ADVERTISEMENT

ക്രിസ്മസ് വെക്കേഷൻ തുടങ്ങുന്നതിനു രണ്ടു ദിവസം മുൻപ്, അവസാന വർഷ എം കോം ക്ലാസ്സിലെ എന്റെ ക്ലാസ്സ്‌ സമയം. അന്ന് ആ ക്ലാസ്സിലെ ഒരു വിദ്യാർഥിയോട് ഞാൻ സെമിനാർ എടുക്കാൻ ആവശ്യപ്പെട്ടു. പെട്ടെന്ന് ക്ലാസ്സിൽ കയറി പറഞ്ഞതല്ല.  മൂന്നാം സെമസ്റ്റർ ക്ലാസ്സ്‌ തുടങ്ങി രണ്ട് ആഴ്ചയ്ക്ക് ശേഷം നൽകിയ പാഠഭാഗം, ഞാൻ പഠിപ്പിച്ചു കഴിഞ്ഞതിനു ശേഷമാണ് ക്ലാസ്സ്‌ എടുക്കാൻ ആവശ്യപ്പെട്ടത്. ഞാൻ ആ യുവാവിനെ തൽക്കാലം ശ്രീജിത്ത്‌ എന്നു പരിചയപ്പെടുത്തുന്നു. സെമിനാർ തുടങ്ങാൻ കാത്തുകൊണ്ട്, ക്ലാസ്സിൽ ഞാൻ ഏറ്റവും പുറകുവശത്തെ കസേരയിൽ ഇരുന്നു. "ശ്രീജിത്ത്‌ റെഡിയല്ലേ?" "ഉം.." ഞാൻ ഇരുന്നതിന്റെ തൊട്ടു മുന്നിലെ വരിയിൽ നിന്നും ഞരക്കം പോലൊരു മൂളൽ കേട്ടു. "ഓക്കേ, തുടങ്ങിക്കോളൂ.." ഏതാനും നിമിഷം കഴിഞ്ഞും അനക്കം ഒന്നുമില്ല എന്നു കണ്ട് ഞാൻ തല ഉയർത്തി നോക്കിയപ്പോഴും ശ്രീജിത്ത്‌ കസേരയിൽ നിന്നും അനങ്ങുന്നില്ല. "ശ്രീജിത്ത്‌ എഴുന്നേറ്റു തുടങ്ങിക്കോളൂ.. സമയം പോകുന്നു." "ഡാ, നിന്റെ പേരല്ലേ ശ്രീജിത്ത്‌.. മിസ്സ്‌ പറഞ്ഞത് കേട്ടില്ലേ? എഴുന്നേറ്റു ചെല്ല്.." അടുത്തിരിക്കുന്ന മറ്റൊരു വിദ്യാർഥി അവനെ നിർബന്ധിച്ചു. എങ്ങനെയോ ബദ്ധപ്പെട്ട് ശ്രീജിത്ത്‌ എഴുന്നേറ്റു.. ഞാൻ സാകൂതം നോക്കിയിരുന്നു.

