ADVERTISEMENT

വർഷങ്ങൾ നാലഞ്ചായി ഞാനിവരെ കാണുന്നു. ഇതുവരെ ഒരിക്കൽ പോലും ഇങ്ങനെ കണ്ടിട്ടേയില്ല. എന്നും കാണാനായത് ഇവരിരുവരും എതിർ ദിശകളിൽ നിന്ന് വന്ന് ലക്ഷ്യ സ്ഥാനം തേടുന്നതായിട്ടായിരുന്നു. ഇഴയുന്ന ഈ തീവണ്ടിയിൽ എവിടുന്നാണിവർ കയറി കൂടുന്നതെന്ന കാര്യമറിയില്ല.  

അറപ്പുളവാക്കുന്ന രൂപവും, ശബ്ദവും, കൊട്ടക്കണക്കിന് പുകയും ചുരത്തുന്ന കോയമ്പത്തൂർ പാസ്സഞ്ചറിന്റെ ഒന്നാമത്തെ ബോഗിയിൽ നിന്ന് ഓരോരോ ബോഗികളെയും പുളകിതമാക്കി കൊണ്ടായിരുന്നു അവളുടെ വരവ്. അവൾ ഇരുപതോ ഇരുപത്തി രണ്ടോ വയസ്സ് പ്രായം വരുന്ന യുവതിയാണെങ്കിലും കാഴ്ചയിൽ അത്രക്കൊന്നും തോന്നുമായിരുന്നില്ല. അവളുടെ മുടി എന്നും അലസമായി ചിതറിക്കിടന്നിരുന്നു. അതിൽ അവൾ എങ്ങനെയോ ഒന്നല്ല, ഒരു കൊച്ച് പൂന്തോട്ടത്തെ അനുസ്മരിപ്പിക്കുന്നത്ര ജമന്തിപ്പൂക്കൾ തിരുകി പിടുപ്പിക്കുമായിരുന്നു. കരിയെഴുതാത്തതും, പ്രതീക്ഷ അസ്തമിച്ചതുമായ അവളുടെ കണ്ണുകൾ ആകർഷകവും അനുകമ്പ യാചിക്കുന്നതുമായിരുന്നു. ഒട്ടും ചേർച്ച തോന്നിക്കാത്ത, ഒരു കുഞ്ഞ് ഹാർമോണിയം അവൾ കഴുത്തിൽ കെട്ടി  തൂക്കിയിടുമായിരുന്നു. 

കറുത്തതും മെല്ലിച്ചതുമായ അവളുടെ കൈകളിലെ കറുപ്പും ചുവപ്പും കുപ്പിവളകൾ പാട്ടിനൊത്ത് താളം കൊട്ടുമായിരുന്നു. ഹാർമോണിയത്തിൽ നിന്ന് ഹൃദ്യമായ സംഗീതം പുറപ്പെടുവിച്ച്, അതിന്റെ ചുവടുപിടിച്ചായിരുന്നു അവൾ പാടിയിരുന്നത് -

" ഒരു ദളം മാത്രം വിടർന്നൊരു ചെമ്പനീർ

 മുകുളമായ് നീയെന്റെ മുമ്പിൽ നിന്നു ....."  

അവൾ മനസ്സിൽ തട്ടുന്ന രീതിയിൽ പാട്ടുകൾ പാടി പൊലിപ്പിച്ചിരുന്നെങ്കിലും അധികം പാടി കേട്ടത് ഈ പഴയ ഗാനമായിരുന്നു. പാട്ട് കഴിഞ്ഞ് സാധാരണ യാചകരെ പോലെ അവൾ ആർക്കു മുമ്പിലും കൈനീട്ടിയിരുന്നില്ലെങ്കിലും ഓരോ യാത്രക്കാരുടെ മുമ്പിലൂടെയും 'തന്നാൽ വാങ്ങും' എന്ന മട്ടിൽ അവൾ വന്ന് പോയിരുന്നു.

