ADVERTISEMENT

"ഉത്സവം പകുതി ആയിട്ടല്ലേ ഉള്ളൂ, കഴിയുന്നത് വരെ നിനക്ക് നിന്നുകൂടെ? എത്രയോ കാലമായിരിക്കുന്നു വിദേശത്ത്. നിനക്കെന്താ അവധി കുറച്ചു നീട്ടി വാങ്ങിക്കൂടെ?" അതിനയാൾ മറുപടി പറഞ്ഞില്ല. താൻ മാത്രം നിയന്ത്രിക്കുന്നതല്ല തന്റെ ജീവിതം എന്നുറപ്പുള്ളതിനാൽ തന്റെ മറുപടികൾ മറ്റുള്ളവർക്ക് ദഹിക്കണമെന്നുമില്ല.

ഒരിക്കൽ വിദേശത്തേക്ക് പറന്നാൽ അവൻ അടിമയാണ്, വെറും അടിമ. ശരിയാണ് ജോലി ചെയ്യുന്നതിനാണ് ശമ്പളം കിട്ടുന്നത്. എന്നാൽ അവനവന് ഇഷ്ടമായ രീതിയിൽ ജീവിക്കണമെങ്കിൽ അവനവൻ സാമ്പത്തികമായി സ്വതന്ത്രനായേ പറ്റൂ. 

നാട്ടിലെ ഉത്സവങ്ങളും ആഘോഷങ്ങളും ആനന്ദിക്കാൻ താൻ മറന്നുപോയിരിക്കുന്നു. പഞ്ചാരിമേളത്തിനൊപ്പം നാട്ടിലുള്ളവർ താളം പിടിക്കുമ്പോൾ തന്റെ കൈകളും വിരലുകളും മരവിച്ചു പോയിരിക്കുന്നു. ആമോദങ്ങൾ അനുഭവിക്കാൻ നാം വീണ്ടും പഠിക്കേണ്ടിയിരിക്കുന്നു, എഴുത്തുകാരൻ അഷ്‌റഫ് സി. യുടെ വാക്കുകൾ ഓർമ്മ വന്നു. ജീവിതം അക്ഷോഭ്യമായി നേരിടുക മാത്രമല്ല അതിലെ ആഹ്‌ളാദം അനുഭവിക്കാനും പഠിക്കണം.

താനെല്ലാം മറന്നു പോയിരിക്കുന്നു, ജീവിക്കാൻ പോലും. തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ഊളയിട്ട് അവസാനം കടലിൽ മുങ്ങിപ്പോകാനുള്ളതാണ് തന്റെ ജീവിതം. സമാധാനം തേടി നടക്കുന്ന താൻ ഇപ്പോൾ ശൂന്യതയുടെ മലമുകളിലാണ്.

കിട്ടിയ നാലു ദിവസവും താൻ അമ്പലത്തിൽ തന്നെയായിരുന്നു. കുലീപിനിതീർത്ഥം വലംവെച്ചു വന്ന് കൂത്തമ്പലത്തിൻറെ പടികളിലിരുന്നാണ് "കുലീപിനിയിലെ മന്ത്രധ്വനികൾ" എഴുതിയത്. സംഗമേശ സന്നിധിയിൽ ഇരുന്നെഴുതാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. മൊബൈലിൽ എഴുതിക്കൊണ്ടിരുന്ന തന്നെ രമേശ് മേനോൻ കണ്ടിരുന്നു. "നീ എഴുതുകയാണെന്ന് മനസ്സിലായി, അതിനാൽ നിന്നെ വിളിച്ചില്ല, നാളെ കാണാം" എന്ന സന്ദേശം കണ്ടിരുന്നു.

എന്റെ ജീവിതം എന്താണ് ഇങ്ങനെ, തുടങ്ങിയ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ എനിക്ക് ചുറ്റും എന്നെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിലും, സുഹൃത്ത് സുനിൽ പൂവേലി പറയുന്നത് പോലെ, നിന്റെ ജീവിതം മുമ്പേ എഴുതപ്പെട്ടതാണ്, ദൈവം നിന്നെ അതിലേക്കു നയിക്കുക തന്നെ ചെയ്യും, അത് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. നിന്റെ ജീവിതത്തിൽ പ്രത്യക്ഷപ്പെടുന്ന ഓരോരുത്തർക്കും കൃത്യമായ കർത്തവ്യങ്ങൾ നിന്റെ ജീവിതത്തിൽ ചെയ്തുതീർക്കാനുണ്ട്. അവർ വരിവരിയായി നിന്നിലേക്ക്‌ വരിക തന്നെ ചെയ്യും.