ശ്രീജിത്ത്‌ ക്ലാസ്സിന്റെ മുൻവശത്തേക്ക് ചെന്നു. കൈയ്യിലിരുന്ന പേപ്പർ നിവർത്തി പിടിച്ചു. ഞാൻ സൂക്ഷിച്ചു നോക്കുമ്പോൾ അവന്റെ കൈകൾ വല്ലാതെ വിറക്കുന്നുണ്ട്.  കൈയ്യിൽ പിടിച്ച പേപ്പർ വിറയൽ കാരണം ഇളകുന്നുണ്ട്. ഞാൻ ശ്രദ്ധിച്ചപ്പോൾ ക്ലാസ്സിലെ മുഴുവൻ കുട്ടികളും നിശബ്ദരായി ഇരിക്കുന്നു. വിറയലിനിടയിൽ, ശ്രീജിത്ത്‌ പോക്കറ്റിൽ നിന്ന് കൈലേസ് എടുത്ത് മുഖത്തെ വിയർപ്പ് ഒപ്പി. അവൻ ക്ലാസ്സ്‌ എടുക്കുന്ന ലക്ഷണം കാണാഞ്ഞ്, ഞാൻ എഴുന്നേറ്റു അവന്റെ അരികിലേക്ക് ചെന്നു. "ശ്രീജിത്ത്‌, നീ ആ പേപ്പറിൽ എഴുതിക്കൊണ്ട് വന്നത് വായിച്ച്, അതിന്റെ അർഥം പറഞ്ഞിട്ട് പൊയ്ക്കോ.." "ഉം..." ഞരക്കം വീണ്ടും കേട്ടു. അവൻ വായിക്കാൻ ശ്രമിച്ചിട്ടും ഒരു വാക്ക് പോലും പറയാൻ സാധിക്കുന്നില്ല. മുന്നിൽ ഇരിക്കുന്ന കുട്ടികളെ മുഖമുയർത്തി നോക്കാൻ കഴിയുന്നില്ല. ഞാൻ അടുത്ത് നിൽക്കുമ്പോഴും അവന്റെ കൈകളിലെ പേപ്പർ വിറയ്ക്കുന്നു. നെറ്റിയുടെ ഇരുവശത്തും വിയർപ്പ് ഉരുണ്ട് കൂടി, പരവേശപ്പെട്ടു നിൽക്കുന്ന യുവാവ്. ഒരു അഞ്ച് മിനിറ്റ് അതെ നിൽപ്പ് നിന്നാൽ അവൻ ബോധമറ്റ് വീണേക്കും എന്നു തോന്നി. "ശ്രീജിത്ത്‌ പോയിരിക്ക്.. നാളെ റെഡിയായി വന്ന് ക്ലാസ്സ്‌ എടുക്കണം.." "ഉം.." കുനിഞ്ഞ ശിരസ്സോടെ ആരുടേയും മുഖത്തു നോക്കാതെ അവൻ പോയി സീറ്റിൽ ഇരുന്നു. എന്തായാലും അടുത്ത രണ്ടു ദിവസം അവൻ ക്ലാസ്സിൽ വന്നില്ല.  പേടിച്ചു പനി പിടിച്ചു കാണുമെന്ന് മറ്റു കുട്ടികൾ കളിയായി പറഞ്ഞു.

Read also: ' അമ്മ വിവാഹം കഴിക്കണം, എന്നിട്ടേ എനിക്കൊരു ജീവിതമുള്ളു...', മകളുടെ വാക്കുകൾ ഇടിത്തീ പോലെ അവർക്കു തോന്നി

പന്ത്രണ്ടു വർഷം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി, ശേഷം മൂന്ന് വർഷം ബിരുദപഠനവും കഴിഞ്ഞാണ് പി ജി പഠിക്കാൻ കുട്ടികൾ എത്തുക. ഇരുപത്തി രണ്ട് വയസ്സ് പ്രായം കാണും! ഒരു ചെറിയ ഓഡിയൻസിനെ നോക്കി സംസാരിക്കാൻ കഴിയാതെ, എന്തിനേറെ മുഖമുയർത്തി നേരെ നോക്കി നിവർന്നു നിൽക്കാൻ കഴിയാതെ വിറച്ചും വിയർത്തും നിന്ന ആ യുവാവിനെ ഓർത്ത് എനിക്ക് സങ്കടം തോന്നി. അവനിലേക്ക് മാത്രം ഒതുങ്ങിയ ഒരു ലോകം അവൻ ചുറ്റും തീർത്തിട്ടുണ്ടാകാം. ഓക്കേ നല്ലത്.. മറ്റാരെയും ശല്യപ്പെടുത്താതെ അവൻ അവന്റെ ലോകത്തു ജീവിച്ചു പോകുന്നു. അതും നല്ലത്.. ആയുസ് മുഴുവൻ അങ്ങനെ ജീവിക്കാൻ തയാറാണെങ്കിൽ വേറെ പ്രശ്നം ഒന്നുമില്ല. പക്ഷേ എന്നെങ്കിലും ഒരു പങ്കാളി വേണം എന്നു തോന്നിയാൽ പണി പാളും! അത് ഒരു പെൺകുട്ടിയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആയിരിക്കും തീർച്ച. ഞാൻ ഇത് എഴുതുമ്പോൾ എന്റെ ഒരു കസിൻ ചേച്ചിയെ വിവാഹം കഴിച്ച ചേട്ടനെ കുറിച്ച് ഓർക്കുന്നു. പുള്ളിക്കാരൻ ഒരു ഐ ടി പ്രൊഫഷണൽ ആണ്. ചേച്ചി നാട്ടുമ്പുറത്തു ജനിച്ചു വളർന്നയാളും.

