ADVERTISEMENT

ചില യാത്രകളിൽ നമുക്കിറക്കിവെക്കേണ്ടി വരുന്ന കനത്തിന് വല്ലാത്ത തൂക്കമാണ്. ഓർമ്മകളെ ഒളിപ്പിച്ച് വച്ചിട്ടാണ് പലയാത്രകളും പുറപ്പെടാറ്. ഭാരമില്ലാത്തൊരു ബാഗിൽ, നിറയെ സ്വപ്നങ്ങളുമായി യാത്ര പോവണം. ആകാശത്തിന്റെ അകലം കുറയ്ക്കുകയാണ് നക്ഷത്രങ്ങൾ. വഴികൾക്ക് ഗുരുവെന്നൊരു വിളിപ്പേരുണ്ട്. കാണാത്ത മുഖങ്ങളെയും കാഴ്ച്ചകളെയും ചേർത്ത് പിടിച്ച് അവർ നമ്മളെ അങ്ങ് കൊണ്ട് പോകും. ഈ അടുത്തായി കാരണമറിയാതെ കൂടെ കൂടിയ കാറ്റിന്റെ പേരാണ് കാസർകോഡ്. കാണാനെന്തുണ്ടെന്ന് അന്വേഷിച്ചപ്പോൾ കുറേ വെയിലുണ്ടെന്നായിരുന്നു മറുപടി. തിരിച്ചിറങ്ങേണ്ടതും വെയിലത്തേക്കായത് കൊണ്ട് കാണാത്ത പാടം തേടി വണ്ടി കയറി. അപരിചിതമായ സ്ഥലങ്ങളിലെ പരിചയങ്ങൾ ആകസ്മികമാവണമെന്നില്ല. മനുഷ്യനൊഴികെ എല്ലാ ജീവജാലങ്ങൾക്കും ഒരേ മുഖമാകുന്നു. കരയും കടലും കാറ്റും ഇലകളും ഇരുട്ടും വെളിച്ചവുമെല്ലാം എല്ലായിടത്തും ഒന്ന് തന്നെ. ഗർഭമലസിപ്പോയ കാർമേഘങ്ങൾ നാട് വിടുന്ന കാഴ്ച്ചയ്ക്ക് എന്തൊരു നൊമ്പരമാണ്. എന്നിട്ടും ചില ദേശങ്ങളോട് നമുക്കിഷ്ടം തോന്നാറുണ്ട്. ചില മുഖങ്ങളോട് പ്രണയവും..

ആദ്യത്തെ തീവണ്ടിയാത്ര ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. വലിയ അലർജിക്കാരനായിരുന്നു അപ്പൻ. ആയുർവേദമൊക്കെ പരാജയപ്പെട്ടപ്പോൾ ആരോ പറഞ്ഞാണ് തിരുവനന്തപുരത്തുള്ള പുലയനാർകോട്ടയിലേക്ക് ചികിത്സയ്ക്കായി പോകുന്നത്. അവധിക്കാലമായതുകൊണ്ട് അപ്പന്റെ നല്ല മനസ്സ് എന്നെയും കൂടെക്കൂട്ടി. ഉച്ചയ്ക്ക് ഒന്നേമുക്കാലിന് നോർത്തിൽ നിന്നും പുറപ്പെടുന്ന പരശുറാം എക്സ്പ്രസ്സ്‌ ഏഴ് മണിയോടെ തലസ്ഥാനത്തെത്തും. വഴിവക്കുകളൊന്നും അന്ന് ഇന്നത്തെ പോലെ വികസിച്ചിട്ടില്ല. കൽക്കരി യുഗം കഴിഞ്ഞതുകൊണ്ട് കരിയെ പേടിക്കാതെ ജനലുകൾ തുറന്നിട്ടാണ് യാത്ര. പണികളൊക്കെ ഒതുക്കി സമാധാനമായി പറമ്പിൽ നിന്ന് പല്ല് തേക്കുന്ന പെണ്ണുങ്ങൾക്ക് പ്രഭാത ഭക്ഷണമൊന്നും പതിവുണ്ടാവാൻ വഴിയില്ല. വാടിത്തുടങ്ങിയ വെയിലിന്റെ മറയിലിരുന്ന് പന്നിമലർത്തുകയാണ് വേറെ ചില മനുഷ്യർ. അടഞ്ഞ ഗെയ്റ്റുകൾക്ക് പിന്നിൽ അക്ഷമരായി നിൽക്കുന്ന സൈക്കിളുകളും, സ്കൂട്ടറുകളും, ചിലയിടങ്ങളിൽ അംബാസിഡർ കാറുകളും. ജീവനില്ലെന്ന് പറഞ്ഞു പഠിപ്പിച്ചിരുന്ന പലതും പുറകിലേക്കോടുന്നു. പ്രപഞ്ചത്തിലെ ഏറ്റവും വലിയ അതിശയത്തിന്റെ പേരാകുന്നു ചലനം.