Read also: ഹോസ്റ്റലിലെ കൂട്ടുകാരിയെ പറ്റിക്കാൻ പ്രേതക്കഥ; പക്ഷേ വർഷങ്ങൾക്കു മുൻപ് അവിടെ നടന്ന സംഭവം കേട്ട് അവർ നടുങ്ങി 

അവന് മുപ്പതിനുള്ളിലെ പ്രായം വരൂ. വസൂരിക്കല വികൃതമാക്കിയ അവന്റെ മുഖത്തെപ്പോഴും പരാജയത്തിന്റെയോ കെല്പില്ലായ്മയുടെയോ ഭാവം കാണാമായിരുന്നു. അന്ധനായിരുന്ന അവന്റെ കൺപോളകൾ കൂടിച്ചേർന്നിരുന്നതിനാൽ സീറ്റുകളിലും മറ്റും തപ്പി പിടിച്ചായിരുന്നു അവന്റെ വരവ്. 

പിന്നിലത്തെ ബോഗിയിൽ നിന്ന്, ട്രെയിനിന്റെ പിന്നണി ഗാനമല്ലാതെ പിന്നണിയൊന്നുമില്ലാതെ മുഹമ്മദ് റഫിയുടെ പ്രശസ്തമായ -

" ബഹാരോം ഫൂല് ബർസാവോ,

മേരാ മഹ്ബൂബാ ആയാ ഹേ....  

മേരാ മഹ്ബൂബാ ആയാ ഹേ....." എന്ന പാട്ട് പാടിക്കൊണ്ടായിരുന്നു അവന്റെ വരവ്.

ഇന്നലെവരെ ഇങ്ങനെയായിരുന്നു അവന്റെയും അവളുടെയും ആഗമനം. അവരിരുവരും സംഗമിച്ചിരുന്നത്, ഞാനെന്നും സ്ഥാനം പിടിക്കാറുണ്ടായിരുന്ന ബോഗിയുടെ മധ്യത്തിലായിരുന്നു. ഞാനിരിക്കാറുള്ള സ്ഥലത്ത് വെച്ച് അവൾ പാട്ട് നിർത്താതെ തന്നെ അവനെയൊന്ന് നോക്കുമായിരുന്നു. അവൾ നോക്കുന്നത് അവൻ കാണുമായിരുന്നില്ല. എന്നാൽ, ഉൾക്കണ്ണിലൂടെ ശബ്ദത്തിന്റെ ഉറവിടം തിരിച്ചറിഞ്ഞ് അവൻ മന്ദഹസിക്കുന്നതായി തോന്നിയിരുന്നു. പിന്നീടവർ നേർ ദിശകളിലേക്ക് പോകുകയാണുണ്ടായിരുന്നത്.  

Read also: ' ഒപ്പനയുടെ ലിസ്റ്റ് വന്നപ്പോൾ എന്റെ പേരില്ല, കാരണം നിറം തന്നെ...'; കറുപ്പായതിൽ അവഗണന, കളിയാക്കലുകൾ

ഇന്നലെ വരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായി ഇന്നവൾ അവന്റെ കൈയ്യും പിടിച്ചു കൊണ്ടായിരുന്നു വന്നത്. 

അവൻ അലിവുള്ള സ്വരത്തിൽ പാടി -

"പർദേശി പർദേശി ജാനാ നഹീം....

മുച്ഛേ ചോഡ് കേ,

മുച്ഛേ ചോഡ് കേ...." 

അവൾ ഗംഭീരവും ആനന്ദകരവുമായി ഹാർമോണിയം പാടിപ്പിച്ച് കൊണ്ട് അതേറ്റ് പാടി. അവസാനം അവരിവരും ഒന്നിച്ച് പാടി -

"പർദേസി മേരേ യാരാ വാദാ നിഭാനാ, 

ഹമേം യാദ് രഖനാ ഫൂല് ന ജാനാ ....."

യാത്രികരെയെല്ലാം തഴുകി കൊണ്ടായിരുന്നു അവരുടെ സംഗീതം ഒന്നായി മുന്നോട്ട് പ്രവഹിച്ച് കൊണ്ടിരുന്നത്. 

Content Summary: Malayalam Story ' Avanum Avalum Avarude Manachithravum ' written by B L Pillai Kolichal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com