ADVERTISEMENT

മൈഥിലി, അതിരാവിലെയുള്ള കടൽപറവകളുടെ ആരവം കേട്ടാണ് ഉണർന്നത്. വേഗം കുളിച്ചു തയാറായി. കുറച്ചുകൂടി, ഒരഞ്ചു മിനിറ്റ്, എന്നിങ്ങനെ പറഞ്ഞു ഉണരാൻ വൈമുഖ്യമുള്ളവരെ സമയമില്ലായ്മ പറഞ്ഞു കുത്തിപൊക്കേണ്ടി വന്നു. അപ്പോഴേക്കും പ്രാതൽ തയാറായി, തമിഴ്‌നാടിന്റെ സ്വന്തം പൊങ്കൽ, വളരെ ചെറിയ, മൊരിച്ചെടുത്ത പൊറോട്ട, ഇഡ്ഡലി, ദോശ തിന്നാൻ വയർ ഒന്നുമാത്രം. ഫിൽട്ടർ കോഫീ കൂടിയായപ്പോൾ കുശാലായി. ശ്രീ രാംനാഥ്സ്വാമി ക്ഷേത്രം. പന്ത്രണ്ടാം നൂറ്റാണ്ടിൽ പാണ്ഡ്യവംശം പണികഴിപ്പിച്ച എറ്റവും നീളം കൂടിയ ഇടനാഴിയുള്ള, ശിൽപ വൈവിധ്യങ്ങൾ നിറഞ്ഞ, നമ്മെ വിസ്മയിപ്പിക്കുന്ന കൊത്തുപണികളാൽ നിറഞ്ഞ ക്ഷേത്രം. ആദ്യം ബലിയിട്ടു, കടലിൽ മുങ്ങി നിവർന്നു. നേരെ അമ്പലത്തിലേക്ക് നടന്നു. സുഹൃത്തിന്റെ ഭാര്യ എല്ലാ ചരിത്രങ്ങളും പഠിച്ചു വെച്ചിരിക്കുന്നതിനാൽ ഓരോന്നും പ്രത്യേകം പറഞ്ഞു തന്നുകൊണ്ടിരുന്നു. അവരുടെ അറിവിനെ നമിക്കാതെ വയ്യ. കേവലം ഒരു വീട്ടമ്മയ്ക്ക് ഇത്രയധികം അറിവോ എന്ന് നോക്കുമ്പോഴാണ് അറിഞ്ഞത്, ആൾ അസിറ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്തിട്ടുള്ള  ആളാണെന്ന്. അണ്ണാ എന്ന് വിളിക്കുമ്പോഴുള്ള അവരുടെ കുലീനമായ ചിരിയും വിനയവും അനുഭവിച്ചറിയുമ്പോൾ ഒരു അണ്ണൻ എന്ന നിലയിൽ എനിക്ക് ചാരിതാർഥ്യം തോന്നി.

ഇരുപത്തിരണ്ട് കിണറുകളിലെ തീർഥത്തിലെ കുളിയാണ് ഏറ്റവും പ്രധാനം. ഓരോ പുണ്യസ്ഥലവും നമ്മെ ശുദ്ധീകരിക്കാനുള്ള ഇടങ്ങളാണ്. അതെല്ലാം ഓരോ വ്യക്തിയും സ്വയം എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. ഒരാൾക്ക് 25 രൂപ, അധികമായി നൂറു രൂപ കൂടി കൊടുത്താൽ അവിടത്തെ ഒരാൾ നമുക്കൊപ്പം വന്നു പ്രത്യേകം വെള്ളം കോരി ഒഴിച്ച് പെട്ടെന്ന് 22 കിണറുകൾ കടന്നുള്ള ആ ചടങ്ങ് പൂർത്തിയാക്കാം. സമയക്കുറവിനാൽ അതായിരിക്കും നല്ലതെന്ന് തോന്നി. കൂടെവന്നയാൾ കുറെയധികം വെള്ളം കോരി തലയിലൂടെ ഒഴിച്ച് തന്നു. കടലിനോട് ചേർന്നുള്ള ഈ അമ്പലത്തിൽ, എങ്ങനെ ഈ വിവിധ കിണറുകളിൽ നല്ല തീർഥം ഒരിക്കലും നിലയ്ക്കാതെ കിട്ടുന്നു എന്നത് ആലോചനയിൽ നിറഞ്ഞു നിന്നു. തീർഥസ്നാനം കഴിഞ്ഞാൽ വസ്ത്രം മാറണം. നനഞ്ഞ വസ്ത്രത്തോടെ പ്രധാന അമ്പലത്തിൽ കയറ്റില്ല. വസ്ത്രം മാറി. 

അവിടെ പതഞ്ജലി മഹർഷിയുടെ ഒരമ്പലമുണ്ട്. അതിന് പിന്നിലിരുന്ന് ധ്യാനിച്ചു. ഞങ്ങൾ ധ്യാനിക്കാനായി ഇരുന്നപ്പോൾ അവിടെയുള്ള സുരക്ഷാ ജീവനക്കാർ പോലും ധ്യാനത്തിൽ പങ്കു ചേർന്നു. വിവിധങ്ങളായ ചെറിയ ക്ഷേത്രങ്ങൾ കയറി പ്രാർഥിച്ചു പ്രധാന അമ്പലത്തിൽ കയറി. 200 രൂപ ഒരാൾക്ക് കൊടുത്താൽ ഏറ്റവും മുന്നിലെ വരിയിൽ നിൽക്കാം. ദർശനവും നന്നായി ചെയ്യാൻ കഴിഞ്ഞു. വിവിധങ്ങളായ പ്രസാദങ്ങൾ വാങ്ങി. നാട്ടിൽ എല്ലാവർക്കും കൊടുക്കണമല്ലോ. സുഹൃത്തിന്റെ വണ്ടി നേരെ പോയത് "രാമർ പാദം" ക്ഷേത്രത്തിലേക്കാണ്. ആ ക്ഷേത്രത്തിന് മുകളിൽ നിന്ന് നോക്കിയാൽ രാമേശ്വരം മുഴുവൻ കാണാം. രണ്ടുകണ്ണുകൾക്കും ഉൾക്കൊള്ളാവുന്നതിൽ കൂടുതൽ കാഴ്ചകൾ കാണാൻ കഴിയും. അമ്പലത്തിന് താഴെ നിന്ന് കരിക്കും പനനങ്കും കഴിച്ചു. മലയാളികൾ നിറഞ്ഞ മറ്റൊരു വണ്ടി ഞങ്ങളെ കടന്നു പോയി. പ്ലേറ്റ് നമ്പർ കൊല്ലംകാരാണെന്ന് സൂചിപ്പിച്ചു.

അടുത്തത് ധനുഷ്‌കോടി. നോക്കെത്താ ദൂരത്തേക്ക് നീണ്ടു കിടക്കുന്ന പാത. രണ്ടു വശത്തും കടൽ, ചിലയിടങ്ങളിൽ കണ്ടൽക്കാടുകൾ, കടലിൽ നിന്ന് വീശിയടിക്കുന്ന കാറ്റ്. പോകുന്ന വഴിയിൽ 1964-ലെ കൊടുങ്കാറ്റിൽ തകർന്ന പട്ടണത്തിന്റെ അവശേഷിപ്പുകൾ നമ്മെ അറിയാതെ  പിന്തുടരും. അന്ന് ജീവൻ നഷ്ടമായവരുടെ ആത്മാവുകൾ ഇന്നും അവിടെയുണ്ടെന്ന് വിശ്വസിക്കുന്നവർ. ജീവിതം പൂർത്തിയാകാതെ പോയ അവർ ആത്മാവുകളായി എന്നും നിലനിൽക്കട്ടെ. രണ്ട് കടലുകൾ സംഗമിക്കുന്ന ഇടം. നല്ല കാലാവസ്ഥയിൽ അവിടെ നിന്ന് നോക്കിയാൽ ശ്രീലങ്ക കാണാമത്രെ. പഞ്ചാരമണലിലൂടെ നടന്നു കാലുകൾ കടലിൽ നനച്ചു. കടലിലേക്കിറങ്ങരുത് എന്ന അപായ സൈറനുമായി ഒരു ജീവൻരക്ഷാ പ്രവർത്തകൻ ഓടിനടക്കുന്നു. ആര് കേൾക്കാൻ, ആളുകൾ കടലിലേക്കിറങ്ങിക്കൊണ്ടിരുന്നു, എന്തായാലും ധനുഷ്‌കോടി വരെ എത്തിയതല്ലേ, അധികം കടലിലേക്കിറങ്ങാതെ മൂന്നു തവണ കടലിൽ മുങ്ങിത്താണു, നമ്മെ വിട്ടുപോയവരുടെ ഓർമ്മകൾ കടൽത്തിരകൾ പോലെ മനസ്സിലേക്ക് വന്നു. എല്ലാവർക്കും പ്രണാമം, നിങ്ങളുടെ അനുഗ്രഹങ്ങളും ശക്തിയും ഞങ്ങളോടൊപ്പം എന്നും ഉണ്ടാകണം. എല്ലാ കാരണവന്മാരുടെയും ആത്മാവുകൾക്ക് വേണ്ടി ഒരിക്കൽക്കൂടി പ്രാർഥിച്ചു. തണുത്ത ഒരു കാറ്റ് വീശി, ആരൊക്കെയോ എന്നെ തഴുകി പോകുന്ന പോലെ തോന്നി. 

Content Summary: Malayalam Short Story ' Rameshwaram 3 - Rameshwaram ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com