ആകാശവും അവധിയുടെ ആലസ്യത്തിലാവണം. കളിയും കറക്കവുമൊക്കെ കഴിഞ്ഞ്, ഇരുട്ട് കൂട്ടിൽ കയറാനെത്തിയിട്ടുണ്ട്. കൊല്ലമെത്തിയപ്പോൾ വണ്ടി ഏതാണ്ട് കാലിയായി. ഒഴിഞ്ഞ് കിടന്നിരുന്ന ഞങ്ങളുടെ എതിർ സീറ്റിൽ ഒരു പെൺകുട്ടിയും അവളുടെ ഉപ്പൂപ്പയും വന്നിരുന്നു. ഏതാണ്ട് എന്റെ അതേ പ്രായമുള്ള അവൾക്ക് വലിയ കണ്ണുകളും കുറേ മുടിയുമുണ്ടായിരുന്നു. പുരികത്തിന് മുകളിലായി കുറേ പൊട്ടുകൾ വരച്ച് വച്ചിരിക്കുന്നവളെ കണ്ടപ്പോൾ ഉള്ളിൽ ചിരിപൊട്ടിയെങ്കിലും മിണ്ടിയില്ല. മകളുടെ കുട്ടിയാണെന്നും കുറച്ച് ദിവസം കൂടെ നിർത്താനായി കൊണ്ടുപോവുകയാണെന്നും മുഖത്തെ കോപ്രായങ്ങൾ സ്വന്തമാണെന്നും ഉപ്പൂപ്പ പറഞ്ഞപ്പോൾ അപ്പന് ചിരി വന്നു. ഇടയ്ക്കുള്ള നോട്ടങ്ങളല്ലാതെ യാത്രയിലുടനീളം ഞങ്ങൾ മിണ്ടിയില്ല. അപ്പനും ഉപ്പൂപ്പയും വലുതും ചെറുതുമായ ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്നുണ്ട്. എനിക്ക് മുൻപേ ഇറങ്ങിയവൾ വെച്ച് നീട്ടിയ തേൻ മിട്ടായി കാത്തിരുന്നത് പോലെയാണ് ഞാൻ വാങ്ങിയത്. ഒപ്പം എനിക്ക് വേണ്ടി അവൾ കളഞ്ഞിട്ട് പോയ ഒരു മുടിയിഴയും.. രഹസ്യങ്ങളെ ഒളിപ്പിച്ചുവയ്ക്കാൻ വല്ലാത്തൊരു സുഖമുണ്ട്. ഒരർഥത്തിൽ ഒരു കുന്ന് രഹസ്യങ്ങളല്ലേ നമ്മുടെയൊക്കെ ജീവിതം.