ശരിയാണ്, എന്റെ ജീവിതത്തിൻറെ നിയന്ത്രണങ്ങൾ എങ്ങിനെയാണ് എവിടെയാണ് എന്നൊക്കെ ഞാനെന്നും ചിന്തിക്കാറുണ്ട്. എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും ഞാൻ പലപ്പോഴും എന്റെ യാത്രകൾ, പ്രവൃത്തികൾ എല്ലാം കൃത്യമായി ചെയ്‌തു തീർക്കാറുണ്ട്. അത് തന്നെയാണാല്ലോ തന്റെ പ്രശ്നവും, ഒന്നും മാറ്റിവെക്കാതെ മുന്നേറുക, എന്നാൽ ചില സമയത്ത് എല്ലാം ജീവിതത്തിനും സമയത്തിനുമായി വിട്ടുകൊടുക്കുക. എല്ലാവരും അങ്ങനെയാണോ? ജീവിതത്തിൽ ഇടിച്ചു കയറുന്നവർ മാത്രമാണോ വിജയിക്കുന്നത്? അല്ലെങ്കിൽ വിജയത്തിന്റെ അളവുകോലുകൾ എന്തൊക്കെയാണ്? താനതിന്റെ താഴേപ്പടിയിലെങ്കിലും എത്തിയിട്ടുണ്ടോ?

ശീവേലി കൊട്ടിക്കഴിഞ്ഞാണ് താൻ മടങ്ങിയത് തന്നെ. ഇനി തുണികളെല്ലാം ബാഗിലേക്ക് വെക്കണം. അതുകഴിഞ്ഞു രണ്ടു തവണ വീണ്ടും ഇരിഞ്ഞാലക്കുടയിലേക്ക് ഓടേണ്ടി വന്നു. നേരം വൈകിയാണ് തയ്യാറായത്. ഭക്ഷണം കഴിക്കാൻ നേരമില്ല. പൊതിച്ചോറ് കെട്ടിയേക്കാൻ പറഞ്ഞപ്പോൾ എവിടെയിരുന്നു കഴിക്കും എന്നായി. നാട്ടിലെ അവസാന ഭക്ഷണമാണ്, ആ സ്വാദും മണവും നഷ്ടപ്പെടുത്താൻ തോന്നിയില്ല. ബാഗിൽ വെക്കാം, എവിടെയെങ്കിലും താൻ സ്ഥലം കണ്ടെത്തും.

വഴിയിൽ നിറയെ പ്രതിബന്ധങ്ങൾ. വിമാനത്താവളത്തിൽ എത്താനുള്ള സമയം വൈകുന്നു. ഹൈവേയിൽ നിന്ന് മാറി ചെറുറോഡുകളിലൂടെ വേഗം പാഞ്ഞു. ഒന്നരമണിക്കൂർ മുമ്പേ എത്തിയതിനാൽ രക്ഷപ്പെട്ടു. എല്ലാ യാത്രക്കാരും വഴിയിലെ പ്രതിബന്ധങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. കാത്തിരിപ്പുമുറിയുടെ ഒരു മൂലയിലിരുന്ന്, പൊതിച്ചോറ് തുറന്നു കഴിച്ചു. ആ മണവും രുചിയും ആവോളം ഹൃദയത്തിലേക്കും ആത്മാവിലേക്കും വലിച്ചെടുത്തു.

വിമാനത്തിലേക്ക് കയറുവാനുള്ള അറിയിപ്പ് വന്നു കഴിഞ്ഞു. എല്ലാ കോലാഹലങ്ങളും അവസാനിക്കുന്നു. നാളത്തെ ഉത്സവം മരുഭൂമിയിലാണ്.

Content Summary: Malayalam Short Story 'Kolahalangal' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com