കാൽക്കുലേറ്ററിന്റെ കണ്ടുപിടുത്തം നൽകിയ അത്ഭുതത്തിൽ നിന്നും നാട്ടുകാർ മുക്തരായിട്ടില്ലാത്ത കാലം! ചാൾസ് ബാബേജ് കംപ്യൂട്ടർ എന്നൊരു കുണ്ടാമണ്ടി കണ്ടുപിടിച്ച വാർത്ത പോലും അക്കാലത്ത് ഞങ്ങടെ നാട്ടിൽ ആരും അറിഞ്ഞിട്ടില്ല! അങ്ങനെയുള്ള കാലത്തായിരുന്നു ആ വിവാഹം. ചേച്ചി പട്ടണത്തിൽ പഠിച്ച്, ഉയർന്ന വിദ്യാഭ്യാസം ഉള്ളത് കൊണ്ടു മാത്രമാകണം ചേട്ടൻ, ചേച്ചിയെ കല്യാണം കഴിച്ചത്. അല്ലാതെ ആ കുഗ്രാമത്തിൽ നിന്നും കെട്ടാൻ വേറെ ന്യായം ഒന്നുമില്ല! അപ്പൊ പറഞ്ഞു വന്നത് എന്തെന്നാൽ, ആ ചേട്ടനും ഈ ശ്രീജിത്തിന്റെ പോൽ ഒരു അസ്കിത ഉണ്ടോന്നൊരു സംശയം. ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ട് സിൽവർ ജൂബിലി ആഘോഷിക്കാറായി. എന്നിട്ടും ചേട്ടൻ ഇപ്പോഴും ശ്രീജിത്ത്‌ നിന്നതിന്റെ ലേശം മാറി നിൽക്കുന്നു, അത്ര തന്നെ. കുറച്ചു കാലം പഴക്കം ഉണ്ടെങ്കിലും ഇപ്പോഴും ഞാൻ ഓർക്കുന്നു, വിവാഹം കഴിഞ്ഞു ആദ്യ വിരുന്നിനു ചേട്ടനും ചേച്ചിയും വീട്ടിലേക്കു വന്നത്. വീട്ടുകാരും അടുത്ത ബന്ധുക്കളുമായി കുറച്ചു പേർ അവിടെ ഉണ്ട്. വീടെത്തിയപ്പോൾ സ്വാഭാവികമായും ചേച്ചി സ്വജനങ്ങൾക്കിടയിൽ മുങ്ങി. ചേട്ടൻ വീടിനുള്ളിലേക്ക് കയറിയപ്പോൾ പെട്ടെന്ന് മോഹൻലാൽ സ്റ്റൈൽ കൈവന്നു. ഇടതു വശത്തു ഒരു ചായ്‌വ്. ആ ചാഞ്ഞ ഭാഗം നിവർന്നപ്പോൾ കൈയ്യിൽ പത്രം!

