു നോക്ക് കാണണമെന്നുണ്ടായിരുന്നു. അതിനായി നാട്ടിലേക്ക് തിരിക്കണമെന്നുണ്ടായിരുന്നു. എന്നാൽ അത് നടന്നില്ല.. അവളുടെ ഖബറിനരികിൽ ഞാൻ മുട്ടുകുത്തി. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അവളുറങ്ങുന്ന വീടിന്റെ മേൽക്കൂരയാകുന്ന മണൽക്കൂന എന്റെ വിരഹക്കണ്ണീർ തുള്ളികൾ വീണു കുതിർന്നു. "മുറാദ്..." അവളെന്നെ വിളിച്ചു. "എന്നെയോർത്ത് കരയാതെടാ ചെക്കാ...." പതിവു ശൈലിയിൽ അവൾ പറഞ്ഞു. പിന്നെ ഒരു കാറ്റായി വന്നെന്റെ കണ്ണു തുടച്ചു. എന്നെ തലോടി ആശ്വസിപ്പിച്ചു. ഞാൻ തിരിഞ്ഞു നടന്നു.. വിരഹിയായ ഒരാൺകുയിൽ മഹാഗണിയുടെ കൊമ്പിലിരുന്ന് നോവു പാട്ടുപാടിയെന്നെ യാത്രയാക്കി...

Content Summary: Malayalam Short Story ' Nerthillathaya Gaanam ' written by Abdul Basith Kuttimakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com