നാട്ടുകാരെ പറ്റിക്കാൻ പരസ്യബോർഡ് വച്ചു, രാവിലെ നോക്കുമ്പോൾ കാണാനില്ല; ' ഏപ്രിൽ ഫൂൾ' പണിയായി

HIGHLIGHTS
  • ഏപ്രിൽ ഫൂൾ ദിനം (കഥ)
malayalam-story-moril-jalavidya-kanikkunna-manthrikan
Representative image. Photo Credit: Bricolage/Shutterstock.com
SHARE

ഏപ്രിൽ ഫൂൾ ദിനം ആദ്യമായി ആചരിച്ചത് യൂറോപ്പുകാർ ആണ്. 1952-ലാണ് എല്ലാവർഷവും ജനുവരി 1 മുതൽ പുതിയ കലണ്ടർ എന്ന നിയമം നിലവിൽ വന്നത്. അതുവരെ മാർച്ച് അവസാനം ആയിരുന്നു പുതുവത്സരദിനമായി ആളുകൾ കൊണ്ടാടിയിരുന്നത്. ഏപ്രിൽ ഒന്നിനാണ് ലോകത്ത് ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്കുള്ള മാറ്റം അരങ്ങേറിയത്. നിരവധിപേർ ഈ മാറ്റത്തെ അംഗീകരിക്കാൻ തയാറല്ലായിരുന്നു. ആദ്യമായി പുതിയ കലണ്ടർ അംഗീകരിച്ച് നടപ്പിൽ വരുത്തിയത് ഫ്രാൻസ് ആണ്. പുതിയ കലണ്ടർ അംഗീകരിക്കാത്തവരെ വിഡ്ഢികൾ എന്ന് പറഞ്ഞ് പരിഹസിക്കാൻ വേണ്ടിയാണ് ഏപ്രിൽ ഫൂൾ ഡേ ആചരിക്കപ്പെട്ടത് എന്നാണ് ഐതിഹ്യം. പിൽക്കാലത്ത് എല്ലാവരും ഗ്രിഗോറിയൻ കലണ്ടറിലേക്ക് തന്നെ മാറി എന്നത് ചരിത്രം. കുറ്റബോധമില്ലാതെ സുഹൃത്തുക്കളെ പറ്റിക്കാനും പരിഹസിക്കാനും ഉള്ള ഒരു അവസരമായാണ് എല്ലാവരും ഈ ദിനത്തെ കാണുന്നത്. നിർദോഷമായ ഫലിതങ്ങളും ഉപദ്രവകരമല്ലാത്ത തമാശകളും ആണ് നടപ്പാക്കുന്നതെങ്കിൽ പിന്നീടുള്ള ദിവസങ്ങളിലും വർഷങ്ങളിലും പറഞ്ഞും ഓർത്തും ചിരിക്കാനുള്ള വക നൽകുന്നതാണ് ഏപ്രിൽ ഫൂൾ തമാശകൾ. പക്ഷേ ചിലപ്പോൾ ഈ തമാശകൾ അതിരു കടക്കുകയും കയ്യാങ്കളി വരെ എത്തുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