Read also: കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിൽ, ഗ്യാസ് ട്രബിളെന്ന് ആശ്വസിപ്പിച്ച് ഡോക്ടർ; മരണം മുന്നിൽക്കണ്ട നിമിഷം

കമ്പ്യൂട്ടറിൽ പെരുമാറുന്ന ഒരു മനുഷ്യനെ ആദ്യമായി ജീവനോടെ അത്രയും അടുത്ത് കാണുന്ന ആ വീട്ടുകാർ നാലു ഭാഗത്തും നിന്നെത്തി നോക്കി തൃപ്തിയടഞ്ഞു.  അമ്മാവന്മാരും അനന്തരവന്മാരും അടുത്ത് കൂടി. എവിടെ? മണലിൽ മുഖം പൂഴ്ത്തിയ ഒട്ടകപക്ഷിയെ പോലെ പത്രത്തിൽ മുഖം പൂഴ്ത്തിയ മനുഷ്യൻ ഒന്ന് നിവർന്നാലല്ലേ മറ്റു മനുഷ്യർക്ക് ഒന്ന് പല്ലിളിച്ച് കാണിക്കാനെങ്കിലും സാധിക്കൂ! ഒടുവിൽ പത്രം താഴെ വെച്ചത് ആഹാരം കഴിക്കാൻ വല്ല്യമ്മച്ചി വന്നു വിളിച്ച നേരത്താണ്! കഴിക്കാനിരുന്നു. ഭക്ഷണം വായിൽ വെക്കാനല്ലാതെ ചേട്ടൻ വാ തുറക്കില്ല. കഴിച്ചു തീരുന്നതിനിടയിൽ ഒരു വാക്ക് പോലും ഉരിയാടിയില്ല! ആഹാരം കഴിഞ്ഞു.. പുരുഷൻമാർ വീടിന്റെ മുൻവശത്ത് ഇരിപ്പുറപ്പിച്ചു. ചേട്ടനായി സെറ്റി ഒഴിച്ചിട്ടു. സുഖമായി ഇരുന്ന ഉടനെ ചേട്ടൻ പത്രം കൈയ്യിലെടുത്തു വായന തുടങ്ങി! ഞാൻ ഇതൊക്കെ എങ്ങനെ കൃത്യമായി എഴുതുന്നു എന്നൊരു സംശയം തോന്നാം. സ്വാഭാവികം.. എനിക്ക് ആളുകളെ നിരീക്ഷിക്കുന്ന ഒരു സ്വഭാവ സവിശേഷതയുണ്ട്. എന്റെ കഴിവിനോട് അത്രയൊന്നും പ്രതിപത്തി ഇല്ലാത്ത അരസികന്മാർ വായ്നോട്ടം എന്ന് ആക്ഷേപിക്കും. അത് ഞാനങ്ങു ക്ഷമിക്കുന്നത്, ഇതേ പോലുള്ള കഥാപാത്രങ്ങളെ വീണു കിട്ടുന്നത് കൊണ്ട് കൂടിയാണ്.

എന്തായാലും കഴിഞ്ഞ ഇരുപത്തി മൂന്ന് വർഷമായി ചേട്ടൻ വീട്ടിൽ വരുന്നു. പത്രം വായിക്കുന്നു. ഭക്ഷണം കഴിക്കുന്നു എന്നല്ലാതെ "കമ" എന്ന രണ്ടക്ഷരം ആ വീട്ടിൽ ആരോടും മിണ്ടാറില്ല! പത്രം കൈയ്യിൽ തടയാത്ത അവസരങ്ങളിൽ പുള്ളിക്കാരൻ സിറ്റ് ഔട്ടിൽ ഇരുന്ന്, വടക്കേ മൂലയിലെ മണ്ഡരി ബാധിച്ച തെങ്ങിന്റെ മണ്ടയിലേക്ക് സസൂക്ഷ്മം നോക്കും! തെങ്ങിന്റെ മണ്ടയിൽ നിന്ന് റോക്കറ്റ് വിക്ഷേപിക്കാനുള്ള സാധ്യതകളെക്കുറിച്ച് കൂലംകഷമായി ചിന്തിക്കുകയാണെന്നു തോന്നും ഇരുപ്പ് കണ്ടാൽ.. ഓരോ വരവിനും ചേച്ചി ചേട്ടനോട് പരിഭവത്തോടെ ചോദിക്കും, "എന്താ വീട്ടിൽ ആരോടും ഒന്നും മിണ്ടാത്തത്?" "ഞാൻ എന്തു മിണ്ടാനാ?" "എന്തെങ്കിലും നാട്ടു വർത്താനം പറഞ്ഞൂടായിരുന്നോ?" "എനിക്കതൊന്നും അറിയില്ല..." "പത്രത്തിൽ വായിച്ച എന്തെങ്കിലും പറയാരുന്നില്ലേ?" "അവരാരും അതൊന്നും ഇങ്ങോട്ട് പറയാതെ ഞാൻ എങ്ങനെ അങ്ങോട്ട്‌ സംസാരിക്കും... ബ്ലാ ബ്ലാ സംസാരിച്ച് എനിക്ക് ശീലമില്ല." "സംസാരിക്കാൻ വിഷയത്തിനാണോ പഞ്ഞം? മുറ്റത്തോട്ടു ഇറങ്ങി നോക്കിയേ.. എന്തെല്ലാം വിഷയങ്ങൾ! മണ്ഡരി പിടിച്ചു മണ്ട പോയ തെങ്ങ്, റബ്ബർ ഷീറ്റ്, ഒട്ടുകറ, നെല്ല്, പശു, കോഴികൾ.. റബ്ബറിന്റെയും തേങ്ങയുടെയും വിലയിടിവിനെ കുറിച്ച് പറയാല്ലോ? നെല്ലിന്റെ മുഞ്ഞ വീഴൽ കേട്ടിട്ടില്ലേ? ഇതൊക്കെ ചോദിക്കാല്ലോ? അച്ഛന് അതൊരു സന്തോഷം ആയേനെ.." "ഇതൊക്കെ എന്തിനാ എന്നോട് പറയുന്നത്? എനിക്ക് അറിയുന്ന കാര്യങ്ങളെ കുറിച്ച് മാത്രമേ ഞാൻ സംസാരിക്കൂ.. അതിനെ കുറിച്ച് ഇവിടെ ആർക്കും അറിയില്ല... അതുകൊണ്ട് ഞാൻ മിണ്ടാതെ ഇരിക്കുന്നു.. അത്രേയുള്ളൂ.."

Read also: കാലങ്ങളായി ജോലിക്കു വേണ്ടി കാത്തിരിപ്പ്; ജോയിൻ ചെയ്യേണ്ട ദിവസം ഹർത്താൽ, ബസ്സിനു നേരെ കല്ലേറ്

ചേച്ചി ഓരോ പ്രാവശ്യം വിരുന്നു വന്നു പോകുമ്പോഴും ചേട്ടന്റെ അവസ്ഥ തഥൈവ! ഒന്നുകിൽ പത്രം അല്ലെങ്കിൽ മണ്ഡരി പിടിച്ച തെങ്ങ്! ഇവ രണ്ടിനോടും ആ മനുഷ്യൻ എത്ര മണിക്കൂറുകൾ വേണമെങ്കിലും സംവദിക്കും! ഒരു പൊതു ഇടത്തിൽ മൗനം പൂണ്ടു നിൽക്കുന്ന ഇവർ സ്വന്തം വീട്ടിൽ ഭാര്യയുടെയും മക്കളുടെയും മുന്നിൽ വീരകേസരികൾ ആകും. ചൂണ്ടു മർമ്മവും നോക്കു മർമ്മവും പ്രയോഗിക്കാൻ മിടുക്കനായ മർമ്മാണിയും ചില പ്രത്യേക അക്ഷരങ്ങളിൽ തുടങ്ങുന്ന 'അക്ഷര ശ്ലോക' നിപുണനും ആയിരിക്കും. നേരിട്ട് അനുഭവം ഇല്ലാത്ത പലരും ചിന്തിക്കും 'ഓ അയാൾ അയാളുടെ ലോകത്ത് ജീവിക്കുകയല്ലേ? ആർക്കും ശല്യം ഇല്ലല്ലോ.. പിന്നെന്താ പ്രശ്നം..." പ്രശ്നമാണ്. അവർ അവരുടെ മനസ്സിന് ഇണങ്ങിയ ഒരു സർക്കിളിൽ മാത്രമേ സ്വതന്ത്രമായി ഇടപെടൂ.. ആ സർക്കിളിന് വെളിയിൽ ഒരു ലോകമുണ്ടെന്നു അംഗീകരിക്കില്ല.. അങ്ങനെ അല്ലാത്ത ഒരു ആൾക്കൂട്ടത്തിൽ നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ മന്ദിച്ചു നിൽക്കും. ഇത്തരത്തിൽ അവനവനിൽ മാത്രം ഒതുങ്ങുന്നവർക്ക്‌ കുറച്ചു കാലം പിന്നിടുമ്പോൾ സാധാരണ ആളുകളെ പോലെ മറ്റുള്ളവരോട് ഇടപഴകാൻ ബുദ്ധിമുട്ട് ആകും. മിണ്ടിയാൽ അബദ്ധമാകുമോ എന്നൊരു വൈക്ലബ്യം തൊണ്ടയിൽ ഞണ്ട് ഇറുക്കിയത് പോലൊരു വിമ്മിഷ്ടം ഉണ്ടാക്കും.

ആദ്യം തോന്നുന്ന ജാള്യത ജീവിതകാലം മുഴുവൻ പിന്തുടരും. ഒരു ആൾക്കൂട്ടത്തിനിടയിൽ ആസ്വദിച്ചു സംസാരിക്കാൻ കഴിയാതെ, സാധാരണക്കാരന്റെ തമാശകൾ ആസ്വദിക്കാൻ കഴിയാതെ, ആജീവനാന്തം പൈൽസ് പിടിപെട്ടവന്റെ മുറുക്കത്തോടെ ജീവിതം വലിച്ചു നീട്ടേണ്ടി വരുന്നത് എത്ര നിരാശാപൂർണ്ണമായിരിക്കും? അവരുടെ ഒപ്പം ജീവിതം പങ്കിടേണ്ടവരുടെ അവസ്ഥയെ നരകം എന്നെ വിശേഷിപ്പിക്കാൻ കഴിയൂ. നമ്മൾ മറന്നു കൂടാത്ത ഒരു വസ്തുതയുണ്ട്. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. നിരന്തരം ഒരു സമൂഹത്തിനോട് നമ്മൾ ഇടപെടേണ്ടതുണ്ട്. ആരാടാ എന്നൊരാൾ ചോദിച്ചാൽ, 'ഞാനാടാ..' എന്ന് നെഞ്ചിൽ തട്ടി പറഞ്ഞില്ലെങ്കിലും 'ഞാനാണ്' എന്ന് പറയാനുള്ള ആത്മധൈര്യം നൽകി വേണം ഒരു തലമുറയെ വളർത്തിയെടുക്കേണ്ടത്. നമ്മൾ പഠിച്ചതും പണിയെടുക്കുന്നതും ഏത് മേഖലയിലും ആയിക്കൊള്ളട്ടെ, അടിസ്ഥാനപരമായി നമ്മൾ എല്ലാവരും മജ്ജയും മാംസവും കൊണ്ട് സൃഷ്ടിക്കപ്പെട്ട സാധാരണ മനുഷ്യരാണ്.. സങ്കടങ്ങളിൽ കരഞ്ഞും സന്തോഷങ്ങളിൽ ആഹ്ലാദിച്ചും ഏറിയും കുറഞ്ഞും ഒരേ വികാര വിചാരങ്ങളും ബലഹീനതകളും നിറഞ്ഞ മനുഷ്യർ! വളരെ ചുരുങ്ങിയ ആയുസ്സേ നമുക്കൊക്കെയുള്ളൂ.. അതൊരുമാതിരി, ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ദഹനക്കേട് വന്ന മട്ടിൽ വലിച്ചു നീട്ടാതെ മിണ്ടിയും പറഞ്ഞും ഒക്കെ അങ്ങ് പോകാന്നേ..

Content Summary: Malayalam Experience Note ' Arakkitturappicha Chundukal ' Written by Sheeba Prasad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com