ഇങ്ങനെയൊക്കെ ആകുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയതല്ല.. ഒരു തുള്ളി വെള്ളം കുടിച്ചിട്ട് അഞ്ചു നാൾ ആയി.. ഒരു കുപ്പി വെള്ളത്തിന് അഞ്ഞൂറ് രൂപയാണ് വില കൈയ്യിലാണേൽ ഒരു പൈസയും ഇല്ല.. എല്ലാം വെള്ളം വാങ്ങിച്ച് മുടിഞ്ഞു. അയാൾ വീടിന് പുറത്തേക്ക് നോക്കി നിലം വിണ്ടു കീറിയിരിക്കുന്നു.. അതും തന്നെ പോലെ വെള്ളത്തിന് വേണ്ടി ദാഹിക്കുന്നുണ്ടാകും..
"അച്ഛാ എന്താ ചെയ്യുക നമ്മൾ. എനിക്ക് തൊണ്ട വരളുന്നു. ഇങ്ങനെ പോയാൽ ഞാൻ മരിക്കും" അവന്റെ ശബ്ദത്തിന് പൊള്ളുന്ന ചൂട് ഉണ്ട്.. എല്ലാം നശിപ്പിച്ച താനടക്കമുള്ള മുൻ തലമുറക്കാരോടുള്ള ദേഷ്യമാകാം അത്. പച്ചപ്പിനെ കൊന്ന ആ കാലം.. വെള്ളത്തിൽ മുഖം നോക്കി നിന്ന ആ കാലം.. ഇന്ന് ഒരിറ്റിന് വേണ്ടി താൻ.. തന്റെ മകൻ... കത്തിയുടെ മുന കഴുത്തിലെ ഞരമ്പ് മുറിച്ചപ്പോൾ താൻ കണ്ടു നാവും നീട്ടി ദാഹം തീർക്കാനായി വരുന്ന തന്റെ മകനെ... അവൻ ദാഹം തീർക്കാൻ ജലത്തിന് പകരം പിതാവിന്റെ രക്തം പാനം ചെയ്യുമ്പോഴും അവൻ തന്നെ കെട്ടിപ്പിടിച്ചിട്ടുണ്ട്.
"മോനേ" നിലവിളി ഇരുട്ടിനെ മുറിക്കാൻ പോകുന്നതായിരുന്നു.. ലൈറ്റുകൾ പ്രകാശിച്ചു മകൻ ഇതാ മുന്നിൽ.. "എന്തിനാ അച്ഛൻ നിലവിളിച്ചത്? വല്ല സ്വപ്നവും കണ്ടോ?" താൻ ഒന്നും മിണ്ടിയില്ല. അല്ലെങ്കിൽ തന്നെ എന്താ പറയുക? "സമയം മൂന്ന് മണിയാകാറായി. പുലർച്ചെ കാണുന്ന സ്വപ്നങ്ങൾ ഫലിക്കുമെന്നാണ് പണ്ടുള്ളവർ പറയുക.. മോൻ കിടന്നോ." തന്റെ അമ്മയാണ് അത് പറഞ്ഞത്.
Content Summary: Malayalam Short Story ' Jala Thrishna ' Written by Sreekanth Panappuzha