1970കളിൽ നടന്ന ഒരു സംഭവമാണിത്. ഏപ്രിൽ ഫൂൾ ഡേ യുടെ തലേന്ന് വീടുകളിൽ ആണുങ്ങൾ ആരെങ്കിലും ഉറക്കമിളച്ച് കാത്തിരിക്കുന്ന പതിവ് വരെ തുടങ്ങി. കാരണം അത്രയ്ക്ക് ജനദ്രോഹ നടപടികൾ ആണ് ഏപ്രിൽ ഫൂൾ ഡേയുടെ മറവിൽ സാമൂഹ്യവിരുദ്ധർ ചെയ്തിരുന്നത്. രാത്രിയായാൽ ഉടനെ കുറെ തൊഴിലില്ലാത്ത ചെറുപ്പക്കാർ എല്ലാ വീടുകളുടെയും ഗെയ്റ്റ് ഇളക്കിയെടുത്ത് പരസ്പരം മാറ്റിവയ്ക്കുക, പുരാതന കുടുംബങ്ങളിൽ കൊണ്ട് ‘ടു ലെറ്റ്’ അല്ലെങ്കിൽ ‘ഈ വീട് വിൽപനയ്ക്ക്’ എന്ന ബോർഡ് സ്ഥാപിക്കുക, കോഴിക്കൂട് തുറന്നുവിടുക.. പശുവിനെ അഴിച്ചു വിടുക.. പട്ടിയെ നനഞ്ഞ ടർക്കി ടവൽ ഇട്ടു മൂടി ഇറച്ചിക്കഷണം കൊടുത്തു തുറന്നു വിടുക.. അങ്ങനെയങ്ങനെ ഏപ്രിൽ ഒന്നിന് നേരം വെളുത്ത് ആൾക്കാർ എഴുന്നേറ്റ് വരുമ്പോൾ തന്നെ പരിഭ്രാന്തരായി അങ്ങോട്ടുമിങ്ങോട്ടും പരക്കം പായാൻ തുടങ്ങും. ഏപ്രിൽ ഫൂൾ ഡേ ആയതുകൊണ്ട് പൊലീസിൽ പരാതിപ്പെടാനും പറ്റില്ല. എല്ലാവരും ചമ്മൽ മറച്ചുവെച്ച് രഹസ്യാന്വേഷണമാണ് നടത്തുക. രണ്ട് ദിവസത്തിനുള്ളിൽ കാര്യങ്ങളൊക്കെ പൂർവ സ്ഥിതിയിലാകും. ഇതായിരുന്നു ആ നാട്ടിലെ പതിവ്.

മാർച്ച് മുപ്പത്തിയൊന്നാം തിയതി രാത്രി പള്ളിയുടെ അയൽവക്കത്തുള്ള വീട്ടിലെ ആന്റണി എന്ന ചെറുപ്പക്കാരൻ പുസ്തകങ്ങളുമായി മല്ലിട്ട് ഡിഗ്രി പരീക്ഷയ്ക്ക് തയാറെടുക്കുന്ന സമയമായിരുന്നു. ഇടയ്ക്ക് ഒരു ബ്രേക്ക് എടുത്ത് മുകളിലത്തെ വരാന്തയിലൂടെ ഉലാത്തുമ്പോൾ കുറച്ചു ചെറുപ്പക്കാർ ഒരു സിനിമ പരസ്യബോർഡ് തന്റെ വീടിനുമുമ്പിൽ കൊണ്ട് വയ്ക്കുന്നത് കണ്ടു. അന്നേരം തിയേറ്ററിൽ കളിക്കുന്ന “നല്ലനേരം” എന്ന തമിഴ് സിനിമയുടെ പരസ്യബോർഡ് ആയിരുന്നു അത്. നേരം വെളുക്കുമ്പോൾ പള്ളിയിലേക്ക് വരുന്നവരും പോകുന്നവരും ഇത് കണ്ടു ചിരിക്കുമെന്നും ഉച്ചയോടെ എടുത്തുമാറ്റാം എന്നാണ് ചെറുപ്പക്കാർ കരുതിയിരുന്നത്. മുറുക്കാൻ കടക്കാരന്റെ കൈയ്യിൽ നിന്ന് കടം വാങ്ങിയതായിരുന്നു ബോർഡ്. ഇന്നത്തെപോലെ പരസ്യപ്രചാരണ ഉപാധികൾ ഒന്നുമില്ലാതിരുന്ന കാലത്ത് തിയറ്ററുടമകൾ പട്ടികകൊണ്ടു ഉണ്ടാക്കിയ ചട്ടക്കൂടിൽ തുണി വലിച്ചു തറച്ച് അതിൽ സിനിമാ പോസ്റ്റർ ഒട്ടിച്ചു തയാറാക്കുന്ന ബോർഡുകൾ നഗരത്തിലും അതിന്റെ പ്രാന്ത പ്രദേശങ്ങളിലും ഉള്ള മുറുക്കാൻ കടക്കാരെ ഏൽപ്പിക്കുകയായിരുന്നു പതിവ്. ബോർഡിന്റെ സംരക്ഷണ ചുമതലയ്ക്ക് കൂലിയായി സിനിമ ടിക്കറ്റോ ചെറിയ തുകയോ മുറുക്കാൻ കടക്കാരനും ലഭിക്കും. സത്യൻ, പ്രേംനസീർ, ഷീല, ശാരദ തുടങ്ങിയവരുടെ ചിത്രങ്ങളും വരുന്നു! ഒന്നാം വാരം! രണ്ടാം വാരം! തുടങ്ങിയ വിളംബരങ്ങളോടു കൂടിയ ഡിസ്പ്ലേ ബോർഡുകൾ മുറുക്കാൻ കടകൾക്കും ഒരു അലങ്കാരമായിരുന്നു.

