ഉറക്കത്തിലാണ് ഞാൻ
ഏറ്റവും മനോഹരമായി
സംസാരിക്കുന്നത്.
കാറ്റിനോട് നിലാവിനോട്
കിളികളോട് മഞ്ഞിനോട്
നിന്നോട് എന്നോട്...
എന്നിട്ടും
ഉണരുമ്പോൾ ആ ഭാഷ
എവിടെയോ നഷ്ടമാകുന്നു!
അവശേഷിക്കുന്ന ഭാഷ
തെറി പറയാൻ
വെറുക്കാൻ, ശപിക്കാൻ
എണ്ണിപ്പെറുക്കി കരയാൻ
വേദനിപ്പിക്കാൻ വേണ്ടി മാത്രം.
ഉറക്കത്തിലും ഉണർവിലും
രണ്ട് ആളാണ് ഞാൻ.
പരസ്പരം അപരിചിതരായ
രണ്ടുപേർ.
തികഞ്ഞ അപകർഷതയാല്‍
അന്യോന്യം വെളിപ്പെടാത്ത
രണ്ടുപേർ.
ഉറങ്ങുന്ന എന്നെ
ഉണർന്നിരിക്കുന്ന എനിക്ക്
ഒരുപാട് ഇഷ്ടമാണ്.
കൈവെള്ളയിൽ നിന്നും
ചോർന്നുപോകുന്ന വെള്ളം പോലെ
ഓർക്കുമ്പോഴെല്ലാം
നഷ്ടബോധം വേട്ടയാടും.
എന്നാൽ
ഉണർന്നിരിക്കുന്ന എന്നെ
ഉറങ്ങുന്ന എനിക്ക്
മനസ്സിലാവുന്നതേയില്ല.
എപ്പോൾ നിനച്ചാലും
കുറ്റബോധം മാത്രം!
അവർക്ക് തമ്മിൽ
ഇതുവരെ സംസാരിക്കാൻ
അവസരം ഉണ്ടായിട്ടില്ല.
രണ്ടുപേരും ഒരുപോലെ
പങ്കിടുന്ന വികാരം
എന്നിൽ ഇല്ല.
ഉണ്ടായിരുന്നെങ്കിൽ
മൂന്നാമതൊരു ഞാൻ
അതു കേൾക്കാൻ
വേണ്ടിവന്നേനെ.
എന്നെ സ്നേഹിക്കുന്ന
നിങ്ങളോട് എല്ലായ്പ്പോഴും
സംസാരിച്ചത് ഉറങ്ങിയ ഞാനാണ്.
എന്നെ വെറുക്കുന്നവരോട്
ഉണർന്നിരിക്കുന്ന ഞാനും!
സ്നേഹിക്കാനും കലഹിക്കാനും
രണ്ടു ഭാഷയുണ്ടായിട്ടും
മൗനത്തിൽ
കവിത എഴുതേണ്ടിവരുന്നത്
എന്റെ വിധിയാണ്!
Content Summary: Malayalam Poem ' Bhasha ' written by K. R. Rahul