ഒരു മുടിനാരിന് ഇത്രയും ഭാരമുണ്ടെന്നറിഞ്ഞ നാളുകളായിരുന്നു പിന്നീടങ്ങോട്ട്. വലിയ വസ്തുക്കളെ ഒളിപ്പിച്ചുവെയ്ക്കാൻ പിന്നെയും എളുപ്പമാണ്. അതിനുശേഷം ഒരിക്കൽ പോലും ഞാൻ തേൻ മിട്ടായി കഴിച്ചിട്ടില്ല. മധുരമുള്ളൊരു നുണയായി ഇന്നിപ്പോൾ പ്രമേഹവും കൂട്ടിനുണ്ട്. ജീവനുള്ളതെന്തോ കൂടെയുണ്ടെന്നുള്ള തോന്നലിൽ ഞാൻ വളർന്നു. പണ്ടേതോ ഗുരു പറഞ്ഞതുപോലെ, എല്ലാ സത്യവും നമ്മൾ വിളിച്ചുപറയേണ്ടതില്ല. പക്ഷെ പറയുന്നത് സത്യമായിരിക്കണമെന്ന് മാത്രം. അങ്ങനെ ആർക്കും ദ്രോഹമില്ലാത്തൊരു രഹസ്യമായി ആ മുടിനാരും വളരുകയാണ്. കടന്നു പോകുന്ന ഓരോ മഴയും വെയിലും മാമ്പഴക്കാലവും അവളറിയുന്നുണ്ട്. തൊടിയിൽ പൂക്കൾ വിടരുമ്പോൾ കൂടെപ്പിറപ്പുകളോട് അവൾക്ക് കുശുമ്പ് തോന്നും. പട്ടുതുണിയാൽ പൊതിഞ്ഞ് പേഴ്സിന്റെ ഉള്ളറയിൽ ഉറങ്ങിക്കിടക്കുന്നവളെ ഞാൻ ഇടയ്ക്കുണർത്താറുണ്ട്. പുതുപ്പെണ്ണിന്റെ പ്രണയ വായ്പോടെ എന്നെ നോക്കുന്നവളോട് ഞാനപ്പോൾ ഇങ്ങനെ പറയും.. ഇയ്യ് അയില് ബേജാറാവാൻ ഒന്നൂല്യ. അന്റെ തൊണക്കാരുടെ വിധിം അങ്ങനെന്ന്യ.. മറഞ്ഞിരിക്കുമ്പോൾ സംഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പേരാവണം മരണം.

തീവണ്ടിയിറങ്ങുമ്പോൾ തണുത്ത പെട്ടിയിൽ നിന്നും തീച്ചട്ടിയിലേക്കിറങ്ങിയത് പോലെ.. പട്ടണത്തിൽ നിന്നും ദൂരെ മാറി പഴമയിൽ താമസിക്കണമെന്ന് പറഞ്ഞ പ്രകാരം കൂട്ടുകാരൻ എല്ലാം ഒരുക്കിയിട്ടുണ്ട്. സമപ്രായക്കാരനായ ഓട്ടോ ഡ്രൈവറുടെ പുരികമൊക്കെ നരച്ച് തുടങ്ങിയിരിക്കുന്നു. മൂന്ന് വർഷം മുൻപ് കടൽ കൊണ്ടുപോയ മകന്റെ ഓർമ്മകളിൽ നിന്നും ആ  കുടുംബം  ഇനിയും കര കയറിയിട്ടില്ല. അതുകൊണ്ടാവണം കടലിനെക്കുറിച്ച് പറയാതെ, നാട്ടിലെ പുഴകളെക്കുറിച്ച് ആ മനുഷ്യൻ  വാചാലനാകുന്നത്. ചന്ദ്രഗിരിപ്പുഴ ശരിക്കും സുന്ദരി തന്നെ. ചുറ്റും പൊതിഞ്ഞുനിൽക്കുന്ന പച്ച മരങ്ങളുടെ നിറമാണ് അവളുടെ മുഖത്തിന്‌. അറബിക്കടലിന്റെ അതിര് പോലെ തലയുയർത്തി നിൽക്കുകയാണ് ബേക്കൽ കോട്ട. അലസ സൗന്ദര്യത്തിന്റെ പ്രതീകമായി ആയിരക്കണക്കിന് പർദ്ദകൾ ബീച്ചിൽ ഒഴുകി നടക്കുന്നു. വലിയ തറവാട് വീടുകളും ക്ഷേത്രങ്ങളും മുസ്ലിം പള്ളികളും ഒരു മത സൗഹാർദ്ദത്തിന്റെ മണം വിതറുന്നുണ്ട്. ബന്തടുക്കയിലും പാണത്തൂരുമുള്ള മലകളെ ഇലകളാക്കിയ കഥകളാണ് അവിടെയുള്ള കുടിയേറ്റ ക്രിസ്ത്യാനികൾക്ക് പറയാനുള്ളത്. ഞായറാഴ്ചക്കുർബാന കണ്ടിറങ്ങുമ്പോൾ പരിചയമുള്ളതുപോലെ പുഞ്ചിരിക്കുകയാണ് പല മുഖങ്ങളും.. പള്ളിമണികൾക്ക് എല്ലാ നാട്ടിലും ഒരേ ശബ്ദമാകുന്നു.