വെളുപ്പിനെ മൂന്നര മണിക്ക് തന്നെ, ചെറുപ്പക്കാർ പോയ ഉടനെ ആന്റണി ആ ബോർഡ് എടുത്ത് വീടിനകത്ത് സൂക്ഷിച്ചു വച്ചു. ഏപ്രിൽ ഒന്ന് പ്രഭാതം പൊട്ടി വിടർന്നു. പതിവുപോലെ പരിഭ്രാന്തരായി ഓടുന്ന മനുഷ്യരെ കണ്ടു ചെറുപ്പക്കാർ പൊട്ടിച്ചിരിച്ച് കാണാതെ പോയ അവരുടെ സാധനങ്ങൾ അന്വേഷിക്കാനും തിരികെ ഏൽപ്പിക്കാനും അവരുടെ കൂടെ കൂടി. പക്ഷേ അവരെ അത്ഭുതപ്പെടുത്തി കൊണ്ട് സിനിമ പരസ്യബോർഡ് മാത്രം കാണാനില്ല. ചെറുപ്പക്കാർ പരക്കംപാഞ്ഞു അന്വേഷണം തുടങ്ങി. വൈകുന്നേരമായപ്പോൾ ചെറുപ്പക്കാർ എല്ലാവരും കൂടി ആന്റണിയുടെ വീട്ടിലെത്തി, ഒരു ബോർഡ് കണ്ടോ എന്ന് ചോദിച്ചു. അയ്യോ! ഞങ്ങളാരും കണ്ടില്ലല്ലോ എന്ന് പറഞ്ഞു വീട്ടുകാർ. പിറ്റേദിവസം ആയപ്പോൾ മുറുക്കാൻ കടക്കാരനും അന്വേഷിച്ച് എത്തി. തിയേറ്ററുകാർ എനിക്ക് ഏൽപ്പിച്ചു തന്നതാണ് “നല്ല നേരം” എന്ന സിനിമയുടെ ബോർഡ്, ഈ കുരുത്തംകൊള്ളികൾ ഉച്ചയോടെ തിരികെ തരാം എന്നും പറഞ്ഞു വാങ്ങിക്കൊണ്ടു പോയതാണ്, ദയവുചെയ്ത് തിരിച്ചു തരണം എന്നും പറഞ്ഞു. “ഞങ്ങൾ ആരും കണ്ടില്ല.” എന്ന ഉറച്ച തീരുമാനത്തിൽ തന്നെ നിന്നു ആന്റണിയും കുടുംബവും. തിരിച്ചേൽപ്പിക്കാമെന്ന വ്യവസ്ഥയിൽ മുറുക്കാൻ കടക്കാരന്റെ പക്കൽനിന്ന് ബോർഡ് വാങ്ങിയ ചെറുപ്പക്കാരുടെയും തിയേറ്റർ ഉടമയോട് എന്ത് പറയുമെന്ന് ആകുലപ്പെട്ടു പരിഭ്രാന്തനായ മുറുക്കാൻ കടക്കാരന്റെയും “നല്ല നേരം” കണ്ട് ആസ്വദിച്ചു ആന്റണി. ഏപ്രിൽ ഫൂൾ ആക്കാൻ വന്ന വിരുതന്മാരെ തിരിച്ച് ഏപ്രിൽ ഫൂൾ ആക്കിയതോർത്ത് ആന്റണി ഊറിച്ചിരിച്ചു.

Content Summary: Malayalam Short Story ' April Fool Dinam ' Written by Mary Josy Malayil

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA