ADVERTISEMENT

വീടിനടുത്തൊരു സ്കൂളുണ്ട് 

കാലത്തു 

ബെല്ലടി കേൾക്കുമ്പോൾ 

മനസ്സ് ഇപ്പൊഴും 

ബാഗുമെടുത്തു ഒരോട്ടമാണ് 
 

സ്കൂളെത്തിയാൽ 

ഓർമ്മകൾ വരിവരിയായി 

അസ്സംബ്ലിക്ക് നിൽക്കും 

ഗ്രൗണ്ട് നിഷ്കളങ്കതയുടെ 

ഒരു താഴ്‌വാരമാകും 
 

മലയാളം പീരീഡ് 

നല്ല രസാണ് 

സ്ലേറ്റിൽ 'ത' തലകുത്തി നിൽക്കും 

'വ' യുടെ വാലു നീണ്ടെന്നു 

'പ' പരാതി പറയും 

'ഗ' എണീടിരുന്നു 'ട' യാകും 

തമ്മിൽ അടിപിടിയാകും 
 

സ്വരാക്ഷരങ്ങൾക്കു 

എന്തൊരു ഈണമാണ് ..

ചില്ലക്ഷരങ്ങൾ 

ഇടക്ക് കാലിൽ തറക്കും ..

എന്നാലും അക്ഷരങ്ങളുടെ 

പാൽപ്പായസത്തിനു 

കവിതകളുടെ രുചിയാണ്
 

കണക്കു പീരീഡിൽ 

നമ്മൾ ലസാഗുവും 

ഉസാഘ യുമാകും 

ചെയ്തു മുഴുമിക്കാത്ത 

സമവാക്യങ്ങളിൽ മനസ്സ് 

ശ്വാസം മുട്ടി പിടയും ...
 

കണക്കുമാഷിന്റെ 

കൂർക്കം വലിക്കു പോലും 

ഗുണനപ്പട്ടികയുടെ 

താളമാണെന്നു 

ഞാൻ സ്വയം കണ്ടെത്തും ..
 

ഇംഗ്ലീഷ് പഠിച്ചാൽ 

ഇംഗ്ലീഷ് ടീച്ചറെ പോലെ 

പത്രാസുകാരിയാകാമെന്ന് 

ആരോ പറഞ്ഞതു കേട്ട് 

A യിൽ നിന്ന് Z ലേക്ക് 

ഒറ്റ ഓട്ടമാണ് 

അൽഫബെറ്റിന്റെ കുന്ന് 

കയറിയിറങ്ങിയപ്പോ 

എവറസ്റ് കീഴടക്കിയ സന്തോഷം 
 

ടീച്ചറുടെ 'ഹൌ ആർ യു '

എന്ന ചോദ്യത്തിന് 

'ഐ ആം ഫൈൻ' എന്ന് 

ഉത്തരം കൊടുത്തപ്പോൾ 

പത്രാസുകാരി ഞാൻ 

ഒരു ഇംഗ്ലീഷുകാരിയായി 
 

ഉച്ചബെല്ലടിക്കുമ്പോൾ 

ഓർമ്മകളിലാകെ

ചോറ്റുപാത്രം തുറക്കുന്ന ഗന്ധമാണ്‌ 

പങ്കിട്ടെടുത്ത ഓർമ്മകളുടെ സ്വാദാണ് 
 

പരിസ്ഥിതി പഠനം ക്ലാസ് 

മിക്കവാറും ബദാംമരച്ചോട്ടിലായിരിക്കും 

മനസ്സ് അണ്ണാനെപ്പോലെ മരത്തിന്റെ 

തുഞ്ചത്തെക്ക് ഓടിക്കയറും 

മൂത്തു പഴുത്ത ബദാമിന്റെ 

നീരൂറ്റിക്കുടിക്കും 
 

കായ പൊട്ടിച്ചതിലെ പരിപ്പ് കൊറിക്കും 

കാറ്റും വെയിലും കിളികളുടെ പാട്ടും കേട്ട് 

ഞങ്ങൾ പരിസ്ഥിതിയിലേക്ക്

ഇറങ്ങിച്ചെല്ലും 
 

ജനഗണമന കേൾക്കുമ്പോൾ 

ഇപ്പോഴും ഒരു നീറ്റലാണ് 

ഒടുവിലെ കൂട്ടബെല്ലു കേൾക്കുമ്പോൾ 

അന്നിറങ്ങി ഓടിയ ആവേശമൊന്നും ഇന്നില്ല 

മനസ്സവിടെ ചുറ്റിപ്പറ്റി നിൽക്കും 

സ്കൂൾ ഒരിക്കലും വിടാതിരുന്നെങ്കിൽ 

എന്ന് വെറുതെ ആശിക്കും 
 

സ്കൂൾ ജീവിതത്തിന് നെല്ലിക്കയുടെ 

സ്വാദാണ് ...അല്ലെ ..??

അന്ന് ചവർപ്പായി തോന്നിയെങ്കിലും 

ഇന്ന് ഓർമ്മകൾക്ക് വല്ലാത്ത മധുരമാണ് 
 

Content Summary: Malayalam Poem ' School Ormakal ' written by Sajna Musthafa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com