പറയാതെ പെയ്ത വേനൽ മഴയിൽ കണ്ണ് നനഞ്ഞത് റസാക്കിന്റെയാണ്. ഒരു ദിവസം മുഴുവനും കൂടെയുണ്ടായിരുന്ന യാത്രക്കാരന് മടങ്ങാൻ സമയമായിരിക്കുന്നു. നാളെ മറക്കുമെന്നുറപ്പുള്ള സൗഹൃദങ്ങൾ നമ്മെ എന്തിനാണിങ്ങനെ വേദനിപ്പിക്കുന്നത്? പൊരിച്ച മീൻ കൂട്ടിയുള്ള ഉച്ചയൂണിന്റെ പണം അയാൾ കൊടുത്തു.  എന്നോടൊപ്പം തീവണ്ടിക്കുള്ളിൽ കയറി, എല്ലാം ഒതുക്കി വെച്ചിട്ടാണ് റസാക്ക് പോയത്. എന്തോ യാത്ര പറയാൻ ഞങ്ങൾ രണ്ടാൾക്കും തോന്നിയില്ല. സ്ഥലങ്ങളുടെ പ്രാധാന്യമോ ദൈർഘ്യമോ യാത്രകളെ മനോഹരമാക്കാറില്ല. ചങ്കിനുള്ളിൽ ചുരുണ്ട് കൂടുന്ന കുറേ ഓർമ്മകളും പുതുമകളുമാണ് അവയെ സുന്ദരമാക്കുന്നത്. വണ്ടി അനങ്ങിത്തുടങ്ങിയപ്പോഴാണ് അവർ എതിർ വശത്തുള്ള സീറ്റിൽ വന്നിരുന്നത്. വലിയ കണ്ണുകളും നിറയെ മുടിയുമുള്ള ഒരു സുന്ദരിക്കുട്ടിയും അവളുടെ ഉപ്പുപ്പയും. പുരികത്തിന് മുകളിലായി കുറേ പൊട്ടുകൾ വരച്ചിരിക്കുന്നവളെ കണ്ടപ്പോൾ എനിക്ക് ചിരിയടക്കാനാവുന്നില്ല. മകളുടെ കുട്ടിയാണ്. പേര് സുറുമി... മുഖത്തെ കോപ്രായങ്ങളൊക്കെ ഇവളുടെ ഉമ്മൂമ്മയുടെ പണിയാണെന്നും പറഞ്ഞ് ആ മനുഷ്യൻ ചിരിക്കുമ്പോൾ ഞാൻ വാതിൽപ്പടിയിലെത്തിയിരുന്നു. കണ്ണ് മറയുവോളം കൈ വീശിയിട്ട് പേഴ്സിൽ നിന്നും ഒരായുസ്സിന്റെ കനം പുറത്തെടുക്കുമ്പോൾ ഞാനറിയുന്നു... കാലം നരപ്പിച്ചിരിക്കുന്നു, ഓർമ്മകളോടൊപ്പം ആ മുടിനാരുകളെയും...

Content Summary: Malayalam Short Story ' Surumi ' Written by Aby Lukose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com